ബിഷപ് മാര്‍ തോമസ് പാടിയത്ത്
(ഷംഷാബാദ് രൂപതാ സഹായമെത്രാന്‍)
സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പായി ദൈവത്താല്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന റാഫേല്‍ തട്ടില്‍ പിതാവിന് എല്ലാവിധ കൃപകളും ദൈവാനുഗ്രഹവും ആശംസിക്കുന്നു; പ്രാര്‍ത്ഥിക്കുന്നു. അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ എന്ന നിലയില്‍ സീറോ മലബാര്‍ മക്കളെത്തേടി ഭാരതം മുഴുവന്‍ സഞ്ചരിച്ച പിതാവിന് ഇന്നൊരു ആഗോളസഭയായി വളര്‍ന്നിരിക്കുന്ന സീറോ മലബാര്‍ സഭയുടെ മക്കളെത്തേടിയും അവര്‍ക്കുവേണ്ടിയും ലോകം മുഴുവന്‍ സഞ്ചരിക്കാനുള്ള ദൈവനിയോഗമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുക.
ഇക്കാലഘട്ടത്തില്‍ സഭാതലങ്ങളില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്ന വാക്കാണ് സിനഡാലിറ്റി. സിനഡാലിറ്റി – Journeying Together – ഒരുമിച്ചുള്ള യാത്ര! തട്ടില്‍ പിതാവിന്റെ ജീവിതത്തെ അടയാളപ്പെടുത്തുന്ന കാര്യം ഈ ഒരുമിച്ചുള്ള യാത്രയാണ്. സഹപ്രവര്‍ത്തകരോടും സഹശുശ്രൂഷകരോടും അഭിപ്രായങ്ങള്‍ ചോദിച്ചും വ്യത്യസ്തതകളെ ഉള്‍ക്കൊണ്ടും എല്ലാവരെയും ചേര്‍ത്തുപിടിച്ചുള്ള യാത്ര. ഇന്ന് സഭയ്ക്ക് ഏറെ ആവശ്യമായിരിക്കുന്നതും ഇതുതന്നെ. ഈ ശൈലി പിതാവിന്റെ അനുഗ്രഹീതമായ പ്രാര്‍ത്ഥനാജീവിതത്തിന്റെ ഫലമാണെന്നതിന് സംശയമില്ല. സ്വയം മുറിക്കപ്പെട്ടവനും ആടുകളുടെ ഇടയനുമായ സുവിശേഷത്തിലെ ഈശോയാണ് പിതാവിന്റെ വഴികാട്ടി!
നലംതികഞ്ഞ വചനപ്രഘോഷകനായ പിതാവ് ബന്ധങ്ങളുടെ വ്യക്തിയാണ്. വൈദികരോടും സമര്‍പ്പിതരോടും വിശ്വാസിസമൂഹത്തോടും തുറന്നമനസോടും ഹൃദയത്തോടും ഇടപെടുന്ന ശൈലി ഇന്നത്തെ സഭയ്ക്ക് ഏറെ മുതല്‍കൂട്ടാകും. വൈദികരോടുള്ള വ്യക്തിപരമായ ബന്ധവും അവരുടെ കുടുംബത്തോടുള്ള പിതാവിന്റെ ബന്ധവും അനിതരസാധാരണമാണ്. പിതാവിന്റെ ജീവിതത്തിന്റെ മറ്റൊരു സവിശേഷതയാണ് സമാനതകളില്ലാത്ത സഭാന്തര ബന്ധങ്ങള്‍. കത്തോലിക്കാ സഭകളോടും ഇതര സഭാവിഭാഗങ്ങളോടും പിതാവ് പുലര്‍ത്തുന്ന ബന്ധം സീറോ മലബാര്‍ സഭയ്ക്ക് ഭാരതം മുഴുവന്‍ അജപാലന പ്രവര്‍ത്തനത്തിനുള്ള അധികാരാവകാശങ്ങള്‍ ലഭിച്ചിരിക്കുന്ന ഈ അവസരത്തില്‍ വലിയ മുതല്‍കൂട്ടാണ്.
സീറോ മലബാര്‍ സഭയുടെ ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ സഭയുടെ ശ്ലൈഹിക പാരമ്പര്യവും പൈതൃകവും നഷ്ടപ്പെടാതെയും സഭയുടെ സ്വത്വബോധം പരിപോഷിപ്പിച്ചും കാലഘട്ടത്തിന്റെ മാറ്റങ്ങളെ ഉള്‍ക്കൊണ്ടും സഭയെ നയിക്കുകയാണ് പിതാവിന്റെ വലിയ ദൗത്യം. കര്‍ത്താവ് ഒരാളെ ഒരു ദൗത്യം ഏല്‍പിക്കുമ്പോള്‍ അതിനുള്ള കൃപയും നല്‍കുമെന്നുള്ളതാണ് കര്‍ത്താവിന്റെ ഉറപ്പ്! തന്റെ വലിയ സമര്‍പ്പണത്തിലൂടെയും ത്യാഗത്തിലൂടെയും ഷംഷാബാദ് രൂപതയെ ഉറച്ച അടിത്തറയില്‍ പടുത്തുയര്‍ത്തിയ പിതാവിന് സീറോ മലബാര്‍ സഭയെ തികഞ്ഞ സഭാവബോധത്തിലും സ്‌നേഹത്തിലും പ്രേഷിതതീക്ഷ്ണതയിലും കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കുവാന്‍ സാധിക്കുമെന്നതിന് സംശയമില്ല. അതിന് ഷംഷാബാദ് രൂപതാമക്കളുടെ എല്ലാവരുടെയും ഹൃദയപൂര്‍വമായ ആശംസകള്‍! പ്രാര്‍ത്ഥന, ആയുരാരോഗ്യം എല്ലാം പിതാവിന് ആശംസിക്കുന്നു!
Leave a Comment
Your email address will not be published. Required fields are marked with *