വാഷിംഗ്ടണ്‍ ഡിസി: യുഎസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 37 തടവുകാരുടെ ശിക്ഷ പരോളില്ലാതെ ജീവപര്യന്തമായി കുറച്ചുനല്‍കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ബൈഡന്റെ കാലാവിധി അവസാനിക്കുന്നതിന് മുമ്പായി നല്‍കിയ ശിക്ഷാ ഇളവില്‍ ഫെഡറല്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 40 തടവുകാരില്‍ 37 പേരുടെ ശിക്ഷയാണ് പരോളില്ലാത്ത ജീവപര്യന്തമായി കുറച്ചത്.
യുഎസ് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് മേധാവി ആര്‍ച്ചുബിഷപ് തിമോത്തി ബ്രോഗ്ലിയോ അടക്കമുള്ള ക്രൈസ്തവ നേതാക്കള്‍ ബൈഡന്റെ തീരുമാനത്തെ അഭിനന്ദിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും മറ്റു പലരുടെയും അഭ്യര്‍ത്ഥന അംഗീകരിച്ചുകൊണ്ട് മനുഷ്യജീവനോടുള്ള ആദരവ് പ്രകടമാക്കുന്ന ഈ നടപടി പ്രസിഡന്റ് ബൈഡന്‍ കൈക്കൊണ്ടതില്‍ വളരെ സന്തുഷ്ടനാണെന്ന് ആര്‍ച്ചുബിഷപ് ബ്രോഗ്ലിയോ പറഞ്ഞു. അമലോത്ഭവ മാതാവിന്റെ തിരുനാള്‍ദിനത്തില്‍, യുഎസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തിരുന്നു. പിന്നീട്, ജോ ബൈഡനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലും പാപ്പ അഭ്യര്‍ത്ഥന ആവര്‍ത്തിച്ചതായി കരുതപ്പെടുന്നു.
തീവ്രവാദത്തിന്റെയും വിദ്വേഷത്തിന്റെയും ഫലമായി നടത്തിയ കൂട്ട കൊലപാതകങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട മൂന്ന് തടവുകാരെ ഈ ശിക്ഷാഇളവില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കൂടാതെ പ്രസിഡന്റിന്റെ ഫെഡറല്‍ അധികാരപരിധിയുടെ പുറത്ത് വിവിധ സംസ്ഥാനങ്ങളിലായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 2,200-ലധികം തടവുകാര്‍ക്കും ശിക്ഷാ ഇളവ് ലഭിക്കില്ല. ജനുവരിയില്‍ പ്രസിഡന്റായി അധികാരമേറ്റതിന് ശേഷം ഫെഡറല്‍ തലത്തില്‍ വധശിക്ഷ പുനരാരംഭിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, വധശിക്ഷ ഇളവ് ചെയ്യാനുള്ള ബൈഡന്റെ തീരുമാനം അദ്ദേഹത്തിന് അസാധുവാക്കാന്‍ കഴിയില്ല. മുന്‍ ഭരണകാലത്ത്, ഇരുപത് വര്‍ഷത്തെ മൊററ്റോറിയത്തിന് ശേഷം ട്രംപ് ഫെഡറല്‍ വധശിക്ഷകള്‍ പുനരാരംഭിച്ചിരുന്നു.
ബൈഡന്‍ അധികാരമേറ്റപ്പോള്‍ ഫെഡറല്‍ വധശിക്ഷകള്‍ക്ക് വീണ്ടും മൊററ്റോറിയം ഏര്‍പ്പെടുത്തുകയായിരുന്നു. കാത്തലിക് മൊബിലൈസിംഗ് നെറ്റ്വര്‍ക്ക് അടക്കമുള്ള വിവിധ കത്തോലിക്കാ സംഘടനകളും യുഎസ് കാത്തലിക്ക് ബിഷപ്‌സ് കോണ്‍ഫ്രന്‍സും ഫെഡറല്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരുടെ ശിക്ഷ, ഇളവ് ചെയ്യണമെന്ന് പ്രസിഡന്റ് ബൈഡനോട് അഭ്യര്‍ത്ഥിച്ചിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *