ഹോംസ്: പുതിയതായി അധികാരമേറ്റെടുത്ത ഇസ്ലാമിസ്റ്റ് നേതാക്കള്‍ക്ക് കീഴില്‍ സിറിയയില്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ല എന്ന് വ്യക്തമാക്കി ഹോംസിന്റെ സിറിയന്‍ ആര്‍ച്ചുബിഷപ് ജാക്വസ് മൗറാദ്.
ക്രൈസ്തവ യുവജനങ്ങളെ പരസ്യമായി ഭീഷണിപ്പെടുത്തുകയും വിശ്വാസം ഉപേക്ഷിക്കുന്നതിനായി പീഡിപ്പിക്കുകയും ചെയ്ത ചില സംഭവങ്ങളെങ്കിലും പുതിയ ഭരണകൂടത്തിന് കീഴില്‍ ഉണ്ടായി എന്നുള്ളത് അദ്ദേഹത്തിന്റെ ആശങ്കവര്‍ധിപ്പിക്കുന്നു. ഭയത്തിന്റെയും പ്രതികാരത്തിന്റെയും അന്തരീക്ഷത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു. അബു മുഹമ്മദ് സ്‌കോളാനി എന്നും വിളിക്കപ്പെടുന്ന ഇസ്ലാമിസ്റ്റ് നേതാവായ അഹമ്മദ് ഷാരയാണ് ഇപ്പോള്‍ സിറിയയുടെ ഇടക്കാല പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നത്. സായുധ ജിഹാദി സംഘടനയായ ‘ഹായത് താഹ്‌റിര്‍ അല്‍ ഷാമി’ന്റെ നേതാവാണ് അഹമ്മദ് ഷാര.
ഇതുവരെ സഭയുടെയോ ദൈവാലയങ്ങളുടെയോ പ്രവര്‍ത്തനങ്ങളെ നേരിട്ട് ബാധിക്കുന്ന വിധത്തില്‍ നിയന്ത്രണങ്ങളോ നിര്‍ദേശങ്ങളോ ഉണ്ടായിട്ടില്ലെങ്കിലും അക്രമം വര്‍ധിക്കുന്നതിനാല്‍ ജനങ്ങള്‍ ഭീതിയിലാണ്. ആളുകളെ കാണാതാവുന്നു, മുന്‍ ഭരണകൂടവുമായി സഹകരിച്ചിരുന്നവരെ പരസ്യമായി പീഡിപ്പിക്കുന്നു, ജയിലുകള്‍ നിറഞ്ഞു കവിയുന്നു, ആരൊക്കെയാണ് ജീവിച്ചിരിക്കുന്നതെന്നും ആരൊക്കെയാണ് മരണമടഞ്ഞതെന്നും നിശ്ചയമില്ലാത്ത അവസ്ഥായാണ് നിലവിലുള്ളത്.
ക്രൈസ്തവരുടെ സംരക്ഷകരെന്ന നിലയിലാണ് മുന്‍ ഭരണകൂടം തങ്ങളെത്തന്നെ അവതരിപ്പിച്ചിരുന്നത്. അവര്‍ പോയാല്‍ തീവ്രവാദികളാകും വരുകയെന്ന് മുന്‍ ഭരണകൂടത്തിന് നേതൃത്വം നല്‍കിയിരുന്ന ബാഷാര്‍ അല്‍ ആസാദ് പറഞ്ഞിരുന്നു. ആ വാക്കുകള്‍ അന്വര്‍ത്ഥമായതായാണ് ക്രൈസ്തവര്‍ കരുതുന്നത്. സിറിയയില്‍ നിന്ന് പലായനം ചെയ്യുക എന്നല്ലാതെ മറ്റൊരു മാര്‍ഗവും അവര്‍ കാണുന്നില്ലെന്ന് ആര്‍ച്ചുബിഷപ് ജാക്വസ് മൗറാദ് പറഞ്ഞു. 2015-ല്‍ വൈദികനായിരിക്കെ ഇസ്ലാമിക്ക് സ്റ്റേറ്റ് ഭീകരരുടെ തടവില്‍ മാസങ്ങളോളം കഴിഞ്ഞ വ്യക്തിയാണ് ഇപ്പോഴത്തെ ഹോംസ് ആര്‍ച്ചുബിഷപ്പായ ജാക്വസ് മൗറാദ്.
Leave a Comment
Your email address will not be published. Required fields are marked with *