Follow Us On

23

March

2025

Sunday

സ്‌നേഹിക്കാനുള്ള പുതിയ വഴി കണ്ടെത്താനുള്ള കഴിവിലാണ് ജീവന്‍ അടങ്ങിയിരിക്കുന്നത്

സ്‌നേഹിക്കാനുള്ള പുതിയ വഴി കണ്ടെത്താനുള്ള കഴിവിലാണ് ജീവന്‍ അടങ്ങിയിരിക്കുന്നത്

റോം: മാറ്റത്തിന് വഴങ്ങാതെ, പഴയ ശീലങ്ങളിലും ചിന്താശൈലികളിലും സ്വയം തളച്ചിട്ടാല്‍, നമ്മള്‍ മരിച്ചതിന് തുല്യമായി മാറാനിടയുണ്ടെന്നും സ്‌നേഹിക്കാനുള്ള പുതിയ വഴി കണ്ടെത്താനുള്ള കഴിവിലാണ് ജീവന്‍ കുടികൊള്ളുന്നതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ‘നമ്മുടെ പ്രത്യാശയായ യേശുക്രിസ്തു’വിനെക്കുറിച്ചുള്ള പുതിയ പ്രഭാഷണപരമ്പരയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

യേശുവും  നിക്കോദേമസുമായുള്ള കണ്ടുമുട്ടലിനെക്കുറിച്ച്  ആദ്യ പ്രഭാഷണത്തില്‍ പാപ്പ വിചിന്തനം ചെയ്തു. ഇരുട്ടില്‍ നിന്ന് പുറത്തുവരുകയും ക്രിസ്തുവിനെ അനുഗമിക്കാനുള്ള ധൈര്യം കണ്ടെത്തുകയും ചെയ്ത മനുഷ്യനാണ് നിക്കോദേമസ്. വാസ്തവത്തില്‍, യേശുവും നിക്കോദേമസുമായുള്ള കണ്ടുമുട്ടല്‍ നടക്കുന്നത് രാത്രിയിലാണ്, ഒരുപക്ഷേ  ‘സംശയത്തിന്റെ അന്ധകാരത്തില്‍,  ജീവിതത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാന്‍ സാധിക്കാതെയും മുന്നോട്ടുള്ള വഴി വ്യക്തമായി കാണാതെയും ഇരുട്ടില്‍ തപ്പിത്തടയുന്ന’ മനുഷ്യനാണ് നിക്കോദമസ്. അദ്ദേഹം മികച്ച വ്യക്തിത്വമുള്ള ഒരു മനുഷ്യനാണ്. അദ്ദേഹത്തിന് പൊതുസമൂഹത്തില്‍ സ്വീകാര്യതയുണ്ട്. യഹൂദന്മാരുടെ നേതാക്കളില്‍ ഒരാളുമാണ്. എന്നാല്‍ തന്റെ ജീവിതത്തില്‍ എന്തോ പ്രശ്‌നമുണ്ടെന്ന് നിക്കോദമസ് മനസിലാക്കുന്നു. ജീവിതത്തില്‍ ഒരു മാറ്റം  ആവശ്യമാണെന്ന് അദ്ദേഹത്തിന് തോന്നുന്നു, പക്ഷേ എവിടെ തുടങ്ങണമെന്ന് അറിയില്ല.

നമ്മള്‍ ഓരോരുത്തരും പലതവണ അനുഭവിച്ചറിഞ്ഞ കാര്യമാണിതെന്ന് പാപ്പ പറഞ്ഞു.   യേശു ഒരു പുതിയ ജനനത്തെക്കുറിച്ച് നിക്കോദേമസിനോട് സംസാരിക്കുന്നു, അത് നമ്മുടെ  യാത്രയിലും സാധ്യമാണ്. മാത്രമല്ല അത് ആവശ്യമാണെന്നും പാപ്പ പറഞ്ഞു. യേശു പറഞ്ഞതെന്താണെന്ന് നിക്കോദേമസിന് ആദ്യം മനസിലായില്ല, പക്ഷേ അവസാനം അവന്‍ മനസിലാക്കുന്നുവെന്ന് നമുക്കറിയാം. അങ്ങനെ, യേശുവിന്റെ ശരീരം ചോദിക്കാന്‍ പീലാത്തോസിന്റെ അടുക്കല്‍ പോകുന്നവരുടെ ഇടയില്‍ യോഹന്നാന്റെ സുവിശേഷത്തില്‍ അവന്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നു.

‘നിക്കോദേമസ് ഒടുവില്‍ വെളിച്ചത്തിലേക്ക് വന്നു, അവന്‍ പുനര്‍ജനിച്ചു. അവന്‍ ഇനി രാത്രിയില്‍ തുടരേണ്ട ആവശ്യമില്ല. നമ്മെപ്പോലെ ക്രൂശിക്കപ്പെട്ടവനെ നിക്കോദേമസിന് ഇനി നോക്കാം.നമ്മുടെ എല്ലാ ഭയങ്ങളുടെയും വേരായ മരണത്തെ തോല്‍പ്പിച്ചവനെ. നമുക്കും അവര്‍ കുത്തിമുറിവേല്‍പ്പിച്ചവനിലേക്ക് നോട്ടം ഉയര്‍ത്താം. യേശു നമ്മെയും കണ്ടെത്തട്ടെ. ജീവിതത്തിലെ മാറ്റങ്ങളെ അഭിമുഖീകരിക്കാനും വീണ്ടും ജനിക്കാനുമുള്ള പ്രത്യാശ അവനില്‍ നാം കണ്ടെത്തുന്നു.’
ജെമെല്ലി ആശുപത്രിയില്‍  ന്യുമോണിയയില്‍ നിന്ന് സാവധാനം സുഖം പ്രാപിച്ച് വരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ബുധനാഴ്ചത്തെ ജനറല്‍ ഓഡിയന്‍സിനോടനുബന്ധിച്ചാണ് പുതിയ പ്രഭാഷണ പരമ്പരക്ക് തുടക്കം കുറിച്ചത്. ‘നമ്മുടെ പ്രത്യാശയായ യേശുക്രിസ്തു’വിനെ കേന്ദ്രീകരിച്ചുള്ള ഈ പ്രഭാഷണപരമ്പരയില്‍ സുവിശേഷത്തില്‍ വിവരിച്ചിരിക്കുന്ന ‘ജീവിതത്തെ പ്രകാശിപ്പിക്കുന്നതും പ്രത്യാശ നല്‍കുന്നതുമായ കണ്ടുമുട്ടലുകളാണ്’ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?