നോക്ക്/ അയര്‍ലണ്ട്: കോര്‍പ്പസ് ക്രിസ്റ്റി തിരുനാളില്‍ നോക്ക് ബസിലിക്കയില്‍ നടന്ന ചടങ്ങില്‍ അയര്‍ലണ്ടിനെ യേശുവിന്റെ തിരുഹൃദയത്തിന് പുനഃപ്രതിഷ്ഠിച്ചു. അയര്‍ലണ്ട് സഭയുടെ തലവനും അര്‍മാഗിലെ ആര്‍ച്ചുബിഷപ്പുമായ ഈമോണ്‍ മാര്ട്ടിന് തിരുക്കര്‍മങ്ങള്‍ക്ക് നേതൃത്വം നല്കി.
യേശുവിന്റെ തിരുഹൃദയത്തിനുള്ള രാജ്യത്തിന്റെ പുനഃപ്രതിഷ്ഠയില്‍ നിന്ന് പ്രചോദനവും ധൈര്യവും കണ്ടെത്താന്‍ ആര്‍ച്ചുബിഷപ് വിശ്വാസികളെ ക്ഷണിച്ചു. ‘ഭയപ്പെടേണ്ട, ഈ പുനഃപ്രതിഷ്ഠ നിങ്ങള്‍ക്ക് ഒരു പുതിയ ഹൃദയം നല്‍കും. നമ്മുടെ അസ്വസ്ഥമായ ലോകത്തിന് പുതുഹൃദയം നല്കാന് കഴിയുന്ന സ്നേഹത്തിന്റെ ഒരു ഹൃദയം,’ ആര്‍ച്ചുബിഷപ് മാര്ട്ടിന് പറഞ്ഞു. പ്രതിഷ്ഠയ്ക്ക് മുന്നോടിയായി, ആര്‍ച്ചുബിഷപ് മാര്ട്ടിന് ലിയോ പതിനാലാമന്‍ പാപ്പയുടെ പ്രത്യേക അപ്പസ്തോലിക ആശിര്‍വാദവും ലഭിച്ചിരുന്നു.
150 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1873-ലാണ് അയര്‍ലണ്ടിനെ ഇതിന് മുമ്പ് അവസാനമായി തിരുഹൃദയത്തിന് സമര്‍പ്പിച്ചത്. ആ തിരുഹൃദയപ്രതിഷ്ഠ കുടുംബങ്ങളിലും വിശ്വാസികളിലും തിരുഹൃദയഭക്തി വളരുവാന്‍ കാരണമായി. അയര്‍ലണ്ടിന്റെ ചരിത്രപ്രസിദ്ധമായ നാല് പ്രവിശ്യകളുടെ പ്രതീകമായി വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആശീര്‍വദിച്ച നാല് തീര്‍ത്ഥാടക തിരുഹൃദയ തിരുസ്വരൂപങ്ങള്‍ തിരുഹൃദയപ്രതിഷ്ഠ നടത്തിയ ദിവ്യബലിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സമര്‍പ്പണത്തിന് മുന്നോടിയായി, അയര്‍ലണ്ടിലെമ്പാടുമുള്ള ഇടവകകളിലേക്ക് തിരുസ്വരൂപങ്ങളുടെ തീര്‍ത്ഥാടനം നടത്തി.
സമര്‍പ്പണ ദിവ്യബലിക്ക് മുമ്പ്, നോക്ക് ദൈവാലയത്തിന്റെ റെക്ടറും ഇടവക വികാരിയുമായ ഫാ. റിച്ചാര്‍ഡ് ഗിബ്ബണ്‍സ്, സെന്റ് ക്ലോഡ് ലാ കൊളംബിയേറിലെ സെന്റ് മാര്‍ഗരറ്റ് മേരി അലക്കോക്കിന്റെയും ദിവ്യഹൃദയത്തിലെ വാഴ്ത്തപ്പെട്ട മറിയത്തിന്റെയും തിരുശേഷിപ്പുകള്‍ ബസിലിക്കയിലേക്ക് സ്വീകരിച്ചു. നോക്കിലെ തിരുഹൃദയ പുനഃപ്രതിഷ്ഠാ നടക്കുന്നത് 1675-ല്‍ കര്‍ത്താവ് വിശുദ്ധ മാര്‍ഗരറ്റ് മേരിക്ക് പ്രത്യക്ഷപ്പെട്ടതിന്റെ 350 ാം വാര്‍ഷികത്തിലാണെന്ന പ്രത്യേകതയുമുണ്ട്. വിശുദ്ധ മാര്‍ഗരറ്റ് മേരിക്ക് യേശു പ്രത്യക്ഷപ്പെട്ടപ്പോള്‍ നല്കിയ വാഗ്ദാനങ്ങളിലൊന്ന്, തിരുഹൃദയത്തിന്റെ ചിത്രം സ്ഥാപിക്കുന്ന ഭവനങ്ങള്‍ അനുഗ്രഹിക്കപ്പെടുമെന്നതാണ്. അയര്‍ലണ്ടില്‍ പതിറ്റാണ്ടുകളായി മിക്കവാറും എല്ലാ കത്തോലിക്കാ ഭവനങ്ങളിലും ഒരു സേക്രഡ് ഹാര്‍ട്ട് ചിത്രം ഉണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *