Follow Us On

24

November

2024

Sunday

കേരളത്തിലെ തൊഴിലില്ലായ്മയും ചില പരിഹാരങ്ങളും

കേരളത്തിലെ   തൊഴിലില്ലായ്മയും ചില പരിഹാരങ്ങളും

ജസ്റ്റിന്‍ ജോര്‍ജ്
(കളമശേരി സെന്റ് പോള്‍സ് കോളജിലെ അസിസ്റ്റന്റ്പ്രഫസറാണ് ലേഖകന്‍)

സാര്‍വത്രിക സാക്ഷരത, പ്രാപ്യവും സാര്‍വത്രികവുമായ പ്രാഥമിക വിദ്യാഭ്യാസം, കുറഞ്ഞ സ്‌കൂള്‍ കൊഴിഞ്ഞുപോക്ക്, ലിംഗസമത്വം മുതലായ സുപ്രധാന വിദ്യാഭ്യാസ നേട്ടങ്ങള്‍ കൈവരിച്ച സംസ്ഥാനമാണ് കേരളം. വിദ്യാഭ്യാസ രംഗത്തെ കേരളത്തിന്റെ വിജയം മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളുമായോ വികസ്വരരാഷ്ട്രങ്ങളുമായോ മാത്രമല്ല, വികസിതരാജ്യങ്ങളുമായി പോലും താരതമ്യപെടുത്താറുണ്ട്. എങ്കിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും, വിദ്യാഭാസത്തിനനുസരിച്ചുള്ള തൊഴില്‍ നല്‍കുന്നതിലും നമ്മുടെ സംസ്ഥാനം വളരെയധികം മുന്നോട്ടുപോകേണ്ടതുണ്ട് എന്നത് യാഥാര്‍ത്ഥ്യമായി നമ്മുടെ മുമ്പില്‍ നില്‍ക്കുന്നു.

മാറുന്ന തൊഴില്‍മേഖല

കേരളത്തിന്റെ തൊഴില്‍മേഖല കാര്യമായ മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുകയാണ്. പൊതുമേഖലയിലെ തൊഴിലുകള്‍ കുറഞ്ഞുവരുകയും സ്വകാര്യമേഖലയില്‍ അവസരങ്ങള്‍ വര്‍ധിക്കുകയും ചെയ്തിരിക്കുന്നു. തൊഴിലവസരങ്ങള്‍ സ്വകാര്യമേഖലയില്‍ വര്‍ധിച്ചു വരുകയാണെങ്കിലും, യുവതലമുറയുടെ അഭിലാഷങ്ങള്‍ക്കും ജീവിതരീതികള്‍ക്കും അനുസൃതമായ ഉയര്‍ന്ന വേതനം നല്‍കുന്ന തൊഴിലുകള്‍ സ്വകാര്യമേഖലയില്‍ താരതമ്യേന കുറവാണെന്ന വസ്തുത ഈ മേഖലയുടെ ആകര്‍ഷണീയതക്ക് മങ്ങലേല്‍പ്പിക്കുന്നു. സാങ്കേതികവിദ്യയുടെ വളര്‍ച്ച പരമ്പരാഗതമായി നമ്മുടെ സമൂഹത്തിലുണ്ടായിരുന്ന പല തൊഴിലുകളെയും ഇല്ലാതാക്കിയിട്ടുണ്ട്. എന്നാല്‍ സാങ്കേതികവിദ്യയുടെ വളര്‍ച്ചയുടെ ഫലമായി നിര്‍മിക്കപെടുന്ന പുതിയ പല തൊഴിലുകള്‍ക്കും വേണ്ടത്ര തൊഴിലാളികളെ കിട്ടാത്തസാഹചര്യവും നിലനില്‍ക്കുന്നു.

അനുയോജ്യമായ തൊഴിലവസരങ്ങളിലെ കുറവും, കുറഞ്ഞ വേതനവും കേരളത്തിലെ യുവജനങ്ങളില്‍ കാര്യമായ മാനസിക സംഘര്‍ഷം ഉണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വിദേശങ്ങളില്‍ പഠനാവസരങ്ങള്‍ വര്‍ധിച്ചതും തുടര്‍ന്ന് ആ രാജ്യങ്ങളില്‍ സ്ഥിരമായി താമസിക്കാനുള്ള അവസരങ്ങള്‍ ലഭിച്ചതും വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വര്‍ധിക്കാനിടയാക്കി. ഏകദേശം അമ്പതിനായിരത്തോളം വിദ്യാര്‍ത്ഥികളാണ് ഓരോ വര്‍ഷവും കേരളത്തില്‍നിന്നും വിദേശത്തേക്കു പോകുന്നത്. വലിയ വിദ്യാഭ്യാസച്ചെലവുണ്ടായിട്ടും കുട്ടികളെ ഇതരസംസ്ഥാനങ്ങളിലേക്കും വികസിതരാജ്യങ്ങളിലേക്കും അയയ്ക്കാന്‍ മാതാപിതാക്കള്‍ തയാറാകുന്നു എന്നതും എടുത്തുപറയേണ്ടതാണ്. ഏകദേശം ഇരുപതു ലക്ഷത്തോളം രൂപ വിദ്യാഭ്യാസ ലോണെടുത്താണ് ഒരോ വിദ്യാര്‍ത്ഥിയും വിദേശപഠനത്തിനായി പോകുന്നത്. ഇങ്ങനെ പോകുന്ന കുട്ടികള്‍ പഠനത്തിനുേശഷം ആ രാജ്യങ്ങളില്‍ ജോലി ലഭിച്ച് അവിടെ തുടരാന്‍ സാധിക്കാതെ തിരികെ നാട്ടിലേക്കു വരേണ്ട സാഹചര്യം ഉണ്ടായാല്‍ അത് കേരളത്തില്‍ സൃഷ്ടിക്കാന്‍ പോകുന്ന സാമൂഹികവും സാമ്പത്തികവുമായ പ്രതിസന്ധികളെക്കുറിച്ച് കൂടി നാം ബോധവാന്‍മാരായിരിക്കണം.

കണക്കുകള്‍ പറയുന്ന കഥ

വിദേശ വിദ്യാഭാസത്തിനു വേണ്ടിയുള്ള കുടിയേറ്റം കേരളസമൂഹത്തില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. വിദേശത്തേക്കുള്ള മാനവവിഭവശേഷിയുടെ ഒഴുക്ക് തടയുന്നതിനായി കേരളത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് വേണ്ടത്. സ്വകാര്യമേഖലയില്‍ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുകയാണ് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ചെയ്യാവുന്ന കാര്യം. നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നതില്‍ മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ചു കാര്യമായ വര്‍ധനവ് വരുത്താന്‍ കേരളത്തിന് സാധിക്കാതെവരുന്നത് ആശങ്കയായി തുടരുന്നു. കേരളത്തില്‍ ജനസാന്ദ്രത കൂടുതലായതിനാല്‍ വലിയ വ്യവസായങ്ങള്‍ക്ക് സാധ്യതകള്‍ കുറവാണെന്നു മനസിലാക്കി കേരളത്തിലെ യുവാക്കളുടെ വിദ്യാഭ്യാസത്തിനു യോജിച്ച രീതിയിലുള്ള സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടത്.

2022 ലെ ‘കേരള ഇക്കോണമിക്ക് റിവ്യൂ’ റിപ്പോര്‍ട്ടനുസരിച്ച്, കേരളത്തിലെ യുവാക്കളുടെ തൊഴിലില്ലായ്മ എല്ലാ പ്രായത്തിലുമുള്ള തൊഴിലില്ലായ്മ നിരക്കിനേക്കാള്‍ വളരെ കൂടുതലാണ്. നഗരപ്രദേശങ്ങളില്‍ യുവജനങ്ങള്‍ക്കിടയിലെ തൊഴിലില്ലായ്മ 34.5 ശതമാനമാണ്, ഗ്രാമപ്രദേശങ്ങളില്‍ ഇത് 33.0 ശതമാനമാണ്. അതുപോലെ, യുവതികള്‍ക്കിടയിലെ തൊഴിലില്ലായ്മ യുവാക്കളെ അപേക്ഷിച്ച് വളരെകൂടുതലാണ്. ഗ്രാമങ്ങളിലും നഗരങ്ങളിലും 24.7%, 25.9% എന്നിങ്ങനെയുള്ള പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഈ പ്രദേശങ്ങളിലെ 51.6%, 51.8% സ്ത്രീകള്‍ തൊഴിലില്ലാത്തവരാണ്.

