തലശേരി: തലശേരി അതിരൂപതയിലെ ചെമ്പേരി ലൂര്‍ദ് മാതാ ഫൊറോനാ ദൈവാലയം ബസിലിക്ക പദവിയിലേക്ക്. ഇതു സംബന്ധിച്ച് ഫ്രാന്‍സിസ് പാപ്പയുടെ അറിയിപ്പ് അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനിക്ക് ലഭിച്ചു.
മലബാര്‍ കുടിയേറ്റത്തിന്റെ ശതാബ്ദിയും തലശേരി അതിരൂപതാ സ്ഥാപനത്തിന്റെ പ്ലാറ്റിനം ജൂബിലിയും ആഘോഷിക്കാന്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന അതിരൂപതയ്ക്ക് ദൈവം തന്ന സമ്മാനമായിട്ടാണ് ഈ ബസിലിക്ക പ്രഖ്യാപനത്തെ വിശ്വാസികള്‍ കാണുന്നത്.
ചെമ്പേരി ദൈവാലയത്തിന്റെ നവീകരണ പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ ഓഗസ്റ്റ് 14ന്, പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗാരോപണ തിരുനാളിന്റെ ഒരുക്ക ദിനത്തില്‍ ബസിലിക്കാ പദവിയുടെ പ്രത്യേക ആഘോഷങ്ങള്‍ നടക്കും.
റോമിലെ പ്രധാന നാലു ദൈവാലയങ്ങളാണ് മേജര്‍ ബസിലിക്കകളായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. ബസിലിക്ക പദവി നല്‍കുന്ന മറ്റു ദൈവാലയങ്ങളെല്ലാം മൈനര്‍ ബസിലി ക്കകളായാണ് അറിയപ്പെടുന്നത്. ഇന്ത്യയില്‍ ഇപ്രകാരം മൈനര്‍ ബസിലിക്ക പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട 32 ദൈവാലയങ്ങളുണ്ട്.
ലത്തീന്‍ സഭയില്‍ 27എണ്ണവും സീറോമലങ്കര സഭയില്‍ ഒന്നും സീറോമലബാര്‍ സഭയില്‍ നാലും ബസിലിക്കകളാണ് നിലവില്‍ ഉണ്ടായിരുന്നത്. ചെമ്പേരി ലൂര്‍ദ് മാതാ ദൈവാലയത്തെ ബസിലിക്കാ പദവിയിലേക്ക് ഉയര്‍ത്തിയതോടെ സീറോമലബാര്‍ സഭയ്ക്ക് അഞ്ചാമത്തെ ബസിലിക്കയാണ് ലഭിച്ചിരിക്കുന്നത്.
പരിശുദ്ധപിതാവിന്റെ പള്ളി എന്ന പദവിയാണ് ഒരു ദൈവാലയത്തെ ബസിലിക്ക പദവിയിലേക്ക് ഉയര്‍ത്തുമ്പോള്‍ ലഭിക്കുന്നത്. മാര്‍പാപ്പ ഒരു സ്ഥലം സന്ദര്‍ശിക്കുമ്പോള്‍ ബസിലിക്കയില്‍ വച്ചാണ് ദൈവജനത്തോട് സംസാരിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *