കാക്കനാട്: കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന് സീറോമലബാര്‍ സഭാ സിനഡ്. സീറോമലബാര്‍ സഭയുടെ മുപ്പത്തിമൂന്നാമതു സിനഡിന്റെ ആദ്യസമ്മേളനത്തിനുശേഷം മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
കാര്‍ഷികവൃത്തിയെ ആശ്രയിച്ചു ജീവിക്കുന്നവരുടെയും വനാതിര്‍ത്തിയില്‍ ജീവിക്കുന്ന സാധാരണ മനുഷ്യരുടെയും ആശങ്കകളും വേദനകളും ശ്രദ്ധാപൂര്‍വം സിനഡ് വിലയിരുത്തി. നിയമസഭയില്‍ അവതരിപ്പിക്കാനായി പ്രസിദ്ധീകരിച്ചിരിക്കുന്ന കേരള വനം നിയമഭേദഗതി ബില്ലിനെകുറിച്ചു കര്‍ഷകര്‍ക്ക് ഗൗരവമായ ആശങ്കകള്‍ ഉണ്ട്. കേരളത്തിന്റെ വനാവൃതി വര്‍ധിച്ചുവരുമ്പോഴും വനനിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കു ന്നതു വനപാലകരുടെ അധികാരദുര്‍ വിനിയോഗത്തിനും പൊതുജനത്തിന്റെ അവകാശലം ഘനത്തിനും ഇടയാക്കുമെ ന്നതിനാല്‍ പ്രസ്തുത ബില്‍ പുനഃപരിശോധിക്കണമെന്നു സിനഡു സര്‍ക്കാരിനോടഭ്യര്‍ത്ഥിച്ചു.
മോണ്‍. ജോര്‍ജ് കൂവക്കാട് ഒരു വൈദികനായിരിക്കെത്തന്നെ സര്‍വത്രികസഭയിലെ കര്‍ദിനാളായി തെരഞ്ഞെടുക്കപ്പെട്ടത് നമ്മുടെ സഭയ്ക്ക് ഏറെ അഭിമാനകരമാണ്. ഗള്‍ഫ് മേഖലയിലെ പ്രവാസികളായ സീറോമലബാര്‍ വിശ്വാസികളുടെ അജപാലനപ്രവര്‍ത്തനങ്ങള്‍ക്കായ് നമ്മുടെ സഭയുടേതായ തനതുസംവിധാനങ്ങള്‍ രൂപപ്പെടണമെന്നതു ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു. ഇക്കാര്യത്തില്‍ സഭയ്ക്ക് അനുകൂലമായി പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ എടുത്ത നിലപാടു സഭാംഗങ്ങള്‍ക്കുമുഴുവന്‍ പ്രത്യാശ പകരുന്നതാണെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കി.
നാടിന്റെ മുഴുവന്‍ ദുഃഖമായി മാറിയ വയനാട് വിലങ്ങാട് പ്രകൃതിദുരന്തങ്ങളില്‍ തകര്‍ന്നുപോയ ജീവിതങ്ങളെ പുനരുദ്ധരിക്കാന്‍ ഒരുമനസോടെ അണിനിരക്കാന്‍ കഴിഞ്ഞുവെന്നതു നമ്മുടെ സമൂഹത്തിന്റെ നന്മയിലുള്ള പ്രത്യാശ വര്‍ധിപ്പിക്കുന്നതാണ്. ഈ വര്‍ഷം നമുക്കു 287 നവവൈദികരെയും 404 നവസന്യസ്തരെയും ലഭിച്ചതിനും ദൈവത്തിനു നമുക്കു നന്ദിപറയാം.
സമുദായം നേരിടുന്ന വിവിധങ്ങളായ പ്രതിസന്ധികളെ മനസിലാക്കാനും പരിഹാരം കണ്ടെത്താനുമായി രണ്ടായിരത്തി ഇരുപത്തിയാറാമാണ്ട് സീറോമലബാര്‍സഭ സമുദായശാ ക്തീകരണവര്‍ഷമായി പ്രഖ്യാപിക്കാന്‍ സിനഡു തീരുമാനിച്ചു.
എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കാന്‍ ഏറെ നാളുകളായി ആത്മാര്‍ഥമായി പരിശ്രമിക്കുന്നുണ്ടെങ്കിലും പ്രതിസന്ധികള്‍ പൂര്‍ണമായി പരിഹരിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല എന്ന യാഥാര്‍ഥ്യം സിനഡുപിതാക്കന്മാര്‍ എളിമയോടെ അംഗീകരിക്കുന്നു. ഐക്യത്തിന്റെ പുതിയ പ്രഭാതം വിദൂരമല്ല എന്ന പ്രത്യാശ യോടെയാണ് ഈ വിഷയം സിനഡുപിതാക്കന്മാര്‍ ചര്‍ച്ചചെയ്തത്.
സീറോമലബാര്‍സഭയുടെ സിനഡു തീരുമാനിച്ചതും ശ്ലൈഹിക സിംഹാസനം അംഗീകരിച്ചതും നടപ്പിലാക്കാന്‍ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ രണ്ടു തവണ കത്തുകളിലൂടെയും ഒരു തവണ വീഡിയോസന്ദേശത്തിലൂടെയും നേരിട്ട് ആവശ്യ പ്പെട്ടതുമായ ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണരീതി സീറോമലബാര്‍സഭ മുഴുവനിലും നടപ്പിലാക്കണമെന്ന തീരുമാനത്തിനു യാതൊരു മാറ്റവുമില്ല. പരിശുദ്ധ പിതാവ് അന്തിമതീരുമാനം അറിയിച്ചുകഴിഞ്ഞ ഇക്കാര്യത്തില്‍ യാതൊരുവിധ പുനരാലോചനയും സാധ്യമല്ല എന്ന സത്യം എല്ലാ കത്തോലിക്കാ വിശ്വാസികളും വിവേകപൂര്‍വം മനസിലാക്ക ണമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കി.
ആരാധനാക്രമത്തിലെ അഭിപ്രായാന്തരങ്ങള്‍ തെരുവിലെ സംഘര്‍ഷങ്ങളാക്കി മാറ്റുന്നത് ഏറെ ദുഃഖകരമാണ്. ഐക്യത്തിന്റെ കൂദാശയായ വിശുദ്ധ കുര്‍ബാനയുടെ അര്‍പ്പണം നാട്ടിലെ ക്രമസമാധാനവിഷയമായി മാറ്റുന്നതില്‍ സഭയൊന്നാകെ വേദനിക്കുന്നുണ്ട്. ഈ ശൈലിയില്‍ നമുക്ക് ഇനിയും മുന്നോട്ടുപോകാനാവില്ല എന്ന സത്യം ബന്ധപ്പെട്ടവര്‍ മനസിലാക്കണം. സിനഡിനെ അനുകൂലിക്കുന്നവര്‍ എന്ന വ്യാജേന സാമൂഹിക മാധ്യമങ്ങളിലും തെരുവിലും സഭയെ അപമാനിക്കുന്ന രീതിയില്‍ ഇടപെടലുകള്‍ നടത്തുന്നവരുടെ നിലപാടുകളും സഭാവിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്ന് സര്‍ക്കുലറില്‍ ഓര്‍മിപ്പിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *