Follow Us On

23

December

2024

Monday

ഓര്‍മകള്‍ ഉപ്പിലിട്ടത്‌

ഓര്‍മകള്‍ ഉപ്പിലിട്ടത്‌

ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS

ഓര്‍മിക്കുക എന്നത് എത്ര മനോഹരമാണ്. കഴിഞ്ഞുപോയ കാലങ്ങളെ ഇങ്ങനെ ഓര്‍ത്തെടുക്കുന്നത്. മനുഷ്യനെ അല്പമെങ്കിലും ശാന്തനാക്കുന്നതും സ്‌നേഹമുള്ളവനാക്കുന്നതും ഈ ഓര്‍മകള്‍ തന്നെയാണ്. ജീവിതം വേദനകളിലൂടെ കടന്നുപോകുന്നവര്‍, ആകുലതയിലൂടെ വഴിതെറ്റി ഇഴയുന്നവരൊക്കെ ഇടയ്‌ക്കെങ്കിലും ചിരിക്കുന്നതും, മനസൊന്ന് തണുപ്പിക്കുന്നതും പഴയ കാലങ്ങളെ ഓര്‍ത്തെടുക്കുമ്പോളാണ്. ഓര്‍മിക്കുക എന്നത് ഒരു മാജിക്കാണ്. ആ പഴയ കാലത്തെ മനുഷ്യനായി രൂപാന്തരപ്പെടുന്ന ഒരു കുഞ്ഞു മാജിക്. ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അതിങ്ങനെ കിടന്നുകിടന്ന് രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്ക് വഴുതി വീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്ന് തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മകളും അങ്ങനെയെന്ന് തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ട് സൂക്ഷിക്കുന്നത്. ഓര്‍മകള്‍ ഉപ്പിലിട്ടത്.

ക്രിസ്തു മനസില്‍ അത്രമേല്‍ സജീവമാകുന്നതിന്റെ കാരണവും അതുതന്നെയെന്ന് തോന്നാറുണ്ട്. ആ ജീവിതമൊന്ന് നിരീക്ഷിച്ചു നോക്കൂ, എല്ലാം ഓര്‍മകളുടെ ഭാഗമാക്കിയവന്‍. കൂടെനിന്നവര്‍ക്കും, കണ്ടവര്‍ക്കും കേട്ടവര്‍ക്കുമെല്ലാം ഒരായിരം ഓര്‍മകളുടെ വിരുന്ന് സമ്മാനിച്ചവന്‍. അവന്‍ ചെയ്തതെല്ലാം ഓര്‍മിക്കപ്പെടാനുള്ളതായിരുന്നു. വരുന്ന കാലത്തിന്റെ വിശുദ്ധമായ ഓര്‍മകള്‍ക്കായി. കണ്ടുമുട്ടിയവരുടെ ഹൃദയത്തിലേക്കാണ് അവന്‍ കയറിച്ചെന്നത്. അവനെ കേട്ടവരൊക്കെ നിരന്തരം അവനെ ഓര്‍ത്തുകൊണ്ടിരുന്നു. അത്ഭുതങ്ങളുടെ സ്പര്‍ശനങ്ങളില്‍, വചനത്തിന്റെ ലാവണ്യത്തില്‍, പാദം കഴുകലിന്റെ ചെറുതാകലില്‍, സ്വയം മുറിച്ചു നല്‍കുന്നതിന്റെ കുര്‍ബാന ഓര്‍മയില്‍, കാല്‍വരിയുടെ ശൂന്യമാകലില്‍… അങ്ങനെയെല്ലാം ഓര്‍മിക്കപ്പെടുന്ന ജീവിതമാണ് ക്രിസ്തുവിന്റെ.

ഓര്‍മിക്കപ്പെടാന്‍, ഓര്‍ത്തെടുക്കാന്‍ എന്തെങ്കിലുമൊക്കെ വേണം മനുഷ്യര്‍ക്ക്. ഞാന്‍ എവിടെയെങ്കിലുമൊക്കെ ഓര്‍മിക്കപ്പെടുന്നുണ്ടോ..? ആര്‍ക്കെങ്കിലുമൊക്കെ ഓര്‍ത്തെടുക്കാന്‍ പാകത്തില്‍ എന്തെങ്കിലുമൊക്കെ ഞാന്‍ അവശേഷിപ്പിക്കുന്നുണ്ടോ..? ഇന്ന് നാം പറയുന്ന ഏറ്റവും വലിയ കളവ് ‘ ഞാന്‍ നിന്നെ ഇടയ്ക്ക് ഓര്‍ക്കാറുണ്ട്’ എന്നുള്ളതാണ്. സത്യമാണ് ചിലരെയൊക്കെ ചിലതിനോട് ചേര്‍ത്തുവായിക്കുമ്പോള്‍ ഓര്‍ത്തെടുക്കും. പക്ഷെ ഒരു കാരണവുമില്ലാതെ ചില സമയങ്ങളില്‍ നമ്മുടെ ഓര്‍മ്മകളിലേക്ക്, ഹൃദയത്തിലേക്ക് ആരെങ്കിലുമൊക്കെ കടന്നുവരാറുണ്ടോ..? 2024 ന്റെ തുടക്കം ഓര്‍മകളെക്കുറിച്ച് ചിന്തിപ്പിച്ചത് ‘ത്രീ ഓഫ് അസ്’ എന്ന മനോഹരമായ ഹിന്ദി ചിത്രമാണ്. ഒന്നോര്‍ത്താല്‍ മറവി മരണത്തോളം ആഴമുള്ളതാണ്. അങ്ങനെ മരിച്ചുപോകുന്നതിനുമുമ്പ് ആരെയാണ് ഒരിക്കല്‍ കൂടി കാണണമെന്ന് ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിനുള്ള ഒരുപാടു മനുഷ്യരുടെ ഉത്തരമാണ് ‘ത്രീ ഓഫ് അസ്’ എന്ന സിനിമ. ഓര്‍ക്കാപ്പുറത്ത് തിരക്കിന്റെ ഒരു പകലില്‍ ജീവിതത്തിന്റെ പൊള്ളുന്ന ഒരു നട്ടുച്ചയില്‍ ഒരാള്‍ തന്റെ ഓര്‍മകളിലേക്ക്, വന്ന വഴികളിലേക്ക്, ആ പഴയ ഗ്രാമത്തിലേക്ക് യാത്ര ചെയ്യുന്നു.

അവളുടെ ഓര്‍മയില്‍ നിറഞ്ഞുനിന്നവരെയൊക്കെ, ആ ഇടങ്ങളെയൊക്കെ അവള്‍ വീണ്ടും തേടി ചെല്ലുകയാണ്. ഒരിക്കലും തിരിച്ചുവരാത്തവരെ ‘ത്രീ ഓഫ് അസ്’ തിരിച്ചുകൊണ്ടുവരുന്നു. അവര്‍ക്കുമുന്നില്‍ ഒരിക്കല്‍കൂടി പറയാനാവാതെപോയ കുറച്ചു വാക്കുകളുമായി നമ്മളെ തനിച്ചു നിര്‍ത്തുന്നു. ചില ഇടങ്ങളിലേക്ക്, വ്യക്തികളിലേക്ക്, ആ ഓര്‍മകളിലേക്ക് യാത്ര ചെയ്യുന്നതിലും മനോഹരം മറ്റെന്താണ്.? ഓര്‍മ്മകള്‍ പൂര്‍ണമായി മരിക്കുംമുമ്പ് കണ്ടെത്തേണ്ട ഒരാളുണ്ടായിരിക്കുക. ‘ഇനി എത്ര നാള്‍ ഓര്‍ക്കാനാവുമെന്നറിയില്ല എന്ന് പറയുമ്പോള്‍’ ‘നീ ഓര്‍ത്തില്ലെങ്കിലെന്താ ഞാനോര്‍ക്കുമല്ലോ’ എന്ന ഉറപ്പ് ലഭിക്കുക. പറ്റുമെങ്കില്‍ കണ്ടു നോക്കണം ‘ത്രീ ഓഫ് അസ്’. ഒരു ധ്യാനം പോലെ അത് നമ്മുടെ ഉറവിടങ്ങളെ, ഓര്‍മകളെ സജലമാക്കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?