ആന്റോ ഡി. ഒല്ലൂക്കാരന്‍
തൃശൂര്‍ ദേശത്തിന് അത്താണിയും കോട്ടയ്ക്കകത്ത് പ്രഥമ ക്രൈസ്തവ ദൈവാലയവുമായ ശക്തന്‍ തമ്പുരാന്‍ പണിയിച്ച തൃശൂര്‍ മാര്‍ത്ത് മറിയം വലിയ പള്ളിക്ക് ഇത് 210-ാം വാര്‍ഷികം. ചരിത്ര പ്രസിദ്ധമായ സഭാ ശുദ്ധീകരണ പെരുന്നാള്‍ നവംബര്‍ 3 ന് ഞായറാഴ്ച ആഘോഷിച്ചു.
മാര്‍ തോമാ ശ്ലീഹാ ഇന്ത്യയില്‍ വന്ന എ.ഡി. 52 മുതല്‍ ക്രൈസ്തവ പാരമ്പര്യവും പൈതൃകവും സംസ്‌കാരവും നിലനില്‍ക്കുന്ന ഇന്ത്യയിലെ പൗരസ്ത്യ കല്‍ദായ സുറിയാനി സഭ, ബാബിലോണ്‍ സഭ, പേര്‍ഷ്യന്‍ സഭ, പൗരസത്യ സഭ, നെസ്‌തോറിയന്‍ സഭ എന്നീ വിവിധ നാമധേയത്തില്‍ ആഗോള തലത്തില്‍ സഭ അറിയപ്പെടുന്നു.
ശക്തന്‍ തമ്പുരാന്‍ രാജ്യ പുരോഗതിക്കും, വ്യാപാര സമൃദ്ധിക്കുംവേണ്ടി എടവനാട്ടുകര ദേശത്ത് പുത്തന്‍പേട്ട രൂപീകരിച്ചു. ആ ദേശത്ത് അന്ന് രണ്ട് കല്‍ദായ സുറിയാനി വിശ്വാസികള്‍ ഉണ്ടായിരുന്നു. കൂടാതെ കോട്ടയ്ക്ക് പുറത്തുനിന്ന് 52 ക്രൈസ്തവ കുടുംബങ്ങളെക്കൂടി (കല്‍ദായക്കാര്‍) ക്ഷണിച്ചു വരുത്തി താമസിപ്പിച്ചു. കല്‍ദായ സുറിയാനി സഭാ വിശ്വാസികളോട് രാജ്യ ഭരണാധികാരികള്‍ക്ക് വിശ്വാസവും സ്‌നേഹവുമുണ്ടായിരുന്നു. അതിനാല്‍ അവര്‍ക്ക് കൂടുതല്‍ ഇളവുകളും സ്വാതന്ത്ര്യവും രാജ്യ ഭരണം നല്‍കിയിരുന്നു.
1981 ഒക്ടോബര്‍ 14ന് തൃശൂരിലെ വ്യാപാരി വ്യവസായി തൊഴിലാളി സമരം 51 ദിവസങ്ങള്‍ക്കുശേഷം സമാധാനത്തോടെ ഒത്തുതീര്‍പ്പില്‍ അവസാനിച്ചത് അന്നത്തെ കല്‍ദായ സുറിയാനി ബിഷപ് പൗലോസ് മാര്‍ പൗലോസിന്റെ മധ്യസ്ഥതയിലിലായിരുന്നു. ഇത് ഒരു ഉദാഹരണം മാത്രമാണ്. സമീപകാലത്തും സഭക്ക് വ്യാപാര സമൂഹത്തിലുള്ള സ്വാധീനമാണ് ഇത് സൂചിപ്പിക്കുന്നത്.
മലയാള വര്‍ഷം 988-ല്‍ തീറ് വാങ്ങിയതും, 990 ല്‍ പള്ളി വയ്ക്കുന്നതിന് രാജാവ് കല്‍പ്പിക്കുകയും, അടുത്ത മാസം മീനം ഒന്നു മുതല്‍ കരം ഒഴിവാക്കി തീട്ടൂരം നല്‍കുകയും ചെയ്തു. തൃശൂര്‍ തേക്കിന്‍ കാട്ടിലെ തേക്ക് മരവും, പള്ളിയുടെ നിര്‍മാണ ചിലവും രാജ്യ ഭരണം വഹിച്ചു.
ശക്തന്‍ തമ്പുരാന്റെ പിന്‍ഗാമി രാമവര്‍മ്മ മൂന്നാമന്‍ മഹാരാജാവിന്റെ ഭരണ കാലത്താണ് പള്ളിയുടെ വെഞ്ചിരിപ്പും ആദ്യ ദിവ്യബലിയര്‍പ്പണവും നടന്നത്. പാലക്കാരനായ അര്‍ക്കിദ് യാക്കോന്‍ അബ്രാഹം കത്തനാരെ മാര്‍ത്ത് മറിയം വലിയ പള്ളി ഏല്‍പ്പിക്കുകയും കല്‍ദായ സുറിയാനി സഭാ വിശ്വാസമനുസരിച്ച് ആരാധന നടത്തുവാനും പള്ളി കാര്യങ്ങള്‍ ഭരിക്കുവാനും അധികാരം നല്‍കി രാജാവ് കല്‍പ്പിച്ചു. ഇങ്ങനെ മൂന്ന് രാജകല്‍പ്പനകളാണ് തൃശൂര്‍ വലിയ പള്ളിക്ക് രാജ്യ ഭരണകാലത്ത് ലഭിച്ച അധികാരങ്ങള്‍. രാജാവിന്റെ മൂന്നാം തീട്ടൂര പ്രകാരം 1815 മാര്‍ച്ച് 15 ന് അബ്രഹാം അര്‍ക്കിദ് യാക്കോന്‍ മാര്‍ത്ത് മറിയം വലിയ പള്ളിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. 1830 വരെ ഇദ്ദേഹം വലിയ പള്ളിയുടെ വികാരിയായിരുന്നു. 1864 മുതല്‍ 1900 വരെ മാര്‍ ഔദിശോ മെത്രാപ്പോലീത്ത സഭയുടെ ഭരണം നടത്തി.
തൃശൂര്‍ കോട്ടയ്ക്കകത്ത് സെമിത്തേരി ശുഭമല്ലെന്ന് പറഞ്ഞ് 1888 ആഗസ്റ്റ് 11 ന് കോടതി ഉത്തരവ് പ്രകാരം വലിയ പള്ളി അങ്കണത്തിലെ സെമിത്തേരി മാറ്റി. 1888 ഒക്‌ടോബര്‍ 30 ന് കോടതി, ദിവാന്‍ജി ഗോവിന്ദ മേനോന്‍ കിഴക്കേ കോട്ടയ്ക്ക് പുറത്ത് അതിര്‍ത്തിയില്‍ തന്നെ പുതിയ സെമിത്തേരിക്ക് ഉത്തരവ് നല്‍കി. ആ കല്‍പ്പന പ്രകാരം കല്‍ദായ സുറിയാനി സഭയ്ക്ക് ലഭിച്ചതാണ് മാര്‍ യോഹന്നാന്‍ മാംദ്ദാന പളളിയോട് ചേര്‍ന്നുള്ള സെമിത്തേരി.
1908 ഫെബ്രുവരി 27 ന് സ്ഥാനമേറ്റ മാര്‍ അബിമലേക്ക് തിമോഥിയോസ് മെത്രാപ്പോലീത്ത ഇന്ത്യന്‍ സഭയെ 37 വര്‍ഷം ആത്മീയ നിറവില്‍ ഭരിച്ചു. 1945 ഏപ്രില്‍ 30ന് അദ്ദേഹം കാലം ചെയ്തു. വലിയ പള്ളിക്ക് സമീപമുള്ള കുരുവിളച്ചന്‍ പള്ളിയില്‍ കബറടങ്ങി. 1952 ജൂണ്‍ 17ന് വിമാന മാര്‍ഗം മുംബൈയിലും 22ന് തൃശൂരിലും എത്തിച്ചേര്‍ന്ന മാര്‍ തോമാ ധര്‍മ്മോ മെത്രാപ്പോലീത്ത ഇന്ത്യന്‍ സഭയുടെ ഭരണാധികാരിയായി. അദ്ദേഹത്തിന്റെ സേവന കാലം ഇന്ത്യന്‍ സഭയുടെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു.
1968 സെപ്റ്റംബര്‍ 13 ന് ബിഷപ് പൗലോസ് മാര്‍ പൗലോസിനെ ഇന്ത്യന്‍ സഭയുടെ എപ്പിസ്‌കോപ്പയായും 1968 സെപ്റ്റംബര്‍ 29 ന് ഇന്ത്യന്‍ സഭയുടെ മെത്രാപ്പോലീത്തയായും മാര്‍ തോമാ ധര്‍മോ തിരുമേനി ഇറാക്കില്‍വച്ച് അഭിഷേകം ചെയ്തു. 1969 സെപ്റ്റംബര്‍ ഏഴിന് മാര്‍ തോമാ ധര്‍മോ തിരുമേനി ഇറാക്കില്‍ ദിവംഗതനായി.
1971 ഒക്‌ബോര്‍ 10ന് മാര്‍ തിമോഥിയോസ് മെത്രാപ്പോലീത്തയെ മാര്‍ ഈശൈ ശിമോന്‍ പാത്രീയാര്‍ക്കീസ് വാഴിച്ചു. മാര്‍ തിമോത്തിയോസ് മെത്രപ്പൊലീത്ത 2001 ആഗസ്റ്റ് 6 ന് കാലം ചെയ്തു. ബിഷപ് ഡോ. പൗലോസ് മാര്‍ പൗലോസ് എപ്പിസ്‌കോപ്പ 1998 മാര്‍ച്ച് 24 ന് ദിവംഗതനായി.
മാര്‍ത്ത് മറിയം വലിയ പള്ളിയുടെ പെരുന്നാളിന്റെ മുന്നോടിയായി ത്രിദിന ദൈവ വചന പ്രഘോഷണത്തിന് റവ. വി.വി ജോസഫ് കശീശ, റവ. ജോര്‍ജി കെ. സണ്ണി, റവ. ഡെന്നി തല്ലോക്കാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വെള്ളിയാഴ്ച ദീപാലാങ്കാര സ്വിച്ച് ഓണ്‍ മാര്‍ ഔഗന്‍ മെത്രാപ്പോലീത്ത നിര്‍വഹിച്ചു.
പെരുന്നാള്‍ ദിനത്തില്‍ മാര്‍ ഔഗിന്‍ മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും പട്ടം കൊടയും നടത്തി. പൊതുസമ്മേളനത്തില്‍ മാര്‍ ഒൗഗിന്‍ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ബെച്ചു കുരിയന്‍ തോമസ് ഉദ്ഘാടനം ചെയ്തു. പെരുന്നാളിനോടനുബന്ധിച്ചു 210 ഡയാലിസിസ് രോഗികള്‍ക്കുളള സഹായ ധനം തൃശൂര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. താജ് പോള്‍ പനയ്ക്കലിന് കൈമാറി. 56 വര്‍ഷം സഭാ സേവനമനുഷ്ഠിച്ച മാര്‍ അപ്രേം മെത്രാപ്പോലീത്തക്ക് ‘മാര്‍ത്ത് മറിയം’ പുരസ്‌കാരം നല്‍കി ആദരിച്ചു. നവ വൈദികരായ റവ. ഫ്രഡി ഡോണ്‍ ഡേവിസ്, റവ. അബി ആന്റണി, ഹീവ്പദ്യാക്ക്‌ന പദവി ലഭിച്ച ജെയിന്‍ ജെയിംസ്, അബിന്‍ ഫ്രാന്‍സിസ് എന്നിവര്‍ക്ക് സ്വീകരണം നല്‍കി. സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്ക് സമ്മാന ദാനവും തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറി.
Leave a Comment
Your email address will not be published. Required fields are marked with *