ഇംഫാല്‍: വംശീയ കലാപത്തില്‍ തകര്‍ത്ത മണിപ്പൂര്‍ ഗ്രാമത്തില്‍നിന്ന് ഒരു വര്‍ഷം മുമ്പ് പലായനം ചെയ്ത കത്തോലിക്കര്‍ സ്വര്‍ഗാരോഹണ തിരുനാളില്‍ കുര്‍ബാന അര്‍പ്പിക്കാന്‍ മടങ്ങിയെത്തി. ഇംഫാല്‍ അതിരൂപത പുനരധിവാസത്തനായി ഭവനങ്ങള്‍ പണിയുന്ന പുതിയ സെറ്റില്‍മെന്റില്‍ നിര്‍മ്മാണത്തിനായി ഇഷ്ടികകള്‍ ഉണ്ടാക്കുന്ന ഷെഡിലാണ് ബലിപീഠം ഒരുക്കിയത്.
”കുടിയൊഴിപ്പിക്കപ്പെട്ട ആളുകള്‍ക്ക് വേണ്ടിയുള്ള ആദ്യത്തെ കുര്‍ബാന പങ്കെടുത്ത 180 പേര്‍ക്കും എനിക്കും സന്തോഷത്തിന്റെ നിമിഷമായിരുന്നു,” കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിച്ച ഫാ. മാര്‍ക്ക് ഐമെംഗ് പങ്കുവെക്കുന്നു.
”ചന്ദേല്‍ ജില്ലയിലെ സിങ്‌ടോം ഗ്രാമത്തില്‍ നിന്നുള്ള കത്തോലിക്കരാണ് ഇവരെല്ലാം. ഇംഫാല്‍ അതിരൂപത നിര്‍മ്മിച്ച് ആശീര്‍വദിച്ച പുതിയ ഗ്രാമത്തില്‍ ഇരുപതോളം കുടുംബങ്ങള്‍ താമസമാക്കി. അവരെ സഹായിക്കാന്‍ മുന്നോട്ട് വന്ന അഭ്യുദയകാംക്ഷികള്‍ക്ക് നന്ദി. വരും മാസങ്ങളില്‍ കൂടുതല്‍ കുടുംബങ്ങള്‍ ഇനിയും സ്ഥിരതാമസമാക്കും.”
താഴ്‌വരയില്‍ നിന്നുള്ള ഒരു കൂട്ടം കലാപകാരികള്‍ അടുത്തടുത്ത് വരുന്നുണ്ടെന്ന് കേട്ട് 2023 മെയ് 29 ന് ഗ്രാമത്തില്‍ നിന്ന് പലായനം ചെയ്തതാണ് അവര്‍, അദ്ദേഹം ഓര്‍മ്മിച്ചു. ആറ് ദിവസത്തെ പ്രവാസത്തിനൊടുവില്‍ തങ്ങളുടെ ഗ്രാമം ചുട്ടെരിച്ചുവെന്ന വാര്‍ത്തയാണ് അവര്‍ക്ക് ലഭിച്ചത്. 72 വീടുകളില്‍ 45 എണ്ണം ചാരമായി; കൂടാതെ പള്ളി ഉള്‍പ്പെടെയുള്ള മറ്റ് കെട്ടിടങ്ങളും നശിപ്പിക്കപ്പെട്ടു.
വീടുകള്‍ക്ക് പുറമെ കുട്ടികളുടെ വിദ്യാഭ്യാസവും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും നല്‍കുന്നതിന് ഇംഫാല്‍ അതിരൂപതയെ സജ്ജരാക്കിയെങ്കിലും അവരുടെ വേദനകളും വിഷമങ്ങളും വീണ്ടെടുക്കാന്‍ ഏറെ സമയമെടുക്കും.
എന്നാല്‍ വൈദികരുടെ സാന്നിധ്യം വലിയൊരു ആത്മീയ ആശ്വാസമാണ്, അവര്‍ ഗ്രാമത്തില്‍ എത്തിയ ദിവസം മുതല്‍, അവരെ സന്ദര്‍ശിക്കാനും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും എനിക്ക് ധാരാളം അവസരങ്ങള്‍ ലഭിച്ചു. ഫാ. ഐമെംഗ് പങ്കുവെച്ചു.
Leave a Comment
Your email address will not be published. Required fields are marked with *