Follow Us On

24

November

2024

Sunday

ഇഎസ്എ: മലയോരം ആശങ്കയുടെ മുള്‍മുനയില്‍

ഇഎസ്എ:  മലയോരം ആശങ്കയുടെ  മുള്‍മുനയില്‍

മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍
(ഇടുക്കി രൂപതാ മെത്രാന്‍)

സങ്കീര്‍ണമായ ഭൂപ്രശ്‌നങ്ങളാല്‍ കലുഷിതമാണ് എന്നും മലയോര മേഖല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അനുസരിച്ചുള്ള പശ്ചിമഘട്ടത്തിലെ ഇഎസ്എ പ്രഖ്യാപനത്തിന്റെ ഏറ്റവും അവസാനമായി ജൂലൈ 31ന് പ്രസിദ്ധീകരിച്ച ആറാമത് കരട് വിജ്ഞാപനത്തിന്മേല്‍ പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയം അന്നുമുതല്‍ 60 ദിവസമായിരുന്നു. ഈ സമയം പൂര്‍ത്തിയാകുമ്പോഴും ജനങ്ങളുടെ ആവശ്യങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റിനു മുമ്പില്‍ വ്യക്തതയോടെ അവതരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനാകുന്നില്ല എന്നത് ആശങ്കാജനകമാണ്. എന്നാല്‍ കേരളം ഒഴികെയുള്ള 5 സംസ്ഥാനങ്ങളും ഇതിനോടകം അവരുടെ നിലപാടുകളും ഇഎസ്എ പ്രദേശങ്ങളുടെ മാപ്പ് അടക്കമുള്ള വിശദാംശങ്ങളും കേന്ദ്രത്തിന് നല്‍കികഴിഞ്ഞു.

മാപ്പുകള്‍ ആശങ്കജനിപ്പിക്കുന്നു
ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഒഴിവാക്കി റിസര്‍വ് ഫോറസ്റ്റുകളും സംരക്ഷകപ്രദേശങ്ങളും ലോക പൈതൃക പദവി പ്രദേശങ്ങളും മാത്രമേ ഇഎസ്എ പ്രഖ്യാപനത്തിനായി നല്‍കേണ്ടതുള്ളൂ എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ ജനവാസ കേന്ദ്രങ്ങള്‍ ഇഎസ്എ ഉള്‍പ്പെട്ടിട്ടില്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ കേരള സര്‍ക്കാരിന് ഗുരുതരമായ വീഴ്ച സംഭവിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ഇന്നും നിലനില്‍ക്കുന്ന രണ്ടുതരം മാപ്പുകള്‍ ജനത്തെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ്.

2018 ല്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് 123 വില്ലേജുകളില്‍ നിന്നും 31 വില്ലേജുകള്‍ പൂര്‍ണമായും ഇഎസ്എ പരിധിയില്‍ നിന്ന് ഒഴിവാക്കിയതായി കാണാം. എന്നാല്‍ ബാക്കി 92 വില്ലേജുകളുടെ വനവിസ്തൃതി എടുക്കുമ്പോള്‍ ആകെ വനവിസ്തീര്‍ണ്ണം പഴയ 9993 ചതുരശ്ര കിലോമീറ്റര്‍ എന്നുതന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 92 വില്ലേജുകളുടെ വിസ്തൃതി 123 വില്ലേജുകളുടെ വിസ്തൃതിക്ക് തുല്യമായി തന്നെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. 92 വില്ലേജുകളിലെ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും റിസര്‍വ് വനമായി രേഖപ്പെടുത്തി എന്നാണ് അതിന്റെ അര്‍ത്ഥം.

ജനപ്രതിനിധികള്‍ ഇടപെടണം
കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് നിരവധി തവണ ഗ്രൗണ്ട് ട്രൂത്തിങ്ങിനും ഫീല്‍ഡ് വെരിഫിക്കേഷനും ശേഷമുള്ള ജിയോ കോര്‍ഡിനേറ്റ് വില്ലേജ് ഷേപ്പ് മാപ്പ് വര്‍ഷങ്ങളായി ആവശ്യപ്പെട്ടെങ്കിലും സംസ്ഥാനം ഇതുവരെ കൃത്യതയോടെ അത് ലഭ്യമാക്കിയിട്ടില്ല എന്നതും വലിയ വീഴ്ചയാണ്. സംസ്ഥാന പരിസ്ഥിതി മന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള രണ്ടു മാപ്പുകളില്‍ ഒരു മാപ്പില്‍ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ഉള്‍പ്പെടുത്തിയും മറ്റൊരു മാപ്പില്‍ അത്തരം പ്രദേശങ്ങള്‍ ഒഴിവാക്കിയും ദുരൂഹത സൃഷ്ടിച്ചിരിക്കുന്നു. ഇത് കര്‍ഷകരോട് കാണിക്കുന്ന വലിയ വഞ്ചനയും ക്രൂരതയുമാണ്.

ജിയോ കോര്‍ഡിനേറ്റേഴ്‌സും വില്ലേജ് ഷേപ്പ് മാപ്പും ജനവാസ കേന്ദ്രങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ട്, റിസര്‍വ് ഫോറസ്റ്റ് വേള്‍ഡ് ഹെറിറ്റേജ് സൈറ്റ് പ്രൊട്ടക്ടഡ് ഏരിയ മാത്രം ഉള്‍പ്പെടുത്തി തിരുത്തലുകള്‍ വരുത്തി കരടുവിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ കേരള ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ ഇഎസ്എ മാപ്പ് എത്രയും വേഗം പ്രസിദ്ധീകരിക്കണം. റവന്യൂ വില്ലേജുകളുടെ പേരില്‍ ഇഎസ്എ വില്ലേജുകള്‍ അറിയപ്പെടുന്നത് ഒഴിവാക്കി ഈ വില്ലേജുകളെ ഓരോന്നിനെയും ഫോറസ്റ്റ് വില്ലേജ് എന്നും റവന്യൂ വില്ലേജ് എന്നും തരംതിരിച്ച് ഫോറസ്റ്റ് വില്ലേജ് മാത്രം ഇഎസ്എ പ്രഖ്യാപനത്തിനായി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുകയും വേണം.

ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ എടുക്കുന്നില്ലെങ്കില്‍ അവരെ നിയന്ത്രിക്കാന്‍ അധികാരത്തിലുള്ളവര്‍ ശ്രദ്ധ ചെലുത്തണം. ജനപ്രതിനിധികള്‍ ഗൗരവത്തോടെ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കൊപ്പം നില്‍ക്കുകയും സമയബന്ധിതമായി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സത്വര നടപടികള്‍ സ്വീകരിക്കുകയും വേണം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?