Follow Us On

13

May

2024

Monday

ദൈവം കരുണ കാണിക്കുന്നതുപോലെ മനുഷ്യര്‍ക്ക് ചെയ്യുവാന്‍ സാധിക്കുമോ?

ദൈവം കരുണ കാണിക്കുന്നതുപോലെ മനുഷ്യര്‍ക്ക് ചെയ്യുവാന്‍ സാധിക്കുമോ?

നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍ എന്ന യേശുവിന്റെ വചനം ജീവിതത്തിലുടനീളം നാം പുലര്‍ത്തേണ്ട പ്രതിബദ്ധതയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. യേശുവിന്റെ ഈ പ്രബോധനം യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതാണോ? ദൈവം സ്‌നേഹിക്കുന്നതുപോലെയും കരുണ കാണിക്കുന്നതുപോലെയും മനുഷ്യര്‍ക്ക് ചെയ്യുവാന്‍ സാധിക്കുമോ? തുടങ്ങിയ ചോദ്യങ്ങള്‍ താന്‍ പലപ്പോഴും സ്വയം ചോദിച്ചിട്ടുണ്ടെന്ന് പാപ്പ തുടര്‍ന്നു. ദൈവം ഒരു അമ്മയെപ്പോലെയോ അപ്പനെപ്പോലെയോ തന്റെ നിസീമമായ സ്‌നേഹം സൃഷ്ടികളില്‍ മുഴുവന്‍ ചൊരിയുന്നത് രക്ഷാകര ചരിത്രത്തിലുടനീളം കാണാന്‍ സാധിക്കും. അത് ദൈവത്തിന് മാത്രം മനസിലാക്കാന്‍ പറ്റുന്ന സ്‌നേഹമാണ്. അതിന്റെ ഉച്ചകോടിയാണ് കുരിശില്‍ നാം കാണുന്നത്. അനന്തമായ ഈ സ്‌നേഹത്തോട് തുലനം ചെയ്യുമ്പോള്‍ നമ്മുടെ സ്‌നേഹത്തിന് എപ്പോഴും കുറവുണ്ടാകുമെന്നത് വ്യക്തം.

എന്നാല്‍ പിതാവിനെപ്പോലെ കരുണയുള്ളവരാകണമെന്ന് ഈശോ പറയുമ്പോള്‍ അവിടെ ‘ക്വാണ്ടിറ്റി’ അല്ല മറിച്ച് പിതാവിന്റെ കരുണയുടെ അടയാളങ്ങളും സാക്ഷികളും മാര്‍ഗവുമാകാനാണ് അവിടുന്ന് ശിഷ്യരോട് ആവശ്യപ്പെടുന്നത്. സഭ എല്ലാക്കാലവും മനുഷ്യകുലത്തോടുള്ള ദൈവത്തിന്റെ കരുണയുടെ കൂദാശയാണ്. കരുണയുടെ സാക്ഷികളാകുവാനാണ് ഒരോ ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്നത്. വിശുദ്ധിയിലേക്കുള്ള പ്രയാണത്തില്‍ സംഭവിക്കേണ്ട കാര്യമാണിത്.

ക്ഷമിക്കുന്നതിലൂടെയും നല്‍കുന്നതിലൂടെയും ക്രിസ്തുവിന്റെ ശിഷ്യന്‍മാര്‍ക്ക് കരുണയുടെ വക്താക്കളാകുവാന്‍ സാധിക്കുമെന്ന് യേശു പഠിപ്പിക്കുന്നു. സാഹോദര്യ ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനായി വിധിക്കുന്നതും കുറ്റപ്പെടുത്തുന്നതും ഒഴിവാക്കണം. വാസ്തവത്തില്‍ ക്ഷമായാണ് ക്രൈസ്തവ സാമൂഹ്യ ജീവിതത്തെ താങ്ങിനിര്‍ത്തുന്ന തൂണ്‍. ഉപാധിരഹിതമായി നമ്മുടെ പാപങ്ങള്‍ ക്ഷമിച്ചുകൊണ്ട് ആദ്യം സ്‌നേഹിച്ചത് ദൈവമാണ്. ക്രിസ്ത്യാനി ക്ഷമിക്കണം. കാരണം അവന് ക്ഷമ ലഭിച്ചിരിക്കുന്നു. ഇത് നാം ഓരോ ദിവസവും കര്‍തൃപ്രാര്‍ത്ഥനയില്‍ ഏറ്റു ചൊല്ലുന്നതാണ്, ഞങ്ങളോട് തെറ്റ് ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കണമേ എന്ന്. തെറ്റുചെയ്യുന്ന വ്യക്തിയെ കുറ്റം വിധിക്കാന്‍ നമുക്ക് അധികാരമില്ല, മറിച്ച് അവന്റെ മാനസാന്തരത്തില്‍ അവനെ അനുധാവനം ചെയ്യുവാനുള്ള കടമയാണ് നമുക്കുള്ളത്.

ക്ഷമ നല്‍കുന്നതുപോലെ മറ്റുള്ളവരുമായി നമുക്കുള്ളത് പങ്കുവയ്ക്കുവാനും യേശു ആവശ്യപ്പെടുന്നു. നാം നല്‍കുന്ന അതേ അളവില്‍ നമുക്കും ലഭിക്കുമെന്ന് അവിടുന്ന് പറയുന്നു. നമുക്ക് അര്‍ഹിക്കുന്നതില്‍ വളരെ കൂടുതല്‍ ദൈവം നല്‍കുന്നു. എന്നാല്‍ ഈ ഭൂമിയില്‍ ഉദാരതയോടെ നല്‍കുന്നവരോട് അവിടുന്ന കൂടുതല്‍ ഉദാരത കാണിക്കുന്നു. കരുണാര്‍ദ്രമായ സ്‌നേഹം മാത്രമാണ് മുമ്പോട്ടുള്ള വഴി. കൂടുതല്‍ കരുണയുള്ളവരാകുവാനും കുറ്റം പറയാതെയും വിധിക്കാതെയും അസൂയയോടെ മറ്റുവരെ വിമര്‍ശിക്കാതെയും മുമ്പോട്ട് പോകുവാനും നമുക്ക് സാധിക്കണം. ക്ഷമിക്കുകയും കരുണ കാണിക്കുകയും സ്‌നേഹത്തോടെ ജീവിക്കുകയും ചെയ്യണം. സ്‌നേഹം നിറഞ്ഞ ഒരു ഹൃദയം ആഗ്രഹിക്കുന്നെങ്കില്‍ കരുണ കാണിക്കുക!

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?