പനാജി: ഭാരതത്തിന്റെ രണ്ടാം അപ്പസ്‌തോലന്‍ എന്നു വിളിക്കപ്പെടുന്ന വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുശേഷിപ്പ് പരസ്യവണക്കം ഓള്‍ഡ് ഗോവയിലെ സേ കത്തീഡ്രലില്‍ ആരംഭിച്ചു. പത്തുവര്‍ഷത്തില്‍ ഒരിക്കലാണ് വിശുദ്ധന്റെ തിരുശേഷിപ്പ് പരസ്യവണക്കത്തിനായി വയ്ക്കുന്നത്. 2025 ജനുവരി അഞ്ചിന് പരസ്യവണക്കം സമാപിക്കും. രണ്ടുവര്‍ഷത്തെ ആത്മീയ ഒരുക്കങ്ങള്‍ക്കുശേഷമാണ് പരസ്യവണക്കം ആരംഭിച്ചത്.
പതിനാറാം നൂറ്റാണ്ടില്‍ ഭാരതത്തില്‍ സുവിശേഷം പ്രഘോഷിക്കാനെത്തിയ ഈശോസഭാംഗവും സ്‌പെയിന്‍കാരനുമായ പ്രേഷിതനാണ് വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍. പോര്‍ച്ചുഗീസ് രാജാവ് ഗോവയിലെ മിഷനറി പ്രവര്‍ത്തനത്തിനായി ഈശോസഭയുടെ സഹായം തേടിയപ്പോള്‍ ഫ്രാന്‍സിസ് സേവ്യര്‍ സന്തോഷപൂര്‍വം അത് സ്വീകരിച്ച് ഗോവയിലെത്തുകയായിരുന്നു. ഇന്ത്യക്കു പുറമേ തായ്‌വാന്‍, ഫിലിപ്പീന്‍സ്, മലേഷ്യ, ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങളിലും വിശുദ്ധന്‍ സുവിശേഷപ്രഘോഷണം നടത്തി പതിനായിരങ്ങളെ യേശുവിലേക്ക് അടുപ്പിച്ചു.
ചൈനയിലേക്കുള്ള യാത്രാമധ്യേ സാന്‍സിയാന്‍ ദ്വീപില്‍വച്ച് മാരകമായ പനി പിടിപെട്ട് 1552 ഡിസംബര്‍ മൂന്നിനാണ് നിത്യസമ്മാനത്തിന് യാത്രയായത്. മൃതശരീരം അവിടെത്തന്നെ സംസ്‌കരിച്ചെങ്കിലും ഒരു വര്‍ഷത്തിനുശേഷം ഭൗതികാവശിഷ്ടം ഗോവയില്‍ എത്തിക്കാനായി പോര്‍ച്ചുഗീസുകാര്‍ ശവകുടീരം തുറന്നപ്പോള്‍ മൃതശരീരത്തിന് യാതൊരു കേടുപാടും സംഭവിച്ചിരുന്നില്ല. 1622 മാര്‍ച്ച് 12 ന് പോപ്പ് ഗ്രിഗറി പതിനഞ്ചാമന്‍ ഫ്രാന്‍സിസ് സേവ്യറിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. ഡിസംബര്‍ മൂന്നിനാണ് വിശുദ്ധന്റെ തിരുനാള്‍.
1637 ലാണ് വിശുദ്ധന്റെ ഭൗതികശരീരം സില്‍വര്‍ കാസ്‌കറ്റിലാക്കി ഓള്‍ഡ് ഗോവയിലെ ബോംജീസസ് ദൈവാലയത്തില്‍ പ്രതിഷ്ഠിച്ചത്. യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയിലുള്ളതാണ് ചരിത്രപ്രസിദ്ധമായ ഈ പള്ളി. ഈ വര്‍ഷം 80 ലക്ഷം തീര്‍ത്ഥാടകര്‍ അദ്ദേഹത്തിന്റെ ഭൗതികശരീരം കാണുവാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ പ്രാവശ്യം ഇത് 55 ലക്ഷമായിരുന്നു. 45 ദിവസത്തേക്കായിരിക്കും പൊതുദര്‍ശനം.
ലോകമെങ്ങുംനിന്നുള്ള തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് ഗോവ സര്‍ക്കാര്‍ സജ്ജമാക്കിയിട്ടുള്ളത്.
സന്ദര്‍ശക പ്രവാഹം കണക്കിലെടുത്ത് ഗോവ ഗവണ്‍മെന്റ് ഇത്തവണ ഓള്‍ഡ് ഗോവയിലെ പില്‍ഗ്രീം വില്ലേജിനു സമീപം 33 കോട്ടേജുകള്‍ പണിതിട്ടുണ്ട്. ഒരു കോട്ടേജില്‍ 12 പേര്‍ വീതം 400 പേര്‍ക്ക് താമസിക്കാന്‍ കഴിയും. ചിലവ്, ഭക്ഷണമടക്കം 350 രൂപ മാത്രമാണെന്നും ഔവര്‍ ലേഡി ഓഫ് റെമിഡിയോസ് ദൈവാലയ വികാരി ഫാ. അഡ്രിയാന്‍ ഫുര്‍റ്റാഡോ പറഞ്ഞു. തീര്‍ത്ഥാടകരെ പനാജിയില്‍നിന്ന് റിബാന്‍ഡര്‍ വഴി ഓള്‍ഡ് ഗോവയിലേക്ക് എത്തിക്കാന്‍ പ്രത്യേക ബസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *