Follow Us On

10

January

2026

Saturday

സര്‍ക്കാര്‍ മാനേജ്‌മെന്റുകളെയും അധ്യാപകരെയും വഞ്ചിക്കുകയാണെന്ന് കെ സിബിസി എഡ്യൂക്കേഷന്‍ കമ്മീഷന്‍

സര്‍ക്കാര്‍ മാനേജ്‌മെന്റുകളെയും അധ്യാപകരെയും വഞ്ചിക്കുകയാണെന്ന് കെ സിബിസി എഡ്യൂക്കേഷന്‍ കമ്മീഷന്‍
കൊച്ചി: മാനേജ്‌മെന്റുകളെയും അധ്യാപകരെയും സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്ന് കെസിബിസി എഡ്യൂക്കേഷന്‍ കമ്മീഷന്‍. ഭിന്നശേഷി സംവരണ വിഷയത്തില്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും സഭാ അധ്യക്ഷര്‍ക്കും അധ്യാപകര്‍ക്കും നല്‍കിയത്  കുറുപ്പിന്റെ ഉറപ്പ് മാത്രമായിരുന്നു എന്ന് കരുതേണ്ട സാഹ ചര്യമാണ് നിലവിലുള്ളതെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.
നിയമനാംഗീകാരം തടയപ്പെട്ട പതിനാറായിരത്തോളം അധ്യാപകരുടെ നിയമനക്കുരുക്ക് അഴിക്കുന്നതിന് നടന്ന പ്രതിഷേധങ്ങളില്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍, മുഖ്യമന്ത്രിയും വിദ്യാ ഭ്യാസമന്ത്രിയും വിദ്യാഭ്യാസ വകുപ്പും തന്ത്രപൂര്‍വ്വം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
 സുപ്രീം കോടതി എന്‍എസ്എസിന് നല്‍കിയ ഉത്തരവില്‍ പറയുന്ന പ്രകാരം ഭിന്നശേഷി തസ്തികകള്‍ ഒഴിച്ചിട്ടിട്ടുള്ള, സമാന സ്വഭാവമുള്ള സൊസൈറ്റികള്‍ക്കും ഏജന്‍സികള്‍ക്കും, നിയമനാംഗീകാരം നല്‍കാനുതകുന്ന സര്‍ക്കാര്‍ ഉത്തരവ്  പുറപ്പെ ടുവിക്കുന്നതിന് പകരം, നീണ്ട കോടതി വ്യവഹാരങ്ങളിലേക്ക് ഈ പ്രശ്‌നത്തെ വീണ്ടും വലിച്ചിഴച്ചത് ഉദ്ദേശശുദ്ധിയോടെ ആണെന്ന് കരുതാനാവില്ല.
കേരളത്തിലെ 32 കത്തോലിക്കാ രൂപതകളിലെ  അധ്യാപകരും, സര്‍ക്കാരിന്റെ നീതി നിഷേധത്തില്‍ ബുദ്ധിമുട്ടുന്ന മറ്റ് സമാന സ്വഭാവമുള്ള സംഘടനകളുമായി ഒരുമിച്ച് വീണ്ടും ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി.
പൊതുവിദ്യാഭ്യാസത്തെ ദുര്‍ബലപ്പെടുത്തുന്ന ഈ വിഷയത്തില്‍ മുഖ്യമന്ത്രിയും വിദ്യഭ്യാസമന്ത്രിയും അടിയന്തിരമായി ഇടപെട്ട് പരിഹാരമുണ്ടാക്കണം. ഇല്ലെങ്കില്‍ അടുത്ത തലമുറയെ വാര്‍ത്തെടുക്കുന്ന അധ്യാപകര്‍ നീതി നിഷേധത്തിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും, നീതി നടപ്പാക്കാത്ത ഭരണാധികാരികളെ താഴെയിറക്കാന്‍ നീതി നിഷേധിക്കപ്പെട്ട അധ്യാപകര്‍ കെല്‍പ്പുള്ളവരാണെന്നുള്ള കാര്യം എല്ലാവരെയും  ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു എന്നും പ്രസ്താവനയില്‍ പറയുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?