Follow Us On

24

February

2025

Monday

കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണമാകുന്ന ജനിതക രഹസ്യം മലയാളി ശാസ്ത്രജ്ഞന്‍ കണ്ടെത്തി

കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണമാകുന്ന ജനിതക രഹസ്യം മലയാളി ശാസ്ത്രജ്ഞന്‍ കണ്ടെത്തി
വാഷിംഗ്ടണ്‍ ഡിസി: കാന്‍സര്‍ ചികിത്സാ രംഗത്ത് നിര്‍ണായകമായി മാറാന്‍ സാധ്യതയുള്ള കണ്ടുപിടുത്തുമായി ഒരു മലയാളി ശാസ്ത്രജ്ഞന്‍. കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണമാകുന്ന ജനിതക രഹസ്യമാണ് മലയാളിയായ ഡോ. റോബിന്‍ സെബാസ്റ്റ്യനും സംഘവും കണ്ടെത്തിയിരിക്കുന്നത്.
കാന്‍സര്‍ കോശങ്ങള്‍ മനുഷ്യ ശരീരത്തില്‍ പെരുകുന്നതിന്റെ കാരണങ്ങള്‍ ഇതുവരെ ശാസ്ത്രലോകത്തിന് അജ്ഞാതമായിരുന്നു. കണ്ണൂര്‍ ജില്ലയിലെ പൈസക്കരി സ്വദേശിയായ ഡോ. റോബിന്‍ സെബാസ്റ്റ്യന്‍ അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡിസിയിലുള്ള എന്‍ഐഎച്ച് (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) എന്ന ലോകോത്തര ഗവേഷണശാലയിലെ ശാസ്ത്രജ്ഞനാണ്.
കാന്‍സര്‍ ചികിത്സാരംഗത്ത് ലോകത്തിന് ഏറെ പ്രതീക്ഷ നല്‍കുന്ന ഈ ഗവേഷണ പ്രബന്ധം ലോകത്തിലെ ഏറ്റവും മുഖ്യധാര സയന്‍സ് മാസികയായ നേച്ചറില്‍ 19-2-2025ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മനുഷ്യ ശരീരത്തിലെ എല്ലാ ധര്‍മ്മങ്ങളെയും നിര്‍ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന അടിസ്ഥാന ഘടകമാണ് ഡിഎന്‍എ. കോശങ്ങള്‍ വളരുന്നത് ഈ ഡിഎന്‍എയുടെ പതിപ്പുകള്‍ നിര്‍മ്മിച്ചാണ്. മാതൃ ഡിഎന്‍എയുടെ സമീപ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന റെപ്‌ളീസോം എന്ന പ്രോട്ടീന്‍ സംയുക്തമാണ് ഡിഎന്‍എ പുനരുത്പാദനത്തിന്റെ എഞ്ചിന്‍. ഇതാണ് പുനരുത്പാദനത്തെ സഹായിക്കുന്നത്.
തകരാറുകളോ പൊട്ടലുകളോ സംഭവിച്ച ഡിഎന്‍എകളില്‍, അവയുടെ തകരാര്‍ സ്വയം പരിഹരിക്കപ്പെടുന്നത് വരെ ഈ പുനരുത്പാദനം സംഭവിക്കുകയില്ല. കാന്‍സര്‍ കോശങ്ങളില്‍ സാധാരണ കോശങ്ങളില്‍ ഉള്ളതിനേക്കാള്‍ കൂടിയ അളവില്‍ ഡിഎന്‍എകളില്‍ പൊട്ടലുകളും തകരാറുകളും കാണപ്പെ ടാറുണ്ട്. ഡിഎന്‍എയുടെ സ്ഥിരതയും അഭംഗതയും കോശങ്ങളുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ് എങ്ങനെയാണ് പൊട്ടലുകളും തകരാറുകളും സംഭവിച്ച ഡിഎന്‍എയുംകൊണ്ട് കാന്‍സര്‍ കോശങ്ങള്‍ക്ക് സുഗമമായി വളരുവാന്‍ സാധിക്കുന്നത് എന്ന് നാളിതുവരെ ശാസ്ത്രജ്ഞരെ കുഴപ്പിച്ചിരുന്ന ചോദ്യമായിരുന്നു. ഇതിനുള്ള ഉത്തരമാണ് ഡോ. റോബിന്‍ സെബാസ്റ്റ്യനും സംഘവും കണ്ടെത്തിയത്.
പൊട്ടലുകള്‍ സംഭവിച്ച മാതൃ ഡിഎന്‍എയുടെ സമീപത്ത് സ്ഥിതി ചെയ്യുന്ന റെപ്‌ളിസോം എഞ്ചിനിലെ ചില പാര്‍ട്ടുകള്‍ പ്രധാന എഞ്ചിനില്‍ നിന്നും വേര്‍പെട്ടു പോകുന്നു. ഇത് റെപ്‌ളീസോംനെ നിഷ്‌ക്രിയമാക്കുന്നു. തന്മൂലം ഡിഎന്‍എ പുനരുത്പാദനം സംഭവിക്കുന്നില്ല. ടൈംലെസ് ടിപിന്‍ എന്നാണ് വേര്‍പെട്ട് പോകുന്ന ഈ പ്രോട്ടീന്‍ പാര്‍ട്ടുകളുടെ പേര്. അതേസമയം തകരാറില്ലാത്ത ഭാഗങ്ങളിലെ റെപ്‌ളീസോം എഞ്ചിന്‍ ജോലി തുടരുകയും ചെയ്യുന്നു. ഇതുമൂലം തകരാറുള്ള ഭാഗങ്ങളിലെ ഡിഎന്‍എകള്‍ക്ക് സ്വയം റിപ്പയര്‍ ചെയ്യാനുള്ള അവസരം ലഭിക്കുകയും അങ്ങനെ കോശങ്ങള്‍ വളരാന്‍ ഇടയാവുകയും ചെയ്യുന്നു. ഇങ്ങനെയാണ് കാന്‍സര്‍ കോശങ്ങള്‍ തകരാറുകളെ അതിജീവിച്ച് വളരുവാന്‍ ഇടയാകുന്നത്.
തകരാര്‍ സംഭവിച്ച ഡിഎന്‍എയെ തകര്‍ന്നുകിടക്കുന്ന  റോഡിനോട് ഉപമിക്കാം. ഇതുവഴി കാറോടിച്ചാല്‍ കാറും അപകടത്തില്‍ ആകും, റോഡ് കുടുതല്‍ മോശമാവുകയും ചെയ്യും. അപ്പോള്‍ തകര്‍ന്ന റോഡ് കാണുമ്പോള്‍ കാര്‍ നിര്‍ത്തിയാല്‍ മതിയല്ലോ. പൊട്ടലുകള്‍ സംഭവിച്ച ഡിഎന്‍എയില്‍ നടക്കുന്ന ഈ പ്രക്രിയയെ എംആര്‍ഡി എന്നാണ് ശാസ്ത്രജ്ഞര്‍ പേരിട്ടിരിക്കുന്നത്. പ്രോട്ടീന്‍ പാര്‍ട്ടുകളെ വേര്‍പെട്ടു പോകാന്‍ സഹായിക്കുന്ന ചില ഘടകങ്ങളെ റദ്ദ് ചെയ്തപ്പോള്‍, റെപ്‌ളിസോം എഞ്ചിന്‍ തകരാര്‍ സംഭവിച്ച ഡിഎന്‍എയിലൂടെ പോയി അതിനെ പുനരുത്പാദിപ്പിക്കുകയും തന്മൂലം വളരെ ഗുരുതരമായ തകരാര്‍ ഉണ്ടാക്കുകയും, ഇത് കോശങ്ങളുടെ നാശത്തിന് ഇടയാവുകയും ചെയ്തു. ഈ ഒരു പ്രക്രിയയാണ് കാന്‍സര്‍ രോഗത്തിന്റെ ചികിത്സാധ്യത തുറക്കുന്നത്.
തെക്കേ പുതുപ്പറമ്പില്‍ ടി.ടി. സെബാസ്റ്റിയന്റെയും റോസമ്മയുടെയും മകനായ ഡോ റോബിന്‍ ഏറെക്കാലമായി എന്‍ഐഎച്ചിലെ ശാസ്ത്രജ്ഞനാണ്. ഭാര്യ ഡോ. സുപ്രിയയും ഇതേ സ്ഥാപനത്തിലെ ഗവേഷകയാണ്. കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ജനങ്ങളില്‍ ഉളവാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ച് റോബിന്‍ നേരത്തെ നടത്തിയ ഗവേഷണ ഫലങ്ങള്‍ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?