Follow Us On

20

April

2025

Sunday

രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ജനറല്‍ ജോസഫ് ഔണിനെ ലെബനന്‍ പ്രസിഡന്റായി തിരഞ്ഞെടുത്തു

രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ജനറല്‍ ജോസഫ് ഔണിനെ  ലെബനന്‍ പ്രസിഡന്റായി തിരഞ്ഞെടുത്തു

ബെയ്‌റൂട്ട്, ലെബനന്‍: രണ്ട് വര്‍ഷത്തിലേറെയായി ഒഴിഞ്ഞുകിടന്ന ലബനനിലെ പ്രസിഡന്റ്  പദവിയിലേക്ക് ജനറല്‍ ജോസഫ് ഔണ്‍ തിരഞ്ഞെടുക്കപ്പെട്ടു. ക്രൈസ്തവസമൂഹത്തിനായി നീക്കിവച്ചിരിക്കുന്ന പ്രസിഡന്റ്പദവിയിലേക്ക് ഹിസ്ബുള്ളയുടെ പിന്തുണയില്ലാതെയാണ് സൈന്യത്തിന്റെ ജനറലായ ജോസഫ് ഔണ്‍ തിരഞ്ഞെടുക്കപ്പെട്ടത്.  ലബനനില്‍ പ്രസിഡന്റ് സ്ഥാനം മാറോനൈറ്റ് ക്രൈസ്തവ വിശ്വാസിക്കും പ്രധാനമന്ത്രി സ്ഥാനം സുന്നി മുസ്ലീമിനും പാര്‍ലമെന്റിലെ സ്പീക്കര്‍ സ്ഥാനം ഷിയ മുസ്ലീമിനുമായാണ് നീക്കിവച്ചിരിക്കുന്നത്.

ക്രൈസ്തവ വോട്ടുകള്‍ ഭിന്നിച്ചതിനെ തുടര്‍ന്ന് അവസാന നിമിഷം വരെ അനിശ്ചിതത്വം നിറഞ്ഞു നിന്ന പാര്‍ലമെന്റ് സമ്മേളനത്തിന്റെ രണ്ടാം റൗണ്ട് വോട്ടെടുപ്പില്‍ 128-ല്‍ 99 വോട്ടുകള്‍ നേടിയ ഔണ്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ബെയ്‌റൂട്ടിലെ നെജ്‌മെ സ്‌ക്വയറില്‍ ചേര്‍ന്ന ലെബനീസ് പാര്‍ലമെന്റിന്റെ ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഔണിന് ലഭിച്ചിരുന്നില്ല.

രാജ്യത്തെ ഭരണസ്തംഭനം അവസാനിപ്പിക്കാന്‍ അറബ്, അന്തര്‍ദേശീയ  കൂട്ടായ്മകള്‍ നടത്തിയ   പരിശ്രമമാണ് ഇപ്പോള്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് നയിച്ചത്. കാറ്റഗറി വണ്‍ സിവില്‍ സെര്‍വന്റായ ഔണിന്റെ തിരഞ്ഞെടുപ്പ് ‘ഭരണഘടനാ ലംഘനമാകും’ എന്ന് ചിലര്‍ ഉന്നയിച്ച എതിര്‍പ്പുകളോടെയാണ് പ്രക്ഷുബ്ധമായ പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചത്. പാര്‍ലമെന്റിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ കൂട്ടായ്മയായ ലെബനീസ് ഫോഴ്സ് പാര്‍ട്ടിയുടെ പിന്തുണയുള്ള ‘സ്‌ട്രോങ് റിപ്പബ്ലിക് ബ്ലോക്ക്’, കതാബ് പാര്‍ട്ടിയും സ്വതന്ത്രരും ഉള്‍പ്പെടെ പ്രതിപക്ഷത്തുള്ള ക്രിസ്ത്യന്‍ സഖ്യകക്ഷികള്‍ എന്നിവരുടെ പിന്തുണയാണ് ഔണിന് ലഭിച്ചത്. ഹിസ്ബുള്ളയുടെ സഖ്യകക്ഷിയായ ഫ്രീ പേട്രിയോട്ടിക് മൂവ്മെന്റിന്റെ പിന്തുണയുള്ള രണ്ടാമത്തെ വലിയ ക്രിസ്ത്യന്‍ കൂട്ടായ്മയായ ‘സ്‌ട്രോംഗ് ലെബനന്‍ ബ്ലോക്കിന്റെ’ വോട്ടുകള്‍ പുതിയ പ്രസിഡന്റിന് ലഭിച്ചില്ല എന്നതും ശ്രദ്ധേയമാണ്.

വിജയിച്ച് മിനിറ്റുകള്‍ക്ക് ശേഷം, പുതിയ പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്തു. ലെബനന്റെ ചരിത്രത്തില്‍ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുമെന്ന് ഉദ്ഘാടനം പ്രസംഗത്തില്‍ ഔണ്‍ പറഞ്ഞു. ഹിസ്ബുള്ള-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ നിരന്തരമായ ഭയവും പ്രയാസവും അനുഭവിച്ച തെക്കന്‍ ലെബനനിലെ ക്രിസ്ത്യാനികള്‍ക്ക് അവസാനം ലഭിച്ച സ്വഭാവിക നീതിയായാണ് ഔണിന്റെ പ്രസിഡന്‍ഷ്യല്‍ സ്ഥാനത്തേക്കുള്ള ഉയര്‍ച്ചയെ പലരും വീക്ഷിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?