Follow Us On

25

November

2024

Monday

വനം-വന്യജീവി നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് സീറോ മലബാര്‍ സഭ

വനം-വന്യജീവി നിയമം  ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് സീറോ മലബാര്‍ സഭ

എറണാകുളം: വന്യമൃഗങ്ങള്‍ മനുഷ്യവാസ മേഖലകളില്‍ ഇറങ്ങി നാശനഷ്ടങ്ങളും ജീവഹാനിയും വരുത്തുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായുണ്ടാകുന്ന സാഹചര്യത്തില്‍ വനം വന്യജീവി നിയമങ്ങളിലെ മനുഷ്യവിരുദ്ധ വകുപ്പുകള്‍ പൂര്‍ണമായി ഒഴിവാക്കി ഭേദഗതികള്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് സീറോ മലബാര്‍ സഭ ആവശ്യപ്പെട്ടു.
ലോകസഭാ തെരഞ്ഞെടുപ്പു വിജ്ഞാപനം പുറത്തുവരുന്നതിനു മുമ്പായി അടിയന്തിര പ്രാധാന്യത്തോടെ ദേശീയ, സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കേണ്ട പ്രധാന വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് ആന്‍ഡ്രൂസ് താഴത്ത് പുറത്തിറക്കിയ കുറിപ്പിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

വന്യമൃഗശല്യം നിയന്ത്രിക്കണമെന്നതിന് പുറമെ ജെ.ബി.കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സമ്പൂര്‍ണമായി പുറത്തുവിടണം, സംസ്ഥാന ഇഡബ്ല്യു എസ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കണം, കേന്ദ്ര സര്‍ക്കാരിന്റെ ഇഡബ്ല്യുഎസ് മാനദണ്ഡങ്ങള്‍ സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കണം എന്നീ നിര്‍ദേശങ്ങളാണ് സഭ മുന്നോട്ട് വച്ചിരിക്കുന്നത്.
ക്രൈസ്തവരുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥയെക്കുറിച്ച് തയാറാക്കിയ ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് 2023 മെയ് 17 ന് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളതാണ്. ഒമ്പത് മാസങ്ങള്‍ കഴിഞ്ഞിട്ടും ഈ റിപ്പോര്‍ട്ട് പുറത്തു വന്നിട്ടില്ലെന്നും കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു.

2020 ജനുവരി 3 ന് സംവരണരഹിത വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായുള്ള സംവരണം (ഇഡബ്ല്യുഎസ്) നടപ്പിലാക്കിക്കൊണ്ടുള്ള ഉത്തരവില്‍, മൂന്നുവര്‍ഷം കൂടുമ്പോള്‍ സംവരണ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളതാണ്. എന്നാല്‍ നാലുവര്‍ഷം പൂര്‍ത്തിയായിട്ടും നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല. നിലവിലുള്ള മാനദണ്ഡങ്ങള്‍ പലതും അശാസ്ത്രീയവും അപര്യാപ്തവുമാണ്. അതിനാല്‍ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കണമെന്നും കുറിപ്പില്‍ ആവശ്യപ്പെടുന്നു.

കേന്ദ്ര സര്‍ക്കാര്‍ ഇഡബ്ല്യുഎസ് മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി 2022 സെപ്തംബര്‍ 19 ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമായ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുകയും അതു നടപ്പിലാക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു. പ്രസ്തുത നിര്‍ദേശങ്ങളിലെ 9 -ാം നമ്പര്‍ പ്രകാരം ‘തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിര്‍മാണ ചട്ടമനുസരിച്ചുള്ളറസിഡന്‍ഷ്യല്‍ പ്ലോട്ടിന് പുറത്ത് കൃഷിയാവശ്യത്തിന് ഉപയോഗിക്കുന്ന ഭൂമി കൃഷിഭൂമിയായി തന്നെ കണക്കാക്കേണ്ടതാണ്’. ഈ നിര്‍ദ്ദേശം സംസ്ഥാനത്ത് നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. ഇത് അടിയന്തിരമായി നടപ്പിലാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കണമെന്നും പബ്ലിക്ക് അഫയേഴ്‌സ് കമ്മീഷന്റെ കുറിപ്പില്‍ ആവശ്യപ്പെട്ടു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?