‘ഞാന്‍ സഞ്ചരിക്കുന്ന വഴികളില്‍ അവര്‍ എനിക്കു കെണികള്‍ വെച്ചു. ഞാന്‍ വലത്തേക്കു തിരിഞ്ഞു നോക്കി. എന്നെ അറിയുന്നവര്‍ ആരുമില്ല, ഓടിയൊളിക്കാന്‍ ഇടമില്ല, എന്നെ രക്ഷിക്കുവാന്‍ ആളുമില്ല.’
ഇത് എന്റെ വീഴ്ചയാണ്. ഞാനും പതറി നില്‍ക്കുന്ന മൂന്നാം സ്ഥലം. കുരിശിന്റെ വഴിയില്‍ എന്നെ പൊള്ളിക്കുന്ന, സങ്കടപ്പെടുത്തുന്ന സ്ഥലമാണിത്. അത്രമേല്‍ സ്‌നേഹത്തിന്റെ നോട്ടംകൊണ്ട് നീയെന്നെ വീണ്ടെടുക്കുന്ന സ്ഥലം. നിന്റെ വീഴ്ചയില്‍നിന്ന്, വീണ്ടും കുരിശുമായി നടക്കാനുള്ള തീവ്രമായ സഹനം എന്നെ പൊള്ളിക്കുന്നുണ്ട്. ഒരു ഉറുമ്പുകടിപോലും സഹിക്കാന്‍ പറ്റാത്ത ഞാന്‍ അത്ര ചെറുതാണ്. സഹനങ്ങളുടെ മുറിപ്പാടുകളില്‍ നിന്ന് ഉയിര്‍ക്കാന്‍ എനിക്കെന്തേ കഴിയാത്തത്? കല്ലുകള്‍ നിറഞ്ഞ വഴികളാണെന്നറിഞ്ഞിട്ടും കുരിശുമായി നീങ്ങാന്‍ മടിച്ചുനില്‍ക്കുന്ന ഭീരുവാണ് ഞാന്‍. ആദ്യ വീഴ്ചയിലെ കുരിശ് വഴിയില്‍ ഉപേക്ഷിച്ചു ഓടിപ്പോകുന്ന ഭീരു.
കുരിശ് ഒരു ഒറ്റയടിപ്പാതയാണ്. പലപ്പോഴും പരാജയപ്പെടുന്നതും കുരിശിനെ നോക്കി യാത്ര ചെയ്യാനാണ്. കുരിശിലെ സ്‌നേഹത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ ഞാന്‍ ആ വഴി മറക്കുന്നു. നമ്മുക്കെല്ലാം യേശുവിനെ വേണം, പക്ഷേ കുരിശുവേണ്ട..! കുരിശിന്റെ ത്യാഗവും വേദനയും ഇഷ്ടപ്പെടുന്നില്ല. യേശുവില്‍നിന്ന് വേര്‍പ്പെടുത്തിയ കുരിശും കുരിശില്‍നിന്ന് വേര്‍പ്പടുത്തിയ യേശുവും അപൂര്‍ണമല്ലേ..!
സ്വന്തം രക്തം ചിന്തി സ്‌നേഹത്തിന്റെ ജീവിതമാണ് കുരിശ് പഠിപ്പിക്കുന്നത്, യേശു പഠിപ്പിക്കുന്നത്. അല്പമെങ്കിലും ക്ലേശം ഉണ്ടാകുമ്പോള്‍ സഞ്ചാരം സുഖമാക്കാന്‍ പുല്‍ത്തകിടിയും ഇന്റര്‍ലോക്കുമൊക്കെ ഒരുക്കുന്ന ഈ കാലത്ത് മനസിലും ഞാന്‍ ഈ സുഖ വഴികള്‍ ഒരുക്കിയിരിക്കുകയാണ്. നീ നടന്ന ഒറ്റയടിപ്പാത, കുരിശിന്റെ പാത അത്ര നിസാരമല്ല. അതിന് കയ്പ്പുണ്ട്. അതിനു വിലയുണ്ട്. എന്നിട്ടും വീഴ്ചകളില്‍ പതറി ഞാന്‍ നില്‍ക്കുകയാണ്. വീണ്ടും പുതുചുവടുകള്‍ വച്ച്, സഹനത്തിന്റെ വഴിയില്‍ ചരിക്കുവാന്‍ എനിക്ക് അത്രമാത്രം ബുദ്ധിമുട്ടാണ്. വീഴ്ചകള്‍ ഉണ്ടാകുമ്പോള്‍ എന്നെത്തന്നെ നിയന്ത്രിക്കുവാന്‍ പഠിപ്പിക്കണമേ എന്നുമാത്രമാണ് പ്രാര്‍ത്ഥന.
എത്രമാത്രം ഇടറുമ്പോഴും വീഴുമ്പോഴും തീരത്ത് ഒരാള്‍ നില്‍പുണ്ട്. അതിജീവനത്തിന്റെ അപ്പം വിളമ്പുന്നവന്‍. ആത്മാവിനെ അള്‍ത്താരയാക്കുന്ന ക്രിസ്തു സ്‌നേഹം. ആ മിഴികളില്‍ നോക്കുമ്പോള്‍ വീഴ്ചകള്‍ക്ക് ആക്കം കുറയുമെന്നു മാത്രമല്ല, കയറിവരാന്‍ അവന്‍ നീട്ടുന്ന കരങ്ങള്‍ പിടിച്ചുകൊണ്ട് അവന്‍ നടന്ന ഒറ്റയടിപ്പാതയില്‍ പോകാന്‍ ഒരു ബലമൊക്കെ കിട്ടും. ഇനിയും ആ തീരത്തേക്ക് ഞാന്‍ അടുത്തിട്ടില്ല. ഇനിയും ആ മിഴികളില്‍ ഞാന്‍ നോക്കിയിട്ടില്ല. ഇതും തിരിച്ചറിവാണ് അവന്റെ ഒറ്റയടിപ്പാതയില്‍ നടക്കാനുള്ള സുവിശേഷത്തിലെ തിരിച്ചറിവ്.
തീര്‍ച്ചയായും നമുക്കിതൊക്കെ ഒരു യാത്രയാണ്. എവിടെനിന്നോ തുടങ്ങി മറ്റെവിടെയോ അവസാനിക്കുന്ന യാത്ര. ആത്മനൊമ്പരങ്ങളെ ഗുരുവിന്റെ ചില്ലകളിലേക്ക് ചേര്‍ത്തുനിര്‍ത്തി, ജീവിതത്തിന്റെ ഇമ്പങ്ങളെ, നൊമ്പരങ്ങളെ സമര്‍പ്പിച്ചുള്ള യാത്ര. ഈ യാത്രയില്‍ ഗുരു നമ്മെ ഓര്‍മിപ്പിക്കുന്നു. വിരിച്ചു നീട്ടിയ മുറിപ്പാടുള്ള കൈകള്‍ ഒരു ആഹ്വാനം പോലെ ….
അവന്റെ ചില്ലകളിലേക്ക് ചേക്കേറി അവിടെ ഒരു കൂടൊരുക്കാനുള്ള ആഹ്വാനം. അതിനാലാവണം ഈ യാത്രയെ ചിലര്‍ കുരിശിന്റെ യാത്രയെന്നൊക്കെ വിളിക്കുന്നത്! എന്നാല്‍ ഈ കുരിശുയാത്ര ഇനി പ്രത്യാശനിറഞ്ഞതാക്കാം. കാരണം ഈ കുരിശില്‍ ഒരു കൂടുണ്ട്. വിരിച്ചുപിടിച്ച ആ മരച്ചില്ലയില്‍ ഒരു കിളിയുണ്ട് … എന്റെ വരവും കാത്തൊരു കിളി – ഒരു അമ്മക്കിളി. കിളിക്കൂട് നിന്നെ കാത്തിരിപ്പുണ്ട് ഈ യാത്രയില്‍.
Leave a Comment
Your email address will not be published. Required fields are marked with *