കേരളത്തില്‍ കൃഷി-വ്യവസായ മേഖലകളിലെ തൊഴില്‍വിഹിതം കുറഞ്ഞുവരികയാണ്. സമ്പദ് വ്യവസ്ഥക്ക് നിര്‍മാണ, സേവനമേഖലകള്‍ നല്‍കുന്ന സംഭാവന ഇന്ത്യയിലെ ഇതരഭാഗങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കൂടുതലാണ്. പുതിയ ധാരാളം തൊഴിലവസരങ്ങളാണ് സേവന മേഖലയില്‍ വന്നുകൊണ്ടിരിക്കുന്നത്. ഈ തൊഴിലുകള്‍ക്ക് അനുയോജ്യമായ തൊഴിലാളികളെ വാര്‍ത്തെടുക്കേണ്ടത് ആവശ്യമാണ്. പലപ്പോഴും സേവനമേഖലയില്‍ വരുന്ന തൊഴിലിന് അനുയോജ്യമായ തൊഴിലാളികള്‍ക്ക് ക്ഷാമം നേരിടുന്നത് ഈ മേഖലയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നു.

നൈപുണ്യത്തിലെ വിടവ്

കേരളത്തില്‍ യുവാക്കള്‍ക്കിടയിലുള്ള തൊഴിലില്ലായ്മ താരതമ്യേന കൂടുതലായി നിലകൊള്ളുന്നതിന്റെ കാരണം തൊഴില്‍മേഖലകളിലുള്ള വൈദഗ്ധ്യക്കുറവും അനുഭവപരിചയത്തിന്റെ കുറവുമാണ്. ഈ വെല്ലുവിളിയെ നേരിടാന്‍ യുവാക്കള്‍ക്കായി ആവശ്യത്തിന് നൈപുണ്യരൂപീകരണ പരിപാടികള്‍ സജ്ജീകരിക്കണം. തൊഴില്‍വിപണിയുടെ ആവശ്യകതകള്‍ മാറുന്നതിനനുസരിച്ച് യുജിസിയും സംസ്ഥാന സര്‍ക്കാരും നിരവധി തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവയ്‌ക്കൊന്നും കേരളത്തില്‍നിന്ന് ഇതരസംസ്ഥാനങ്ങളിലേക്കും വികസിതരാജ്യങ്ങളിലേക്കും നടന്നുകൊണ്ടിരിക്കുന്ന വന്‍തോതിലുള്ള വിദ്യാര്‍ത്ഥി കുടിയേറ്റം തടയാന്‍ സാധിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

പഠിച്ച കോഴ്‌സുകളില്‍നിന്ന് വിദ്യാര്‍ത്ഥികള്‍ നേടിയ നൈപുണ്യവും തൊഴില്‍വിപണി ആവശ്യപ്പെടുന്ന നൈപുണ്യവും തമ്മിലുള്ള അന്തരം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ലോകമെമ്പാടും, വിദ്യാഭ്യാസവും സാങ്കേതികവിദ്യയും തമ്മില്‍ ഒരുതരം കടുത്ത മത്സരമാണ് നടക്കുന്നത്. മത്സരപ്രക്രിയയില്‍, വിദ്യാഭ്യാസം നിരന്തരം പരാജയപ്പെടുകയും വിദ്യാര്‍ത്ഥികളില്‍ നൈപുണ്യകമ്മിസൃഷ്ടിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ പുതിയതായി തൊഴില്‍വിപണിയിലേക്ക് പ്രവേശിക്കുന്ന തൊഴില്‍ അന്വേഷകര്‍ക്ക് നൈപുണ്യ വര്‍ധനപരിപാടികള്‍ ആവശ്യമായി വരുന്നു. നോളജ് ഇക്കണോമി മിഷന്‍, അസാപ് തുടങ്ങിയ സംരംഭങ്ങളിലൂടെയും മറ്റ് സമാനസംരംഭങ്ങളിലൂടെയും യുവജനങ്ങളുടെ നൈപുണ്യശേഷി വര്‍ധിപ്പിക്കാനുള്ള നിരവധി നടപടികളാണ് സര്‍ക്കാര്‍ കൈക്കൊണ്ട് വരുന്നത്. ഇപ്രകാരമുള്ള നൈപുണ്യത്തിന്റെ ആവാസവ്യവസ്ഥ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ ഏറെ പ്രസ്‌കതമാണ്.

തൊഴിലാളികളുടെ നൈപുണ്യവത്കരണവും പുനര്‍നൈപുണ്യവത്കരണവും സര്‍ക്കാര്‍ ഉറപ്പാക്കണം. സംസ്ഥാനത്തെ വ്യാവസായിക, സേവനമേഖലകളിലേക്ക് ആവശ്യത്തിന് നൈപുണ്യമുള്ള തൊഴിലാളികളെ ലഭിക്കുന്നതിനായി അക്കാദമിക് -ഇന്‍ഡസ്ട്രി അസോസിയേഷനുകളുടെ സഹകരണത്തോടെ നിര്‍മിക്കുന്ന പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കിയുള്ള നൈപുണ്യകോഴ്‌സുകള്‍ രൂപവത്കരിക്കുന്നതില്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം.

ഉന്നതവിദ്യാഭ്യാസമേഖല മാറണം

കേരളത്തിന്റെ തൊഴിലില്ലായ്മ ഉന്നതവിദ്യാഭ്യാസത്തിന്റെ പുരോഗതിയുമായി ചേര്‍ത്ത് കാണേണ്ടതുണ്ട്. കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസരംഗത്ത് കൊണ്ടുവന്ന അതേ പരിഷ്‌കരണം ഉന്നത വിദ്യാഭ്യാസമേഖലയിലും ആവശ്യമാണ്. ഉന്നതവിദ്യാഭ്യാസമേഖലയ്ക്ക് പരിവര്‍ത്തനങ്ങള്‍ ആവശ്യമാണ്. വിദ്യാര്‍ത്ഥികള്‍ തൊഴില്‍വിപണിയില്‍ അര്‍ത്ഥവത്തായ തൊഴില്‍ കണ്ടെത്തിയാല്‍ മാത്രമേ അത് പൂര്‍ത്തിയാകൂ. പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തുന്നതിലും, ശാസ്ത്രം, സാങ്കേതികവിദ്യ എന്നീ മേഖലകളിലും കേരളം ശ്രദ്ധകേന്ദ്രീകരിക്കണം. വ്യവസായ, ബിസിനസ് സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ഇന്നിന്റെ ആവശ്യം. പുതിയ മാറ്റങ്ങളെ പിന്തുണയ്ക്കുന്നതിനും ഉള്‍ക്കൊള്ളുന്നതിനുമുള്ള ശക്തമായ അടിസ്ഥാനസൗകര്യങ്ങള്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സൃഷ്ടിക്കപ്പെടണം.

അറിവും ആശയങ്ങളും രൂപപ്പെടുകയും പങ്കുവയ്ക്കപ്പെടുകയും ചെയ്യുന്ന നൂതന കൂട്ടായ്മകള്‍, വിജ്ഞാനശൃംഖലകള്‍, മള്‍ട്ടി ഡിസിപ്ലിനറി പഠനകേന്ദ്രങ്ങള്‍, ഗവേഷണം, വിശകലന സേവനങ്ങള്‍ എന്നിവ സൃഷ്ടിക്കണം. സോഷ്യല്‍സയന്‍സ്, ഹ്യുമാനിറ്റീസ്, ഭാഷകള്‍, കലകള്‍ എന്നിവയില്‍ ഇന്റര്‍ഡിസിപ്ലിനറി-മള്‍ട്ടി ഡിസിപ്ലിനറി പഠനങ്ങള്‍ക്ക് അവസരം ഉണ്ടാകണം. കൂടാതെ, സെമസ്റ്റര്‍ ഇടവേളകളില്‍ നിര്‍ബന്ധിത പ്രായോഗികപരിശീലനവും വിദ്യാര്‍ത്ഥികളുടെ കോളേജ് വിദ്യാഭ്യാസസമയത്ത് ഏറ്റെടുക്കുന്ന ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളുടെ ക്രെഡിറ്റുകള്‍ കൂടെ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന ശക്തമായ ക്രെഡിറ്റ് സംവിധാനവും നിലവില്‍ വരണം. ഇത്തരത്തില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായം സര്‍ക്കാര്‍ പുനര്‍ക്രമീകരിക്കണം. സംസ്ഥാനത്തെ പ്രധാന തൊഴില്‍ദാതാക്കളില്‍ ഒന്നാണ് സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം എന്നതിനാല്‍ തൊഴിലധിഷ്ഠിതവിദ്യാഭ്യാസത്തില്‍ ഒരു ബിസിനസ് അല്ലെങ്കില്‍ വ്യവസായം കൈകാര്യംചെയ്യുന്നതിനുള്ള സംരംഭകത്വപരിശീലനം ഉള്‍പ്പെടുത്തുന്നതും ഉചിതമാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?