ജയ്‌മോന്‍ കുമരകം
ആശീര്‍വദിച്ച തിരുവോസ്തി ദൈവാലയങ്ങളില്‍നിന്നും അതീവ രഹസ്യമായി കടത്തിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ വീണ്ടും വര്‍ധിച്ചുവരുന്നതായി സൂചന. ഈ അടുത്തനാളില്‍ ആളുകള്‍ കുറഞ്ഞ ദൈവലായങ്ങള്‍ സന്ദര്‍ശിച്ച് ഭക്തിപൂര്‍വ്വം ബലിയര്‍പ്പണത്തില്‍ പങ്കെടുക്കുന്നതായി നടിച്ച് തിരുവോസ്തി കടത്താന്‍ ശ്രമിച്ച യുവാവിനെയും യുവതിയെയും കോഴിക്കോടു നിന്നും ഇടവകക്കാര്‍ പിടികൂടി. ചോദ്യം ചെയ്യലില്‍ ഇവരാദ്യം പറഞ്ഞത് ദമ്പതികളാണെന്നാണ്. എന്നാല്‍ പിന്നീടാകട്ടെ വിവാഹത്തിന് തയ്യാറെടുക്കുന്നവരാണെന്നും യുവാവ് പ്രൊട്ടസ്റ്റന്റ് വിശ്വാസിയായതിനാല്‍ അയാളെ വിശ്വാസത്തിലേക്ക് നയിക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് യുവതി വിശദീകരിച്ചത്. എന്നാല്‍ യുവാവിന്റെ ആധാര്‍ കാര്‍ഡിലെ പേരും വിവരങ്ങളും കണ്ടപ്പോള്‍ പിന്നെയും ആളുകള്‍ അമ്പരന്നു. അതൊരു അന്യമതസ്ഥനായ വ്യക്തിയായിരുന്നു. അപ്പോള്‍ തിരുവോസ്തി കവരുക എന്ന ലക്ഷ്യത്തിന്റെ പിന്നിലെന്ത്, ഇതാണ് ഇപ്പോള്‍ നാട്ടുകാര്‍ അന്വേഷിക്കുന്നത്.
ഇക്കഴിഞ്ഞയാഴ്ച ഒഡീഷയിലെ ഒരു കത്തോലിക്കാ ദൈവാലയത്തിലെ നേര്‍ച്ചപ്പെട്ടിയില്‍ നിന്ന് പണം മോഷ്ടിക്കുകയും സക്രാരി തല്ലിത്തകര്‍ത്ത് തിരുവോസ്തി മോഷ്ടിക്കുകയും ചെയ്തതായി വന്ന വാര്‍ത്തകള്‍ നാം മറന്നിട്ടുണ്ടാവില്ല. ഭുവനേശ്വറില്‍ നിന്നും 390 കിലോമീറ്റര്‍ തെക്ക് സ്ഥിതി ചെയ്യുന്ന സാംബല്‍പൂര്‍ ജില്ലയിലെ ഹോളിഫാമിലി ദൈവാലയത്തിലാണ് സംഭവം. മോഷ്ടാക്കള്‍ ദൈവാലയത്തില്‍ അതിക്രമിച്ച് കയറി തിരുവോസ്തിയും കയ്യില്‍ കിട്ടിയപണവുമായി കടന്നു കളയുകയായിരുന്നു. കാറ്റും മഴയും വൈദ്യുതി തടസവും മുതലെടുത്താണ് മോഷ്ടാക്കള്‍ കുറ്റകൃത്യം നടത്തിയതെന്നും കുറ്റവാളികളെന്ന് തോന്നുന്ന മൂന്നുപേരെ സിസിടിവിയില്‍ കാണാമെന്നും ഇടവക വികാരി ഫാ. ജോസഫ് ആന്റണി പറഞ്ഞു. ഇടവകയില്‍ തിരുവോസ്തി മോഷ്ടിക്കാന്‍ എത്തുന്നതിന് മുമ്പ് ഇക്കൂട്ടര്‍ അടുത്തുള്ള പ്രൊട്ടസ്റ്റന്റ്‌ദൈവാലയത്തില്‍ നിന്നും നേര്‍ച്ചപ്പെട്ടിയിലെ പണവും ദൈവാലയത്തിലെ സംഗീത ഉപകരണവും മോഷ്ടിച്ചതായും ഫാ. ജോസഫ് ചൂണ്ടിക്കാട്ടുന്നു. തിരുവോസ്തിയെ അവഹേളിച്ചതില്‍ ദുഖം പ്രകടിപ്പിച്ചുകൊണ്ട് രൂപതാംഗങ്ങള്‍ക്ക് ബിഷപ് കത്ത് അയച്ചു. മോഷ്ടാക്കള്‍ യേശുവിന്റെ തിരുശരീരം അവഹേളിക്കുകയും തുടര്‍ന്ന് ദൈവാലയം കൊള്ളയടിക്കുകയും നമ്മുടെ വിശ്വാസം മുറിവേല്‍പ്പിക്കുകയും ചെയതിരിക്കുന്നു. വലിയ വേദനയിലൂടെയും ദുഖത്തിലൂടെയും കടന്നുപോകുന്ന ഈ അവസരത്തില്‍ രൂപതയിലെ എല്ലാ വൈദികരും സന്യാസിനികളും പ്രാര്‍ത്ഥിക്കണം. ബിഷപ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഏതാനും വര്‍ഷം മുമ്പ് ആലുവായിലെ സെന്റ് ആന്റണീസ് മൊണാസ്ട്രിയില്‍ സക്രാരി തന്നെ കടത്തിക്കൊണ്ടുപോകാനുള്ള ശ്രമം നടത്തിയത് ഓര്‍ക്കുന്നില്ലേ? സാത്താനെ പ്രീതിപ്പെടുത്തുന്ന ബ്ലാക്മാസിന് വേണ്ടി തിരുവോസ്തി നല്‍കാമെന്നേറ്റ സംഘമാണത്രേ ഒടുവില്‍ സക്രാരി കവര്‍ച്ച തന്നെ ആസൂത്രണം ചെയ്തത്.
വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് തിരുവോസ്തി കരസ്ഥമാക്കി സാത്താന്‍ സേവാകേന്ദ്രങ്ങളില്‍ എത്തിച്ച് വന്‍തുക തട്ടുന്ന സംഘങ്ങള്‍ എങ്ങും വളരുന്നുവെന്ന് തെളിയിക്കുന്ന ഒട്ടേറെ സംഭവങ്ങളാണ് അടുത്തകാലങ്ങളിലുണ്ടാകുന്നത്. കുട്ടികളെപ്പോലും ഇതിനായി ഇക്കൂട്ടര്‍ ഉപയോഗിക്കുന്നു. കാര്യഗൗരവമറിയാതെ കുറച്ച് പണം കയ്യില്‍ കിട്ടുമെന്നോര്‍ത്ത് തിരുവോസ്തി കവരാന്‍ കുട്ടികളും ശ്രമിക്കുന്ന കാഴ്ച പല സ്ഥലങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
‘എന്റെ കാറില്‍ ഖലൗെ െഹീ്‌ല ്യെീൗ’ എന്ന സ്റ്റിക്കര്‍ പതിച്ചിട്ടുണ്ട്. കാര്‍ നിര്‍ത്തുമ്പോള്‍ ചില സാത്താന്‍ സേവക്കാര്‍ വാഹനത്തിലേക്ക് കാര്‍ക്കിച്ചു തുപ്പുന്നത് കണ്ടിട്ടുണ്ട്.’ യൂറോപ്പിലെ പ്രമുഖ വചനപ്രഘോഷകനായ ഫാ. ജയിംസ് മഞ്ഞാക്കല്‍ എംഎസ്എഫ്എസ് പറയുന്നു. ‘ഇക്കൂട്ടര്‍ തിരുവോസ്തി കവരാനുളള ഏതുശ്രമവും നടത്തും. പല ദൈവാലയങ്ങളിലും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അവരാകട്ടെ മോഷ്ടിച്ച തിരുവോസ്തി സാത്താന്‍ സേവക്ക് ഉപയോഗിക്കുന്നുവെന്നത് വ്യക്തമാണ്. ചുരുക്കി പറഞ്ഞാല്‍ സാത്താന്‍ ആരാധകരുടെ എണ്ണം വര്‍ധിച്ചുവരുന്നുവെന്നത് തന്നെയാണ്.’ അച്ചന്‍ വ്യക്തമാക്കുന്നു. സാത്താനെ വാഴ്ത്തിപ്പാടുന്ന ആരാധനഗീതങ്ങളോടുകൂടിയാണ് സാത്താന്‍ ആരാധനകള്‍ തുടങ്ങുന്നതത്രേ. മോഷ്ടിക്കപ്പെട്ട തിരുവോസ്തി കിട്ടിയാല്‍ പരമാവധി അത് അപമാനിക്കുകയാണ് അവര്‍ ചെയ്യുന്നത്. തിന്മയെക്കൊണ്ടു തിന്മയെ നേരിടാനാവില്ല. ഒരു പിശാചിനെക്കൊണ്ടു വേറൊരു പിശാചിനെ കീഴടക്കാനാവില്ലെന്ന് യേശു തന്നെ വ്യക്തമാക്കുന്നുണ്ടല്ലോ. തിന്മയുടെ ശക്തിയായ സാത്താന്‍ ഒരിക്കലും തനിക്കെതിരെ നീങ്ങുകയില്ല! തന്റെ രാജ്യം എങ്ങനെയും വിസ്തൃതമാക്കണമെന്നും ആവുന്നത്ര ആളുകളെ അതില്‍ പങ്കുകാരാക്കണമെന്നുമാണ് സാത്താന്റെ ആഗ്രഹം. അതുകൊണ്ട്, ആധിപത്യമുറപ്പിച്ചിടത്തുനിന്ന് തന്റെ അനുയായികളെ പിന്‍വലിക്കാന്‍ പിശാചുക്കളുടെ തലവനായ ബേല്‍സബൂലുപോലും ഒരിക്കലും കൂട്ടുനില്‍ക്കുകയില്ല. (മത്താ.12:22-27).
സാത്താനാരാധന നടത്തുന്നവരെ ഒരിക്കലും ക്രിസ്തുവിലേക്ക് മടക്കിക്കൊണ്ടുവരാന്‍ കഴിയില്ല എന്ന് ചിലരൊക്കെ പറയാറുണ്ട്. എന്നാല്‍ ആ വ്യക്തികള്‍ക്കുവേണ്ടി നിരന്തരമായി നടത്തുന്ന പ്രാര്‍ത്ഥനയും ജപമാലകളും പരിപൂര്‍ണ്ണ സൗഖ്യത്തിനും വിടുതലിനും കാരണമായി മാറും.
കടുത്ത സാത്താന്‍ ആരാധന നടത്തിയ ഡോ. ബാര്‍ട്ടലോ ലോംഗോ തന്റെ തെറ്റ് മനസിലാക്കി അനുതപിച്ച് വിശ്വാസത്തിലേക്കും വിശുദ്ധിയിലേക്കും തിരിച്ചുവന്നത് ഉദാഹരണം. അനേകം സാത്താന്‍ ആരാധകരെ അദ്ദേഹം സഭയിലേക്കും വിശ്വാസത്തിലേക്കും തുടര്‍ന്ന് നയിക്കുകയും ചെയ്തു. ഡോ. ബാര്‍ട്ടലോ ലോംഗോ ഇന്ന് വിശുദ്ധരുടെ ഗണത്തിലാണ്.
1841 ഫെബ്രുവരി പത്തിന് ലാന്‍സിയാനോയിലാണ് ബാര്‍ട്ടലോ ലോംഗോയുടെ ജനനം. യുവാവായിരുന്നപ്പോള്‍ അദ്ദേഹം സാത്താനാരാധകരുടെ കൂടെ ചേര്‍ന്നു. ദൈവമില്ല എന്നു വിശ്വസിച്ച അദ്ദേഹം സാത്താനുണ്ട് എന്നു വിശ്വസിക്കുന്ന മതത്തിലാണ് ചേര്‍ന്നത്. ക്രമേണ സാത്താനെ ആരാധിക്കുന്നവരുടെ ഇടയിലെ മുഖ്യപുരോഹിതനായി. സഭയിലെ പാരമ്പര്യങ്ങളെയും സംവിധാനങ്ങളെയും ഡോ.ബാര്‍ട്ടലോ ലോംഗോ അതിശക്തമായി ആക്രമിക്കുവാന്‍ തുടങ്ങി. വൈദികരേയും സന്യസ്തരേയും കൂദാശകളേയും പരസ്യമായി കുറ്റപ്പെടുത്തി.
അധികം വൈകാതെ അസ്വസ്ഥതയുടെ വിത്തുകള്‍ ബാര്‍ട്ടലോയുടെ ഹൃദയത്തില്‍ മുളച്ചു. താന്‍ ചെയ്ത മന്ത്രവിദ്യകളുടേയും ഗൂഢവിദ്യകളുടേയും അസ്വഭാവികതയും അരോചകത്വവും അദ്ദേഹത്തെ കാര്‍ന്നു തിന്നുവാന്‍ തുടങ്ങി. ബാല്യത്തില്‍ കുടുംബത്തില്‍ നിന്നുയര്‍ന്ന പരിശുദ്ധ ദൈവമാതാവിനോടുളള ഭക്തിയും വിശ്വാസികളായ അനേകരുടെ പ്രാര്‍ത്ഥനകളും നരകസര്‍പ്പത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ടിച്ചുതുടങ്ങി. അദ്ദേഹത്തിന്റെ മനസിന് അഭൗമിക ഈ യുദ്ധത്തിന്റെ ഭാരം താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. നിരാശയുടെയും ദുഃഖത്തിന്റെയും നടുവില്‍ നിന്നപ്പോള്‍ അദ്ദേഹം ഒരു സ്വരം കേട്ടു ദൈവത്തിലേക്ക് തിരിച്ച് പോകുക. സത്യത്തിലേക്ക് യാത്രചെയ്യുക. അങ്ങനെ അദ്ദേഹം ക്രിസ്തുവിലേക്ക് തിരിച്ച് മടങ്ങി. അത് അദ്ദേഹത്തിന് രക്ഷാകവചവുമായി മാറി.
വിശുദ്ധ കുര്‍ബാന കയ്യില്‍ കൊടുക്കുന്ന രീതി പരമാവധി ഒഴിവാക്കുക. നാവില്‍ സ്വീകരിച്ച വിശുദ്ധ കുര്‍ബാന സാത്താന്‍ സേവകര്‍ക്ക് സ്വീകാര്യമല്ലത്രേ. അതുകൊണ്ടു തന്നെ വിശുദ്ധ കുര്‍ബാനയുടെ നാവിലുള്ള സ്വീകരണത്തിന് ദൈവജനത്തെ വൈദികര്‍ പ്രോത്സാഹിപ്പിക്കണം. അപരിചിതരായ വ്യക്തികള്‍ക്ക് വിശുദ്ധ കുര്‍ബാന നല്‍കുമ്പോള്‍ നാവില്‍ സ്വീകരിച്ചു എന്ന് ഉറപ്പ് വരുത്തുക.
വിശുദ്ധ കുര്‍ബാന എന്ന കൂദാശയില്‍ മാത്രമാണ് വരപ്രസാദവും അടയാളവും ഒന്നായിത്തീരുന്നത്. അതിനാല്‍ മറ്റേതൊരു ഭക്താഭ്യാസങ്ങളെക്കാളും പ്രാധാന്യം ജീവിതത്തില്‍ പരിശുദ്ധ കുര്‍ബാനയ്ക്ക് നാം നല്‍കണം.
Leave a Comment
Your email address will not be published. Required fields are marked with *