മാത്യു സൈമണ്‍
പഠിക്കണം, ജോലി സമ്പാദിക്കണം, വീട് നോക്കണം എന്നതായിരുന്നു ആ പത്താം ക്ലാസുകാരിയുടെ ഏക ലക്ഷ്യം. സെലിന്‍ പഠനത്തില്‍ മിടുക്കി, നല്ല ഫാഷന്‍ ഭ്രമവും. എസ്എസ്എല്‍സി പരീക്ഷ അടുത്ത സമയം. മാരകമായ രോഗം അവളെ പിടികൂടി. തങ്ങളുടെ പൊന്നുമോള്‍ മരിച്ചുപോകുമെന്നുവരെ വീട്ടുകാര്‍ ഭയന്നു. അനേകരുടെ പ്രാര്‍ത്ഥനാഫലമായി സെലിന്‍ ഹോസ്പിറ്റല്‍ വിട്ടെങ്കിലും ക്ലേശസങ്കീര്‍ണതയുടെ ഒരു വര്‍ഷമെടുത്തു രോഗം പൂര്‍ണ്ണമായി മാറാന്‍. പഠനത്തില്‍ തീര്‍ത്തും പിന്നോട്ടായി. പത്താംക്ലാസില്‍ മാര്‍ക്ക് കുറഞ്ഞു. പക്ഷേ, അതവളെ തളര്‍ത്തിയില്ല. കാരണം, വിശ്രമത്തിന്റെ ഒരു വര്‍ഷം വിശുദ്ധ ബൈബിളും വിശുദ്ധരുടെ ജീവചരിത്രങ്ങളും സെലിന്റെ ചങ്ങാതിമാരായിരുന്നു. മാത്രമല്ല, ഇടവകയിലെ പ്രാര്‍ത്ഥനാകൂട്ടായ്മയുടെ മധ്യസ്ഥതയില്‍ പൂര്‍ണസൗഖ്യം നേടുകയും ചെയ്തതോടെ അവള്‍ക്ക് ആത്മീയകാര്യങ്ങളില്‍ മുമ്പില്ലാത്ത താല്പര്യമുണര്‍ന്നു. അതായത്, ഒരുവര്‍ഷംകൊണ്ട് സെലിന്‍ തന്റെ അനാരോഗ്യത്തില്‍ ഈശോയെ വ്യക്തിപരമായി കണ്ടെത്തിയപ്പോള്‍ ഈശോ സൗഖ്യസ്പര്‍ശനമേകി അവളെ സ്വന്തമാക്കുകയായിരുന്നു.
കൊച്ചുത്രേസ്യാ വിപ്ലവം
വീട്ടുകാര്‍ എപ്പോഴും തമാശയ്ക്ക് പറയും ‘നമുക്ക് സെലിനെ മഠത്തില്‍ വിടണം.’ പറഞ്ഞുതീരുംമുമ്പേ സെലിന്‍ കരച്ചിലും ബഹളവും തുടങ്ങിയ സമ്മിശ്രവികാരപ്രകടനങ്ങള്‍ ആരംഭിക്കും. ഒരു ദിവസം, വിശുദ്ധ കൊച്ചുത്രേസ്യയുടെ ആത്മചരിതമായ നവമാലിക വായിച്ചയുടന്‍ അവള്‍ അമ്മയുടെ അടുക്കലേക്ക് ഓടി. മകെളക്കണ്ട് അമ്പരന്നുപോയി അമ്മ. കാരണം, ആഭരണമെല്ലാം ഊരി കൈക്കുമ്പിളില്‍ പിടിച്ചുകൊണ്ടാണ് മോളുടെ നില്പ്. ‘ഇതെന്താ?’ ‘എനിക്കിതൊന്നും ഇനി വേണ്ടമ്മേ, എനിക്കെന്റെ ഈശോ മതി, ഞാന്‍ അവന്റെ കൂടെപ്പോകുവാ… ‘ മകളുടെ മാറ്റംകണ്ട് അമ്മ ശരിക്കും ഞെട്ടി. യഥാര്‍ത്ഥത്തില്‍ സെലിനെ വിപ്ലവാത്മകമായി മാറ്റിമറിച്ചത് വിശുദ്ധ ചെറുപുഷ്പമാണ്. ആഗോള മിഷന്‍ മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യ സെലിനെ തന്റെ മിഷനറിയായി ഒരുക്കുകയായിരുന്നു. ക്രിസ്തുവിന് വേണ്ടി… ക്രിസ്തുവിനെ അനുകരിക്കാന്‍ ക്രിസ്തുവിനെ പകരാന്‍ അവള്‍ തീരുമാനിച്ചുകഴിഞ്ഞു. ആ തീരുമാനമാണ് ഇന്ന് സെലിനെ ജാതിമതഭാഷാദേശ ഭേദമെന്യേ ഇന്ത്യയിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗത്തിന് ക്രിസ്തുവിനെ പകരുന്ന അഡ്വ. സിസ്റ്റര്‍ സെലിന്‍ ആക്കിമാറ്റിയത്. യേശുവിന് ഒരാളെ വേണമെങ്കില്‍ അവിടുന്ന് അവരെ ഏതു വഴിയിലൂടെയും സ്വന്തമാക്കുമെന്ന് സിസ്റ്റര്‍ തന്റെ ദൈവവിളിയെക്കുറിച്ച് പുതുതലമുറയോട് പറയാറുണ്ട്.
നഴ്‌സിങ് വേണ്ടാ ചേരികള്‍ മതി
കാഞ്ഞിരപ്പള്ളി രൂപതയിലെ മുണ്ടിയെരുമ അസംപ്ഷന്‍ ഇടവകയിലെ കാനാട്ട് വര്‍ഗീസ്- മറിയക്കുട്ടി ദമ്പതികളുടെ ഒമ്പത് മക്കളില്‍ ഏറ്റവും ഇളയ ആളായി 1970 മെയ് 25 നാണ് സെലിന്‍ ജനിക്കുന്നത്. 1988-ല്‍ സെലിന്‍ തിരുഹൃദയ സന്യാസിനി സമൂഹത്തില്‍ അംഗമായി. 1991-ല്‍ കോതമംഗലം, എസ്എച്ച് പ്രൊവിന്‍ഷ്യല്‍ ഹൗസില്‍വച്ച് പ്രഥമവ്രത വാഗ്ദാനം നടത്തി. പ്ലസ്ടു നല്ല മാര്‍ക്കോടെ പാസായതോടെ നഴ്‌സിങ്ങ് പഠിക്കാന്‍ നിര്‍ദ്ദേശം ലഭിച്ചു. എന്നാല്‍ പാവങ്ങള്‍ക്കുവേണ്ടി ശുശ്രൂഷ ചെയ്യണമെന്ന തീ ഉള്ളില്‍ എരിയുകയായിരുന്നു. അധികാരികളുടെ അനുമതിയോടെ അന്ന് ആരംഭിച്ച ആ യാത്രയാണ് മധ്യപ്രദേശിലെ സത്‌നാ, ഉത്തര്‍പ്രദേശിലെ മീററ്റ്, ഡല്‍ഹി ഫരീദാബാദ് രൂപതകളിലേക്കും ഇപ്പോഴുള്ള ജാര്‍ഖണ്ഡിലെ പത്ര മിഷനിലേക്കും സിസ്റ്ററിനെ എത്തിച്ചത്. 1997 ഏപ്രില്‍ 27 ന് ബംഗളൂരുവില്‍ വച്ചാണ് നിത്യവ്രത വാഗ്ദാനം ചെയ്തത്.
മാധ്യമശ്രദ്ധനേടിയ
റിക്ഷാവാലി സിസ്റ്റര്‍
ഡല്‍ഹി, പ്രൗഢിയും പൗരാണികതയും പേറുന്ന തലസ്ഥാന നഗരി. എന്നാല്‍ അതിനപ്പുറും ചെറിയ മാടംകെട്ടി, ദാരിദ്ര്യത്തിലും ചൂഷണത്തിലും അരക്ഷിതരായി, വയറൊട്ടിക്കഴിയുന്ന ഒട്ടനവധി പട്ടിണിപ്പാവങ്ങളുണ്ട്. സിസ്റ്റര്‍ സെലിന്‍ അന്ന് ഡല്‍ഹിയിലെ പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലറാണ്. ഒരു ദിവസം സിസ്റ്റര്‍ ആ ചേരികളിലേക്ക് നടന്നുകയറി. തലസ്ഥാനനഗരിയുടെ നേരില്‍ക്കണ്ട പിന്നാമ്പുറ ഭീകരത സിസ്റ്ററിനെ ഞെട്ടിച്ചു. തലസ്ഥാനനഗരം സമ്പന്നതയുടെ കേന്ദ്രമാണെന്നാണ് സിസ്റ്റര്‍ അന്നുവരെ കരുതിയത്. മറ്റു സംസ്ഥാനങ്ങളില്‍നിന്നും ജോലിതേടിയെത്തിയ ആ സാധുക്കളുടെ കുടിലുകളിലെ നിത്യസന്ദര്‍ശകയായി പിന്നീട് സിസ്റ്റര്‍. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. അവരിലെല്ലാം രക്ഷകനായ ഈശോയുടെ സ്‌നേഹം പകര്‍ന്നു. ഒരുമിച്ചുകൂട്ടി പ്രശ്‌നങ്ങളില്‍ ഫലപ്രദമായി ഇടപെട്ടു.
ആ കുടിലുകളിലെ പുരുഷന്മാര്‍ സൈക്കില്‍ റിക്ഷ വാടകയ്‌ക്കെടുത്ത് ചവിട്ടുന്നവരായിരുന്നു. രോഗംമൂലം റിക്ഷചവിട്ടാന്‍ പറ്റിയില്ലെങ്കിലും വാടക കൊടുക്കേണ്ടിയിരുന്നു. മാത്രമല്ല, ഒരു ദിവസം മുഴുവന്‍ റിക്ഷചട്ടിയാലും വാടക കൊടുത്തുകഴിഞ്ഞാല്‍ മിച്ചംവയ്ക്കാനൊന്നുമില്ലാത്ത അവസ്ഥ. ഈ സ്ഥിതി മാറ്റണം, പരിശുദ്ധാത്മാവ് പ്രചോദിപ്പിച്ചു. പുതിയ റിക്ഷയ്ക്കുള്ള പകുതി പണം അവരില്‍നിന്നും ശേഖരിച്ച് ബാക്കി, സിസ്റ്റര്‍ സുമനസുകളുടെ വീടുകള്‍ കയറിയിറങ്ങി സ്വരൂപിച്ചു. അങ്ങനെ ആ പാവപ്പെട്ട മനുഷ്യര്‍ക്ക് സൈക്കിള്‍ റിക്ഷകള്‍ സ്വന്തമായി വാങ്ങിച്ചു നല്‍കി. ഡല്‍ഹിയില്‍ കാണുന്ന ‘ഗോഡ് ലവ്‌സ് യു’ എന്ന് എഴുതിയിരിക്കുന്ന റിക്ഷകളെല്ലാം സിസ്റ്ററിന്റെ നേതൃത്വത്തില്‍ നല്‍കിയവയാണ്. സിസ്റ്റര്‍ സെലിന്‍ നേതൃത്വം നല്‍കിയ ഈ വേറിട്ട പ്രവര്‍ത്തനം ഏറെ മാധ്യമ ശ്രദ്ധ നേടുകയുണ്ടായി. ‘റിക്ഷാവാലി സിസ്റ്റര്‍’ എന്നാണ് സിസ്റ്റര്‍ ഡല്‍ഹിയില്‍ അറിയപ്പെടുന്നത്. ഇന്ന് 500-റോളം റിക്ഷാക്കാര്‍ ഈ ഗ്രൂപ്പിലുണ്ട്. സ്ഥിരമായി അവരുടെ കൂട്ടായ്മകളും നടത്തപ്പെടുന്നു. കൂടാതെ, സമ്പന്നരുടെ ഭവനങ്ങളില്‍ ജോലിക്ക് പോകുന്ന സ്ത്രീകളെ സംഘടിപ്പിച്ച്, തൊഴില്‍ പരിശീലനവും ബോധവല്‍ക്കരണവും നടത്തി, ജീവിതരീതി മെച്ചപ്പെടുത്തി. ഡല്‍ഹിയിലെ വിവിധ ഇടവകകളിലെ മലയാളികളെ ആത്മീയമായി വളര്‍ത്താനും സിസ്റ്ററിന് സാധിച്ചു. അപ്രകാരം, തലസ്ഥാനനഗരം കേന്ദ്രീകരിച്ച് സിസ്റ്റര്‍ ഉണ്ണീശോയ്ക്ക് പിറക്കാന്‍ ഇടമൊരുക്കുകയായിരുന്നു.
