Follow Us On

02

January

2025

Thursday

നാമെന്തു ചെയ്യുമ്പോഴും….

നാമെന്തു  ചെയ്യുമ്പോഴും….

ജയ്‌മോന്‍ കുമരകം

സ്‌നേഹിതനായ പ്രശസ്ത സംഗീത സംവിധായകന്‍ അല്‍ഫോന്‍സ് ജോസഫ് പറഞ്ഞൊരു സംഭവം ഓര്‍മ്മയിലിന്നും മായാതെ നില്‍ക്കുന്നു. ജീസസ് യൂത്തിലൂടെ സിനിമാ മേഖലയില്‍ എത്തിച്ചേര്‍ന്ന വ്യക്തിയാണ് അല്‍ഫോന്‍സ്. അതുകൊണ്ട് തനിക്ക് കിട്ടിയ ദൈവാനുഭവങ്ങള്‍ സിനിമാമേഖലയിലേക്കും പകരാനാണ് അദേഹം എന്നും ശ്രമിക്കാറുള്ളത്.

ഓസ്‌കര്‍ ജേതാവായ സംഗീതസംവിധായകന്‍ റഹ്മാന്‍ ‘വിണ്ണൈ താണ്ടി വരുവായ്’ എന്ന തമിഴ് സിനിമയ്ക്കുവേണ്ടി പാട്ടുപാടാന്‍ ഒരിക്കല്‍ അല്‍ഫോന്‍സിനെ ക്ഷണിക്കുകയുണ്ടായി. എന്നാല്‍ റഹ്മാനുമായി അന്ന് അല്‍ഫോന്‍സിനത്ര പരിചയമുണ്ടായിരുന്നില്ല. അദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് അല്‍ഫോന്‍സ് ചെന്നൈയിലെത്തി, ആകാംക്ഷയുടെ നിമിഷങ്ങള്‍. റെക്കോഡിംഗ് രാത്രിയിലാണ്. അതുവരെ അല്‍ഫോന്‍സ് അടുത്തൊരു ദൈവാലയത്തിലിരുന്ന് പ്രാര്‍ത്ഥിച്ചു. ‘ദൈവമേ, ഞാന്‍ പ്രതീക്ഷിക്കാത്ത ഒരവസരമാണ് കിട്ടിയിരിക്കുന്നത്. ഇത് നിന്റെ മഹത്വത്തിന് മാത്രം കാരണമാക്കണമേ.’ ഇങ്ങനെയാണ് അദേഹം പ്രാര്‍ത്ഥിച്ചത്.

റെക്കോഡിംഗ് കഴിഞ്ഞപ്പോള്‍ അല്‍ഫോന്‍സ് റഹ്മാനോടു ചോദിച്ചു. ”എന്തുകൊണ്ടാണ് ഈ പാട്ടു പാടാന്‍ എന്നെ വിളിച്ചത്? എന്നെക്കാള്‍ എത്രയോ പ്രഗത്ഭര്‍ വേറെയുണ്ടായിരുന്നു.” ഇതിന് റഹ്മാന്റെ മറുപടി വിചിത്രമായിരുന്നു. അദ്ദേഹം പറഞ്ഞു, ”ഈ പാട്ട് സിനിമയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ഇതുവരെ തീരുമാനമായിട്ടില്ല. സിനിമയുടെ ഡയറക്ടര്‍ക്ക് ഈ പാട്ടിനെക്കുറിച്ച് അറിവുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഈയിടെ ഞാന്‍ യു.എസില്‍ പോയപ്പോള്‍ അവിടെവച്ച് വെസ്റ്റേണ്‍ ബ്ലൂസ് എന്ന സംഗീതശാഖയില്‍പ്പെട്ട ഒരു പ്രത്യേക മ്യൂസിക് കേള്‍ക്കാനിടയായി. അതില്‍നിന്നാണ് ഇങ്ങനെയൊരു പാട്ടിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചത്. അത് നമ്മുടെ ഹിന്ദുസ്ഥാനി സംഗീതത്തിലെ ‘ഭാഗ്യശ്രീ’ എന്നൊരു രാഗവും ചേര്‍ത്ത് ഇങ്ങനെ ഒരു പാട്ട് ചിട്ടപ്പെടുത്തിയാല്‍ നല്ലതാണെന്ന് എനിക്ക് തോന്നി. പാടാന്‍ രണ്ടുപേരുടെ പേരാണ് മനസിലേക്ക് വന്നത്. അതില്‍ ഒരാള്‍ ഇപ്പോള്‍ അമേരിക്കയിലാണ്. എന്നാല്‍ അല്‍ഫോന്‍സ് തന്നെ ഈ പാട്ടുപാടണം എന്നത് ഒരുറച്ച തീരുമാനമായപ്പോള്‍ മറ്റേയാളുമായി ഞാന്‍ ബന്ധപ്പെട്ടുപോലുമില്ല”. ഇതുകേട്ട് അല്‍ഫോന്‍സ് ശരിക്കും ഞെട്ടിപ്പോയി. ദൈവത്തിന് മാത്രം മഹത്വം എന്നാണ് അദേഹം പ്രതികരിച്ചത്.

