Follow Us On

19

October

2024

Saturday

മംഗോളിയയിലെ പേപ്പൽ പര്യടനം ലോകരാജ്യങ്ങൾക്ക് വേണ്ടിയുള്ള പ്രത്യാശയുടെ തീർത്ഥാടനം: വത്തിക്കാൻ വിദേശകാര്യ മന്ത്രി

മംഗോളിയയിലെ പേപ്പൽ പര്യടനം ലോകരാജ്യങ്ങൾക്ക് വേണ്ടിയുള്ള പ്രത്യാശയുടെ തീർത്ഥാടനം: വത്തിക്കാൻ വിദേശകാര്യ മന്ത്രി

വത്തിക്കാൻ സിറ്റി: ഏഷ്യയുടെ ഹൃദയഭാഗത്തേക്ക് ‘ഒരുമിച്ച് പ്രതീക്ഷിക്കുന്നു’ എന്ന ആപ്തവാക്യവുമായി ഫ്രാൻസിസ് പാപ്പ കടന്നുചെല്ലുന്നതിൽ താൻ ഏറെ ആവേശഭരിതനാണെന്ന് അദ്ദേഹത്തോടൊപ്പം മംഗോളിയൻ തലസ്ഥാനമായ ഉലാൻബത്താറിലെത്തിയ വത്തിക്കാൻ വിദേശകാര്യ മന്ത്രി കൂടിയായ കർദിനാൾ പിയട്രോ പരോളിൻ. മംഗോളിയൻ ഭരണകൂടത്തിന്റെയും രാജ്യത്തെ കത്തോലിക്കാ സമൂഹത്തിന്റെയും ക്ഷണം സ്വീകരിച്ചാണ് ആഗോള കത്തോലിക്കാ സഭയുടെ തലവൻ ലോകത്തെ ഏറ്റവും ചെറിയ കത്തോലിക്കാ സമൂഹം ഉൾപ്പെടുന്ന മംഗോളിയയിലെത്തിയിരിക്കുന്നത്.

പത്രോസിന്റെ പിൻഗാമിയെ ആദ്യമായി സ്വന്തം നാട്ടിൽ കാണുന്ന മംഗോളിയൻ വിശ്വാസികളുടെ ചടുലതയും യുവത്വവും പാപ്പയെ ആവേശഭരിതനാക്കുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, മഹത്തായ ബുദ്ധമത പാരമ്പര്യമുള്ള ഒരു രാജ്യം പാപ്പ സന്ദർശിക്കുമ്പോൾ മതാന്തര സംവാദരംഗത്തതുണ്ടാക്കുന്ന മുന്നേറ്റവും നിർണായകമാണ്. അതോടൊപ്പം വിശ്വാസത്തിന്റെയും പ്രത്യാശയുടെയും വഴിയിൽ ക്രൈസ്തവ ജീവിതത്തിൽ മുന്നേറാൻ പരിശ്രമിക്കുന്ന ആ ചെറിയ വിശ്വാസീസമൂഹത്തിന് പാപ്പയുടെ സാന്നിധ്യം വലിയ പ്രോത്സാഹനമാകുമെന്നും വത്തിക്കാൻ പ്രതീക്ഷിക്കുന്നു.

രണ്ടാം വത്തിക്കാൻ കൗൺസിലിനുശേഷം കത്തോലിക്ക സഭ വിട്ടുവീഴ്ചയില്ലാതെ പിന്തുടരുന്ന കാര്യമാണ് സഭകളുടെ ഐക്യവും മതാന്തര സംവാദവും. അതിനാൽ ഇതര മതനേതൃത്വങ്ങളുമായി നടത്തുന്ന കൂടിക്കാഴ്ചകൾ എല്ലായ്‌പ്പോഴും സമാധാനവും സാഹോദര്യവും കെട്ടിപ്പടുക്കാൻ ലക്ഷ്യമിടുന്നതായിരിക്കും. മംഗോളിയൻ ജനത വെല്ലുവിളി നിറഞ്ഞ ചരിത്ര കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അവരുടെ ജീവിത രീതികളിൽ ആഴത്തിൽ വേരൂന്നിയിട്ടുള്ള മൂല്യബോധത്തെ അത് നഷ്ടപ്പെടുത്താതെ ആധുനികതയുമായി വിളക്കി ചേർക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾ സ്‌നേഹത്തോടും തികഞ്ഞ ആദരവോടും കൂടി മംഗോളിയൻ സമൂഹത്തെ പാപ്പ ഓർമിപ്പിക്കുമെന്നും കർദിനാൾ പരോളിൻ പറഞ്ഞു.

1992ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ഔപചാരികമായി സ്ഥാപിക്കപ്പെട്ടപ്പോൾ മുതൽ നിലവിൽ വന്ന പരസ്പര വിശ്വാസവും സഹകരണവും വളർന്നുകൊണ്ടിരിക്കുകയും പൊതു താൽപ്പര്യമുള്ള മേഖലകളിൽ കാര്യമായ പുരോഗതി ഉണ്ടാവുകയും ചെയ്യുന്നുണ്ട്. പൊതുനന്മ, മതസ്വാതന്ത്ര്യം, സമാധാനം, എന്നിവ പ്രോത്സാഹിപ്പിക്കാനും ഈ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനുള്ള അവസരമാണ് പാപ്പയുടെ സന്ദർശനം.ഈ അവസരത്തിൽ സമാധാനത്തിനായി പാപ്പ നടത്തിയേക്കാവുന്ന അഭ്യർത്ഥന ലോക രാജ്യങ്ങളുടെ ശ്രദ്ധയിൽപെടുമെന്ന് തന്നെയാണ് വത്തിക്കാൻ പ്രതീക്ഷിക്കുന്നത്.

ചെറുതും വലുതുമായ എല്ലാ രാജ്യങ്ങളെയും ബഹുമാനിക്കാനും അന്തർദേശീയ നിയമങ്ങൾ പാലിക്കാനും തർക്കങ്ങൾ പരിഹരിക്കുന്നതിൽ ബലപ്രയോഗം ഉപേക്ഷിക്കാനും അയൽരാജ്യങ്ങൾക്കിടയിൽ സഹകരണത്തിന്റെയും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പുതിയ ബന്ധങ്ങൾ കെട്ടിപ്പടുക്കാനുമുള്ള ആഹ്വാനം പാപ്പ നൽകും. ചൈന സന്ദർശിക്കാനുള്ള പരിശുദ്ധ പിതാവിന്റെ ആഗ്രഹത്തെകുറിച്ച് പറഞ്ഞ കർദിനാൾ പരോളിൻ, സമീപഭാവിയിൽ അത് യാഥാർഥ്യമാകുമെന്ന പ്രതീക്ഷയും പങ്കുവെച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?