കെ.ജെ. മാത്യു
(മാനേജിംഗ് എഡിറ്റര്‍)
കൊളോണിയല്‍ സ്വാധീനത്തില്‍നിന്ന് മുക്തിനേടി സ്വന്തം തനിമ വീണ്ടെടുത്ത് വളരുവാനുള്ള ഒരു ത്വരയാണ് ലോകമെമ്പാടും ഇന്ന് കാണപ്പെടുന്നത്. അങ്ങനെയെങ്കില്‍ കൊളോണിയല്‍ ചുവയുള്ള സണ്‍ഡേസ്‌കൂള്‍ എന്ന പദംതന്നെയും അത് പ്രതിനിധാനം ചെയ്യുന്ന പരിശീലനപദ്ധതിയെയും ഒരു പുനര്‍വിചിന്തനത്തിന് വിധേയമാക്കേണ്ട സമയമായിരിക്കുന്നു. നമ്മുടെ പാരമ്പര്യമനുസരിച്ച് വിശ്വാസപരിശീലനത്തെ വേദപാഠം എന്നും അത് നല്‍കുന്നവരെ വേദപാഠ അധ്യാപകര്‍ എന്നുമാണ് വിളിക്കാറുള്ളത്. അപ്പോള്‍ അത് പകരപ്പെടുന്ന ഇടങ്ങളെ വേദപാഠശാലകള്‍ എന്ന് വിളിക്കുന്നതല്ലേ കൂടുതല്‍ അനുയോജ്യം? അതല്ലെങ്കില്‍ നമ്മുടെ സ്വത്വത്തെ വെളിപ്പെടുത്തുന്ന ഒരു പദം കണ്ടുപിടിക്കാം. വിശ്വാസപരിശീലനത്തിന് ഇന്ന് ഉപയോഗിക്കുന്ന ‘മതബോധനം’ എന്ന പദം തികച്ചും അനുചിതമാണ്. കാരണം അത് കൃത്യമായ അര്‍ത്ഥം സംവേദിക്കാത്ത, ഒരു പൊതുസംജ്ഞയാണ്. നിലനില്‍ക്കുന്ന ഫലങ്ങള്‍ ഉണ്ടാകണമെങ്കില്‍ നല്‍കപ്പെടേണ്ടത് മതങ്ങളെക്കുറിച്ചോ മതത്തെക്കുറിച്ചോ ഉള്ള താത്വികമായ അറിവല്ല, പ്രത്യുത ആഴത്തിലുള്ള വിശ്വാസബോധ്യങ്ങളാണ്.
സണ്‍ഡേസ്‌കൂള്‍ എന്ന പദം സൂചിപ്പിക്കുന്നതുപോലെ ഇന്ന് വിശ്വാസപരിശീലനം സ്‌കൂള്‍ മോഡലിലാണ് നല്‍കുന്നത്. സിലബസിന് മുന്‍തൂക്കം നല്‍കുന്ന പരിശീലനം, കൃത്യമായ പരീക്ഷകള്‍, ചോദ്യോത്തരങ്ങള്‍, ചാര്‍ട്ടുകളുണ്ടാക്കല്‍ തുടങ്ങിയവ സണ്‍ഡേ സ്‌കൂളിലും ഉണ്ട്. പാഠഭാഗങ്ങള്‍ പഠിപ്പിച്ച് തീര്‍ക്കുവാനുള്ള വ്യഗ്രതയില്‍ കുട്ടികളുടെ ആത്മീയ, മാനസിക, വ്യക്തിത്വ രൂപീകരണത്തില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കുവാന്‍ സാധിക്കാതെ വരുന്നു. ഫലമോ, സമകാലിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് മുമ്പില്‍ അവരുടെ കാലിടറുന്നു. കാറ്റടിക്കുകയും വെള്ളപ്പൊക്കമുണ്ടാവുകയും ചെയ്യുമ്പോള്‍ തകര്‍ന്നു വീഴുന്ന സൗധങ്ങളാണ് അവരുടേത്. കാരണം അവ പണിയപ്പെട്ടിരിക്കുന്നത് മണല്‍പ്പുറത്താണ് എന്നതുതന്നെ.
മയക്കുമരുന്നും മദ്യവും വച്ചുനീട്ടുന്ന പ്രലോഭനങ്ങളില്‍ എന്തുകൊണ്ട് നമ്മുടെ കുട്ടികള്‍, പെണ്‍കുട്ടികള്‍പോലും വീണുപോകുന്നു? പ്രേമക്കുരുക്കില്‍പെട്ട് സ്വന്തം വിശ്വാസം പുല്ലുപോലെ വലിച്ചെറിയുവാനുള്ള മനോഭാവം എങ്ങനെ അവര്‍ക്ക് ഉണ്ടാകുന്നു? ബാഹ്യശക്തികളുടെ പ്രലോഭനങ്ങള്‍കൊണ്ടും സമ്മര്‍ദംകൊണ്ടുമാണ് ഇവയെല്ലാം സംഭവിക്കുന്നത് എന്ന് സമാധാനപ്പെട്ടിരിക്കുവാന്‍ സാധിക്കുമോ? ആഴമായ വിശ്വാസബോധ്യങ്ങള്‍ പകരപ്പെടുന്ന ചില സഭാസമൂഹങ്ങളിലെ കുട്ടികള്‍ ഇപ്രകാരമുള്ള വാരിക്കുഴികളില്‍ വീഴുന്നില്ലായെന്നത് ശ്രദ്ധിക്കേണ്ടതല്ലേ? ഈ കാലഘട്ടത്തില്‍ ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങളാണ് ഇവയെല്ലാം.
വിശ്വാസപരിശീലനത്തില്‍ ഇപ്പോഴുള്ള മുന്‍ഗണനാക്രമങ്ങള്‍ മാറുകതന്നെ വേണം. സിലബസും ചട്ടക്കൂടും അറിവ് നല്‍കലും ഒക്കെ വേണം. പക്ഷേ അറിവിനെ അതിശയിക്കുന്ന വിശ്വാസത്തിന്റെ ഒളിമങ്ങാത്ത പ്രകാശത്തിലേക്ക് കുട്ടികള്‍ നയിക്കപ്പെടണം. എങ്കില്‍ ഏത് കൂരിരുട്ടിലും അവര്‍ നിര്‍ഭയരായി നടക്കും. കാരണം അവരുടെ ഉള്ളില്‍ ക്രിസ്തുവാകുന്ന പ്രകാശം ജ്വലിക്കുന്നുണ്ട്. അവര്‍ കാല്‍തെറ്റി വീഴുകയില്ല, അഥവാ വീണാല്‍ത്തന്നെയും വീണ്ടും എഴുന്നേല്‍ക്കും, മുന്നോട്ടു നടക്കും, ക്രിസ്തുവിന്റെ കരങ്ങള്‍ ചേര്‍ത്തുപിടിച്ചുകൊണ്ടുതന്നെ. അതിനായി ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കട്ടെ.
സിലബസ് കുറെക്കൂടെ ലഘുവാക്കുകയും കുട്ടികളുടെ ആത്മീയകാര്യങ്ങളില്‍ ശ്രദ്ധിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുക. വര്‍ഷത്തില്‍ രണ്ടു പ്രാവശ്യമെങ്കിലും ധ്യാനങ്ങള്‍ നല്‍കുക. പരിശുദ്ധാത്മാഭിഷേകത്തിലൂടെ മാത്രമേ കുട്ടികള്‍ക്ക് ദൈവപിതാവിന്റെ സ്‌നേഹം അനുഭവിച്ചറിയാന്‍ സാധിക്കുകയുള്ളൂ. ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്ന ദൈവമക്കളായി അവര്‍ രൂപാന്തരപ്പെടട്ടെ. സ്വയം പ്രാര്‍ത്ഥിക്കാനും കൂട്ടായ്മയില്‍ പ്രാര്‍ത്ഥിക്കാനും സാധിക്കുന്ന അവര്‍ കരുത്തരായിരിക്കും. ചെന്നായ്ക്കളുടെ കുടിലതന്ത്രങ്ങളെ തിരിച്ചറിയാനും അവയോട് പോരാടാനും അപ്പോള്‍ അവര്‍ സുസജ്ജരാകുകതന്ന ചെയ്യും.
ഇപ്പോഴത്തെ കുട്ടികള്‍ക്ക് പണ്ടത്തവരെക്കാള്‍ കൂടുതലുള്ള പല മാനസിക പ്രശ്‌നങ്ങളുണ്ട്. മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം, തുറന്നു പറയുവാന്‍ ആത്മാര്‍ത്ഥ കൂട്ടുകാരില്ലാത്ത അവസ്ഥ, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം, പ്രേമക്കുരുക്കുകള്‍ തുടങ്ങിയവയെല്ലാം അവരുടെ വ്യക്തിത്വത്തെ വികലമാക്കുന്നു. മാതാപിതാക്കന്മാരോട് ഇതൊക്കെ ഷെയര്‍ ചെയ്യുവാന്‍ അവര്‍ക്ക് വിമുഖതയോ ഭയമോ ഉണ്ടായിരിക്കാം. അതിനാല്‍ കൂടെക്കൂടെയുള്ള കൗണ്‍സിലിങ്ങ് സെഷനുകള്‍ വിശ്വാസപരിശീലനത്തിന്റെ ഭാഗമായി ഒരുക്കണം. അപ്പോള്‍ ചതിക്കുഴികളില്‍ വീഴുന്നതിനുമുമ്പ് കുട്ടികളെ രക്ഷിക്കുവാന്‍ സാധിക്കും. ഇപ്പോള്‍ ഇതൊക്കെ മാതാപിതാക്കന്മാര്‍തന്നെ അറിയുന്നത് കുട്ടികള്‍ കൈവിട്ടുപോയശേഷമാണ്.
നല്ല മെന്റര്‍ഷിപ്പ് വേദപാഠശാലകളില്‍ ഉണ്ടാകുന്നത് അനിവാര്യമാണ്. പണ്ടത്തെ ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഗുരുവും ശിഷ്യനും തമ്മിലുണ്ടായിരുന്ന ബന്ധം മാതൃകയാക്കാം. കുട്ടികള്‍ക്ക് ഇന്ന് തങ്ങളുടെ പ്രശ്‌നങ്ങള്‍ വിശ്വാസത്തില്‍ ഷെയര്‍ ചെയ്യുവാനുള്ള വ്യക്തികള്‍ ഇല്ല. നല്ല ജീവിതമാതൃക നല്‍കുന്ന, അവര്‍ക്ക് ബോധ്യമുള്ള അധ്യാപകര്‍ ഓരോ വേദപാഠശാലകളിലും ഉണ്ടായാല്‍ കുട്ടികള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ ഭയമില്ലാതെ പങ്കുവയ്ക്കുവാനും നല്ല ഉപദേശം സ്വീകരിക്കുവാനും സാധിക്കും. ഇത് നമ്മുടെ കുട്ടികളെ മാനസിക ആരോഗ്യമുള്ളവരാക്കിത്തീര്‍ക്കും. ഇത്തരത്തില്‍ കുട്ടികള്‍ക്ക് ദിശാബോധവും ഗൈഡന്‍സും നല്‍കുവാന്‍ പ്രാപ്തരായ മെന്റര്‍മാരെ പരിശീലിപ്പിച്ചെടുക്കേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്.
ചുരുക്കത്തില്‍, ഒരു പൊളിച്ചെഴുത്തും ഒരു തിരിച്ചുപോക്കും അനിവാര്യമാണ്. അല്ലെങ്കില്‍ കൂടെ നടക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കും.
Leave a Comment
Your email address will not be published. Required fields are marked with *