പിന്നീടു അല്‍ഫോന്‍സ് ഈ ചിത്രത്തെക്കുറിച്ച് അന്വേഷിച്ചു. അപ്പോള്‍ അദേഹത്തിന് മനസിലാക്കാന്‍ കഴിഞ്ഞത് ഗൗതം മേനോന്‍ സംവിധാനം ചെയ്ത ചിത്രം നാലു പാട്ടുകള്‍ ഉള്‍പ്പെടുത്തി ചിത്രീകരണം പൂര്‍ത്തിയാക്കിയെന്നും യു.കെയിലെ ഒരു തിയറ്ററില്‍ ഇതിന്റെ ഓഡിയോ റിലീസിങ്ങ് ദിവസം പോലും നിശ്ചയിച്ചുവെന്നാണ്. അതോടെ അല്‍ഫോന്‍സിന് അല്പം നിരാശ തോന്നി. ഏറെ ആഗ്രഹിച്ചു പാടിയ തന്റെ പാട്ട് പുറംലോകം കാണാതെ പോകുമല്ലോ എന്നായിരുന്നു അദേഹത്തിന്റെ ചിന്ത. പക്ഷേ എല്ലാത്തിനും അദേഹം ദൈവഹിതം കണ്ടു.

ഏതാനും ദിവസം കഴിഞ്ഞ് സിനിമയുടെ ഡയറക്ടര്‍ അല്‍ഫോന്‍സിനെ വിളിച്ചു. അദേഹത്തിന്റെ വാക്കുകളില്‍ സന്തോഷം നിറഞ്ഞിരുന്നു. താന്‍ ആ പാട്ടുകേട്ടെന്നും വളരെ മനോഹരമായിരിക്കുന്നുവെന്നും അദേഹം അഭിനന്ദിച്ചു. ഓഡിയോ റിലീസിംഗിനായി യു.കെയില്‍ പോകണമെന്നും പറഞ്ഞു. അല്‍ഫോന്‍സിനുണ്ടായ സന്തോഷം വാക്കുകളില്‍ ഒതുങ്ങുന്നതായിരുന്നില്ല. ആ പാട്ടുള്‍പ്പെടുത്താന്‍ ഡയറക്ടര്‍ കാട്ടിയ മനസിന് അദേഹം ദൈവത്തിന് നന്ദി പറഞ്ഞു. നാം എന്തു ചെയ്യുമ്പോഴും അത് ദൈവമഹത്വത്തിനായി ചെയ്യുക. അപ്പോള്‍ ദൈവം അതിനെ നമ്മുടെ പ്രതീക്ഷകള്‍ക്കുമപ്പുറം മഹത്തരമാക്കും. കാരണം അവിടുത്തെ മഹത്വം മനുഷ്യന്‍ തിരിച്ചറിയണമെന്ന് ദൈവം ആഗ്രഹിക്കുന്നു.

സിനിമ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതിനാല്‍ പിന്നണിപ്രവര്‍ത്തകരെല്ലാം പലവഴിക്ക് പോയിരുന്നു. സിനിമയുടെ റീലീസിംഗ് പോലും തീരുമാനിച്ച നാളുകളായിരുന്നു അത്. എന്നാല്‍ സിനിമയുടെ ഡയറക്ടര്‍ നിര്‍മാതാവിനോട് ഈ പാട്ട് ഷൂട്ട് ചെയ്യണമെന്നും സിനിമയില്‍ അതും ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. പക്ഷേ, നിര്‍മ്മാതാവ് അത് നിരസിച്ചു. വര്‍ക്ക് പൂര്‍ത്തിയാക്കി പിരിഞ്ഞുപോയ ഒരു ടീമിനെ വീണ്ടും ഒന്നിച്ചുചേര്‍ക്കുന്നത് ക്ലേശകരമാണെന്നായിരുന്നു അദേഹത്തിന്റെ അഭിപ്രായം. എങ്കിലും ഡയറക്ടറുടെ നിര്‍ബന്ധത്തിന് മുന്നില്‍ അദേഹം വഴങ്ങി. ദൈവാനുഗ്രഹം എന്നുപറയട്ടെ ആ ടീമിലൊരാളുപോലും എതിര്‍പ്പ് പറയാതെ മടങ്ങിയെത്താന്‍ തയാറായി. വീണ്ടുമൊരിക്കല്‍ക്കൂടി ആ പശ്ചാത്തലത്തിന്റെ സെറ്റൊരുങ്ങി.
ഏറ്റവും മനോഹരമായി ആ പാട്ട് ഷൂട്ട് ചെയ്യാന്‍ സംവിധായകന് കഴിഞ്ഞു. തിരക്കഥയില്‍ അല്പം മാറ്റംവരുത്തി ഈ പാട്ട് സിനിമയുടെ പശ്ചാത്തലസംഗീതം പോലെ ആദ്യാവസാനം അദേഹം കൂട്ടിച്ചേര്‍ത്തു.

പ്രാര്‍ത്ഥിച്ചാല്‍ ദൈവം കൈവെടിയില്ലെന്നും ദൈവസ്‌നേഹത്തിന്റെ കതിരുകള്‍ നമ്മെ ചൂഴ്ന്ന് നില്‍ക്കുന്നുണ്ടെന്നും പറയാന്‍ അല്‍ഫോന്‍സിന് ഇതിനേക്കാല്‍ വലിയൊരു ദൃഷ്ടാന്തമില്ല. പക്ഷേ ദൈവസ്നേഹത്തെക്കുറിച്ച് ബോധ്യമില്ലാത്തൊരാള്‍ക്ക് ഇതെല്ലാം യാദൃച്ഛികമെന്ന് തോന്നാം. അല്‍ഫോന്‍സ് പറയുന്നു, ”ഇത് ദൈവത്തിന്റെ പ്രത്യക്ഷമായ ഇടപെടല്‍ തന്നെയാണ്. ഞാന്‍ അവിടുത്തോട് പ്രാര്‍ത്ഥിച്ചു. അവിടുന്ന് എന്റെ പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കി.”
ഇതുവരെ വെറുമൊരു സംഗീതസംവിധായകനായി കേരളത്തില്‍ മാത്രം അറിയപ്പെട്ടിരുന്ന അല്‍ഫോന്‍സ് തമിഴ്നാട്ടിലും ജനപ്രിയനായി. നാം ഏതൊരു ജോലിയില്‍ ഏര്‍പ്പെടുമ്പോഴും അത് യേശുക്രിസ്തുവിനെപ്രതി ചെയ്യുക. ഫലം നാം പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരിക്കും.

ബംബര്‍ ലോട്ടറി അടിച്ചിട്ടും
ഈയിടെ ബംബര്‍ ലോട്ടറിയടിച്ച ഒരാളുടെ കഥ പത്രത്തില്‍ അച്ചടിച്ചുവന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് അരക്കോടിയിലേറെ രൂപ ലോട്ടറിയടിച്ച ഈ വ്യക്തിയിന്ന് നിത്യദാരിദ്ര്യത്തിലാണ്. ഇങ്ങനെ പറയാന്‍ ഒരുപാട് കഥകളുണ്ടാകും.
1959-ലാണ് കേരള ലോട്ടറി ആരംഭിക്കുന്നത്. അന്ന് കാല്‍ ലക്ഷം രൂപയായിരുന്നു ഒന്നാം സമ്മാനം. പിന്നീട് തുക വര്‍ദ്ധിച്ചു വന്നു. ഇന്നിപ്പോള്‍ അനേക കോടികളാണ് ഒന്നാം സമ്മാനം. ഈ സമ്മാനം കിട്ടിയവരുടെയൊക്കെ പില്‍ക്കാല ജീവിതം എങ്ങിനെയായിരുന്നു? ആദ്യത്തെ പത്ത് നറുക്കെടുപ്പുകളില്‍ ഒന്നാം സമ്മാനം കിട്ടിയവരേക്കുറിച്ചുള്ള ഫീച്ചര്‍ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു പ്രമുഖ മലയാളപത്രം പ്രസിദ്ധപ്പെടുത്തിയിരുന്നു. 25 വര്‍ഷം കഴിഞ്ഞപ്പോഴേക്കും ആ ഭാഗ്യവാന്മാരൊക്കെ കിട്ടിയ പണം നഷ്ടപ്പെട്ടവരും ചിലരൊക്കെ ലോട്ടറി അടിക്കുന്നതിനുമുമ്പത്തേക്കാള്‍ പരിതാപകരമായ അവസ്ഥയിലും ആയിരുന്നു.

ഓരോ ആഴ്ചയും ലോട്ടറി ടിക്കറ്റെടുത്ത് നറുക്കെടുപ്പിനു വേണ്ടി കാത്തിരിക്കുന്നവരുടെ എണ്ണം കൂടിക്കൂടി വരുകയാണ്. ഈ നറുക്കെടുപ്പില്‍ വിജയിച്ചാല്‍, കടം വീട്ടാം, മക്കളെ കെട്ടിക്കാം, വീടുപണിയാം, സുഖമായി ജീവിക്കാം എന്നൊക്കെയാണ് അവരുടെ സ്വപ്‌നങ്ങള്‍. പക്ഷേ ഒന്നും യാഥാര്‍ത്ഥ്യമാകുന്നില്ലെന്ന് മാത്രം. എന്താണിതിനു കാരണം? ഒരുപാട് പണം ഒന്നിച്ചു കിട്ടിയപ്പോള്‍ അതു വിവേകപൂര്‍വം ഉപയോഗിക്കാനുള്ള മനസാന്നിധ്യം അവര്‍ക്ക് നഷ്ടപ്പെട്ടുപോയി. പലരും ലോട്ടറി അടിച്ചെന്നറിഞ്ഞതോടുകൂടി ചെയ്തുകൊണ്ടിരുന്ന തൊഴിലും ബിസിനസും ഒറ്റയടിക്കു നിര്‍ത്തിക്കളഞ്ഞു. സ്‌നേഹം അഭിനയിച്ചെത്തിയ ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചിലരെ വഞ്ചിച്ച് പണവുമായി കടന്നുകളഞ്ഞത്.

വേറെ ചിലര്‍ ആദ്യം തന്നെ വലിയ വീടുകള്‍ വെച്ചു. പിന്നീട് ജീവിക്കുവാന്‍ വരുമാനമില്ലാതെ വന്നപ്പോള്‍ അത് വിറ്റ് നശിപ്പിച്ചു. ചിലര്‍ പൊങ്ങച്ചം കാണിക്കാനായി ആവശ്യമില്ലാത്ത പലതിനും പണം ചിലവാക്കി പാപ്പരായി. ശാന്തമായി, സമാധാനമായി ജീവിച്ചിരുന്ന ചിലരുടെ ഭവനത്തിലേക്ക് ലോട്ടറിയുടെ പണം വന്നതോടെ ജീവിതപങ്കാളിയും മക്കളുമായുള്ള കലഹങ്ങള്‍ വര്‍ദ്ധിച്ച് കുടുംബത്തിന്റെ ഐശ്വര്യം തന്നെ കെട്ടുപോയി.
അതുകൊണ്ട് ലോട്ടറി അടിച്ചാല്‍ എല്ലാ പ്രശ്‌നവും തീര്‍ന്നു എന്ന് കരുതരുത്. പണം പുതിയ പ്രശ്‌നങ്ങള്‍ക്കും കൂടുതല്‍ തകര്‍ച്ചകള്‍ക്കും ചിലപ്പോള്‍ കാരണമായേക്കാം. സമ്പത്തിനെ ശരിയായി കൈകാര്യം ചെയ്യാനുള്ള ജ്ഞാനവും പക്വതയും ഇല്ലെങ്കില്‍ ലോട്ടറി അടിച്ചാലും നമ്മള്‍ രക്ഷപെടണമെന്നില്ല എന്ന് പല ഭാഗ്യശാലികളുടെയും ജീവിതം നമ്മളെ പഠിപ്പിക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?