കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയിലെ പഴയിടം ഗ്രാമത്തിലേക്ക് വികസനവെളിച്ചം എത്തിക്കുന്നതിന് മുമ്പില്‍നിന്നു പ്രവര്‍ത്തിച്ച സിസ്റ്റര്‍ ജോസഫാമ്മ എസ്.എച്ച് നിത്യസമ്മാനത്തിനായി യാത്രയായി. പഴയിടം തിരുഹൃദയമഠത്തില്‍ 47 വര്‍ഷം സേവനം ചെയ്ത് സിസ്റ്റര്‍ പഴയിടംകാരുടെ അമ്മയും സഹോദരിയുമായിരുന്നു.
കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായപ്പോള്‍ വായ്പൂരില്‍ നിന്നാണ് സിസ്റ്റര്‍ ജോസഫാമ്മ പഴയിടത്തേക്കു വന്നത്. പാലാ രൂപതയിലെ ചേന്നാടുകാരി കാക്കല്ലില്‍ സിസ്റ്റര്‍ ജോസഫാമ്മ അങ്ങനെ പഴയിടംകാരിയായി മാറി. പഴയിടത്ത് ഒരു ചെക്ക് ഡാം നിര്‍മിക്കാര്‍ മുന്നിട്ടിറങ്ങിയത് സിസ്റ്ററായിരുന്നു. ചെക്ക് ഡാം നിര്‍മാണം നേരില്‍ കാണാന്‍ പൊരിവെയില്‍ വകവയ്ക്കാതെ മണിമലയാറിന്റെ തീരത്ത് ജോസഫാമ്മയുടെ സാന്നിധ്യമു ണ്ടായിരുന്നു. പഴയിടത്തെ പല ഗ്രാമീണ റോഡുകളുടെയും കലുങ്കുകളുടെയുമൊക്കെ നിര്‍മാണത്തിനും സിസ്റ്ററിന്റെ ഇടപെടലുകള്‍ നിമിത്തമായി.
35 വര്‍ഷം പഴയിടം ഇടവകയില്‍ യുവദീപ്തി ആനിമേറ്ററായിരുന്നു. സീറോ മലബാര്‍ സഭയില്‍ യുവദീപ്തി ആനിമേറ്ററായി ഏറ്റവുമധികാലം സേവനം ചെയ്തതും സിസ്റ്റര്‍ ജോസഫാമ്മയാണ്. രണ്ടു തലമുറയിലെ യുവതീയുവാക്കളെ യുവദീപ്തിയുടെ കൊടിക്കീഴില്‍ അണിനിരത്തി സഭാത്മകമായ പരിശീലനം നല്‍കി. ആത്മീയതയ്ക്കൊപ്പം യുവത സാമൂഹിക തലത്തിലും സഹകാരികളാവണമെന്ന കാഴ്ചപ്പാടായിരുന്നു ആ വലിയ മനസില്‍.
റോഡ്, വീട് ഉള്‍പ്പെടെ വിവിധ സംരംഭങ്ങളില്‍ ജോസഫാമ്മ യുവജനങ്ങളെ നയിച്ചു. യുവദീപ്തിയുടെ നേതൃത്വത്തില്‍ വീടുകള്‍ പണിതു നല്‍കി. പല വീടുകള്‍ക്കും അറ്റകുറ്റപ്പണി നടത്തി. രൂപതാ യുവദീപ്തി വര്‍ക്ക് ക്യാമ്പുകളില്‍ കുട്ടയില്‍ കല്ലും മണ്ണും ചുമക്കാനും സിസ്റ്റര്‍ ജോസഫാമ്മ ഉണ്ടായിരുന്നു.
വനിതകള്‍ക്ക് വീടുപോറ്റാനും സ്വയംപര്യാപ്തരാകാനും ജോലിയും വരുമാനവും വേണമെന്ന തിരിച്ചറിവില്‍ സിസ്റ്റര്‍ പഴയിടത്ത് തുടങ്ങിയ സഹൃദയ ടെയ്ലറിംഗ് സ്‌കൂളിലെ ടെയ്ലറിംഗ് കോഴ്സിന് സര്‍ക്കാര്‍ അംഗീകാരവും കിട്ടി.
മൂന്നു പതിറ്റാണ്ടിനുള്ളില്‍ പല നാടുകളില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ ജോസഫാമ്മയോടൊപ്പം തയ്യലും എംബ്രോയി ഡറിയും പഠിച്ച് സ്വയം തൊഴില്‍കണ്ടെത്തി.
ജാതിമതഭേമന്യേ നാട്ടിലെ പാവങ്ങളുടെയും വേദനിക്കു ന്നവരുടെയും അടുത്തേക്ക് സാന്ത്വനവുമായി സിസ്റ്റര്‍ കടന്നുചെന്നു. സിസ്റ്ററിന്റെ ആഗ്രഹംപോലെ പഴയിടം സെന്റ് മൈക്കിള്‍സ് ദൈവാലയ സെമിത്തേരിയിലാണ് സംസ്‌കാരം.
പഴയിടത്ത് ജോസഫാമ്മ അറിയാത്തവരും ജോസഫാമ്മയെ അറിയാത്തവരുമായി ആരും ഉണ്ടാവില്ല. ആ സാന്നിധ്യം അനേകര്‍ക്ക് ആശ്വാസമായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *