Follow Us On

12

March

2025

Wednesday

ജപ്തി നടപടികള്‍ നേരിടുന്ന കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം: മാര്‍ നെല്ലിക്കുന്നേല്‍

ജപ്തി നടപടികള്‍ നേരിടുന്ന കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം: മാര്‍  നെല്ലിക്കുന്നേല്‍
ഇടുക്കി: കേരള ബാങ്ക് ഉള്‍പ്പെടെയുള്ള സഹകരണ സ്ഥാപനങ്ങള്‍ ഇടുക്കി ജില്ലയിലെ കര്‍ഷകരുടെ 3 ലക്ഷം വരെയുള്ള ചെറുകിട വായ്പകള്‍ പൂര്‍ണ്ണമായും മറ്റു വായ്പകളുടെ പലിശകളും എഴുതിത്തള്ളി ജപ്തി നടപടികളില്‍ നിന്നും രക്ഷിക്കണമെന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. നാട്ടില്‍ നൂറുകണക്കിന് വ്യക്തികള്‍ക്കാണ് സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചിട്ടുള്ളത്. ഏതാനും സ്ഥലങ്ങളില്‍ ജപ്തി നടപടികളും ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു.
സംസ്ഥാനത്ത് പൊതുവെയും ഇടുക്കി ജില്ലയില്‍ പ്രത്യേകിച്ചും 2018, 2019 വര്‍ഷങ്ങളില്‍ ഉണ്ടായ മഹാപ്രളയവും 2020ലെ കോവിഡ് മഹാമാരിയും ഹൈറേഞ്ചിലെ ജനത്തിന്റെ ജീവിതത്തെ ദുരിതത്തിലാക്കി. കൃഷിയും ചെറുകിട വ്യവസായങ്ങളും ടൂറിസവും താറുമാറാവുകയും ഈ മേഖലയെ ആശ്രയിച്ച് ജീവിച്ചിരുന്നവരുടെ ജീവിതങ്ങളെ പ്രതിസന്ധിയിലാക്കുകയും ചെയ്തു. ഇതിന്റെ ഫലമായി ജില്ലയിലെ 65,000 ത്തോളം ആളുകള്‍ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും എടുത്ത വായ്പകള്‍ തിരിച്ചടവ് മുടങ്ങി പലിശയും പിഴപ്പലിശയും വര്‍ധിച്ച് മുതലിനൊപ്പം ആയിരിക്കുന്ന ദയനീയ സാഹചര്യമാണുള്ളതെന്ന് മാര്‍ നെല്ലിക്കുന്നേല്‍ ചൂണ്ടിക്കാട്ടി.
കേരള ബാങ്ക് അടക്കമുള്ള സഹകരണ സ്ഥാപനങ്ങള്‍ വായ്പക്കാരുടെ തിരിച്ചടവും മുടങ്ങിയ വായ്പയുടെ പലിശയും പിഴപ്പലിശയും ചേര്‍ത്ത് ഭീമമായ തുക അടച്ചു തീര്‍ക്കണമെന്നും 2019ല്‍ കേരള ബാങ്ക് നല്‍കിയ സര്‍ഫെസി നോട്ടീസിന്റെ അടിസ്ഥാനത്തില്‍ കോടതി ഉത്തരവ് വാങ്ങി ജപ്തി നടപടികള്‍ സ്വീകരിക്കുമെന്നും ഫോണിലൂടെയും നേരിട്ടും ഭീഷണി പ്പെടുത്തുകയും നടപടി ആരംഭിക്കുകയും ചെയ്തിരിക്കുന്നു. കൃഷി ഭൂമിയില്‍ നിന്നും ആളുകളെ ഇറക്കിവിടാന്‍ ഒരു ബാങ്കിനും അധികാരമില്ല. സര്‍ഫെസി നിയമത്തിലെ സെക്ഷന്‍ 31/1 കര്‍ഷകര്‍ക്കുള്ള സംരക്ഷണം ഉറപ്പു നല്‍കുന്നുണ്ട്. അതുപ്രകാരം കൃഷിഭൂമി ഈ നിയമത്തിന്റെ പരിധിയില്‍ വരില്ലന്ന് കൃത്യമായി പറയുന്നുണ്ട്. എന്നാല്‍ ബാങ്കുകള്‍ അത് മറച്ചുപിടിച്ച് നിയമവിരുദ്ധമായി കര്‍ഷകരെ ഇറക്കിവിടാനാണ് ശ്രമിക്കുന്നത്.
 ഈ സാഹചര്യത്തില്‍ ഗവണ്‍മെന്റ് ഇടുക്കി ജില്ലക്കായി പ്രഖ്യാപിച്ചിട്ടുള്ള പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തി 65,000 ത്തോളം ആളുകളുടെ ചെറുകിട വായ്പകള്‍ പൂര്‍ണമായും മറ്റു വായ്പകളുടെ പലിശയും പിഴപ്പലിശയും എഴുതിത്തള്ളി അവരെ സഹായിക്കണം. ബാങ്കുകളുടെ ജപ്തി നടപടികള്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കുന്നതിനുള്ള ഉത്തരവ് ഇറക്കി കര്‍ഷകരെ ഈ ദുരിതകാലത്ത് ഗവണ്‍മെന്റ് സഹായിക്കണമെന്ന് മാര്‍ നെല്ലിക്കുന്നേല്‍ ആവശ്യപ്പെട്ടു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?