ചാലക്കുടി: പൗരോഹിത്യ സുവര്‍ണ്ണ ജൂബിലിയുടെ നിറവിലായിരിക്കുന്ന ഡിവൈന്‍ ധ്യാനകേന്ദ്രം ഇംഗ്ലീഷ് വിഭാഗം മേധാവി റവ.ഡോ. അഗസ്റ്റിന്‍ വല്ലൂരാന് ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ സ്വീകരണം നല്‍കി. ജൂബിലേറിയന്റെ മുഖ്യ കാര്‍മികത്വത്തില്‍ കൃതജ്ഞതാ ബലി അര്‍പ്പിച്ചു.
തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ ഡോ.വര്‍ഗീസ് ചക്കാലക്കലിന്റെ അധ്യക്ഷത വഹിച്ചു. ബിഷപ് ഡോ. അംബ്രോസ് പുത്തന്‍ വീട്ടില്‍, ബിഷപ് ഡോ. ജോസഫ് വിയാനി ഫെര്‍ണാണ്ടോ, ഫാ. ജോണ്‍ കണ്ടത്തിക്കര, ഫാ. പോള്‍ പുതുവ, ഫാ. അഗസ്റ്റിന്‍ വല്ലൂരാന്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി.
ബിഷപ് ഡോ. അംബ്രോസ് പുത്തന്‍ വീട്ടില്‍ മുഖ്യ പ്രഭാഷണം നടത്തി. ഫാ. മാത്യു നായ്ക്കുംപറമ്പില്‍, ഫാ. സെബാസ്റ്റ്യന്‍ പാലമൂട്ടില്‍, ഫാ.വര്‍ഗീസ് പാറപ്പുറം, ഫാ. അലക്സ് ചാലങ്ങാടി, സിസ്റ്റര്‍ ഫോണ്‍സി മരിയ, വസന്ത ജയസൂര്യ, റാഫി ഫ്രാന്‍സിസ്, നെല്‍സണ്‍ അമല്‍രാജ്, മോഹന്‍കുമാര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഫാ. അഗസ്റ്റിന്‍ വല്ലൂരാന്‍ നന്ദി പറഞ്ഞു.
പണ്ഡിതനായ സുവിശേഷ പ്രഘോഷകന്‍, പ്രഗത്ഭനായ വാഗ്മി, മികച്ച സംഘാടകന്‍ തുടങ്ങിയ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചഫാ. അഗസ്റ്റിന്‍ വല്ലൂരാന്‍ തിരുമുടിക്കുന്നില്‍ വല്ലൂരാന്‍ ദേവസി – റോസി ദമ്പതികളുടെ ഇളയ മകനായി 1949 ജനുവരി 4 നാണ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം 1964ല്‍ വൈദിക പഠനത്തിനായി വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷനില്‍ ചേര്‍ന്നു.
എറണാകുളം-അങ്കമാലി സഹായ മെത്രാനായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയില്‍നിന്നും 1974 ഒക്ടോബറില്‍ പൗരോഹിത്യം സ്വീകരിച്ചു. പിന്നീട് റോമില്‍നിന്ന് തത്വശാസ്ത്രത്തില്‍ ഗോള്‍ഡ് മെഡലോടെ ഡോക്ടറേറ്റ് നേടി.കേരളത്തില്‍ തിരിച്ചുവന്ന അദ്ദേഹം മംഗലപ്പുഴ സെമിനാരിയില്‍ വൈദിക വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുകയും അതോടൊപ്പം മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.
കേരളത്തിലും വിദേശത്തുമുള്ള പ്രഗത്ഭരായ വൈദികര്‍ അദ്ദേഹത്തിന്റെ ശിഷ്യരായുണ്ട്. ഫാ. അഗസ്റ്റിന്‍ വല്ലൂരാന്റെ പൗരോഹിത്യ സില്‍വര്‍ ജൂബിലി സ്മാരകമായി മാനസിക അസ്വാസ്ഥ്യം ഉള്ളവര്‍ക്കായി മേലൂരില്‍ ഒരു ആലയം പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
സന്യാസ ജീവിതത്തിന്റെ സുവര്‍ണ ജൂബിലിയുടെ നിറവിലായിരിക്കുന്ന അദ്ദേഹം ജീവിതത്തില്‍ 75 വര്‍ഷങ്ങള്‍ പിന്നിടുകയാണ്.
Leave a Comment
Your email address will not be published. Required fields are marked with *