Follow Us On

21

September

2024

Saturday

യൂഹനോന്‍ മാര്‍ ക്രിസോസ്റ്റമോസ് സപ്തതി നിറവില്‍

യൂഹനോന്‍ മാര്‍ ക്രിസോസ്റ്റമോസ് സപ്തതി നിറവില്‍

തിരുവല്ല: നിരണം ഭദ്രാസനാധിപനും മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സൂന്നഹദോസ് സെക്രട്ടറിയുമായ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് സപ്തതി നിറവില്‍.

1954 ജനുവരി ഏഴിന് കവിയൂര്‍ കോട്ടൂര്‍ മണ്ണില്‍ പുത്തന്‍പുരയില്‍ കെ.വി. യോഹന്നാന്‍-ഏലിയാമ്മ ദമ്പതികളുടെ മകനായി ജനിച്ച വര്‍ഗീസ് (മാര്‍ ക്രിസോസ്റ്റമോസ്) സ്‌കൂള്‍ വിദ്യാഭ്യാസം കോട്ടൂരില്‍ നടത്തി. ചങ്ങനാശേരി എസ്ബി കോളജില്‍നിന്ന് ബിഎസ്‌സി പാസായി. തുടര്‍ന്ന് കോട്ടയം ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയില്‍ പഠനമാരംഭിച്ചു. ജിഎസ്റ്റി, ബിഡി ബിരുദങ്ങള്‍ സെറാമ്പൂര്‍ സര്‍വകലാശാലയില്‍നിന്നും കരസ്ഥമാക്കി. ബെംഗളൂരു യുണൈറ്റഡ് തിയോളജിക്കല്‍ കോളജില്‍നിന്ന് എംറ്റിഎച്ചും സാന്‍ ഫ്രാന്‍സിസ്‌കോ തിയോളജിക്കല്‍ സെമിനാരിയില്‍നിന്ന് പിഎച്ച്ഡിയും നേടി.

1982 ഏപ്രില്‍ 19-ന് നിരണം ഭദ്രാസനാധിപനായിരുന്ന ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ്, വര്‍ഗീസിന് ഡീക്കന്‍പദവി നല്‍കി. 1982 ജൂണ്‍ അഞ്ചിന് മാത്യൂസ് ദ്വിതീയന്‍ ബാവ വൈദികപട്ടം നല്‍കി. 1998 ജനുവരി 28-ന് മാത്യൂസ് ദ്വിതീയന്‍ ബാവ പരുമല സെമിനാരിയില്‍വച്ച് റമ്പാന്‍സ്ഥാനം നല്‍കി. തുടര്‍ന്ന് യൂഹാനോന്‍ റമ്പാന്‍ കരുണാഗിരി എംജിഡി ആശ്രമം, ബാലഭവന്‍ എന്നിവയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.

തുടര്‍ന്ന് മാവേലിക്കര സെന്റ് പോള്‍സ് മിഷന്‍ പരിശീലനകേന്ദ്രം പ്രിന്‍സിപ്പല്‍, നാഗ്പൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയുടെ വിസിറ്റിങ്ങ് ഫാക്കല്‍റ്റി, മലങ്കര ഓര്‍ത്തഡോക്‌സ് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, തിരുവനന്തപുരം ഉള്ളൂര്‍ സെന്റ് തോമസ് കാരുണ്യ ഗൈഡന്‍സ് സെന്റര്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കത്തോലിക്കാ-ഓര്‍ത്തഡോക്‌സ് ഡയലോഗ് കമ്മീഷനിലും അംഗമായിരുന്നു.

2005 മാര്‍ച്ച് അഞ്ചിന് എപ്പിസ്‌കോപ്പയായി അഭിഷിക്തനായി. നിരണം ഭദ്രാസന സഹായമെത്രാനായിട്ടായിരുന്നു ആദ്യനിയമനം. 2007 മുതല്‍ നിരണം ഭദ്രാസനാധിപനായി ശുശ്രൂഷ ചെയ്യുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?