ജോസഫ് കുമ്പുക്കന്‍
പാലാ: അജപാലന ശുശ്രൂഷയോടൊപ്പം കാര്‍ഷികരംഗത്തും മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന വൈദികനാണ് കവീക്കുന്ന് സെന്റ് എഫ്രേന്‍സ് ദൈവാലയ വികാരിയായി സേവനമനുഷ്ഠിക്കുന്ന ഫാ. ജോസഫ് വടകര. ‘കൃഷി അച്ചന്‍’ എന്നാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ മാനിച്ച് പലരും സ്‌നേഹപൂര്‍വം വിളിക്കുന്നത്. ജോസഫ് അച്ചന്റെ മാതാപിതാക്കളും അനിയന്മാരും കര്‍ഷകരായിരുന്നു. അവരില്‍നിന്നും ലഭിച്ച കൃഷിയറിവുകളാണ് കാര്‍ഷികരംഗത്തേക്ക് കടന്നുവരാന്‍ തന്നെ പ്രാപ്തനാക്കിയതെന്ന് അദ്ദേഹം പറയുന്നു.
കവീക്കുന്ന് ദൈവാലയത്തിന്റെ സ്ഥലത്ത് ആയിരത്തോളം മരച്ചീനിയാണ് അദ്ദേഹം കൃഷി ചെയ്തിരിക്കുന്നത്. ജോസഫ് അച്ചന്റെയും കൈക്കാരന്മാരുടെയും നേതൃത്വത്തില്‍ ഇപ്പോള്‍ അതിന്റെ വിളവെടുപ്പ് നടത്തുകയാണ്. അമ്പതു കിലോഗ്രാം, പത്തു കിലോഗ്രാം എന്നിങ്ങനെ മരച്ചീനികള്‍ കടകളില്‍ ഓര്‍ഡര്‍ അനുസരിച്ച് എത്തിച്ചുകൊടുക്കും. ഒന്നര ടണ്ണോളം പച്ചക്കപ്പ ഇതുവരെ വില്‍പന നടത്താനായി ജോസഫച്ചന്‍ പറയുന്നു. കഴിഞ്ഞവര്‍ഷം നല്ല വിളവും നല്ല വിലയും ലഭിച്ചതാണ് ഈ പ്രാവശ്യവും മരച്ചീനി കൃഷിയിലേക്ക് തിരിയാന്‍ കാരണം. ഒരു ചുവട്ടില്‍നിന്ന് 25 കിലോഗ്രാം തൂക്കം ലഭിക്കുന്നുണ്ട്.
ഇതുകൂടാതെ പച്ചക്കറികളും ഇവിടെ കൃഷി ചെയ്തുവരുന്നു. 250 ഗ്രോബാഗുകളിലായി വഴുതന, പയര്‍, പച്ചമുളക് എന്നിവയാണ് കൃഷി ചെയ്യുന്നത്. കൂടാതെ വാഴ – ചെങ്കദളി, റോബസ്റ്റ, നേത്രവാഴ എന്നിവയുടെ കൃഷിയുമുണ്ട്. പൊക്കം കുറഞ്ഞ ആയൂര്‍ജാക്ക് ഇനത്തില്‍പെട്ട 140 പ്ലാവുകള്‍ കൃഷി ചെയ്തിട്ടുണ്ട്. ഒന്നര വര്‍ഷം മുമ്പ് മാത്രം നട്ട ഇവയില്‍ പലതും കായ്ഫലം തന്നുതുടങ്ങി. കൈക്കാരന്മാരായ സണ്ണി ജോസഫ് വരിക്കമാക്കല്‍, സാബു എം.പി. മുക്കാല, മാനുട്ടി മുക്കാല, ദൈവാലയ ശുശ്രൂഷി അമല്‍ വട്ടമറ്റം എന്നിവര്‍ കൃഷിപ്പണികളില്‍ അച്ചനോടൊപ്പം സഹകരിക്കുന്നുണ്ട്. സാമൂഹ്യ-സാംസ്‌കാരിക-ആത്മീയ -കാര്‍ഷിക മേഖലകളിലെ സേവനത്തെമാനിച്ച് സാംസ്‌ക്കാരിക സംഘടനയായ കിഴതടിയൂര്‍ ഭാവന ഫാ. ജോസഫിനെ ആദരിച്ചിട്ടുണ്ട്.
കല്യാണ്‍ രൂപതയില്‍ സാബന്തവാടിയില്‍ എസ്റ്റേറ്റിന്റെ ചുമതലയുണ്ടായിരുന്നു ജോസഫ് അച്ചന്. അവിടെയും കൃഷിയില്‍ കര്‍മനിരതനായിരുന്നു ഇദ്ദേഹം. ഇടുക്കി രൂപതയില്‍പെട്ട ഹൈറേഞ്ച്-മുരിക്കന്‍തൊട്ടി ഇടവകയില്‍ ഏലം കൃഷിയുണ്ടായിരുന്നു. അവിടെ അഞ്ചുവര്‍ഷം സേവനം ചെയ്തു. ഇടുക്കി രൂപതയില്‍ ഇരുമ്പുപാലം ഇടവകയില്‍ മൂന്നുവര്‍ഷം സേവനമനുഷ്ഠിച്ചു. പിന്നീട് പാലാ രൂപതയിലെ ഉദയഗിരി ദൈവാലയ വികാരിയായിരുന്നു.
അച്ചന്‍ കവീക്കുന്ന് ഇടവകയില്‍ എത്തിയിട്ട് രണ്ടര വര്‍ഷത്തോളമായി. ഇവിടെ 270 ഇടവകക്കാരുണ്ട്. 1.5 കോടി രൂപതയുടെ പാരീഷ് ഹാളിന്റെ പണി അച്ചന്റെ നേതൃത്വത്തില്‍ ഇവിടെ നടത്തി. ചെറുപുഷ്പ മിഷന്‍ലീഗ്, മാതൃവേദി, വിന്‍സെന്റ് ഡി പോള്‍ എന്നീ സംഘടനകള്‍ ഇവിടെ നല്ലരീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ദൈവാലയത്തിന്റെ നേതൃത്വത്തില്‍ ഒരു യുപി സ്‌കൂളും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ പള്ളിയുടെ കുരിശുപള്ളിയാണ് തീര്‍ത്ഥാടന കേന്ദ്രമായ പാമ്പൂരംപാറയിലെ സെന്റ് ജോര്‍ജ് ചര്‍ച്ച്. പ്രസിദ്ധമായ ദുഃഖവെള്ളി ആചരണം വര്‍ഷങ്ങളായി ഇവിടെ നടന്നുവരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *