Follow Us On

10

January

2025

Friday

ക്രിസ്മസിന് പാപ്പ തുറന്ന സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ ‘വിശുദ്ധ വാതിലി’ലൂടെ ഇതുവരെ കടന്നത് അഞ്ച് ലക്ഷത്തിലധികം ആളുകള്‍

ക്രിസ്മസിന് പാപ്പ തുറന്ന സെന്റ് പീറ്റേഴ്‌സ്  ബസിലിക്കയിലെ ‘വിശുദ്ധ വാതിലി’ലൂടെ ഇതുവരെ കടന്നത്  അഞ്ച് ലക്ഷത്തിലധികം ആളുകള്‍

വത്തിക്കാന്‍ സിറ്റി: ക്രിസ്മസ് തലേന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ തുറന്ന സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിലിലൂടെ രണ്ടാഴ്ചകൊണ്ട് കടന്നത് അഞ്ച് ലക്ഷത്തിലധികം ആളുകള്‍.  2024 ഡിസംബര്‍ 24-നാണ് ഏറ്റവും പ്രധാനപ്പെട്ട പേപ്പല്‍ ബസിലിക്കയായ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതില്‍ തുറന്നുകൊണ്ട് 2025 ജൂബിലി വര്‍ഷം പാപ്പ ഉദ്ഘാടനം ചെയ്തത്.

‘വിശുദ്ധ വാതിലിലൂടെ’ കടന്നുപോകുന്നതിലൂടെ, പാപം നിമിത്തമുള്ള താല്‍ക്കാലിക ശിക്ഷയില്‍ നിന്ന് മോചനം നേടുന്നതിന് യേശുക്രിസ്തുവിന്റെ യോഗ്യതകളെപ്രതി കത്തോലിക്കാ സഭ നല്‍കുന്ന പൂര്‍ണ ദണ്ഡവിമോചനത്തിനുള്ള അവസരം ജൂബിലിയുടെ സുപ്രധാനമായ ഭാഗമാണ്. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ വാതിലിനു പുറമേ  റോമിലെ മറ്റ് പേപ്പല്‍ ബസിലിക്കകളായ സെന്റ് ജോണ്‍ ലാറ്ററന്‍  ബസിലിക്കയിലും സെന്റ് മേരി മേജര്‍ ബസിലിക്കയിലും സെന്റ് പോള്‍ ബസിലിക്കയിലും റോമിലെ റെബിബിയ ജയിലിലും വിശുദ്ധ വാതിലുകള്‍ 2025 ജൂബിലിയോടനുബന്ധിച്ച് തുറന്നിട്ടുണ്ട്.

ഈ  വിശുദ്ധ വാതിലുകളിലൂടെ  കടന്നുപോകുന്നതിലൂടെയോ ഒരോ രൂപതകളിലും പ്രാദേശികമായി രൂപതാധ്യക്ഷന്‍മാര്‍ തിരഞ്ഞെടുത്ത തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിലൂടെയും  ജൂബിലിവര്‍ഷത്തില്‍ പൂര്‍ണദണ്ഡവിമോചനം നേടാവുന്നതാണ്.  കുമ്പസാരത്തിലൂടെ ലഘുപാപത്തില്‍ നിന്ന് പോലും വേര്‍പെട്ട അവസ്ഥ, ദിവ്യകാരുണ്യ സ്വീകരണം, മാര്‍പാപ്പയുടെ ദണ്ഡവിമോചനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന എന്നിവ എല്ലാ ദണ്ഡവിമോചനങ്ങള്‍ക്കും വേണ്ട അടിസ്ഥാന ഘടകങ്ങളാണ്.

2026 ജനുവരി 6-ന് സമാപിക്കുന്ന കത്തോലിക്കാ സഭയുടെ വിശുദ്ധ വര്‍ഷത്തിന്റെ  തുടക്കത്തില്‍ തന്നെ ധാരാളം തീര്‍ത്ഥാടകര്‍ എത്തി എന്നുള്ളത് ‘പ്രധാനപ്പെട്ട കാര്യമാണെന്ന്’ സുവിശേഷവല്‍ക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രിഫെക്റ്റ് ആര്‍ച്ചുബിഷപ് റിനോ ഫിസിചെല്ല പറഞ്ഞു. തീര്‍ഥാടകരുടെ പ്രതീക്ഷയ്ക്കൊത്ത് ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനായി ഡികാസ്റ്ററി അശ്രാന്തം പ്രവര്‍ത്തിച്ചുവരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂബിലി വര്‍ഷത്തില്‍ മൂന്ന് കോടിയോളം ജനങ്ങള്‍ റോം സന്ദര്‍ശിക്കുമെന്നാണ്  പ്രതീക്ഷിക്കുന്നത്. ജൂബിലിവര്‍ഷത്തില്‍ ആത്മീയവും കലാപരവും സാംസ്‌കാരികവുമായ നിരവധി പരിപാടികള്‍ റോമില്‍ ക്രമീകരിച്ചിട്ടുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?