ക്ലേശകരമായ പോരാട്ടം
മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും സേവനം ചെയ്ത നാളുകള്‍. സഹമിഷനറിമാരോടൊപ്പം ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍, അവിടെ കൊടികുത്തിവാണിരുന്ന അനീതിയും ചൂഷണങ്ങളുംകണ്ട് സിസ്റ്റര്‍ പകച്ചുപോയി. ഉത്തര്‍പ്രദേശില്‍ അക്കാലത്തെ ധനികരായ ഭൂരിപക്ഷ മതവിഭാഗക്കാര്‍ക്ക് മലമൂത്രവിസര്‍ജനം നടത്തുന്നതിന് പുറത്ത് പോകാന്‍ പാടില്ലത്രേ. വീടിനുള്ളിലാകട്ടെ ശൗചാലയവും ഇല്ല. അതിനാല്‍ വീട്ടില്‍ത്തന്നെ ഒരു മുറിയില്‍ വിസര്‍ജനം നടത്തും. അത് ദിവസവും നീക്കം ചെയ്യേണ്ടത് അവിടുത്തെ കത്തോലിക്കരുടെ ജോലിയായി മാറി. നിത്യപട്ടിണി അവരെക്കൊണ്ട് അത് ചെയ്യിക്കുകയായിരുന്നു. കാരണം അത്രയ്ക്കും ദരിദ്രരായിരുന്നു അവര്‍.
എന്തുവിലകൊടുത്തും ഇത് അവസാനിപ്പിച്ചേ പറ്റൂ. സിസ്റ്റര്‍ സെലിന്‍ അരമുറുക്കിയിറങ്ങി. ഇരുകൂട്ടരെയും മാറിമാറി സന്ദര്‍ശിച്ച് ബോധവത്ക്കരണം നടത്തി. ക്ലേശകരമായിരുന്ന ഈ പരിശ്രമം വിജയംകണ്ടു. അങ്ങനെ, ഈ ജോലിക്ക് ആളില്ലാതായി, വീടുകള്‍ക്കുള്ളില്‍ ശൗചാലയം നിര്‍മ്മിക്കാന്‍ ആരംഭിക്കുകയും ചെയ്തു. മാത്രമല്ല, കത്തോലിക്കരെ തൊഴിലധിഷ്ഠിത പരിശീലനം നല്‍കി പുതിയ ജോലി സജ്ജീകൃതമാക്കി. ആടുകളെ വിതരണം ചെയ്തു, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേടാന്‍ സഹായിച്ചു, പലര്‍ക്കും സര്‍ക്കാര്‍ ജോലി ലഭ്യമാക്കുന്നതുവരെപ്പോലും സിസ്റ്ററിന്റെ സ്‌നേഹഹസ്തമെത്തി.
മീററ്റിലും സമാനമായ പ്രവര്‍ത്തന പദ്ധതികള്‍ സിസ്റ്റര്‍ നടപ്പിലാക്കി. സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കി. സമ്പാദ്യശീലവും സ്വയംതൊഴിലും പോഷിപ്പിച്ചു. എല്ലായിടത്തും ആദ്യം ഈശോയെ പകരും-അതാണ് സിസ്റ്റര്‍ സെലിന്റെ പ്രത്യേകത. ഹിന്ദിയില്‍ വിശുദ്ധ ബൈബിള്‍ വിശദീകരിക്കും. ഈശോയെക്കുറിച്ച് പറയും. ഈശോയുടെ നാമം വിളിച്ച് പ്രാര്‍ത്ഥിക്കും. അപ്പോഴെല്ലാം അവര്‍ കണ്ണുനീരോടെ കേട്ടിരിക്കുന്നത് ദൈവികാനന്ദം പകരുന്ന നിമിഷങ്ങളാണെന്ന് സിസ്റ്റര്‍ സാക്ഷ്യപ്പെടുത്തുന്നു.
ദൈവത്തിന്റെ വക്കീല്‍
പാവപ്പെട്ടവരെ സഹായിക്കാനായി എംഎസ്ഡബ്ലൂ നേടിയ സിസ്റ്റര്‍ സിബിസിഐ മൈഗ്രന്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സേവനം ചെയ്യവേയാണ് നീതി നിഷേധിക്കപ്പെടുന്ന അനേകരെ കണ്ടെത്തുന്നത്. അവരെ രക്ഷിക്കണമെങ്കില്‍ നിയമം പഠിച്ചേ തീരൂ എന്നുമനസിലാക്കിയതിലാല്‍ അധികാരികളുടെ അനുമതിതേടി. അങ്ങനെ അത്ഭുതകരമായി 49-ാം വയസില്‍ ഡല്‍ഹി മഹാഋഷി കോളജില്‍നിന്ന് സിസ്റ്റര്‍ എല്‍എല്‍ബി പഠിച്ച് ഉന്നതവിജയം കരസ്ഥമാക്കി.
അതിനുശേഷം ജാര്‍ഖണ്ഡില്‍ സഭയ്ക്കുള്ള ഒരേയൊരു മഠത്തില്‍ സുപ്പീരിയറായെത്തിയതോടെ പുതിയ സംഭവപരമ്പരകള്‍ക്ക് തുടക്കമായി. ജാര്‍ഖണ്ഡ് മിഷനിലെ സിസ്‌റ്റേഴ്‌സിന്റെ ഒരു സഹായിയെ പൊലീസ് ജയിലിലടച്ചു.
സിസ്റ്റര്‍ വിവരമറിയുമ്പോള്‍ ഒരുമാസം പിന്നിട്ടിരുന്നു. ഇദ്ദേഹത്തിനുവേണ്ടിയുള്ള നിയമപോരാട്ടമാണ് സിസ്റ്റര്‍ സെലിനെ അഭിഭാഷകയായി കോടതിയിലും ജയിലിലുമെല്ലാം ആദ്യമായി എത്തിച്ചത്. മൂന്നു ദിവസത്തെ പരിശ്രമത്തിലൂടെ ആ മനുഷ്യനെ ജയില്‍മോചിതനാക്കി സിസ്റ്റര്‍ വക്കീല്‍ തന്റെ കന്നിവിജയമണിഞ്ഞു. അവിടെ അഭിഭാഷകര്‍ നിഷ്‌കരുണം പാവപ്പെട്ടവരെ ചൂഷണം ചെയ്തിരുന്നു. വെറും 500 രൂപയുടെ കാര്യങ്ങള്‍ക്ക് പതിനായിരം രൂപവരെ അവര്‍ ഈടാക്കിയിരുന്നു. തന്മൂലം അന്യായമായും നിസാരകാര്യങ്ങള്‍ക്കും ഒട്ടേറെപ്പേരുടെ ജീവിതം ഏറെനാളുകള്‍ ജയിലുകളില്‍ കുടുക്കപ്പെട്ടു. ദൈവത്തിന്റെ വക്കീല്‍ ആ ചട്ടങ്ങളെല്ലാം മാറ്റിമറിച്ചു; സിസ്റ്ററിലൂടെ അനേകരെ ദൈവം ജയില്‍മോചിതരാക്കി, ബന്ധിതര്‍ക്ക് മോചനം നല്‍കാനെത്തിയ ദൈവപുത്രന്റെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചു.
നൂറുവര്‍ഷംമുമ്പത്തെ
കേരളത്തിലേക്ക്
തുംങ്ക രൂപതയിലുള്ള പത്ര മിഷനിലാണ് ഇപ്പോള്‍ സിസ്റ്ററിന്റെ പ്രവര്‍ത്തനം. ആദിവാസികള്‍ ഭൂരിഭാഗമുള്ള ഇവിടുത്തെ ബിഷപ്പും വൈദികരും ആദിവാസി വിഭാഗത്തില്‍നിന്നുള്ളവരാണ്. നൂറുവര്‍ഷങ്ങള്‍ക്കുമുമ്പ് കേരളം എങ്ങനെയായിരുന്നോ അതേ അവസ്ഥയാണ് ഇപ്പോള്‍ ജാര്‍ഖണ്ഡില്‍. വിശ്വാസത്തില്‍ അങ്ങേയറ്റം ദൃഢതയുള്ളവര്‍. പക്ഷേ ദാരിദ്ര്യത്തിന്റെയും അജ്ഞതയുടെയും അടിമകള്‍. കൈലി ഉടുത്ത് പള്ളിയില്‍ വരും, വര്‍ഷത്തില്‍ ഒറ്റവിള – നെല്ലുമാത്രം. മൂന്നുനേരവും ഉപ്പിട്ട കഞ്ഞി. ഇവിടെ ഗോതമ്പ് വിളയില്ല.
ഇവിടുത്തെ മഠത്തില്‍ അഞ്ച് സിസ്റ്റേഴ്‌സുണ്ട്. ഏഴുവര്‍ഷത്തോളമായി പന്ത്രണ്ടോളം വില്ലേജുകളില്‍ അഞ്ച് ആനിമേറ്റേഴ്‌സുമായി ശുശ്രൂഷ ചെയ്യുന്നു. എല്‍കെജി മുതല്‍ പത്താംക്ലാസ് വരെയുള്ള സ്‌കൂളും 285 കുട്ടികള്‍ക്കുള്ള ഹോസ്റ്റലുമുണ്ട്. വിദൂരങ്ങളിലുള്ള കത്തോലിക്കരാണ് ഹോസ്റ്റലില്‍ ഭൂരിഭാഗവും. മറ്റുള്ളവര്‍ യാതൊരു വിശ്വാസവും പിന്തുടരാത്ത ആദിവാസി വിഭാഗക്കാര്‍. ഗ്രാമങ്ങളില്‍ വിദ്യാഭ്യാസം കാണാക്കനിയായതിനാല്‍ കൊച്ചുകുട്ടികള്‍പോലും കാലികളെ മേയ്ച്ചുനടക്കുന്നത് നൊമ്പരപ്പെടുന്ന കാഴ്ചയാണ്. വിദ്യാരാഹിത്യംമൂലം ധാര്‍മികമൂല്യങ്ങള്‍ ഇവര്‍ക്കന്യമാണ്. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ ഭാര്യാ-ഭര്‍ത്താക്കന്‍മാര്‍ ഉണ്ടാകും. മറ്റൊന്ന്, മിക്ക കുട്ടികള്‍ക്കും മാതാപിതാക്കളില്ല. തന്മൂലം ചെറുപ്പത്തിലേ ദുരുപയോഗിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ പെരുകുന്നത് ഹൃദയഭേദകമാണ്. അതുകൊണ്ടുതന്നെ കുട്ടികളുടെ ശുഭഭാവിക്കുവേണ്ടി ഹോസ്റ്റലില്‍ പരമാവധി കുട്ടികള്‍ക്ക് സിസ്റ്റര്‍ താമസസൗകര്യം കൊടുക്കുന്നുണ്ട്.
കുടുംബസഹിതം നാടന്‍ മദ്യം ഉണ്ടാക്കി കുടിക്കുകയും വില്ക്കുകയും ചെയ്യുന്നത് ഇവിടുത്തെ സ്ത്രീകളുടെ ശീലമാണ്. ഇവയില്‍നിന്നെല്ലാം ഇവരെ മാറ്റിയെടുത്ത് ശക്തമായ ക്രൈസ്തവമൂല്യമുള്ള തലമുറയെ രൂപപ്പെടുത്തുന്ന തിരക്കിലാണ് ഇന്ന് സിസ്റ്റര്‍ സെലിനും കൂട്ടരും.
കാട്ടില്‍ പിറക്കുന്ന ഉണ്ണീശോ
ഇവിടുത്തെ മിക്ക കുടിലുകളും കാടുകളിലാണ്. അവിടുള്ളവരെതേടി സിസ്റ്റര്‍മാരും സംഘവും സ്ഥിരമായി വനാന്തരങ്ങളിലേക്ക് പോയി ആഴ്ചകളോളം അവരോടൊപ്പം താമസിച്ച് ഈശോയുടെ സ്‌നേഹം പങ്കുവയ്ക്കും. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കും. വിശുദ്ധ ബൈബിള്‍ വായിക്കും. ആനന്ദക്കണ്ണീരോടെയാണ് അവര്‍ തങ്ങള്‍ക്കുവേണ്ടി പിറന്ന രക്ഷകനീശോയെ സ്വീകരിക്കുന്നത് എന്നത് ഇവരുടെയും മിഴിനിറയ്ക്കും. സിസ്റ്റേഴ്‌സിനെ ആദ്യമായി കാണുന്ന ക്രൈസ്തവര്‍ പോലുമുണ്ടവിടെ. ദിവസം ഒരു ഭവനമെങ്കിലും സന്ദര്‍ശിച്ചില്ലെങ്കില്‍ ഉറങ്ങാനാകില്ലെന്ന് സിസ്റ്റര്‍ സെലിന്‍ പറയുന്നു. ഇതിനുവേണ്ടിയാണ് ഈശോയെന്നെ സ്വന്തമാക്കിയത്. ആളുകളുടെ അടുത്തെത്തി വ്യക്തിപരമായി അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിന് ഏറെ പ്രാധാന്യമുണ്ട്. ഒരോ ദിവസവും ഏത് വീട്ടില്‍പോകണമെന്ന് ഈശോയോട് ചോദിക്കും. ഈശോ ആഗ്രഹിക്കുന്ന ഭവനത്തില്‍ അവിടുന്ന് ആഗ്രഹിക്കുമ്പോഴാണ് എത്തിച്ചേരുക. ഈശോയാണ് സിസ്റ്ററിനെ ഇപ്പോള്‍ ഇവിടെ കൊണ്ടുവന്നതെന്ന് പറഞ്ഞ് കരയുന്ന ജീവിതങ്ങള്‍ സിസ്റ്ററിന്റെ കരുത്താണ്. വിവിധ നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ സഹായകമായ മൂന്നുഭാഷകളിലെഴുതിയ വചനസമാഹാര ഗ്രന്ഥവും സിസ്റ്റര്‍ രചിക്കുകയുണ്ടായി.
വൈദികരുടെയും സന്യസ്തരുടെയും ഭവനസന്ദര്‍ശനങ്ങള്‍ നന്നേ കുറയുന്ന ഇക്കാലത്ത് തന്റെ സാക്ഷ്യങ്ങള്‍ അനേകര്‍ക്ക് പ്രചോദനമാകട്ടെയെന്ന് സിസ്റ്റര്‍ സെലിന്‍ ആഗ്രഹിക്കുന്നു. അതുവഴി ക്രിസ്തുവിന് പിറക്കാന്‍ ഭവനങ്ങളുടെ വാതില്‍ തുറക്കപ്പെടുമല്ലോ… ഒന്നുറപ്പ്, ഈ ക്രിസ്മസ് രാവില്‍ ആ കാട്ടുകുടിലുകളില്‍നിന്നൊഴുകും സ്തുതിഗീതികള്‍ കാട്ടരുവികളും വനാന്തരങ്ങളും ഏറ്റുപാടും, ഗ്ലോറിയാ…
”കര്‍ത്താവിന്റെ ആത്മാവ് എന്റെ മേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും (ലൂക്കാ 4:18) എന്ന തന്റെ ആപ്തവാക്യം പ്രാവര്‍ത്തികമാക്കാന്‍ വീണ്ടും മുന്നേറുകയാണ് സിസ്റ്റര്‍. ഇതിനെല്ലാം ബലമേകുന്നത് തിരുഹൃദയനാഥനും പരിശുദ്ധ അമ്മയും, പിന്തുണച്ച് വളര്‍ത്തിയത് എസ്.എച്ച് സഭാസുപ്പീരിയര്‍ ജനറല്‍ മദര്‍ ഉഷയും ഡല്‍ഹി പ്രൊവിന്‍ഷ്യല്‍ മദര്‍ ഗ്രേസും മറ്റ് മേലധികാരികളും സഹസന്യാസിനിമാരുമാണെന്ന് സിസ്റ്റര്‍ സെലിന്‍ കൃതജ്ഞതാപൂര്‍വം സ്മരിക്കുന്നു.
Leave a Comment
Your email address will not be published. Required fields are marked with *