റോം: മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രിയും യൂറോപ്യന്‍ യൂണിയന്റെ സ്ഥാപകനേതാക്കളില്‍ ഒരാളും ദൈവദാസനുമായ അല്‍സീഡ ഡി ഗാസ്‌പെരിയുടെ ജീവിതത്തെയും വീരോചിത പുണ്യങ്ങളെയും കുറിച്ചുള്ള രൂപത തല അന്വേഷണം സമാപിച്ചു. ഇറ്റാലിയന്‍, യൂറോപ്യന്‍ രാഷ്ട്രീയത്തിന് മാതൃകയാണ് മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രിയായ അല്‍സീഡ ഡി ഗാസ്‌പെരിയെന്ന് വികാരിയേറ്റ് കൊട്ടാരത്തിലെ പാപ്പമാരുടെ ഹാളില്‍ നടന്ന സമാപന സമ്മേളനത്തില്‍ റോം രൂപത വികാരി കര്‍ദിനാള്‍ ബാല്‍ദസാരെ പറഞ്ഞു. പയസ് പന്ത്രണ്ടാമന്‍, ജോണ്‍ 23-ാമന്‍ എന്നീ മാര്‍പാപ്പമാരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഗാസ്‌പെരി മുസോളിനിയുടെ ഏകാധിപത്യ ഭരണത്തെ എതിര്‍ക്കുകയും യുദ്ധാനന്തര ഇറ്റലിയില്‍ പ്രധാന പങ്ക് വഹിക്കുകയും ചെയ്തു. കര്‍ദിനാള്‍ കോളേജ് ഡീന്‍ ജിയോവാനി ബാറ്റിസ്റ്റ റേ ചടങ്ങില്‍ പങ്കെടുത്തു.
1946 മുതല്‍ 1953 വരെ മന്ത്രിമാരുടെ സമിതിയുടെ പ്രസിഡന്റായി, യുദ്ധാനന്തര ഇറ്റലിയുടെ പുനര്‍നിര്‍മ്മാണത്തില്‍ പ്രധാന പങ്ക് വഹിച്ച അല്‍സീഡ ഡി ഗാസ്‌പെരി, റോബര്‍ട്ട് ഷുമാന്‍, ജീന്‍ മോനെറ്റ്, കോണ്‍റാഡ് അഡനൗവര്‍ എന്നിവരോടൊപ്പം യൂറോപ്യന്‍ യൂണിയന്റെ പിതാക്കന്മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്നു. 1950-ല്‍ യൂറോപ്യന്‍ യൂണിയന്റെ മുന്നോടിയായ യൂറോപ്പിലെ കല്‍ക്കരി-് സ്റ്റീല്‍ കമ്മ്യൂണിറ്റി (ഇസിഎസ്സി) സംഘടിപ്പിക്കുന്നതിലും അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചിരുന്നു.
1993-ലാണ് അല്‍സീഡ ഡി ഗാസ്പെരി ജനിച്ച ട്രെന്റോ രൂപതയില്‍ 1ദ്ദേഹത്തിന്റെ നാമകരണനടപടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള ഗവേഷണം സുഗമമാക്കുന്നതിന് നടപടികള്‍ റോമിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ വീരോചിത പുണ്യങ്ങളെക്കുറിച്ചുള്ള അന്വേഷണം 2022-ല്‍ വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ അംഗീകാരത്തോടെ ആരംഭിച്ചു. 22,000-ത്തിലധികം രേഖകള്‍ ഇതിനോടകം അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് ശേഖരിച്ചിട്ടുണ്ട്. ഔദ്യോഗികമായി മുദ്രവെച്ച 23 പെട്ടികളിലായി സൂക്ഷിച്ചിരിക്കുന്ന ഈ രേഖകള്‍ വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള ഡിക്കാസ്റ്ററിക്ക് കൈമാറും.
Leave a Comment
Your email address will not be published. Required fields are marked with *