വത്തിക്കാൻ സിറ്റി : വെല്ലുവിളികളെ ഒറ്റയ്ക്ക് നേരിടാതെ കൂട്ടായ്മയിൽ ശക്തി കണ്ടെത്തുവാൻ എല്ലാവരും പരിശ്രമിക്കണമെന്നും, വിഘടിപ്പിക്കുന്ന ശക്തികളെ ഒറ്റക്കെട്ടായി ചെറുത്തുകൊണ്ട്, കീഴടക്കുന്നതിനു പകരം സമാധാനം പുനസ്ഥാപിക്കുവാൻ എല്ലാവരും തയ്യാറാവണമെന്നും ഫ്രാൻസിസ് പാപ്പ. ന്യൂയോർക്കിൽ നടന്ന ‘ക്ലിന്റൺ ഗ്ലോബൽ ഇനിഷ്യേറ്റീവ് 2023’ സംഗമത്തിൽ വീഡിയോ സന്ദേശം നൽകുകയായിരുന്നു പരിശുദ്ധ പിതാവ്.
ആധുനിക സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികളെയും അവയെ അതിജീവിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ഓർമിപ്പിച്ച പാപ്പാ, പൊതുവായ നന്മ കൈവരിക്കുന്നതിൽ പാരസ്പര്യത്തിന്റെയും സംഭാഷണത്തിന്റെയും ആവശ്യകത പ്രധാനപ്പെട്ടതാണെന്നും സൂചിപ്പിച്ചു. ഈ ലക്ഷ്യപ്രാപ്തിക്കായി പരസ്പരം ആശയങ്ങൾ കൈമാറുന്നത് ഉചിതമാണ്.
കാലാവസ്ഥാവ്യതിയാനം, മാനുഷികാടിയന്തരാവസ്ഥകൾ, അഭയാർത്ഥിപ്രശ്നങ്ങൾ, ശിശുസംരക്ഷണ അരക്ഷിതാവസ്ഥകൾ എന്നീ വെല്ലുവിളികൾ ചർച്ചചെയ്യുമ്പോൾ മൂന്നാം ലോകമഹായുദ്ധത്തിന്റെ സൂചനകളെന്നോണം ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യങ്ങളെ അവഗണിക്കരുതെന്നും പാപ്പാ ഓർമ്മിപ്പിച്ചു. സൗജന്യ ചികിത്സയിലൂടെ കുഞ്ഞുങ്ങളുടെ ആരോഗ്യം പരിരക്ഷിക്കുവാനും, രോഗങ്ങളുടെ ഉറവിടങ്ങൾ കണ്ടെത്തുന്നതിനുള്ള പരീക്ഷണങ്ങൾ തുടരുവാനും പാപ്പാ ആഹ്വാനം ചെയ്തു. പാപ്പായുടെ ആശുപത്രി എന്നറിയപ്പെടുന്ന റോമിലെ ബംബിനോ ജെസു ആശുപത്രി നൽകുന്ന നിസ്വാർത്ഥമായ സേവനങ്ങൾ ചൂണ്ടിക്കാണിച്ച പാപ്പാ, ഇപ്രകാരം മറ്റു ആശുപത്രികളും പൊതുനന്മയ്ക്കായി പരിശ്രമിക്കണമെന്നും പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *