മനാഗ്വ: നിക്കരാഗ്വയിലെ ഏകാധിപത്യ ഭരണകൂടം രാജ്യത്തെ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് ബിഷപ് കാര്‍ലോസ് എന്റിക്ക് ഹെരേര ഗുട്ടറസിനെ രാജ്യത്തു നിന്ന് പുറത്താക്കി. അടുത്തിടെ പ്രസിഡന്റ് ഡാനിയേല്‍ ഒര്‍ട്ടേഗയുടെ അനുഭാവിയായ മേയറിനെ ബിഷപ് കാര്‍ലോസ് വിമര്‍ശിച്ചതാണ് അദ്ദേഹത്തെ രാജ്യത്ത് നിന്ന് പുറത്താക്കിയതിനെ പിന്നിലെ കാരണമെന്ന് കരുതപ്പെടുന്നു. ദിവ്യബലിക്കിടെ കത്തീഡ്രലിന് മുന്നില്‍ വലിയ ശബ്ദത്തില്‍ സംഗീതപരിപാടി നടത്തിയതിനാണ് ബിഷപ് കാര്‍ലോസ് മേയറെ വിമര്‍ശിച്ചത്.
ഗ്വാട്ടമാലയിലേക്ക് നാടുകടത്തപ്പെട്ട ബിഷപ് കാര്‍ലോസ് അദ്ദേഹം അംഗമായ ഓര്‍ഡര്‍ ഓഫ് ഫ്രയേഴ്‌സ് മൈനറിന്റെ കീഴിലുള്ള സന്യാസ ആശ്രമത്തിലാണുള്ളതെന്ന് നിക്കരാഗ്വന്‍ ദിനപത്രമായ മൊസൈക്കോ സിഎസ്‌ഐ റിപ്പോര്‍ട്ട് ചെയ്തു. നിക്കരാഗ്വന്‍ ബിഷപ്പുമാരുടെ മീറ്റിംഗില്‍ പങ്കെടുത്ത് പുറത്തിറങ്ങിയ ബിഷപ് കാര്‍ലോസിനെ പോലീസ് കസ്റ്റഡിയിലെടുത്ത് നാടു കടത്തുകയായിരുന്നു. ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റിനെ നാടു കടത്തിയ നടപടിയും അടിച്ചമര്‍ത്തലിന്റെ ഭാഗമായി അദ്ദേഹത്തിന്റെ രൂപതയായ ജിനോറ്റേഗയുടെ സോഷ്യല്‍ മീഡിയ പേജുകള്‍ നീക്കം ചെയ്ത നടപടിയും മതസ്വാതന്ത്ര്യത്തിനും മനുഷ്യാന്തസിനും എതിരായ നടപടിയാണെന്നും അന്താരാഷ്ട്ര തലത്തില്‍ അപലപിക്കപ്പെടണമെന്നും നിക്കരാഗ്വയിലെ മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും രാഷ്ട്രീയ തടവുകാരനുമായിരുന്ന ഫെലിക്‌സ് മാറാഡിയാഗ എക്‌സില്‍ പ്രതികരിച്ചു.
ഈ വര്‍ഷം നിക്കരാഗ്വന്‍ ഭരണകൂടം പുറത്താക്കുന്ന മൂന്നാമത്തെ ബിഷപ്പാണ് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് കൂടെയായ കാര്‍ലോസ് എന്റിക്ക് ഹെരേര ഗുട്ടറസ്. നേരത്തെ മാറ്റഗല്‍പ്പ ബിഷപ് റോളണ്ടോ അല്‍വാരസ് ലാഗോസിനെയും സിയുന ബിഷപ് ഇസിദോരോ മോറായെയും ഭരണകൂടം നാടുകടത്തിയിരുന്നു. മൊസൈക്കോ സിഎസ്‌ഐ ദിനപത്രത്തിന്റെ കണക്കുപ്രകാരം മൊത്തം 44 വൈദികരെ രാജ്യത്ത് നിന്ന് പുറത്താക്കിയിട്ടുണ്ട്. അടുത്തിടെ ആശുപത്രികളില്‍ വൈദികര്‍ അന്ത്യകൂദാശ നല്‍കുന്ന വിലക്കിക്കൊണ്ട് കത്തോലിക്ക സഭയ്‌ക്കെതിരെ ഒര്‍ട്ടേഗ ഭരണകൂടം നടത്തുന്ന അടിച്ചമര്‍ത്തല്‍ കടുപ്പിച്ചിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *