ഇടുക്കി: വിശ്വാസത്തിന്റെ ഉജ്ജ്വല സാക്ഷ്യമായി മാറി നാലാമത് ഇടുക്കി രൂപതാ മരിയന്‍ തീര്‍ത്ഥാടനം. ആയിര ക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്ത തീര്‍ത്ഥാടനം ഹൈറേഞ്ചിന് പുതിയ അനുഭവമാണ് സമ്മാനിച്ചത്. ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തില്‍ രാജാക്കാട് ക്രിസ്തുരാജാ ഫൊറോന പള്ളിയില്‍ നിന്നും രാവിലെ 9.30 ന് ആരംഭിച്ച തീര്‍ത്ഥാടനം ഉച്ചകഴിഞ്ഞ് ഒരു മണിക്ക് രാജകുമാരി തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തിച്ചേര്‍ന്നു.
വൈദികരും സന്യസ്തരും അല്മായരുമടങ്ങുന്ന ആയിരങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം കാല്‍നടയായി തീര്‍ത്ഥാടനത്തില്‍ ആണിനിരന്നു. സീറോ മലബാര്‍ സഭ കൂരിയാ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കലും കാല്‍നടതീര്‍ത്ഥാടനത്തില്‍ പങ്കെടുത്തു. തീര്‍ത്ഥാടനം രാജകുമാരിയില്‍ എത്തിയപ്പോള്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വി. കുര്‍ബാന അര്‍പ്പിച്ചു.
തീര്‍ത്ഥാടനം കടന്നുപോയ വഴികളിലെല്ലാം നൂറുകണ ക്കിനാളുകള്‍ സ്വീകരണം നല്‍കി. ജാതി മത ഭേദമെന്യേ ആളുകള്‍ തീര്‍ത്ഥാടനത്തെ വരവേറ്റു. രൂപതാ വികാരി ജനറാള്‍മാരായ മോണ്‍. ജോസ് കരിവേലിക്കല്‍, മോണ്‍. ജോസ് പ്ലാച്ചിക്കല്‍, മോണ്‍.അബ്രാഹം പുറയാറ്റ്, ഫാ.മാത്യു കരോട്ട്‌കൊച്ചറയ്ക്കല്‍, ഫാ. ജിന്‍സ് കാരയ്ക്കാട്ട്, ഫാ. ജോസഫ് മാതാളികുന്നേല്‍, ജോര്‍ജ് കോയിക്കല്‍, ജെറിന്‍ പട്ടാംകുളം, സെസില്‍ ജോസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ തീര്‍ത്ഥാടനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.
മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നടന്നത് 40 കിലോമീറ്റര്‍
നാലാമത് ഇടുക്കി രൂപതാ മരിയന്‍ തീര്‍ത്ഥാടനം പ്രത്യേകതകള്‍ കൊണ്ട് ശ്രദ്ധേയമായി. ഈ വര്‍ഷം തീര്‍ത്ഥാടനം രണ്ട് ഘട്ടങ്ങളായാണ് നടന്നത്. വെള്ളിയാഴ്ച അടിമാലി സെന്റ് ജൂഡ് ഫൊറോനാ തീര്‍ത്ഥാടന ദൈവാലത്തില്‍ നിന്നും ആരംഭിച്ച പദയാത്ര ആയിരമേക്കര്‍, കല്ലാര്‍കുട്ടി, വെള്ളത്തൂവല്‍, പന്നിയാര്‍കുട്ടി വഴി രാജാക്കാട് എത്തിച്ചേര്‍ന്നു. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ആരംഭിച്ച തീര്‍ത്ഥാടനം 30 കിലോമീറ്റര്‍ പിന്നിട്ട് ശനിയാഴ്ച പുലര്‍ച്ചേ 12.30 ന് രാജാക്കാട് എത്തി. നൂറുകണക്കിന് ആളുകള്‍ തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തു.
തുടര്‍ന്ന് രാവിലെ 10 മണിക്ക് ആയിരങ്ങള്‍ പങ്കെടുത്ത തീര്‍ത്ഥാടനം 10 കിലോമീറ്റര്‍ പിന്നിട്ട് ഉച്ചക്ക് ഒരു മണിക്ക് രാജകുമാരിയില്‍ എത്തി. തീര്‍ത്ഥാടനത്തില്‍ മുഴുവന്‍ സമയവും രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ കാല്‍നടയായി തീര്‍ത്ഥാടനത്തിന് നേത്യത്വം നല്‍കി.
Leave a Comment
Your email address will not be published. Required fields are marked with *