Follow Us On

23

November

2024

Saturday

രാഷ്ട്രീയം മാറ്റിവച്ച് വിശുദ്ധ നാടിന് വേണ്ടി പ്രാര്‍ത്ഥിക്കണം : ജറുസലേം ലത്തീന്‍ പാത്രിയാര്‍ക്കിസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബെല്ല

രാഷ്ട്രീയം മാറ്റിവച്ച് വിശുദ്ധ നാടിന് വേണ്ടി പ്രാര്‍ത്ഥിക്കണം : ജറുസലേം ലത്തീന്‍ പാത്രിയാര്‍ക്കിസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബെല്ല

ജറുസലേം: രാഷ്ട്രീയം മാറ്റിവച്ച് വിശുദ്ധ നാടിന് വേണ്ടി ഒരുമിച്ച് പ്രാര്‍ത്ഥിക്കുവാന്‍ ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കിസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റാ പിസബല്ലാ ക്രൈസ്തവരോട് ആഹ്വാനം ചെയ്തു. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വിശുദ്ധ നാട് സന്ദര്‍ശിക്കാനെത്തിയ പൊന്തിഫിക്കല്‍ സന്നദ്ധസംഘടനയായ എസിഎന്നിന്റെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കര്‍ദിനാള്‍ ഇക്കാര്യം പറഞ്ഞത്.

ഇസ്രായേല്‍ സൈന്യത്തിലും അതേ പോലെ തന്നെ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലും കത്തോലിക്കരുണ്ട്. ഏതെങ്കിലുമൊരു വിഭാഗത്തിന് സഭയെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാനാവില്ല. അതേസമയം തന്നെ കപടമായ നിഷ്പക്ഷതകൊണ്ടും കാര്യമില്ല. രാഷ്ട്രീയമോ സൈനികമോ ആയ സംഘര്‍ഷത്തിന്റെ ഭാഗമാകാതെ ക്രിയാത്മകമായ സമാധാനത്തിന് വേണ്ടി പ്രയത്‌നിക്കുക എന്നതാണ് ക്രൈസ്തവരുടെ ദൗത്യമെന്ന് കര്‍ദിനാള്‍ പറഞ്ഞു.

വിഭാഗീയതയും ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസവും വളരെ ശക്തമാണെന്നും ഏതെങ്കിലും ഭാഗത്തിന്റെ പക്ഷം ചേരുന്നത് വഞ്ചനയായിട്ടേ മറു വിഭാഗം കാണുകയുള്ളൂവെന്നും കര്‍ദിനാള്‍ വ്യക്തമാക്കി. ഗാസയിലുള്ള ഏല്ലാ സ്‌കൂളുകളും ഇതിനോടകം നശിപ്പിക്കപ്പെടുകയോ അഭയകേന്ദ്രങ്ങളായി ഉപയോഗിക്കുകയോ ആണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അധ്യയനവര്‍ഷം നഷ്ടപ്പെട്ടു. എങ്കിലും കുട്ടികള്‍ക്ക് എങ്ങനെയെങ്കിലും വിദ്യാഭ്യാസം നല്‍കണമെന്ന മാതാപിതാക്കളുടെ ആഗ്രഹം പരിഗണിച്ച് കാരവനുകളില്‍ ക്ലാസുകള്‍ നടത്താനുള്ള ശ്രമം നടത്തുകയാണെന്നും കര്‍ദിനാള്‍ വ്യക്തമാക്കി.

ഗാസയില്‍ അരങ്ങേറുന്ന ദുരന്തം കൂടാതെ വെസ്റ്റ് ബാങ്കില്‍ ഉള്‍പ്പെടെയുള്ള ക്രൈസ്തവര്‍ക്ക് ജോലി ഇല്ലാത്ത സാഹചര്യമുണ്ട്. ക്രൈസ്തവരുടെ ഇടയില്‍ തൊഴിലില്ലായ്മ  78 ശതമാനമാണ്. ഈ സാഹചര്യത്തില്‍ എസിഎന്‍ പോലുള്ള സന്നദ്ധസംഘടനകള്‍ ഏറ്റവും ദുര്‍ബലരായവര്‍ക്ക് ലഭ്യമാക്കുന്ന സഹായത്തിന് കര്‍ദിനാള്‍ നന്ദി പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?