ജയ്‌മോന്‍ കുമരകം
കുറെനാളുകളായി മാധ്യമശ്രദ്ധ കത്തോലിക്കാ സഭയിലേക്കാണ്. സഭയുടെ കൗദാശിക വിഷയങ്ങള്‍, സഭാ നേതൃത്വത്തിന്റെ രഹസ്യതീരുമാനങ്ങള്‍ ഇതെല്ലാം വന്‍തോതില്‍ മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്. മാത്രവുമല്ല സഭാകേന്ദ്രങ്ങളില്‍ നിന്നല്ലാതെ വഴിയേ കിട്ടുന്ന വിവരങ്ങള്‍ പോലും പൊടിപ്പും തൊങ്ങലുംവച്ച് പ്രചരിപ്പിക്കുന്നതും സാധാരണമായി. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സീറോ മലബാര്‍ സഭയിലെ മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ തിരഞ്ഞെടുപ്പ്. അതീവ രഹസ്യവും പ്രാര്‍ത്ഥനാ നിര്‍ഭരവുമായ ഈ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുവോളം പ്രചരിക്കപ്പെട്ടത് തെറ്റിധാരണാജനകമായ വിവരങ്ങള്‍. ഒരു പൊതുതിരഞ്ഞെടുപ്പിന് സമാനമെന്നവണ്ണമുള്ള വോട്ടിംഗ് രീതികളാണ് സോഷ്യല്‍ മീഡിയയിലെല്ലാം സജീവമായത്.
ചില ബിഷപ്പുമാരുടെ പേരും അവര്‍ക്കുകിട്ടിയ വോട്ടും അടയാളപ്പെടുത്തിയ പോസ്റ്റുകളും വ്യാപകമായി പ്രചരിക്കപ്പെട്ടു. ഇതൊക്കെയും കണ്ട് അക്രൈസ്തവരായ കുറച്ചുപേരെങ്കിലും നിയമസഭയിലേക്കുള്ള ഇലക്ഷന്‍ പോലെയാണ് ബിഷപ്പിനെയും ആര്‍ച്ചു ബിഷപ്പിനെയുമൊക്കെ കത്തോലിക്കാ സഭ നിശ്ചയിക്കുന്നതെന്ന് കണക്കുകൂട്ടിയിട്ടുണ്ടാകും. യഥാര്‍ഥത്തില്‍ സഭയുടെ സ്ഥാനമാനങ്ങള്‍ നിര്‍ണയിക്കുന്നത് ദൈവമാണ്. അങ്ങനെതന്നെയാണ് നാം പരമ്പരാഗതമായി വിശ്വസിക്കുന്നതും. കാത്തിരിപ്പിനും പ്രാര്‍ത്ഥനക്കും ശേഷം സഭാനേതൃത്വം പ്രഖ്യാപിക്കുന്ന വ്യക്തി ആരാണോ അദ്ദേഹത്തെ നാം ഹൃദയംകൊണ്ട് അംഗീകരിക്കുന്നു, സഭയുടെ അജപാലകാനുളള ദൈവിക ശക്തി അദ്ദേഹത്തിന് ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കുന്നു, അദ്ദേഹത്തിലൂടെ സമൂഹത്തിനും സഭക്കും സംഭവിക്കാന്‍ പോകുന്ന നന്മകള്‍ കാത്തിരുന്ന് കാണും. കത്തോലിക്കാ സഭയെ സ്ഥാപിക്കുകയും നയിക്കുകയും ചെയ്യുന്ന ദൈവം തന്റെ ജ്ഞാനത്തിലൂടെ എങ്ങനെ ആ വ്യക്തിയെ മുന്നോട്ട് നയിക്കുന്നു എന്ന് നിരീക്ഷിക്കും. ഇതാണ് ആദിമകാലം മുതല്‍ നാം പിന്തുടരുന്ന രീതി.
എന്നാല്‍ ഇന്ന് സഭയുടെ ആരാധനക്രമം, കൂദാശകള്‍, സഭാ സംവിധാനം, നേതൃത്വം ഇതൊക്കെയാണ് പ്രധാനമായും വാര്‍ത്താമാധ്യമങ്ങളുടെ െൈപ്രം ടൈമില്‍ പോലും ചര്‍ച്ചയാക്കപ്പെടുന്നത്. സഭയുടെ പ്രതിനിധികളായി ഇതില്‍ വരുന്നവരാകട്ടെ ക്രിസ്ത്യാനി എന്ന പേരുമാത്രമേയുള്ളൂ. സഭയെ പരമാവധി വിമര്‍ശിക്കുവാനാണ് ഈ അവസരമെല്ലാം അവര്‍ വിനിയോഗിക്കുന്നത്. സഭയുടെ നേതൃത്വത്തിലുള്ളവര്‍ എല്ലാം തികഞ്ഞവരല്ലെങ്കിലും അവരെല്ലാവരും തെറ്റുകാര്‍ മാത്രമാണ് എന്ന നിലയിലുളള പ്രചാരണം ഈ അടുത്തനാളില്‍ വല്ലാതെ വ്യാപിക്കുന്നുണ്ട്. അവരുടെ കൂട്ടത്തില്‍ എത്രയോ നന്മയും വിശുദ്ധിയും ഉള്ളവരുണ്ട്. അവര്‍ വഴി എത്രയോ നന്മകള്‍ സമൂഹത്തില്‍ ഉണ്ടാകുന്നുണ്ട്. അങ്ങനെയുള്ള കാര്യങ്ങള്‍ തീര്‍ത്തും വിസ്മരിക്കപ്പെടുകയാണ്.
സമൂഹത്തില്‍ ശക്തമായി പ്രവര്‍ത്തിച്ച വൈദികനെതിരെ കളളപ്പരാതി കൊടുത്ത ഒരു വ്യക്തിയുടെ അഭിമുഖമായിരുന്നു ഏതാനും നാളുകള്‍ക്കുമുമ്പ് ഒരു മീഡിയ വമ്പന്‍ കവറേജ് നല്‍കിയത്. ഒടുവില്‍ സത്യമെല്ലാം ലോകം തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്.
വാസ്തവം പറഞ്ഞാല്‍ ഇങ്ങനെ ചെയ്യുന്ന മാധ്യമങ്ങള്‍ക്കെതിരെ വ്യക്തികള്‍ക്കും സമൂഹത്തിനും അപകീര്‍ത്തികേസ് കൊടുക്കാവുന്നതാണ്. എന്നാല്‍ കേസിനും പുക്കാറിനുമൊന്നും പോകാന്‍ സഭാനേതൃത്വം മിക്കവാറും തുനിയാറുമില്ല.
രണ്ടുവര്‍ഷം മുമ്പ് സന്യാസ സമൂഹത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരു കന്യാസ്ത്രി തന്നെ മഠത്തില്‍നിന്ന് പുറത്താക്കാന്‍ പോകുകയാണ്, എനിക്കിനി കിടപ്പാടമില്ല എന്ന് വിലപിക്കുന്ന പൂര്‍ണകായ ചിത്രവും വാര്‍ത്തയും കൊടുത്തുകൊണ്ടാണ് ഒരു പത്രം ഒന്നാംപേജ് കേമമാക്കിയത്. സഭയിലെ കന്യാസ്ത്രീകളെക്കുറിച്ച് പറയേണ്ടി വരുമ്പോഴെല്ലാം ഇന്നും മാധ്യമങ്ങള്‍ ആദ്യം തേടുന്നത് സന്യാസസമൂഹത്തില്‍നിന്നും പുറത്താക്കപ്പെട്ട കന്യാസ്ത്രീകളാണ്. അവരെ ഉദാഹരിച്ച് സഭയിലെ സന്യസ്തരെല്ലാം കപടതയുടെ മുഖമാണെന്ന് സ്ഥാപിക്കുകയാണ് അവതാരകര്‍.
ഇതുകണ്ട് നിങ്ങള്‍ ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍, ഇടക്ക് സിസ്റ്റര്‍മാര്‍ ചെയ്യുന്ന ചില നല്ല കാര്യങ്ങള്‍കൂടി വാര്‍ത്തയാക്കിക്കൂടെ എന്ന് പത്ര ഓഫീസിലേക്ക് വിളിച്ച് ചോദിച്ച ഒരു യുവതിയുടെ ഫോണ്‍ സംഭാഷണം വൈറലായിരുന്നു. അതിങ്ങനെയായിരുന്നു. ”നിങ്ങളുടെ പത്രസ്ഥാപനത്തിന് തൊട്ടടുത്തുതന്നെയാണ് അനാഥ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന സന്യസ്തരുടെ സ്ഥാപനം. അവിടെയുള്ള സിസ്റ്റര്‍മാരുമായി നിങ്ങള്‍ക്ക് ഒന്ന് സംസാരിക്കാമോ എന്ന് ആ മാന്യസ്ത്രീ ചോദിക്കുന്നു. അങ്ങനെ ചെയ്താല്‍ രണ്ട് ഗുണങ്ങള്‍ ഉണ്ടെന്നും ആ സ്ത്രീ പറയുന്നു. ഒന്ന്, നിങ്ങളുടെ റിപ്പോര്‍ട്ടിങ്ങ് കുറെക്കൂടി സത്യസന്ധവും വിശ്വസനീയവും ആകും. നിങ്ങള്‍ അടച്ച് ആക്ഷേപിക്കുകയും അവര്‍ ചെയ്യുന്ന ഒരു നന്മയും ചൂണ്ടിക്കാണിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ നിങ്ങളുടെ വാര്‍ത്തയുടെ വിശ്വസനീയത കുറയുകയാണ്” മാധ്യമ പ്രവര്‍ത്തകരെ ആ സഹോദരി ഓര്‍മപ്പെടുത്തുന്നു.
താന്‍ ഒരു കോണ്‍വെന്റ് സ്‌കൂളില്‍ പഠിച്ച വ്യക്തിയാണ് എന്നും നിങ്ങള്‍ എന്തെല്ലാം അപവാദങ്ങള്‍ പറഞ്ഞാലും അതൊന്നും തങ്ങളെപ്പോലുള്ളവര്‍ മുഖവിലയ്ക്ക് എടുക്കുകയില്ലെന്ന സൂചനയും ആ സ്ത്രീ മാധ്യമ സ്ഥാപനത്തിന് നല്‍കുന്നുണ്ട്. എല്ലാ മതവിഭാഗത്തിലുംപെട്ട ധാരാളം പേര്‍ കത്തോലിക്കാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവരാണ്. വിദ്യാര്‍ത്ഥികളായും രക്ഷിതാക്കളായും ഇടവകക്കാരായും സ്ഥാപനങ്ങളുടെ നടത്തിപ്പിലെ പങ്കാളികളായുമെല്ലാം അവര്‍ ബന്ധപ്പെടുന്നുണ്ട്. അവര്‍ക്ക് ഒരുപാട് വൈദികരെയും സിസ്റ്റര്‍മാരെയും അടുത്തറിയാം. അതുകൊണ്ടുതന്നെ മാധ്യമങ്ങള്‍ അടച്ച് ആക്ഷേപിച്ചാലും അത് എല്ലാവരും വിശ്വസിക്കുകയില്ല. തന്നെയുമല്ല, അത് ആ മാധ്യമത്തിന്റെ വിശ്വസനീയതയെയും ഉദ്ദേശശുദ്ധിയെയും ചോദ്യം ചെയ്യുന്നതാവുകയും ചെയ്യും. എല്ലാ മാധ്യമങ്ങളെയും ഓര്‍മിപ്പിക്കാനുള്ളത് ഇക്കാര്യം മാത്രമാണ്.
വൈദികര്‍ ഒരുക്കിയ കൂടാരം
ഉത്തരാഖണ്ഡ് സംസ്ഥാനത്തെ ഗഡ്‌വാള്‍ കുന്നുകളുടെ ആരംഭത്തില്‍ മൂന്നു മലയാളി വൈദികര്‍ ഒരുക്കിയ സ്‌നേഹക്കൂടാരമാണ് പ്രേംധാം. അംഗവൈകല്യത്തോടെ ജനിച്ച കുഞ്ഞുങ്ങള്‍, മസിലുകളെയും അസ്ഥികളെയും തളര്‍ത്തുന്ന ചികിത്സയില്ലാത്ത രോഗം ബധിച്ച കുട്ടികള്‍, വൈദ്യശാസ്ത്രം കൈവെടിഞ്ഞ് മരണത്തോട് അടുത്ത രോഗികള്‍, എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്തവര്‍, ആള്‍ക്കൂട്ടത്തിലും ഒറ്റപ്പെടല്‍ അനുഭവിക്കുന്ന രോഗികളായ വൃദ്ധര്‍. പ്രേംധാമിലെ അന്തേവാസികള്‍ ഇവരൊക്കെയാണ്.
അനാഥരും വൈകല്യം ബാധിച്ചവരുമായ നൂറിലധികം അനാഥകുട്ടികള്‍ക്ക് ഇവിടെ അഭയം നല്‍കിയിരിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബിജ്‌നോറിലേക്കുള്ള യാത്രാമധ്യേ വഴിയരുകില്‍ കണ്ട യാചകനാണ് മാര്‍ ഗ്രേഷ്യന്‍ മുണ്ടാടനെ ഇത്തരം ഒരു ഭവനത്തെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ബുദ്ധി ഉറക്കാത്ത ഈ പൈതങ്ങള്‍ തങ്ങളുടെ ഭാഷയില്‍ ദൈവത്തെ സ്തുതിക്കുന്നത് ആരുടെ കണ്ണിനെയും ഈറനണിയിക്കും. ഒരു നേരത്തെ അന്നം ലഭിക്കുമ്പോള്‍ നിറകണ്ണുകളോടെ അവര്‍ കൃതജ്ഞത പറയുന്നതും കാണാം. അപരന്റെ കണ്ണായി, കരമായി, അവര്‍ പരസ്പരം സ്‌നേഹിക്കുന്നു. എല്ലാം ഉണ്ടായിട്ടും ദൈവത്തോട് നന്ദി പറയാന്‍ എനിക്കെന്തുകൊണ്ട് കഴിയുന്നില്ല എന്നായിരിക്കും ഇവിടം സന്ദര്‍ശിക്കുന്നവര്‍ വേദനയോടെ ചിന്തിക്കുക.
പ്രേംധാമില്‍ മരണം കാത്തുകഴിയുന്നവരുണ്ട്. മരണം നിഴല്‍പോലെ പിന്തുടരുമ്പോഴും അവര്‍ ഒരു പുഞ്ചിരി ചുണ്ടില്‍ കരുതിവെച്ചിരിക്കുന്നു.
Leave a Comment
Your email address will not be published. Required fields are marked with *