കാക്കനാട്: കരുണയുടെ കാര്‍മികനും കാവല്‍ക്കാരനുമായ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആകസ്മികമായ വിയോഗം കത്തോലിക്കാസഭയെയും ആഗോളസമൂഹത്തെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണെ ന്ന് സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.
കത്തോലിക്കാസഭയുടെ ചരിത്രത്തില്‍ 1300 വര്‍ഷങ്ങള്‍ക്കു ശേഷമാണ് യൂറോപ്പിനു പുറത്തുനിന്ന് ഒരു മാര്‍പാപ്പ വരുന്നത്. തന്റെ സ്വതസിദ്ധമായ ലാളിത്യവും പാവങ്ങളോടുള്ള കരുതലുംമൂലം പാപ്പ ലോകശ്രദ്ധപിടിച്ചുപറ്റി. എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായി കണ്ടുമുട്ടുന്നവര്‍ക്ക് പ്രത്യാശയുടെ തിരിനാളം പകര്‍ന്നുനല്‍കിയ പരിശുദ്ധപിതാവിന്റെ വേര്‍പാട് വേദന ഉളവാക്കുന്നതാണ്.
ക്രൈസ്തവ വിശ്വാസത്തിന്റെയും അജപാലനനേതൃത്വത്തിന്റെയും ഉന്നതമായ സാക്ഷ്യം നല്‍കി കര്‍ത്താവ് ഒരുക്കിയിരിക്കുന്ന നിത്യസൗഭാഗ്യത്തിലേക്ക് കടന്നുപോയ ഫ്രാന്‍സിസ മാര്‍പാപ്പായെ ദൈവസന്നിധിയില്‍ സമര്‍പ്പിച്ച് പ്രാര്‍ഥിക്കാം.
ഈശോസഭയിലെ അംഗമായ പരിശുദ്ധ പിതാവ് 2013ല്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയായി സ്ഥാനമേറ്റെടുത്തപ്പോള്‍ പാവങ്ങളുടെ വിശുദ്ധനായ അസീസിയിലെ വി. ഫ്രാന്‍സിസിന്റെ പേര് സ്വീകരിച്ചത് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. തുടക്കം മുതലേ വി. ഫ്രാന്‍സിസ് അസീസിയുടെ ചൈതന്യം പേറുന്ന പ്രവര്‍ത്തനങ്ങളായിരുന്നു പരിശുദ്ധ പിതാവ് കാഴ്ചവച്ചത്. മാര്‍പാപ്പയുടെ ഔദ്യോകിക വസതി വേണ്ടെന്നുവെച്ച് ‘സാന്താമാര്‍ത്ത’യിലേക്ക് താമസം മാറിയതും സമൂഹത്തിലെ പാവപ്പെട്ടവരോടും പാര്ശ്വവത്ക്കരിക്കപ്പെട്ടവരോ ടും അഭയാര്‍ത്ഥികളോടും പരിശുദ്ധ പിതാവ് കാണിച്ച കരുതലും ലോകശ്രദ്ധ ആകര്‍ഷിച്ചു.
പൗരസ്ത്യസഭകളോട് പ്രത്യേകമായ സ്‌നേഹവും അടുപ്പവും ഫ്രാന്‍സിസ് മാര്‍പാപ്പ കാത്തുസൂക്ഷിച്ചിരുന്നു. സീറോ മലബാര്‍സഭയ്ക്ക് ഭാരതം മുഴുവനിലും അജപാലനാധികാരം നല്‍കിയതും ഗള്‍ഫ് രാജ്യങ്ങളില്‍ കുടിയേറിപാര്‍ത്ത സീറോ മലബാര്‍ വിശ്വാസികളുടെ അജപാലനശുശ്രൂഷ സീറോമലബാര്‍സഭയെ ഏല്പിക്കാന്‍ സുപ്രധാന നിര്‍ദേശം നല്‍കിയതും പരിശുദ്ധ പിതാവിന്റെ നമ്മുടെ സഭയോടുള്ള കരുത ലിന്റെ ഉദാഹരണങ്ങളാണെന്ന് അനുശോചന സന്ദേശത്തില്‍ മാര്‍ തട്ടില്‍ പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *