Follow Us On

21

April

2025

Monday

ശ്വാസകോശരോഗം തടസമായില്ല; ആശുപത്രിയില്‍ നിന്നും ഗാസയിലെ ഇടവകാംഗങ്ങളെ തേടി പാപ്പയുടെ ഫോണ്‍കോള്‍ എത്തി

ശ്വാസകോശരോഗം തടസമായില്ല; ആശുപത്രിയില്‍ നിന്നും ഗാസയിലെ ഇടവകാംഗങ്ങളെ തേടി പാപ്പയുടെ ഫോണ്‍കോള്‍ എത്തി
വത്തിക്കാന്‍ സിറ്റി:  വേദനിക്കുന്നവരെയും പാര്‍ശ്വവത്കരിക്കപ്പെടുകയും കരുതുകയും അവരെ ചേര്‍ത്തുപിടിക്കുകയും ചെയ്യുന്നൊരു പാപ്പ – ഇതായിരുന്നു പേപ്പസിയുടെ ആദ്യദിനം മുതലുള്ള ‘ഫ്രാന്‍സിസ് സ്റ്റൈല്‍’. സങ്കീര്‍ണായ രോഗാവസ്ഥയിലൂടെ കടന്നുപോകുമ്പോഴും ആ സ്റ്റൈല്‍ മാറ്റമില്ലാതെ തുടുരുകയാണെന്ന് ജെമേലി ആശുപത്രിയില്‍ ചികിത്സയിലായിരിക്കുന്ന പാപ്പയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വ്യക്തമാക്കുന്നു.
ആശുപത്രിയില്‍ അഡ്മിറ്റായ ആദ്യ രണ്ട് ദിനങ്ങളിലും ഗാസയിലെ കത്തോലിക്കാ ഇടവകയുമായി രാത്രിയില്‍ നടത്തുന്ന ഫോണ്‍ സംഭാഷണം  മുടക്കമില്ലാതെ തുടര്‍ന്നതായി ഗാസയിലെ ഹോളി ഫാമിലി ഇടവകയുടെ വികാരിയായ ഫാ. ഗബ്രിയേല്‍ റൊമാനെല്ലിപറഞ്ഞു . ഹമാസും ഇസ്രായേലുമായുള്ള പോരാട്ടം ആരംഭിച്ച കാലം മുതല്‍ ഗാസയിലെ ഏക കത്തോലക്ക ഇടവകയിലേക്ക് എല്ലാദിവസവും ചെയ്തിരുന്ന ഫോണ്‍കോളാണ് ആശുപത്രിയില്‍ രോഗാവസ്ഥയിലായിരിക്കുമ്പോഴും  മുടക്കം കൂടാതെ പാപ്പ തുടര്‍ന്നത്.
പാപ്പ ആശുപത്രിയില്‍ അഡ്മിറ്റായ ദിവസം ഇടവകാംഗങ്ങളും അവിടെ അഭയം പ്രാപിച്ച മറ്റുള്ളവരും രാത്രി 8 മണിക്ക് മാര്‍പ്പാപ്പയുടെ വിളിയും കാത്തു നിന്നു. പ്രതീക്ഷിച്ചതുപോലെ വീഡിയോ കോളിലൂടെ പാപ്പ സംസാരിച്ചെന്നും ക്ഷേമാന്വേഷണങ്ങള്‍ നടത്തിയെന്നും ഫാ. ഗബ്രിയേല്‍ പറഞ്ഞു. രോഗാവസ്ഥയില്‍ തന്നോട് സാമീപ്യം പ്രകടിപ്പിച്ച ഇടവകയിലെ കുടുംബങ്ങളോട് പാപ്പ നന്ദി പറയുകയും അവരെ അനുഗ്രഹിക്കുകയും ചെയ്തതായി ഫാ. റൊമാനെല്ലി വെളിപ്പെടുത്തി. മാര്‍പാപ്പ ക്ഷീണിതനായിരുന്നെങ്കിലും ശബ്ദം വ്യക്തമായിരുന്നുവെന്നും തങ്ങള്‍ പറഞ്ഞത് ശ്രദ്ധയോടെ കേട്ടിരുന്നുവെന്നും ഫാ. റൊമാനെല്ലി പറഞ്ഞു. ആശുപത്രിയില്‍ അഡ്മിറ്റായ ആദ്യ രണ്ട് ദിനവും ഫോണ്‍ ചെയ്തുവെങ്കിലും മൂന്നാം ദിനം പ്രാര്‍ത്ഥനയ്ക്കും അടുപ്പത്തിനും നന്ദി അറിയിച്ചുകൊണ്ട് ഫാ. റൊമാനെല്ലിയുടെ ഫോണിലേക്ക് ഒരു മെസേജ് അയക്കുകയാണ് പാപ്പ ചെയ്തത്. തിങ്കളാഴ്ച രാത്രി ഫ്രാന്‍സിസ് മാര്‍പാപ്പ വീണ്ടും ഹോളി ഫാമിലി ഇടവകയെ വിളിച്ചതായും ഇടവകക്കാര്‍ക്കും അവരുടെ പ്രാര്‍ത്ഥനകള്‍ക്കും നന്ദി പ്രകടിപ്പിച്ചതായും ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പാപ്പയുടെ പ്രായവും രോഗാവസ്ഥയും കണക്കിലെടുത്ത് അദ്ദേഹത്തിന്റെ ക്ലിനിക്കല്‍ സാഹചര്യം ‘സങ്കീര്‍ണമാണെന്ന്’ വത്തിക്കാന്റെ പത്രക്കുറിപ്പില്‍ പറയുന്നു. അതേസമയം പാപ്പ ഉന്മേഷവാനാണെന്നും ദിവ്യകാരുണ്യം സ്വീകരിച്ചെന്നും പ്രാര്‍ത്ഥനയും വായനയുമായി ദിവസം ചെലവഴിച്ചുവെന്നും പിന്നീട് പുറപ്പെടുവിച്ച കുറിപ്പില്‍ വത്തിക്കാന്‍ വ്യക്തമാക്കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?