വിശുദ്ധ പൗലോസ് ശ്ലീഹ കോറിന്തോസിലെ സഭയെ അഭിസംബോധന ചെയ്തു കൊണ്ട് എഴുതിയ ലേഖനത്തിലെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. സ്‌നേഹത്തില്‍ കൂട്ടായ്മ വളര്‍ത്തേണ്ടതിന്റെ ആവശ്യകതയാണ് പാപ്പാ അടിവരയിട്ടു പറയുന്നത്. വിവിധ വിശ്വാസങ്ങളും, മതസംഹിതകളും ചേര്‍ന്ന് കൊണ്ട് ക്രിയാത്മകമായ സംഭാഷണത്തില്‍ കൂട്ടായ്മവളര്‍ത്തിയെടുക്കുന്ന അനുഗൃഹീത നാടാണ് സിംഗപ്പൂരെന്നു പാപ്പാ തന്റെ വചനസന്ദേശത്തില്‍ എടുത്തു പറഞ്ഞു. ഇതുതന്നെയാണ് ഈ നഗരത്തിന്റെ സൗന്ദര്യമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. ഈ നിര്‍മ്മാണപ്രക്രിയയില്‍ അടിസ്ഥാനമായി നിലകൊണ്ടത്, പണമോ, സാങ്കേതികവിദ്യകളോ, വൈദഗ്ധ്യങ്ങളോ അല്ല, മറിച്ച് സ്‌നേഹമെന്ന പുണ്യം ആണെന്ന് പാപ്പാ പറഞ്ഞു.
അതിനാല്‍ ഈ ലോകത്തില്‍ എന്തെങ്കിലും നിലനില്‍ക്കുന്നുണ്ടെങ്കില്‍, എന്തെങ്കിലും നന്മയുണ്ടെങ്കില്‍ അതിനുകാരണം നാനാത്വത്തില്‍, വിദ്വേഷത്തെക്കാള്‍ സ്‌നേഹവും, നിസ്സംഗതയെക്കാള്‍ ഐക്യദാര്‍ഢ്യവും, സ്വാര്‍ത്ഥതയെക്കാള്‍ ഔദാര്യവും പ്രബലമായതിനാല്‍ മാത്രമാണെന്നും പാപ്പാ പ്രത്യേകം ചൂണ്ടിക്കാട്ടി. സ്‌നേഹമില്ലാതെ നാം ഒന്നുമല്ല എന്ന പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ ഒരിക്കല്‍ കൂടി പാപ്പാ ഓര്‍മ്മിപ്പിച്ചു.
തുടര്‍ന്ന് ജീവിതത്തില്‍ വിശ്വാസത്തിന്റെ പ്രാധാന്യവും പാപ്പാ അടിവരയിടുന്നുണ്ട്. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമുള്ള നമ്മുടെ കഴിവിന്റെ അടിസ്ഥാനം ദൈവം തന്നെയാണെന്നുള്ള തിരിച്ചറിവിലേക്ക് നമ്മെ നയിക്കുന്നത്, വിശ്വാസമാണെന്ന് പാപ്പാ എടുത്തു പറഞ്ഞു. യേശുവില്‍ നാം ജീവിക്കുമ്പോഴാണ് നാം ആയിരിക്കുന്നതും, ആകുന്നതുമായ അസ്തിത്വത്തിന്റെ ഉത്ഭവവും, നിവൃത്തിയും മനസിലാകുന്നതെന്നും പാപ്പാ ചൂണ്ടിക്കാട്ടി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ സിംഗപ്പൂര്‍ സന്ദര്‍ശനവേളയില്‍ പറഞ്ഞ വചനങ്ങളും പാപ്പാ എടുത്തു പറഞ്ഞു. ‘നമ്മുടെ സ്‌നേഹത്തിലാണ്, ദൈവത്തിന്റെ സ്‌നേഹം പ്രതിഫലിക്കുന്നത്. ‘മനുഷ്യന്‍ ഉണ്ടാക്കിയ സൃഷ്ടികള്‍ക്ക് മുന്നില്‍, നാം അനുഭവിക്കുന്ന വിസ്മയത്തിനപ്പുറം, ദൈവത്തിന്റെ സ്‌നേഹം ദര്‍ശിക്കുവാന്‍ സാധിക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു. മുന്‍ഗണനകളില്ലാതെയും, വ്യത്യാസമില്ലാതെയും യാത്രയില്‍ ദിവസവും കണ്ടുമുട്ടുന്ന സഹോദരങ്ങളെന്ന നിലയിലുള്ള സിംഗപ്പൂരിലെ ജനത എല്ലാവര്‍ക്കും ഒരു സാക്ഷ്യമാണെന്നും പാപ്പാ പറഞ്ഞു.
സമൂഹത്തില്‍ വേദന അനുഭവിക്കുന്നവരോടും, ദരിദ്രരോടും അനുകമ്പയോടെ പെരുമാറേണ്ടതിന്റെ ക്രൈസ്തവ ആവശ്യകതയും പാപ്പാ എടുത്തു പറഞ്ഞു. ‘ദൈവദൂഷണം പോലും അനുഗ്രഹമായി തിരിച്ചു നല്‍കണമെന്ന’ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ആഹ്വാനം നാം ശിരസാ വഹിക്കണമെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. സ്‌നേഹം ഏറ്റവും മനോഹരവും സമ്പൂര്‍ണ്ണവുമായ രീതിയില്‍ പ്രകടമാകുന്ന പരിശുദ്ധ മറിയത്തിന്റെ ജീവിതത്തെ പാപ്പാ പ്രത്യേകം പരാമര്‍ശിച്ചു. എല്ലാം മനസ്സിലാക്കുന്ന, എല്ലാം ക്ഷമിക്കുന്ന, നമ്മെ ഒരിക്കലും കൈവിടാത്ത പരിശുദ്ധ അമ്മയുടെ ആര്‍ദ്രത നമുക്ക് മാതൃകയാണെന്നും പാപ്പാ പറഞ്ഞു. തുടര്‍ന്ന് വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ ജീവിത മാതൃകയും പാപ്പാ അടിവരയിട്ടു പറഞ്ഞു. ‘കര്‍ത്താവേ, ഇതാ ഞാന്‍; ഞാന്‍ എന്ത് ചെയ്യണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?’ എന്ന് പറഞ്ഞുകൊണ്ടുള്ള വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ എഴുത്ത്, യഥാര്‍ത്ഥ മിഷനറിയുടെ സ്വഭാവം വെളിപ്പെടുത്തുന്നുവെന്ന് പാപ്പാ പറഞ്ഞു.
ഫ്രാന്‍സിസ് സേവ്യറിനെ പോലെ ജീവിതത്തിന്റെ ഏടുകളില്‍, കര്‍ത്താവിനോട്, ഇതാ ഞാന്‍, ഞാന്‍ എന്ത് ചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നതെന്നുള്ള ചോദ്യം ഉന്നയിക്കണമെന്ന് പറഞ്ഞ പാപ്പാ, എല്ലായ്‌പ്പോഴും, സ്‌നേഹത്തിലേക്കും നീതിയിലേക്കുമുള്ള ക്ഷണങ്ങള്‍ കേള്‍ക്കാനും പ്രതികരിക്കാനുമുള്ള പ്രതിബദ്ധത ഓരോ ക്രിസ്തു ശിഷ്യനിലും നിക്ഷിപ്തമായിരിക്കുന്നുവെന്നും പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *