Follow Us On

19

October

2024

Saturday

കാറ്റിനൊപ്പം സഞ്ചരിച്ച വൈദികന്‍

കാറ്റിനൊപ്പം സഞ്ചരിച്ച വൈദികന്‍

മാത്യു സൈമണ്‍

ക്യൂബയുടെ തലസ്ഥാനമായ ഹവാന സന്ദര്‍ശിച്ചാല്‍ സമ്പന്നമായ ഒരു പൗരാണിക കാലം ആ നഗരത്തിനുണ്ടായിരുന്നു എന്ന് കാണാന്‍ സാധിക്കും. രാജ്യത്തെ മുഖ്യ തുറമുഖവുമായിരുന്ന ഹവാന പതിനെട്ടാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു നഗരമായിരുന്നു. കപ്പല്‍ നിര്‍മ്മാണവും തുറമുഖത്തിന്റെ വളര്‍ച്ചയും ആ നഗരത്തെ സമ്പന്നമാക്കി. എന്നാല്‍ ഇടയ്ക്കിടയ്ക്കുണ്ടാകുന്ന ചുഴലിക്കാറ്റുകള്‍ പട്ടണത്തിന്റെ വളര്‍ച്ചയ്ക്ക് എന്നും തടസമായിരുന്നു. പതിനായിരക്കണക്കിന് മനുഷ്യരുടെ ജീവഹാനിക്കും അനേക കപ്പലുകളുടെ നാശത്തിനും ഇവ കാരണമായി.

ഈ സമയത്താണ് സ്‌പെയിനില്‍ നിന്നും ശാസ്ത്രജ്ഞനായ ഫാ. ബെനിറ്റോ വീനിയസ് എന്ന ജെസ്യൂട്ട് വൈദികന്റെ വരവ്. ക്യൂബയിലെ ബെലെനിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ തലവനായി എത്തിയ അദ്ദേഹം പിന്നീട് പ്രകൃതിക്ഷോഭങ്ങളില്‍ ദുരിതമനുഭവിക്കുന്നവരുടെ രക്ഷകനായി മാറുകയായിരുന്നു. അദ്ദേഹത്തിന്റെ കണ്ടുപിടിത്തമാണ് ഇന്ന് നാം ഉപയോഗിക്കുന്ന ചുഴലിക്കാറ്റ് മുന്നറിയിപ്പ് സംവിധാനങ്ങളുടെ അടിത്തറ.
സ്‌പെയിനിലെ കാറ്റലോണിയയിലെ ഒരു ചെറിയ പട്ടണത്തില്‍ കാര്‍ലോസ് വീനിയസിന്റെയും മരിയ തെരേസ മാര്‍ട്ടോറെലിന്റെയും മകനായി 1837 സെപ്റ്റംബര്‍ 19 നാണ് കാര്‍ലോസ് ബെനിറ്റോ ജോസ് വീനിയസ് മാര്‍ട്ടോറെല്‍ ജനിക്കുന്നത്. ഒമ്പതാം വയസില്‍ പിതാവ് മരിച്ച വീനിയസ് 1856 ല്‍ സെമിനാരിയില്‍ പ്രവേശിച്ചു. 1860 കളില്‍ തന്റെ പരിശീലനത്തിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കുന്നതിനിടയില്‍ അദ്ദേഹം സലാമങ്ക സര്‍വകലാശാലയില്‍ ഭൗതികശാസ്ത്രം പഠിപ്പിച്ചു. 1869 ജൂണ്‍ 21 ന് പൗരോഹിത്യം സ്വീകരിച്ചു. 1870 മാര്‍ച്ചില്‍ ക്യൂബയിലെ കാലാവസ്ഥാ നിരീക്ഷണാലയത്തിന്റെ ഡയറക്ടറായി നിയമിതനായി.

അദ്ദേഹം ചുമതലയേറ്റതിന് കുറച്ചു മാസങ്ങള്‍ക്ക് ശേഷം ക്യൂബയില്‍ ചുഴലിക്കാറ്റുകള്‍ സൃഷ്ടിക്കുന്ന ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടിവന്നു. അദ്ദേഹത്തിന്റെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മേല്‍ക്കൂര വരെ അന്ന് പറന്നുപോയി. ആ മാസം ഹവാനയ്ക്ക് സമീപം കടന്നുപോകുന്ന മൂന്ന് കൊടുങ്കാറ്റുകളില്‍ ആദ്യത്തേതും ഏറ്റവും വിനാശകരവുമായ കൊടുങ്കാറ്റായിരുന്നു അത്. ഈ ഭയാനകമായ പ്രതിഭാസത്തിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ അദ്ദേഹം തീരുമാനിച്ചു. ഈ പ്രകൃതി ദുരന്തത്തില്‍നിന്ന് മനുഷ്യജീവന് സംരക്ഷണം നല്‍കുകയെന്നതാണ് ദൈവം ഭരമേല്‍പ്പച്ച തന്റെ മിഷനെന്ന് വീനിയസച്ചന്‍ തിരിച്ചറിഞ്ഞ നിമിഷം കൂടിയായിരുന്നു അത്.

അന്വേഷണത്തിന്റെ ആരംഭം
ചുഴലിക്കാറ്റുകള്‍ ഉണ്ടാകാനുള്ള സാധ്യത അക്കാലത്തെ ഗവേഷകര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിരുന്നുവെങ്കിലും അതിന്റെ കൃത്യമായ സമയമോ ദിശയോ കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. ക്യൂബയുടെ വലിപ്പം, ഭൂമിശാസ്ത്രപരമായ ദിശാ, കരീബിയന്‍ തടത്തിന്റെ ഹൃദയഭാഗത്തുള്ള സ്ഥാനം എന്നിവ കാരണം ചുഴലിക്കാറ്റ് സീസണില്‍ (ജൂണ്‍ ആദ്യം മുതല്‍ നവംബര്‍ അവസാനം വരെ) ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ അവിടെ വളരെ ശക്തമായിരുന്നു. മേഘങ്ങളുടെ ചലനവും ഉപകരണ നിരീക്ഷണങ്ങളും രേഖപ്പെടുത്തിക്കൊണ്ട് ഫാ. വീനിയസ് തന്നെ പ്രവര്‍ത്തനം ആരംഭിച്ചു. കപ്പിത്താന്‍മാരുമായുള്ള സംഭാഷണങ്ങള്‍, ടെലിഗ്രാഫ് റിപ്പോര്‍ട്ടുകള്‍ എന്നിവ അദ്ദേഹം ശേഖരിച്ച് പഠനം നടത്തി.

ഉഷ്ണമേഖലാ ചുഴലിക്കാറ്റിന്റെ പുറം അറ്റങ്ങളില്‍ ദൃശ്യമാകുന്ന സിറോസ്ട്രാറ്റസ് മേഘങ്ങളുടെ നേര്‍ത്ത മൂടുപടം വളരെ ഉയരത്തിലുള്ള കാറ്റിന്റെ ഒഴുക്ക് മൂലമാണ് ഉണ്ടായതെന്ന തിരിച്ചറിവില്‍ നിന്നാണ് വീനിയസച്ചന്റെ ഏറ്റവും മൂല്യവത്തായ കണ്ടെത്തല്‍ ഉടലെടുത്തത്. ഈ മേഘങ്ങള്‍ ഒരു ചുഴലിക്കാറ്റിന്റെ ആദ്യകാല സൂചനകളില്‍ ഒന്ന് മാത്രമല്ല, ചുഴലിക്കാറ്റിന്റെ മുന്‍വശത്തുള്ള നീളമേറിയ ‘പ്ലൂമിഫോം സിറസ്’ മേഘങ്ങളുടെ ദിശാസൂചന ചുഴലിക്കാറ്റിന്റെ ദിശയെ സൂചിപ്പിക്കുന്നു. വിവിധ ഉയരങ്ങളില്‍ രൂപപ്പെടുന്ന മേഘങ്ങളുടെ സൂക്ഷ്മ നിരീക്ഷണത്തെ അടിസ്ഥാനമാക്കി അദ്ദേഹം ചുഴലിക്കാറ്റ് ചംക്രമണത്തിന്റെ ഒരു നാഴികക്കല്ലായ, ത്രിമാന മാതൃക വികസിപ്പിച്ചെടുത്തു. ചുഴലിക്കാറ്റ് സീസണിന്റെ വിവിധ ഘട്ടങ്ങളില്‍ ചുഴലിക്കാറ്റുകള്‍ക്ക് ഏറ്റവും സാധ്യതയുള്ള ഭൂമിശാസ്ത്രപരമായ റൂട്ടുകളെ സൂചിപ്പിക്കുന്ന ഒരു കൂട്ടം നിയമങ്ങളും വീനയസച്ചന്‍ നിര്‍ദ്ദേശിച്ചു. പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി അദ്ദേഹം തന്റെ നിരീക്ഷണങ്ങള്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ ആരംഭിച്ചു.

ഒരു ചുഴലിക്കാറ്റിനെ കൃത്യമായി രേഖപ്പെടുത്തുന്നതിന് മുമ്പുള്ള മേഘ മാതൃകയും കാറ്റിന്റെ സ്വഭാവവും ആദ്യമായി കണ്ടെത്തിയത് അദ്ദേഹമാണ്. ഈ വിവരങ്ങള്‍ ഉപയോഗിച്ച്, ഒരു ചുഴലിക്കാറ്റിന്റെ നിലവിലെ സ്ഥാനം ഗണ്യമായ ദൂരത്തില്‍ നിന്ന് കണക്കാക്കാനും അതിന്റെ സാധ്യതയുള്ള പാത കണക്കാക്കാനും മേഘ, കാറ്റ് നിരീക്ഷണങ്ങള്‍ ഉപയോഗിക്കുന്ന ഒരു തരം സ്ലൈഡ്‌റൂള്‍ ‘ആന്റില്ലെസ് സൈക്ലോനോസ്‌കോപ്പ്’ എന്ന ഉപകരണം അദ്ദേഹം രൂപകല്‍പ്പന ചെയ്തു. കൂടാതെ കരീബിയന്‍ പ്രദേശങ്ങളിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ ആദ്യ ശൃംഖലയും അദ്ദേഹം വികസിപ്പിച്ചെടുത്തു.

പറന്നെത്തിയ അവസരം
നാളുകള്‍ നീണ്ട നിരീക്ഷണങ്ങള്‍ക്ക് ശേഷം 1875 സെപ്റ്റംബറില്‍, ചുഴലിക്കാറ്റുകള്‍ മനസിലാക്കുന്നതിനുള്ള തന്റെ രീതി പരീക്ഷിക്കാന്‍ വീനിയസച്ചന് ഒടുവില്‍ അവസരം ലഭിച്ചു. സ്പാനിഷ് നാവികസേന കൈമാറിയ ടെലിഗ്രാഫ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍, പതിനൊന്നാം തീയതി അദ്ദേഹം പൊതുജനത്തിന് ഒരു ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കി. ഹവാനയില്‍ നിന്ന് കിഴക്കോട്ടോ വടക്കോട്ടോ യാത്ര ചെയ്യുന്നത് ഒഴിവാക്കാന്‍ കപ്പലുകളെ നിര്‍ദ്ദേശിച്ചു. രണ്ട് ദിവസത്തിന് ശേഷം ആ ചുഴലിക്കാറ്റ് അമേരിക്കയിലെ ടെക്‌സസിലേക്ക് കടന്നു പോകുന്നതിന് മുമ്പ് ഹവാനയുടെ വടക്കുകിഴക്കായി അദ്ദേഹം പ്രവചിച്ച പാതയിലൂടെ കടന്നുപോയി. ലിബര്‍ട്ടി എന്ന ഒരു യുഎസ് ആവിക്കപ്പല്‍ മാത്രമാണ് മുന്നറിയിപ്പ് അവഗണിച്ച് ഫ്‌ളോറിഡ കടലിടുക്കിലേക്ക് കടന്നതും അപകടത്തില്‍പെട്ടതും. എന്നാല്‍ ഒരു യാത്രക്കാരന്‍ പോലും ഹവാനയില്‍ നിന്ന് കപ്പലില്‍ പുറപ്പെടാന്‍ തയ്യാറാകാത്തതിലാല്‍ അവരെല്ലാവരും രക്ഷപ്പെട്ടു.

അന്ന് വീനിയസച്ചന്‍ നടത്തിയതായിരുന്നു ഒരു ചുഴലിക്കാറ്റിന്റെ വരവും ഗതിയും നിര്‍ണയിച്ചുകൊണ്ടുള്ള ചരിത്രത്തിലെ ആദ്യ പ്രവചനം. ഇതിലൂടെ നിരവധി മനുഷ്യരുടെ ജീവന്‍ രക്ഷിക്കപ്പെട്ടു. അന്നുമുതല്‍ അദ്ദേഹം “The Hurricane Priest’ എന്ന് അറിയപ്പെട്ടു തുടങ്ങി.
1876 ഒക്‌ടോബര്‍ 17ന്, തന്റെ മേഘനിരീക്ഷങ്ങളുടേയും ബാരോമെട്രിക് നിരീക്ഷണങ്ങളുടേയും അടിസ്ഥാനത്തില്‍, ഒരു വലിയ ചുഴലിക്കാറ്റ് ഹവാനയുടെ തെക്ക് കരയില്‍ പതിക്കുന്നതിന് നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ മുമ്പ് വീനിയസച്ചന്‍ ഒരു മുന്നറിയിപ്പ് നല്‍കി. ഈ വിജയം വീനിയസച്ചനെ ഒരു ശാസ്ത്ര സെലിബ്രിറ്റിയാക്കി മാറ്റി. തുടര്‍ന്ന് അനേകം തവണയാണ് അദ്ദേഹത്തിന്റെ പ്രവചനങ്ങള്‍ നിരവധിപ്പേരുടെ ജീവനും സ്വത്തും രക്ഷിച്ചത്.

ബെലെന്‍ ഒബ്‌സര്‍വേറ്ററിയുടെ ഡയറക്ടറായി ചെലവഴിച്ച ഇരുപത്തിമൂന്ന് വര്‍ഷത്തിനിടയില്‍, അദ്ദേഹം രണ്ട് പ്രധാന പുസ്തകങ്ങള്‍, പതിനാല് ശാസ്ത്ര ലേഖനങ്ങള്‍, നിരവധി നിരീക്ഷണ വാര്‍ഷിക പുസ്തകങ്ങള്‍, എണ്ണമറ്റ പത്ര ലേഖനങ്ങള്‍ എന്നിവ പ്രസിദ്ധീകരിച്ചു. 1893 ലെ കൊളംബിയന്‍ എക്‌സ്‌പോസിഷനില്‍ അവതരണത്തിനായി തന്റെ അവസാനത്തേതും ഏറ്റവും സ്വാധീനമുള്ളതുമായ കൃതി അദ്ദേഹം തയ്യാറാക്കി അവസാന കൈയെഴുത്തുപ്രതി പൂര്‍ത്തിയാക്കി രണ്ട് ദിവസത്തിന് ശേഷം സെറിബ്രല്‍ ഹെമറേജ് മൂലം മരിച്ചു. ഉഷ്ണമേഖലാ ചുഴലിക്കാറ്റ് ചംക്രമണത്തിന്റെ രണ്ട് പൊതു നിയമങ്ങളും വെസ്റ്റ് ഇന്‍ഡീസിന് ബാധകമായ ചുഴലിക്കാറ്റ് ചലനത്തിന്റെ ആറ് നിയമങ്ങളും ഈ പ്രബന്ധം അവതരിപ്പിച്ചു.

ഒന്നര നൂറ്റാണ്ടു മുമ്പ് അതായത് വിമാനങ്ങള്‍, ഉപഗ്രഹങ്ങള്‍, റഡാറുകള്‍, റേഡിയോ തുടങ്ങി ശാസ്ത്രവളര്‍ച്ചയിലെ പേരെടുത്ത കണ്ടുപിടുത്തങ്ങളൊന്നും നടക്കുന്നതിനുമുമ്പാണ് ചുഴലിക്കാറ്റുകളെയും അവയുടെ സഞ്ചാരപാതയെ കുറിച്ചും പ്രവചിക്കാന്‍ ഈ വൈദികന്‍ മാര്‍ഗം കണ്ടെത്തിയതെന്നത് ഫാ. ബെനിറ്റോ വീനിയസിനെയും അദ്ദേഹത്തിന്റെ കണ്ടുപിടുത്തത്തേയും എക്കാലവും ചരിത്ര താളുകളില്‍ തിളക്കമുള്ള അധ്യായമാക്കി മാറ്റുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?