കോട്ടയം: തിരിച്ചറിവുണ്ടായ പുത്തന്‍ തലമുറ പഴമയുടെ പുണ്യം തിരികെ പിടിക്കുകയാണ്. ഫാസ്റ്റ് ഫുഡിന്റെ കൃത്രിമ രുചിഭേദം ആരോഗ്യത്തിനും ആയുസിനും ദോഷം ചെയ്യുമെന്ന തിരിച്ചറിവില്‍ നാടന്‍ ഭക്ഷണവും വീട്ടിലെ പാചകവും തിരികെ വരുന്നു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ തെള്ളകം ചൈതന്യയില്‍ നടന്നുവരുന്ന കാര്‍ഷികമേളയില്‍ നാട്ടുവിഭവങ്ങള്‍ വാങ്ങാനെത്തുന്നവരൊക്കെ പറയുന്നു ഒരു നിമിഷം വൈകാതെ പഴമയിലേക്ക് മടങ്ങാം. അപ്പവും പുട്ടും ദോശയും അടയും പിടിയുമൊക്കെ നല്‍കുന്ന രുചിയോളം വരില്ല മൈദപോലുള്ളവയില്‍ തയ്യാറാക്കുന്ന വിഭവങ്ങള്‍.
പനമ്പാനിയും പനയിടിച്ച വിഭവങ്ങളും ഓട്ടടയും കുമ്പിളും ചക്കരയും തേങ്ങയും നിറച്ച കൊഴിക്കൊട്ടയും കപ്പപ്പൊടി പുട്ടുമൊക്കെ കഴിച്ചിട്ടുള്ളവര്‍ പറഞ്ഞുപോകുന്നു എന്തൊരു രുചിയായിരുന്നുവെന്ന്. നാടന്‍ കൈതച്ചക്കയും പേരയ്ക്കയും കപ്പളങ്ങയും മാമ്പഴവും ചക്കപ്പഴവുമൊക്കെ കഴിക്കാനും കാണാനും കാണാനും കുട്ടികളും മാതാക്കളും ചൈതന്യ കാര്‍ഷികമേളയിലെത്തുന്നു.
ചക്ക ഔഷധം
വീടും വഴിയും വികസനവും വന്നതോടെ നാട്ടുമാവും പ്ലാവും നാരകവും പേരയും ആത്തയും ചാമ്പയുമൊക്കെ വെട്ടിനിര ത്തപ്പെട്ടു. ചക്ക ഭക്ഷണം മാത്രമല്ല ഔഷധമാണെന്നും കേരളം വിട്ടാല്‍ ഇതിനു പൊന്നുംവിലയുണ്ടെന്നും തിരിച്ചറിഞ്ഞ വരൊക്കെ പെട്ടെന്നു കായിടുന്ന മാവും പ്ലാവും നാരകവുമൊക്കെ വാങ്ങാനെത്തുന്നു. ഇക്കാലത്ത് ചക്കക്കുരുവിനും പ്രിയമേറു കയാണ്.
![](https://sundayshalom.com/wp-content/uploads/2025/02/News-5-2.jpg)
പൂന്തോട്ടം പോലെ മുറ്റത്തിന് അഴകും ഐശ്വര്യവുമാണ് നാടിന്റെ തനിമയുള്ള ഫലവൃക്ഷങ്ങളെന്ന് കാലം തിരിച്ചറി ഞ്ഞിരിക്കുന്നു. എന്തും ഏതും കടകളിലും കമ്പോളങ്ങളിലും നിന്ന് കൊള്ളവിലയ്ക്ക് വാങ്ങി വരുമാനം ചോര്‍ന്നുപോകുന്ന ഗതികേടിനു മാറ്റം വരണം. പത്തു വാഴയും ചേനയും ചേമ്പും കിഴങ്ങുമൊക്കെ നടാന്‍ ആര്‍ക്കുമാവും. ഇവയൊക്കെ അടുക്കളയില്‍ അനിവാര്യമാണെന്ന തിരിച്ചറിവില്‍ വിത്തുകള്‍ വാങ്ങാന്‍ വീട്ടമ്മമാരും മുന്നോട്ടുവരുന്നു. ഇവയുടെ പരിപാലനം മനസിനു കുളിരും ശരീരത്തിന് ഉണര്‍വും നല്‍കുമെന്ന വയോധികരും പറയുന്നു.
പച്ചക്കറി വിളയിക്കാം ടെറസില്‍
പുതിയ ഇനം കുടംപുളിയും മുരിങ്ങയും കടപ്ലാവും മുറ്റത്തു കായിടാന്‍ ഒന്നോ രണ്ടോ കൊല്ലം മതിയാകും. സ്വന്തമായൊരു പച്ചക്കറി തോട്ടം എന്ന ആശയം ഏറെ വീട്ടുമുറ്റങ്ങളിലേക്കും ടെറസിലേക്കും മടങ്ങിവരികയാണ്. നാലു മൂട് പാവലും പയറും കോവലും ചീരയും ചീനിയും കാന്താരിയും നട്ടുനനച്ചാല്‍ വീട്ടില്‍ പച്ചക്കറി വാങ്ങുകയേ വേണ്ട. തൊടിയില്‍ സ്ഥിരമായൊരു പന്തലിട്ട് പച്ചക്കറികള്‍ നടുന്നവര്‍ ഇക്കാലത്ത് ഏറെയാണ്.
തേങ്ങാവില 80 രൂപയും വെളിച്ചെണ്ണ 280 രൂപയും കടന്നപ്പോഴാണ് നാലു തെങ്ങ് നടാതെ പോയതിന്റെ ഗതികേട് അറിയുന്നത്. ഒരു കിലോ ഇഞ്ചിയുടെ വില 200 രൂപ കടന്ന കാലത്ത് പത്ത് ഗ്രോ ബാഗുകളില്‍ ഇഞ്ചി നട്ടാല്‍ അടുക്കളയി ലേക്ക് അതു വേണ്ടുവോളം മതി. രണ്ടു തറ കൂര്‍ക്ക നട്ടാല്‍ രൂചികരമായ കൂര്‍ക്കയും വിളയും.
![](https://sundayshalom.com/wp-content/uploads/2025/02/News-61.jpg)
വിഷത്തില്‍ കുളിപ്പിച്ച കറിവേപ്പല
അയല്‍നാടുകളില്‍ വിഷം തളിച്ച കറിവേപ്പില വിലക്ക് വാങ്ങുന്നതിനേക്കാള്‍ എത്രയോ ഭേദമാണ് അടുക്കളവട്ടത്തില്‍ രണ്ടു കറിവേപ്പ് നടുന്നത്. പാത്രം കഴുകുന്ന വെള്ളം മതിയല്ലോ അടുക്കള തോട്ടം നനയ്ക്കാനെന്നാണ് വിത്തും വിളവും വാങ്ങാനെത്തിയ വീട്ടമ്മമാര്‍ അനുഭവം പറഞ്ഞത്. അയല്‍ നാടുകളില്‍ നിന്നുള്ള മുന്തിരിയിലും ഓറഞ്ചിലുമൊക്കെ ചേരുന്ന വിഷം കണ്ണിനും കരളിനുമൊക്കെ കേടുവരുത്തുമെന്നിരിക്കെ നാടന്‍ പഴങ്ങള്‍ ആവോളം വിളയിക്കണം.
മാരകവിളം തളിച്ച പച്ചക്കറി കൊള്ളവിലക്ക് വാങ്ങുന്ന ഗതികേട് ഇല്ലാതാകും അര മണിക്കൂര്‍ അടുക്കളതോട്ടത്തില്‍ ചെലവഴിച്ചാല്‍. ഇക്കൊല്ലം ഏറെയിനം പച്ചക്കറികള്‍ക്കും വില 80 രൂപ മുതല്‍ 150 രൂപവരെയെത്തി. ചൈതന്യ മേളയില്‍ അറിയാനും കേള്‍ക്കാനും കാണാനും വന്‍ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *