ഇടുക്കി: ഇടുക്കി ജില്ലയിലെ നിര്‍മ്മാണ നിരോധന നിയമം പിന്‍വലിക്കണമെന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ആവശ്യപ്പെട്ടു. ജില്ലയിലെ വിവിധ വിഷയങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജന് നല്‍കിയ നിവേദനത്തിലാണ് ആവശ്യം ഉന്നയിച്ചത്.
നിര്‍മ്മാണ നിരോധനം ജനങ്ങള്‍ക്ക് ഒരു ശാപമായി തീര്‍ന്നിരിക്കുകയാണ്. കേരളത്തില്‍ ആകമാനം നിര്‍മ്മാണ നിരോധനം വരുവാന്‍ ഇടവരുത്തും വിധം കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ സ്വീകരിച്ച നിലപാട് തിരുത്തപ്പെടണം. ഈ നിരോധനം അടിയന്തരമായി നീക്കം ചെയ്യുവാന്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം.
ഇടുക്കി ജില്ലയില്‍ നിര്‍മ്മാണ സാമഗ്രികള്‍ ലഭ്യമാകാത്ത സാഹചര്യമാണ് ഉള്ളത്. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടെ ജനങ്ങള്‍ക്ക് വീട് പണിയുന്നതിനുള്ള കല്ല്,മെറ്റല്‍, മണല്‍ തുടങ്ങിയവ ഒന്നും ജില്ലയില്‍ ലഭിക്കുന്നില്ല. അന്യസം സ്ഥാനങ്ങളില്‍ നിന്നും വിദൂര പ്രദേശങ്ങളില്‍ നിന്നും വാങ്ങേണ്ട ഗതികേടിലാണ് ജനങ്ങള്‍. ഇതുമൂലം ജനങ്ങള്‍ക്ക് വലിയ സാമ്പത്തിക നഷ്ടം നേരിടേണ്ടി വരുന്നു. അതിനാല്‍ ജില്ലയില്‍ പ്രാദേശികമായി കല്ല് പൊട്ടിച്ചെടുക്കുന്നതിനും പുഴമണല്‍ വാരുന്നതിനും നദികളിലും ഡാമുകളിലും അടിഞ്ഞു കൂടിയിരിക്കുന്ന മണല്‍ ഉപയോഗിക്കുന്നതിനും ജനങ്ങള്‍ക്ക് അവസരം ഒരുക്കണം.
ജില്ലയില്‍ വര്‍ധിച്ചുവരുന്ന വന്യമൃഗ ആക്രമണം തടയുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണം. കൃഷിഭൂമിയില്‍ ഇറങ്ങുന്ന കാട്ടുപന്നി, കുരങ്ങ്, കുറുക്കന്‍,മയില്‍ തുടങ്ങിയ ക്ഷുദ്രജീവികളെ നേരിടുന്നതിന് കര്‍ഷകര്‍ക്ക് അനുമതി നല്‍കണം. 2023ല്‍ നിയമസഭ പാസാക്കിയ കേരള ലാന്‍ഡ് അസൈന്‍മെന്റ് (അമെന്‍ഡ്‌മെന്റ്) ആക്ടിന്റെ ചട്ടങ്ങള്‍ ഇതുവരെ നിര്‍മ്മിച്ചിട്ടില്ല. ഈ ചട്ടങ്ങള്‍ എത്രയും വേഗം നിര്‍മ്മിച്ച് ജില്ലയിലെ ഭൂപ്രശനങ്ങള്‍ ശാശ്വതമായി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലയുടെ ആവശ്യങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഭൂപ്രശ്‌നങ്ങള്‍ക്ക് എത്രയും വേഗം നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി. രൂപതാ വികാരി ജനറാള്‍ മോണ്‍. ജോസ് കരിവേലിക്കല്‍, ഫാ. ജിന്‍സ് കാരയ്ക്കാട്ട്, ഫാ. ജോര്‍ജ് തകിടിയേല്‍, ജോര്‍ജ് കോയിക്കല്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *