Follow Us On

15

May

2025

Thursday

കടുത്ത പട്ടിണിയില്‍ കോംഗോയിലെ ബുകാവ് നഗരം; സഹായമഭ്യര്‍ഥിച്ച് മിഷനറിമാര്‍

കടുത്ത പട്ടിണിയില്‍ കോംഗോയിലെ ബുകാവ് നഗരം; സഹായമഭ്യര്‍ഥിച്ച് മിഷനറിമാര്‍

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ സൗത്ത് കിവു പ്രവിശ്യയുടെ തലസ്ഥാനമായ ബുകാവ് കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണെന്ന് പൊന്തിഫിക്കല്‍ വാര്‍ത്താ ഏജന്‍സിയായ ഫിഡെസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെബ്രുവരി 16-ന് M23 മിലിഷാ ബുകാവ് പിടിച്ചെടുത്തതോടെയാണ് നഗരം ദുരിതത്തിലേക്ക് ചായുന്നതെന്ന് പ്രാദേശികമിഷനറിമാര്‍ പറയുന്നു.

പട്ടിണിയിലേക്കും അവഗണനയിലേക്കും ഒരു നാടു മുഴുവന്‍  തള്ളപ്പെട്ടിരിക്കുന്ന ഈ സമയത്ത് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുകയും അടിസ്ഥാന സേവനങ്ങള്‍ തകരാറിലാകുകയും ചെയ്യുന്നു. കടുത്ത വെള്ളപ്പൊക്കത്തിന്റെ അനന്തരഫലങ്ങളും ഈ മേഖല നേരിടുന്നുവെന്ന് ദി അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

M23-യുടെ നിയന്ത്രണത്തിലുള്ള ബുകാവുവില്‍ ബാങ്കുകളും സ്‌കൂളുകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. കൂടാതെ, പ്രാദേശിക വ്യാപാരികള്‍ക്കുമേല്‍ പുതിയ നികുതി ചുമത്തിയതിനാല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. നിരന്തരമായ ഷെല്ലാക്രമണത്തില്‍ ആഴ്ചകളായി അവര്‍ അനുഭവിക്കുന്ന ആഘാതം പോരാ എന്ന മട്ടില്‍ സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെടുന്ന കുട്ടികളാണ് ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്നത്.

ഇതുവരെ പുറത്തുവന്ന കണക്കുകള്‍ പ്രകാരം 850,000 ലേറെ ആളുകള്‍ അവരുടെ വീടുകളില്‍ നിന്ന് കുടിയിറക്കപ്പെട്ടു, അതില്‍ ഭൂരിഭാഗവും കുട്ടികളാണ്. UNICEF ന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ജനുവരി മുതല്‍ കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ 150% വര്‍ദ്ധിച്ചിട്ടുണ്ട്.

പരിസ്ഥിതി ദുരന്തങ്ങളും തുടരുന്ന സംഘര്‍ഷവും സഹായപ്രവര്‍ത്തനങ്ങളെയും ബുദ്ധിമുട്ടിലാഴ്ത്തുന്നു. ഇവിടുത്തെ ജനങ്ങള്‍ പലപ്പോഴും ഭീകരമായ അക്രമണങ്ങള്‍ക്കു സാക്ഷികളാണെന്ന് മിഷനറിമാര്‍ പറയുന്നു. ”എന്നിരുന്നാലും, ആളുകള്‍ പള്ളികളില്‍ നിറയുന്നു, അവര്‍ ഈ കൊടിയ ദുരിതത്തിലും ദൈവത്തെ മുറുകെപ്പിടിക്കുന്നു.” ഒരു മിഷന്‍  പ്രവര്‍ത്തകന്‍ പറയുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?