കൊച്ചി: 24-ാമത് അഖിലേന്ത്യ ലോഗോസ് ക്വിസ് ഗ്രാന്‍ഡ് ഫിനാലെയില്‍ കോതമംഗലം രൂപതയില്‍നിന്നുള്ള ജിസ്മോന് സണ്ണി ലോഗോസ് പ്രതിഭയായി. ലോകത്തിലെ ഏറ്റവും വലിയ ക്വിസ് പ്രോഗ്രാമെന്നറിയപ്പെടുന്ന കെസിബിസി ബൈബിള്‍ സൊസൈറ്റി നടത്തുന്ന ലോഗോസില്‍ നാലര ലക്ഷത്തോളം പേരാണ് ഈ വര്‍ഷം പങ്കെടുത്തത്.
പതിനൊന്നുകാരനായ ജിസ്മോന്, കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്ററി സ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിയാണ്.
അതിരൂപതാതല മത്സരങ്ങള്‍ക്കുശേഷം 600 പേരെയാണ് രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്. ഇതില്‍നിന്ന് ആറു പ്രായവിഭാഗങ്ങളിലെ ജേതാക്കള്‍ മാറ്റുരച്ച ഗ്രാന്‍ഡ് ഫിനാലെ റൗണ്ടില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയാണ് ജിസ്മോന് ലോഗോസ് പ്രതിഭയായത്. സ്വര്‍ണമെഡലും 65,0000 രൂപ കാഷ് അവാര്‍ഡും ട്രോഫിയുമാണ് ലോഗോസ് പ്രതിഭയ്ക്ക് ലഭിച്ചത്. ലോഗോസില്‍ എ വിഭാഗത്തിലെ ജേതാവായാണ് ജിസ്മോന് ഗ്രാന്‍സ് ഫിനാലെയിലെത്തിയത്.
മറ്റു പ്രായവിഭാഗങ്ങളിലെ സംസ്ഥാനതല വിജയികളും രൂപതയും: ബി – ലിയ ട്രീസാ സുനില്‍ (താമരശേരി), സി – ലിസ് മരിയ തോമസ് (പാലാ), ഡി – ഷിബു തോമസ് (മൂവാറ്റുപുഴ), ഇ- ബീന ഡേവിസ് (ഇരിങ്ങാലക്കുട), എഫ് – ആനി ജോര്‍ജ് (തൃശൂര്‍). വിവിധ പ്രായവിഭാഗങ്ങളിലെ വിജയികള്‍ക്ക് സ്വര്‍ണമെഡലും കാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും ലഭിച്ചു.
ലോഗോസ് ബൈബിള്‍ ക്വിസില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളെ പങ്കെടുപ്പിച്ച ആദ്യ മൂന്നു സ്ഥാനക്കാര്‍ക്കുള്ള അവാര്‍ഡുകള്‍ എറണാകുളം-അങ്കമാലി, തൃശൂര്‍, പാലാ രൂപതകള്‍ നേടി. ഏറ്റവും കൂടുതല്‍ മത്സരാര്‍ത്ഥികളെ പങ്കെടുപ്പിച്ച ഇടവകകള്‍ക്കുള്ള പുരസ്കാരം ഓച്ചന്തുരുത്ത്, കുറവിലങ്ങാട്, അങ്കമാലി എന്നിവയ്ക്കാണ്.
മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ ഭാഷകളില്‍ നടന്ന ലോഗോസ് ബൈബിള്‍ ക്വിസില്‍ കേരളത്തിനകത്തുനിന്നും പുറത്തുനിന്നും മത്സരാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. സമാപന സമ്മേളനത്തില്‍ കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി ചെയര്മാന് ബിഷപ് ഡോ. ജെയിംസ് ആനാപറമ്പില്‍ വിജയികള്‍ക്ക് പുരസ്കാരങ്ങള്‍ നല്കി. ബൈബിള്‍ സൊസൈറ്റി സെക്രട്ടറി റവ. ഡോ. ജോജു കോക്കാട്ട്, ജോയ് പാലയ്ക്കല്‍, വൈസ് ചെയര്മാന് ആന്റണി പാലിമറ്റം, ജോയിന്റ് സെക്രട്ടറി ജോസഫ് പന്തപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *