ഇംഫാല്‍: പ്രതിസന്ധികളെ തോല്പിച്ച് മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍നിന്നും ഡോക്ടര്‍മാരാകാനൊരുങ്ങുകയാണ് രണ്ട് പെണ്‍കുട്ടികള്‍. മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) പാസായി.
മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ജില്ലയിലെ സോങ്പിക്കടുത്തുള്ള നാഗലോയ് ദുരിതാശ്വാസ ക്യാമ്പില്‍ നിന്നുള്ള നാംനൈഹിങ് ഹാവോകിപ്, ഹാറ്റ് നൈനെങ് എന്നിവരാണ് നീറ്റ് വിജയിച്ചത്.
”ദുരിതാശ്വാസ ക്യാമ്പിലെ ജീവിതം വളരെ കഠിനവും വെല്ലുവിളികള്‍ നിറഞ്ഞതുമാണ്. അതിനാല്‍ ചെറുപ്പം മുതലുള്ള ആഗ്രഹം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായിരുന്നു. ആ സമയത്താണ് നാഷണല്‍ ഇന്റഗ്രിറ്റി ആന്‍ഡ് എഡ്യൂക്കേഷണല്‍ ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ പ്രവേശന പരീക്ഷ നടത്തുന്ന വിവരം അറിഞ്ഞത്. വിജയിക്കുന്നവര്‍ക്ക് സൗജന്യ നീറ്റ് പരിശീലനം ലഭിക്കുമായിരുന്നു.” നീറ്റ് വിജയത്തിലേക്ക് നയിച്ച വഴികളെക്കുറിച്ച് നാംനൈഹിങ് പറയുന്നു.
മണിപ്പൂര്‍ കലാപത്തില്‍ തകര്‍ക്കപ്പെട്ട എല്‍ തിങ്ഗാങ്‌ഫെയി ഗ്രാമത്തില്‍നിന്നും പലായനം ചെയ്യുകയായിരുന്നു മാതാപിതാക്കളും ഏഴ് മക്കളുമുള്ള ആ കുടുംബം. അക്രമികള്‍ അവരുടെ വീടും തീവച്ച് നശിപ്പിച്ചിരുന്നു.
നീറ്റ് പരീക്ഷാഫലം അറിഞ്ഞപ്പോള്‍ ദുരിതാശ്വാസ ക്യാമ്പില്‍ ഉത്സവപ്രതീതിയായിരുന്നു. ഇംഫാല്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (ജെഎന്‍ഐ എംഎസ്) പ്രവേശനം ലഭിച്ചെങ്കിലും ഗുവാഹത്തി മെഡിക്കല്‍ കോളജിലേക്ക് മാറാനാണ് ശ്രമിക്കുന്നത്.
ഓഗസ്റ്റ് 20-ന്, മണിപ്പൂര്‍ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല ചുരാചന്ദ്പൂരിര്‍ സന്ദര്‍ശിച്ചപ്പോള്‍ രണ്ട് പെണ്‍കുട്ടികളെയും ആദരിച്ചിരുന്നു.
സ്ഥിരോത്സാഹവും ദൃഢനിശ്ചയവും ഉണ്ടെങ്കില്‍ ഏതു പ്രതിസന്ധികളെയും അതിജീവിക്കാനാകുമെന്നാണ് ഈ പെണ്‍കുട്ടികള്‍ തെളിയിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *