Follow Us On

13

October

2024

Sunday

ജപമാല’യും മരിയൻ വിജ്ഞാനീയവും

ജപമാലയുടെ ഉത്ഭവത്തെയും വളർച്ചയെയും പറ്റി അറിവു നൽകുന്നതോടൊപ്പം ജപമാല ചൊല്ലി മറിയത്തിന്റെ മാദ്ധ്യസ്ഥ്യം അപേക്ഷിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഗ്രന്ഥമാണ് ഫാ. സെബാസ്റ്റ്യൻ കിഴക്കെയിലിന്റെ ‘ജപമാല’യും മരിയൻ വിജ്ഞാനീയവും.’ മാതാവായ മറിയത്തിന്റെ സംരക്ഷണം നമുക്കു ലഭിക്കുന്നതിനും തിന്മയുടെ ശക്തികളിൽനിന്ന് നമ്മെ പരിരക്ഷിക്കുന്നതിനും, പാപത്തിന്റെ വഴികളിൽ സഞ്ചരിക്കാൻ ഇടയാകാതിരിക്കുന്നതിനും നാം ഏറെ താൽപ്പര്യത്തോടെയും ആഴമുള്ള വിശ്വാസത്തോടെയും ജപമാല ചൊല്ലി പ്രാർത്ഥിക്കണമെന്ന് ഗ്രന്ഥം ഉദ്‌ബോധിപ്പിക്കുന്നു. ജപമാലയുടെ പിന്നിലെ രഹസ്യങ്ങൾ മനസ്സിലാക്കാൻ താൽപ്പര്യപ്പെടുന്നവർക്കും പ്രത്യകിച്ച് യുവമനസ്സുകൾക്ക് ഏറെ സഹായകരമാകുന്ന ഈ ഗ്രന്ഥം ക്രൈസ്തവരുടെ ആത്മീയയാത്രയിൽ ഒരു മാർഗദീപമായിരിക്കും.
എന്താണ് ജപമാല?
സുവിശേഷങ്ങളുടെ സംക്ഷിപ്തരൂപമായ ജപമാല ഏറ്റവും മനോഹരവും ധ്യാനാത്മകവുമായ പ്രാർത്ഥനയാണ്. കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളായി നിരവധി വിശുദ്ധർ വലിയ താൽപ്പര്യത്തോടെയും മരിയഭക്തിയോടെയും ധ്യാനാത്മകമായി ദിവസേന ചൊല്ലിയിരുന്ന പ്രാർത്ഥനയാണ് ജപമാലയെന്ന് ഗ്രന്ഥം വ്യക്തമാക്കുന്നു. ക്രൈസ്തവരുടെ ആത്മീയയാത്രയിൽ വിശുദ്ധിയുടെ ഫലങ്ങൾ പുറപ്പെടുവിക്കാൻ ഏറെ സഹായിക്കുന്ന ധ്യാനവും പ്രാർത്ഥനയുമായ ജപമാല നമ്മെ ഓരോരുത്തരേയും, പ്രത്യേകിച്ച് നമ്മുടെ കുഞ്ഞുങ്ങളേയും മറിയത്തിന്റെ സംരക്ഷണയ്ക്കു സമർപ്പിക്കുന്ന പ്രാർത്ഥനയാണ് കൂടിയാണെന്ന് വ്യക്തമാക്കുന്നു. ലോകരക്ഷകനായ ഈശോ മനുഷ്യകുലത്തിന് നേടിക്കൊടുത്ത രക്ഷയുടെ ഫലം സ്വായത്തമാക്കാൻ നമ്മെ അനുദിനം സഹായിക്കുന്ന പ്രാർത്ഥനയാണ് ഇത്. നമ്മെ ദൈവവുമായി ബന്ധപ്പെടുത്തുന്ന മധുരമാലയാണ് ജപമാല. ഒരു സമാധാന പ്രാർത്ഥനയായ ജപമാല ജപിക്കുന്നത് ലോകത്തിലും സമൂഹത്തിലും കുടുംബങ്ങളിലും വ്യക്തികളിലും സമാധാനം ഉണ്ടാകാനും അതു നിലനിർത്താനും വേണ്ടിയാണെന്നും ക്രൈസ്തവരുടെ കുടുംബപ്രാർത്ഥനയാണ് ജപമാലയെന്നും ഗ്രന്ഥം വ്യക്തമാക്കുന്നു. ഈ പ്രാർത്ഥന ചൊല്ലുന്നതുവഴി നാം ഈശോയെ പ്രഘോഷിക്കുകയാണ് ചെയ്യുന്നത്. കുടുംബങ്ങളിലോ സമൂഹങ്ങളിലോ നാം ഒരുമിച്ചുചേർന്ന് ജപമാല ചൊല്ലുമ്പോൾ നമ്മുടെ ക്രിസ്തുപ്രഘോഷണം കൂടുതൽ ഫലവത്താകുന്നു. എപ്പോഴും എവിടെയും ചൊല്ലാവുന്ന ഒരു പ്രാർത്ഥനയാണ് ജപമാല എന്നതിനാൽ നിരന്തരമുള്ള സുവിശേഷ പ്രഘോഷണത്തിന് ഏറ്റവും പ്രയോജനകരമാണ് ജപമാലയെന്നും ഗ്രന്ഥകാരൻ വ്യക്തമാക്കുന്നു. ദുഷ്ടശക്തികൾ എന്നും
മനുഷ്യനെ ശല്യപ്പെടുത്തിയിരുന്നു. പ്രലോഭനങ്ങളുടെ രൂപത്തിലും വെല്ലുവിളികളായും രോഗങ്ങളായുമെല്ലാം ദുഷ്ടശക്തികളുടെ സ്വാധീനം നമ്മുടെമേൽ ഉണ്ടാകാം. ഇത്തരം ശക്തികളെ ചെറുക്കാൻ വ്യക്തിപരമായി നമുക്കു ചെയ്യാവുന്ന ഏറ്റവും എളുപ്പമുള്ള ഒന്നാണ് ജപമാല. വൈദികർക്കും സന്യസ്തർക്കും ഏകസ്ഥർക്കും ജപമാല ഏറ്റവും പ്രയോജനകരമാണ്. തങ്ങളുടെ ദൈവവിളിയിൽ വിശ്വസ്തതയോടെ നിലനിൽക്കാനും തങ്ങളുടെ കടമകൾ ഉത്സാഹത്തോടെ ചെയ്യാനും പ്രസന്നതയോടെ അനുദിനജീവിതം നയിക്കാനും മറ്റുള്ളവർക്ക് വഴികാട്ടികളാകാനും ജപമാല അവരെ സഹായിക്കും. പാപത്തിന്റെ വഴികളിൽനിന്ന് അകന്നിരിക്കാനും പുണ്യത്തിൽ വളരാനും പ്രലോഭനങ്ങളിൽ വീഴാതിരിക്കാനും ജപമാല സഹായകമാകുമെന്ന് ഗ്രന്ഥം സമർത്ഥിക്കുന്നു.
ജപമാല ചരിത്രത്തിലൂടെ
ജപമാലയുടെ ആരംഭത്തെക്കുറിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ നിലവിലുണ്ട്. ഈ മരിയഭക്തിയുടെ ഉത്ഭവം ചരിത്രരേഖകളുടെ പിൻബലത്തോടു കൂടെ വിശദീകരിക്കുക സാധ്യമാണെന്നു തോന്നുന്നില്ലെന്നും ഗ്രന്ഥകാരൻ അഭിപ്രായപ്പെടുന്നു. ജപമാലയെ സംബന്ധിച്ച് കത്തോലിക്കാ സഭയിലുള്ള ഏറ്റവും ആദ്യത്തെ ഔദ്യോഗികരേഖ 1569ൽ പിയൂസ് അഞ്ചാമൻ പാപ്പ പുറപ്പെടുവിച്ച “Consueverunt  Romani Pontifices’ എന്ന പേപ്പൽ ബൂളയാണ്. അതുവഴിയാണ് ജപമാലഭക്തി കത്തോലിക്കാസഭയിൽ ഔദ്യോഗികമായി ആരംഭിച്ചത്. അതിനുശേഷം നിരവധി പാപ്പമാർ ജപമാലയെയും മരിയഭക്തിയെയുംപ്പറ്റി ചാക്രികലേഖനങ്ങളും അപ്പസ്‌തോലികപ്രബോധനങ്ങളും ബൂളകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജപമാലയെ സംബന്ധിച്ച് കത്തോലിക്കാ സഭയിലെ ഏറ്റവും അവസാ നത്തെ ഔദ്യോഗിക രേഖ 2002ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പ്രസിദ്ധീകരിച്ച ‘ഞീമെൃശൗാ ഢശൃഴശിശ െങമൃശമല’ എന്ന അപ്പസ്‌തോലിക ലേഖനമാണ്.
വിശുദ്ധി തേടി താപസജീവിതം നയിച്ചിരുന്ന പലർക്കും ശിഷ്യന്മാരുണ്ടായി. അവരുടെ എണ്ണം കൂടിയപ്പോൾ ഒറ്റയ്ക്കുള്ള ജീവിതരീതി അവസാനിപ്പിച്ച് സമൂഹജീവിതരീതിയിലേക്ക് മാറേണ്ടതായിവന്നു. അപ്പോൾ അതിനായി സമൂഹജീവിതചട്ടങ്ങൾക്കും നിയമാവലികൾക്കും രൂപംകൊടുത്തു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് സമൂഹപ്രാർത്ഥനയായിരുന്നു. ധാരാളം സമയം പ്രാർത്ഥനയിൽ ചെലവഴിച്ചിരുന്നതുകൊണ്ട് അവർ ഒരുമിച്ച് 150 സങ്കീർത്തനങ്ങൾ ഉച്ചത്തിൽ ചൊല്ലിയിരുന്നു. 150 സങ്കീർത്തനങ്ങൾ എണ്ണം തെറ്റാതെ ചൊല്ലാനായി സന്യാസിമാർ സഞ്ചിയിൽ ചെറിയ കല്ലുകൾ സൂക്ഷിച്ചിരുന്നു. ഈ രീതി അത്മായരും സ്വീകരിക്കുകയും ഓരോ പ്രാവശ്യം ‘സ്വർഗസ്ഥനായ പിതാവേ’ ചൊല്ലുമ്പോൾ ഓരോ കല്ലു മാറ്റിവെക്കുകയും ചെയ്യുമായിരുന്നു.
ജപമാലയുടെ ആദ്യരൂപങ്ങളായിരുന്നു സങ്കീർത്തനമാലയും പാത്തർ നോസ്തർ മാലയും എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. പ്രാർത്ഥനാസഹായിയായി കൊന്തപോലുള്ള മാലകൾ ആദ്യം ഉപയോഗിച്ചിരുന്നത് ഭാരതത്തിലെ ഹൈന്ദവരും ബുദ്ധമതക്കാരുമായിരുന്നുവെന്നാണ് പണ്ഡിതർ കരുതുന്നത്. യഹൂദമതത്തിൽ അങ്ങനെയൊരു സംസ്‌ക്കാരം ഇല്ലായിരുന്നു. ബി.സി. മൂന്നാം നൂറ്റാണ്ടു മുതലെങ്കിലും ഹൈന്ദവരും ബുദ്ധമതക്കാരും പ്രാർത്ഥനാമാലകൾ ഉപയോഗിച്ചിരുന്നതായി കണക്കാക്കപ്പെടുന്നു. ക്രിസ്തുമതത്തിൽ ഈ സംസ്‌ക്കാരം തുടങ്ങിയത് ഏ.ഡി. മൂന്നാം നൂറ്റാണ്ടിലാണ്. കല്ലുകൾക്ക് പകരം ചിലർ കമ്പുകൾ എണ്ണാനായി ഉപയോഗിക്കാൻ തുടങ്ങി. ചില സ്ഥലങ്ങളിൽ മരക്കഷണങ്ങളിൽ 50 അടയാളങ്ങൾ കൊത്തി അതാണ് എണ്ണാനായി ഉപയോഗിച്ചത്.
എട്ടാം നൂറ്റാണ്ടോടു കൂടി ഈ രീതീയിൽ പരിഷ്‌ക്കാരമുണ്ടായി. ചെറിയ കല്ലുകൾക്കു പകരം നീളമുള്ള വള്ളിയിൽ കെട്ടുകളിട്ട് ആ ഓരോ കെട്ടും എണ്ണം തിട്ടപ്പെടുത്താനായി ഉപയോഗിച്ചു തുടങ്ങി. അത് യഥാർത്ഥത്തിൽ ആശ്രമങ്ങളിലെ ഒരു വലിയ പരിഷ്‌ക്കാരം തന്നെയായിരുന്നു. വള്ളിയിൽ എത്രയെണ്ണം തിട്ടപ്പെടുത്തണമോ അത്രയും കെട്ടുകളിട്ട ശേഷം അതിന്റെ രണ്ടറ്റവും കൂട്ടിക്കെട്ടിയപ്പോൾ അത് ഒരു മാലപോലെയായിത്തീർന്നു. കാലക്രമേണ അതു പരിഷ്‌കരിച്ചാണ് ഒരു ചരടിൽ 50 കെട്ടുകളിട്ട് സങ്കീർത്തനമാലയും പാത്തർ നോസ്തർ മാലയും ഉണ്ടാക്കാൻ തുടങ്ങിയത്. അതായിരുന്നു ഇന്നു നാം ഉപയോഗിക്കുന്ന കൊന്തയുടെ ആദ്യ രൂപമെന്ന് ഗ്രന്ഥകാരൻ വ്യക്തമാക്കുന്നു.
കാലക്രമേണ വിലകൂടിയ മുത്തുകൾ കൊണ്ടും മനോഹരമായ മറ്റു മണികൾ കോർത്തും ചരടുമാലകൾ അഥവാ കൊന്തകൾ ഉണ്ടാക്കാൻ തുടങ്ങി. അവയുടെ അറ്റത്ത് ഒരു ചെറിയ കുരിശുരൂപവും സ്ഥാപിച്ചു. ഇതു വളർച്ച പ്രാപിച്ചാണ് ഇന്ന് നിലവിലുള്ള വിവിധ തരം കൊന്തകൾ ഉണ്ടായതെന്ന് ഗ്രന്ഥം വിശദീകരിക്കുന്നു.
മറിയം പുതിയനിയമത്തിൽ
പുതിയനിയമത്തിൽ മുഴുവൻ നിറഞ്ഞുനിൽക്കുന്ന ഒരു വ്യക്തിയല്ല മറിയം. നാലു സുവിശേഷങ്ങളിലും ശ്ലീഹന്മാരുടെ നടപടി പുസ്തകത്തിലുമാണ് മറിയത്തെക്കുറിച്ചുള്ള വ്യക്തമായ പരാമർശമുള്ളതെന്നും ഗ്രന്ഥകാരൻ സമർത്ഥിക്കുന്നു. എന്നാൽ പഴയനിയമത്തിൽവരെ മറിയത്തെക്കുറിച്ചുള്ള പരാമർശങ്ങൾ ചൂണ്ടിക്കാട്ടുന്നവരുണ്ട്. മിശിഹായെപ്പറ്റിയുള്ള പ്രവചനത്തിലാണ് പ്രധാനമായും മറിയത്തെപ്പറ്റിയുള്ള സൂചന പഴയനിയമത്തിൽ കണ്ടെത്തുന്നത്. ഈ അധ്യായത്തിൽ നമ്മുടെ ശ്രദ്ധ പ്രധാനമായും സുവിശേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്ന മറിയത്തിലായിരിക്കും. മത്തായിയുടെ സുവിശേഷത്തിൽ അഞ്ചു പ്രാവശ്യം മറിയത്തെ പേരെടുത്തു പരാമർശിച്ചിട്ടുണ്ട് (മത്താ 1:16, 18, 20; 2:11; 3:55). മർക്കോസിന്റെ സുവിശേഷത്തിൽ കേവലം ഒരു പ്രാവശ്യം മാത്രമേ മറിയത്തെ പേരെടുത്തു പറഞ്ഞിട്ടുള്ളു (മർക്കോ 6:3). 3:31ൽ പേരു പറയാതെ ഈശോയുടെ അമ്മ എന്നു പരാമർശിച്ചിട്ടുണ്ട്. ലൂക്കായുടെ സുവിശേഷത്തിൽ 12 പ്രാവശ്യം മറിയത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്. (ലൂക്കാ 1:27, 30, 34, 38, 39, 41, 46, 56; 2:5, 16, 19, 34). യോഹന്നാന്റെ സുവിശേഷത്തിൽ 2:1-ലും 19:25-27ലും മറിയം പ്രത്യക്ഷപ്പെടുന്നുണ്ട്. ശ്ലീഹന്മാരുടെ നടപടി പുസ്തകത്തിൽ 1:14ലും മറിയത്തെപ്പറ്റി പരാമർശമുണ്ട്. മറിയത്തെപ്പറ്റി ഏറ്റവും കൂടുതൽ പ്രാവശ്യം പരാമർശിച്ചിരിക്കുന്നത് ലൂക്കായുടെ സുവിശേഷത്തിലാണ്. അതുകൊണ്ടുതന്നെയാണ് ലൂക്കായുടെ സുവിശേഷത്തെ ‘മരിയൻ
സുവിശേഷം’ എന്നും വിളിക്കുന്നതെന്നും ഗ്രന്ഥകാരൻ വ്യക്തമാക്കുന്നു. യോഹന്നാന്റെ സുവിശേഷത്തിൽ രണ്ടു പ്രധാനപ്പെട്ട അവസരങ്ങളിൽ മറിയം പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും മറിയത്തെ പേരു പറഞ്ഞ് ഒരിക്കൽ പോലും പരാമർശിച്ചിട്ടില്ല. പേരുപറയാതെ ഈശോയുടെ അമ്മ അഥവാ അവിടുത്തെ അമ്മ എന്നു പരാമർശിക്കുന്ന അവസരങ്ങൾ സുവിശേഷങ്ങളിൽ ഇനിയുമുണ്ട് (മത്താ 2:13, 14, 20, 21; 12:46; ലൂക്കാ 2:33, 48, 51; 8:19; യോഹ 2:5, 12; 19:25, 26). ലൂക്കാ 1:43ൽ മറിയത്തെ ‘എന്റെ കർത്താവിന്റെ അമ്മ’എന്നാണ് എലിസബത്ത് വിശേഷിപ്പിക്കുന്നതെന്നും ഗ്രന്ഥം വ്യക്തമാക്കുന്നു.
ജപമാലയെക്കുറിച്ചുള്ള പാപ്പമാരുടെ പ്രബോധനങ്ങൾ
ജപമാലഭക്തി ആദ്യമായി അംഗീകരിച്ചതും ഔദ്യോഗികമായി കത്തോലിക്കാസഭയിൽ അവതരിപ്പിച്ചതും വിശുദ്ധ പിയൂസ് അഞ്ചാമൻ പാപ്പയാണ്. 1569 സെപ്തംബർ 17ന് “Consueverunt Romani Pontifices’  എന്ന രേഖ വഴിയാണ് ജപമാല കത്തോലിക്കാസഭയിലെ ഒരു ഔദ്യോഗിക ഭക്തിപ്രസ്ഥാനമായി അംഗീകരിച്ചതെന്ന് ഗ്രന്ഥം വിശദമാക്കുന്നു. കഷ്ടിച്ച് ഒരു പേജ് മാത്രം ദൈർഘ്യമുള്ള ഒരു ഔദ്യോഗിക പ്രഖ്യാപനമാണ് ഈ രേഖ.
ആവശ്യനേരത്തും ആപൽഘട്ടങ്ങളിലും തന്റെ മുൻഗാമികളായ പാപ്പമാരും മറ്റു വിശുദ്ധ പിതാക്കന്മാരും ദൈവത്തിന്റെ സഹായം അഭ്യർത്ഥിച്ചിരുന്നത് വിശുദ്ധരുടെ മാദ്ധ്യസ്ഥ്യം വഴിയായിരുന്നു എന്ന് വിശുദ്ധ പിയൂസ് അഞ്ചാമൻ രേഖയുടെ ആമുഖത്തിൽ പറയുന്നു.
ഡൊമിനിക്കൻ സഭയുടെ സ്ഥാപകൻ ആൽബജെൻസിയൻ പാഷണ്ഡതയെ (heresy of the Albgenses) നേരിടാനായി സഹായം തേടിയത് പരിശുദ്ധ കന്യകാമറിയത്തിൽനിന്നായിരുന്നെന്ന് ഡൊമിനിക്കൻ സന്യാസസഭാംഗമായിരുന്ന പിയൂസ് അഞ്ചാമൻ പാപ്പ തന്റെ ഔദ്യോഗികരേഖയുടെ ആദ്യത്തെ ആർട്ടിക്കിളിന്റെ ആരംഭത്തിൽത്തന്നെ പ്രസ്താവിക്കുന്നു. പരിശുദ്ധ കന്യകാമറിയത്തിന്റെ ഉദരഫലമായ ഈശോ വഴി അവളാണ് സർപ്പത്തിന്റെ തല തകർത്തതും എല്ലാ പാഷണ്ഡതകളെയും നശിപ്പിച്ചതും. ആദിമാതാപിതാക്കളുടെ വീഴ്ചമൂലം ശിക്ഷാവിധിയിൽപ്പെട്ട ലോകത്തെ രക്ഷിച്ചത് അവളുടെ പുത്രനാണല്ലോ. അവളിൽനിന്ന് കൃപാവരത്തിന്റെ ജലം സമൃദ്ധമായി ഒഴുകുന്നുണ്ട്. ഡൊമിനിക് ദൈവത്തോട് പ്രാർത്ഥിക്കാൻ കണ്ടണ്ട എളുപ്പവഴിയായിരുന്നു ജപമാല ചൊല്ലുകയെന്നത്. എല്ലാവർക്കും എളുപ്പത്തിൽ ചൊല്ലാവുന്ന ഒരു പ്രാർത്ഥനയാണിത്. ഈ പ്രാർത്ഥന ജപമാലയെന്നും പരിശുദ്ധ കന്യകാമറിയത്തിന്റെ ‘സങ്കീർത്തനമാല’ (Psalter of the Blessed Virgin Mary) എന്നുമാണ് അറിയപ്പെടുന്നത്. മാലാഖ മറിയത്തെ അഭിവാദനം ചെയ്ത വാക്കുകൾ 150 സങ്കീർത്തനങ്ങളെ അനുകരിച്ച് 150 പ്രാവശ്യം ആവർത്തിച്ചുകൊണ്ടും ഓരോ പത്തുപ്രാവശ്യവും ‘സ്വർഗസ്ഥനായ പിതാവേ’ എന്ന പ്രാർത്ഥന ചൊല്ലിക്കൊണ്ടുമാണ് ഈ ജപമാല പ്രാർത്ഥന നടത്തുന്നത്. ഈ പ്രാർത്ഥനകളുടെ ഇടയിൽ നമ്മുടെ കർത്താവിന്റെ ജീവിതത്തെ മുഴുവൻ കേന്ദ്രീകരിച്ച് ധ്യാനിക്കുകയും ചെയ്യുന്നുണ്ട്. ഈ പ്രാർത്ഥനാരീതി പ്രചരിപ്പിച്ചത് വിശുദ്ധ ഡൊമിനിക്കും അദ്ദേഹത്തിന്റെ സന്യാസസമൂഹത്തിലെ അംഗങ്ങളുമാണ്. അതുവഴി ഈ പ്രാർത്ഥനാരീതി സ്വീകരിച്ചവർ കുറച്ചൊന്നുമല്ല. തൽഫലമായി പാഷണ്ഡതയുടെ അന്ധകാരം അപ്രത്യക്ഷമാവുകയും കത്തോലിക്കാ വിശ്വാസത്തിന്റെ പ്രകാശം പ്രകടമാവുകയും ചെയ്തു. ഡൊമിനിക്കൻ സന്യാസിമാർ ഈ പ്രാർത്ഥന പ്രചരിപ്പിക്കാനായി സൊഡാലിറ്റികൾ പല സ്ഥലങ്ങളിലും സ്ഥാപിക്കുകയുണ്ടായി. ഡൊമിനിക്കൻ സഭാധികാരികൾ ഇതിനായി അവരുടെ സമൂഹാംഗങ്ങളെ പ്രോത്സാഹിപ്പിച്ചു. തന്റെ കൈകളിൽ ഏൽപ്പിക്കപ്പെട്ടിരിക്കുന്ന സമരസഭ പലവിധ പാഷണ്ഡതകളാലും യുദ്ധങ്ങളാലും അധാർമിക മനുഷ്യരാലും പീഡിപ്പിക്കപ്പെടുകയാണല്ലോയെന്ന്
പിയൂസ് പാപ്പ എടുത്തുപറയുകയാണ്. തന്റെ മുൻഗാമികളെപ്പോലെ അദ്ദേഹവും വിലാപത്തോടും എന്നാൽ പൂർണമായ പ്രതീക്ഷയോടും കൂടെ സഹായമൊഴുകുന്ന ആ മലയിലേക്ക് കണ്ണുകളുയർത്തുകയാണെന്നും, ക്രിസ്തുവിന്റെ സഭയിലെ അംഗങ്ങളെല്ലാവരും അങ്ങനെ തന്നെ ചെയ്യണമെന്നും വിശുദ്ധ പിയൂസ് അഞ്ചാമൻ തന്റെ ഔദ്യോഗികവിളംബരത്തിലൂടെ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവം ഒരു വിശ്വാസസത്യമായി പ്രഖ്യാപിച്ച് സഭാചരിത്രത്തിൽ പ്രത്യേക ഇടം നേടിയ വ്യക്തിയാണ് പിയൂസ് ഒമ്പതാം പാപ്പ. ഇറ്റലിയുടെയും വത്തിക്കാന്റെയും ചരിത്രത്തിൽ വലിയ വ്യതിയാനങ്ങൾ സംഭവിച്ച കാലഘട്ടത്തിൽ സഭയെ നയിച്ചത് ഈ പാപ്പയായിരുന്നു. ഒന്നാം വത്തിക്കാൻ സൂനഹദോസ് വിളിച്ചു കൂട്ടിയതും (1868-1870) പാപ്പയുടെ അപ്രമാദിത്യം ഒരു വിശ്വാസസത്യമായി “Pastor Aeternus’ (Eternal pastor) എന്ന കൗൺസിൽ ഡിക്രിയിൽ ഉൾപ്പെടുത്തിയതും “Dei Filius’ (Son of God)എന്ന പ്രമാണരേഖ പ്രസിദ്ധികരിച്ചതും അദ്ദേഹമായിരുന്നു. 1854ൽ ഡിസംബർ 8ന് പിയൂസ് ഒമ്പതാമൻ പാപ്പ പ്രസീദ്ധീകരിച്ച പ്രമാണരേഖയാണ് Ineffabilis Deus.’  മറിയത്തിന്റെ അമലോത്ഭവം ഒരു വിശ്വാസസത്യമായി പ്രഖ്യാപിക്കുന്നതായിരുന്നു ഈ പ്രമാണരേഖ. അക്കമിട്ട് പല ഖണ്ഡികകളോ ആർട്ടിക്കിളുകളോ ആയി ഈ പ്രമാണരേഖയെ തിരിച്ചിട്ടില്ല. എന്നാൽ ധാരാളം ഉപശീർഷകങ്ങൾ ഈ രേഖയിലുണ്ട്. ‘ജപമാലയുടെ പാപ്പ’ എന്ന പേരിന് ഏറ്റവും അനുയോജ്യനാണ് വിശുദ്ധ ലെയോ 13-ാമൻ. കാരണം, അദ്ദേഹമാണ് തന്റെ സഭാഭരണ കാലത്ത് ജപമാലയെക്കുറിച്ച് ഏറ്റവുമധികം പ്രബോധനങ്ങൾ നൽകിയിട്ടുള്ളതെന്നും ഗ്രന്ഥകാരൻ വിശദമാക്കുന്നു.
രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ അധ്യാപനം
1964 നവംബർ 21ന് വാഴ്ത്തപ്പെട്ട പോൾ ആറാമൻ പാപ്പ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രമാണരേഖയാണ് ‘ഘൗാലി ഏലിശtuാ’ അഥവാ ‘ജനതകളുടെ പ്രകാശം’ എന്ന ഡിക്രി. സഭയെപ്പറ്റിയുള്ള ഏറ്റവും ആധികാരികവും ആധുനികവുമായ പഠനമാണ് ഈ പ്രമാണരേഖയിലുള്ളത്. ഇതിന്റെ 8-ാം അധ്യായം മുഴുവൻ മറിയത്തെക്കുറിച്ചാണെന്ന് ഗ്രന്ഥം വിശദമാക്കുന്ന്ു. ‘ക്രിസ്തുരഹസ്യത്തിലും സഭാരഹസ്യത്തിലും ദൈവമാതാവായ പരിശുദ്ധ കന്യകാമറിയം’ എന്നതാണ് ഈ അധ്യായത്തിന്റെ ശീർഷകം. ആമുഖത്തിനുശേഷം നാലു കാര്യങ്ങളാണ് മാതാവിനെപ്പറ്റി ഈ പ്രമാണരേഖ പറയുന്നത്. ഗ്രന്ഥത്തിൽ ലേഖകൻ ഇക്കാര്യങ്ങൾ വിശദമായി പ്രതിപാദിച്ചിരിക്കുന്നു.
മരിയ വിജ്ഞാനീയത്തിലെ നാലു വിശ്വാസസത്യങ്ങൾ
ജപമാലയെപ്പറ്റി ചർച്ച ചെയ്യുന്ന ഈ ഗ്രന്ഥത്തിൽ മരിയ വിജ്ഞാനീയത്തിലെ നാലു വിശ്വാസസത്യങ്ങളെക്കുറിച്ചും പരാമർശിക്കുന്നു ഗ്രന്ഥകാരൻ.
1)മറിയത്തിന്റെ ദൈവമാതൃത്വം
ഈ പുസ്തകത്തിൽ നേരത്തെ സൂചിപ്പിച്ചിട്ടുളളതുപോലെ ആദിമ നൂറ്റാണ്ടുകളിൽതന്നെ മറിയത്തെ ദൈവമാതാവ് എന്നു വിശ്വാസികൾ വിളിച്ചിരുന്നു. 431ൽ എഫേസൂസിൽ വെച്ച് നടന്ന സാർവത്രിക സൂനഹദോസ് മറിയത്തിന്റെ ഈ വിശേഷണത്തെ ഔദ്യോഗികമായി അംഗീകരിക്കുക മാത്രമാണ് ചെയ്തതെന്ന് ലേഖകൻ വിശദമാക്കുന്നു. തെയോതോക്കോസ് (Theotokos) എന്ന ഗ്രീക്കുപദം ദൈവജനനി, ദൈവത്തെ മനുഷ്യന് നൽകിയവൾ എന്നിങ്ങനെയുളള അർത്ഥങ്ങളിലാണ് ആരംഭ നൂറ്റാണ്ടുകളിൽ ഉപയോഗിച്ചിരുന്നത്. സഭാപിതാക്കന്മാരിൽ പലരും ഈ വിശേഷണം മറിയത്തിന് ഉപയോഗിച്ചിട്ടുണ്ട്. എ.ഡി. 750നു മുൻപ് ജീവിച്ചിരുന്ന ദൈവശാസ്ത്രജ്ഞരെയാണ് സഭാ പിതാക്കന്മാർ എന്ന് നാം ഇന്ന് കണക്കാക്കുന്നത്. സഭാപിതാവായ ഒരിജന്റെ (186-254) ഗ്രന്ഥങ്ങളിൽ (Theotokosþ  ദൈവജനനി) എന്ന പദം അഞ്ചു പ്രാവശ്യം ഉപയോഗിച്ചിട്ടുളളതായി പണ്ഡിതർ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ അവയെല്ലാം ആധികാരികമാണോയെന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്. അലക്‌സാൺഡ്രിയായിലെ പത്രോസിന്റെ (+എ.ഡി. 311) ഗ്രന്ഥങ്ങളിൽ പല തവണ ദൈവജനനി എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. ഒരിജന്റെ ശിഷ്യനായിരുന്ന പിയേറിയൂസിന്റെ ഗ്രന്ഥങ്ങളിലും തെയോതോക്കോസ് (Theotokos) എന്ന പദം ഉപയോഗിച്ചിരിക്കുന്നതായി കാണാമെന്ന് ഗ്രന്ഥം വ്യക്തമാക്കുന്നു. നാലാം നൂറ്റാണ്ടിലെ സീദ്രേയിലെ ഫിലിപ്പിന്റെ ഗ്രന്ഥങ്ങൾ, വിശുദ്ധ ബേസിലിന്റെ ആരാധനക്രമം എന്നിവയിലും തെയോതോക്കോസ് എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. കത്തോലിക്കരും അകത്തോലിക്കരും ഈ പദം മറിയത്തിന്റെ വിശേഷണമായി ഉപയോഗിച്ചിട്ടുണ്ട്. എഫേസൂസ് സൂനഹദോസിനു മുമ്പ് 32 ദൈവശാസ്ത്രജ്ഞർ തെയോതോക്കോസ് എന്ന പദം മറിയത്തിന് ഉപയോഗിച്ചിട്ടുണ്ടന്നും ഗ്രന്ഥം സമർത്ഥിക്കുന്നു.
മറിയത്തെ ദൈവജനനി എന്നു വിളിക്കാൻ തുടങ്ങിയത് ഈജിപ്തിലായിരുന്നു. ലൂക്കാ1:48ൽ മറിയത്തെ ‘എന്റെ കർത്താവിന്റെ അമ്മ’ എന്നു വിളിക്കുന്നുണ്ട്. ഈ വിശുദ്ധ ഗ്രന്ഥവചനത്തിന്റെ വ്യാഖ്യാനത്തിലൂടെ അന്ത്യോക്യായിലെ ഇഗ്നേഷ്യസ് (+110), വിശുദ്ധ ജസ്റ്റിൻ (+165), വിശുദ്ധ ഇരണെവൂസ് (+200) തുടങ്ങിയവരാണ് ‘ദൈവജനനി’എന്ന പദത്തിന് രൂപം കൊടുത്തതെന്നു കരുതപ്പെടുന്നു. അവർ ലൂക്കാ 1:43ഉം യോഹ 1:14ഉം കൂട്ടിച്ചേർത്ത് വ്യാഖ്യാനിച്ചപ്പോഴാണ് ‘ദൈവജനനി’ എന്ന് മറിയത്തെ വിളിച്ചതെന്നും ഗ്രന്ഥകാരൻ വിശദീകരിക്കുന്നു.
2)മറിയത്തിന്റെ നിത്യകന്യാകാത്വം
മറിയം നിത്യകന്യകയായിരുന്നുവെന്ന് ആദിമനൂറ്റാണ്ടുകൾ മുതൽ ക്രൈസ്തവർ വിശ്വസിച്ചു പോരുന്നതാണ്. ഗർഭധാരണത്തിലും
ഈശോയെ പ്രസവിച്ചപ്പോഴും അതിനുശേഷവും മറിയം കന്യകയായി തുടർന്നുവെന്നതാണ് നിത്യകന്യകാത്വം (Perpetual Virginity) എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഈശോ മറിയത്തിൽനിന്നും പിറന്ന ഏക പുത്രനാണെന്നും ഈശോയുടെ സഹോദരീസഹോദരന്മാർ എന്ന്
വിശുദ്ധ ഗ്രന്ഥത്തിൽ പരാമർശിക്കുന്നത് മറിയത്തിൽനിന്ന് പിറന്നവരല്ല, പ്രത്യുത അടുത്ത ബന്ധുക്കളായിരുന്നുവെന്നും സഭ പഠിപ്പിക്കുന്നുണ്ടെന്നും ഗ്രന്ഥം സമർത്ഥിക്കുന്നു. സഭാവേദപാഠത്തിൽ(Catechism of the Catholic Church- CCC 499 499-507) നിത്യകന്യകയായ മറിയത്തെപ്പറ്റി പറയുന്നുണ്ട്. നിരവധി സഭാപിതാക്കന്മാർ മറിയത്തിന്റെ നിത്യകന്യകാത്വത്തെപ്പറ്റി പറയുകയും പ്രസംഗിക്കുകയും എഴുതുകയും ചെയ്തിട്ടുണ്ട്.
3)മറിയത്തിന്റെ അമലോത്ഭവം
1854 ഡിസംബർ 8ന് ഒൻപതാം പിയൂസ് പാപ്പയാണ് മറിയത്തിന്റെ അമലോത്ഭവം ഒരു വിശ്വാസസത്യമായി പ്രഖ്യാപിച്ചതെങ്കിലും ഈ വിശ്വാസം പൗരസ്ത്യ- പാശ്ചാത്യ സഭകളിൽ നൂറ്റാണ്ടുകളായി നിലനിന്നിരുന്നതാണ്. മറിയത്തിന് മനുഷ്യാവതാരം ചെയ്യുന്ന ദൈവത്തിന്റെ അമ്മയാകാനുളള യോഗ്യത ലഭിക്കുന്നതിനാണ് അവളെ പാപലേശമേൽക്കാതെ ജനിക്കാൻ ദൈവം പ്രത്യേകവരം നൽകിയത്. ‘കിലളളമയശഹശ െഉലൗ’െ എന്ന പ്രമാണരേഖയിൽ (Apostolic Constitution) പിയൂസ് ഒൻപതാമൻ പാപ്പ ഈ മരിയൻ വിശ്വാസസത്യം വിശദമായി വിവരിക്കുന്നുണ്ടെന്നും ഗ്രന്ഥം വിവക്ഷിക്കുന്നു. നിഷേധാത്മകമായ അർത്ഥത്തിൽ (in the negative meaning) ഉത്ഭവപാപത്തിൽനിന്ന് മറിയം സ്വതന്ത്രയായിരുന്നു എന്നും സകാരാത്മകമായ അർത്ഥത്തിൽ (in the positive meaning) പാപമേൽക്കാതെ പിറന്ന മറിയം ജീവിതകാലം മുഴുവൻ പാപരഹിതയായി ജീവിച്ചു എന്നും വിശ്വസിക്കപ്പെടുന്നു. സഭയുടെ വേദപാഠഗ്രന്ഥത്തിൽ 490-494ൽ ഇതു വിശദീകരിക്കുന്നുണ്ടെന്നും ഗ്രന്ഥം വ്യക്തമാക്കുന്നു.
4)മറിയത്തിന്റെ സ്വർഗാരോപണം
1950 നവംബർ ഒന്നിനാണ് 12-ാം പിയൂസ് പാപ്പ “Munificentissimus Deus’ എന്ന ചാക്രികലേഖനം വഴി മറിയത്തിന്റെ സ്വർഗാരോപണം ഒരു വിശ്വാസസത്യമായി പ്രഖ്യാപിച്ചത്. ദൈവപുത്രനായ ഈശോ തന്റെ ഉത്ഥാനത്തിനുശേഷം തന്റെ ദൈവികശക്തിയാൽ സ്വർഗത്തിലേക്ക് ആരോഹണം ചെയ്തു. എന്നാൽ മറിയം ദൈവകൃപയാൽ സ്വർഗത്തിലേക്ക് എടുക്കപ്പെടുകയാണുണ്ടായത്. നൂറ്റാണ്ടുകളായി വിശ്വാസികളുടെ ഇടയിൽ നിലനിന്നിരുന്ന ഒരു പാരമ്പര്യമാണ് പാപ്പ ലോകത്തിലെ എല്ലാ മെത്രാന്മാരോടും ചർച്ച ചെയ്തശേഷം ഒരു വിശ്വാസസത്യമായി പ്രഖ്യാപിച്ചത്. വിശുദ്ധ ഗ്രന്ഥത്തിൽ ഈ പാരമ്പര്യത്തിനും പ്രഖ്യാപനത്തിനും പ്രത്യേക അടിസ്ഥാനമൊന്നുമില്ല. എങ്കിലും ദൈവം വെളിപ്പെടുത്തിയ ഒരു സത്യമായിട്ടാണ് ഇതിനെ അവതരിപ്പിച്ചിരിക്കുന്നത്. മറിയത്തിന്റെ ദൈവമാതൃത്വത്തിന്റെ ഫലമാണ് അവളുടെ സ്വർഗാരോപണം എന്നു കാണാവുന്നതാണെന്നും ഗ്രന്ഥം സമർത്ഥിക്കുന്നു.
ഫ്രാൻസിസ്‌ക്കൻ ജപമാലയും വെന്തിങ്ങവും

ഫ്രാൻസിസ്‌ക്കൻ സന്യാസിമാരുടെ ഇടയിൽ വളർന്നുവന്ന ഒരു പ്രാർത്ഥനയാണ് ഈ ജപമാല. ഇത് പല പേരുകളിൽ അറിയപ്പെടുന്നുണ്ട്. ഫ്രാൻസിസ്‌ക്കൻ ജപമാല, സെറാഫിക്ക് ജപമാല, മറിയത്തിന്റെ ഏഴു സന്തോഷങ്ങളുടെ ജപമാല എന്നെല്ലാം വിളിക്കപ്പെടുന്നു. 15-ാം നൂറ്റാണ്ടിൽ ഫ്രാൻസിസ്‌ക്കൻസിന്റെ ഇടയിൽ ആരംഭിച്ച ഈ ജപമാല ഭക്തി സിസ്റ്റേർസിയൻ സമൂഹത്തിലേക്കും, ഫ്രാൻസിലെ വിശുദ്ധ ജോവാന്റെ സന്യാസസമൂഹത്തിലേക്കും പിന്നീട് വ്യാപിക്കുകയുണ്ടായിയെന്ന് ഗ്രന്ഥം വിശദീകരിക്കുന്നു. ജപമാലയുടേതുപോലെ തന്നെ വെന്തിങ്ങത്തിന്റെയും (Scapular) ഉത്ഭവം ചരിത്രപരമായി വ്യക്തമായി പറയാൻ ആർക്കും കഴിയുകയില്ല. പാരമ്പര്യമനുസരിച്ച് ജപമാല പരിശുദ്ധ കന്യകാമറിയം വിശുദ്ധ ഡൊമിനിക്കിന് കൊടുത്തതുപോലെ വെന്തിങ്ങവും പരിശുദ്ധ അമ്മ വിശുദ്ധ സൈമൺ സ്റ്റോക്കിന് നൽകിയെന്നാണ് വിശ്വസിക്കപ്പെടുന്നത്. ജപമാലയും വെന്തിങ്ങവും തമ്മിൽ നേരിട്ടു ബന്ധമില്ല.
കർമലീത്താ സന്യാസിമാരാണ് വെന്തിങ്ങം ഭക്തിയെ പ്രോത്സാഹിപ്പിച്ചത്. അവരുടെ പാരമ്പര്യമനുസരിച്ച് പരിശുദ്ധ കന്യകാമറിയം 1251ൽ
ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിൽ വിശുദ്ധ സൈമൺ സ്റ്റോക്കിനു പ്രത്യക്ഷപ്പെട്ടു. അദ്ദേഹം തന്റെ സന്യാസസമൂഹത്തെ വളർത്തിയെടുക്കാൻ സഹായിക്കണമെ എന്ന് പരിശുദ്ധ മറിയത്തോട് പ്രാർത്ഥിച്ചതിന്റെ ഫലമായിട്ടാണ് മറിയം അദ്ദേഹത്തിനു പ്രത്യക്ഷപ്പെട്ട് തവിട്ടുനിറമുളള വെന്തിങ്ങം അദ്ദേഹത്തിന് നൽകിയത്. അത് കാലക്രമേണ മറിയത്തോടുളള കർമലീത്താ ഭക്തിയുടെ പ്രതീകമായി മാറി.
സൈമൺ സ്റ്റോക്കിന് മറിയം വെന്തിങ്ങം (Brown Scapular) നൽകിയപ്പോൾ അതോടൊപ്പം ഒരു വാഗ്ദാനവും നൽകിയിരുന്നു. വെന്തിങ്ങം ധരിച്ചു മരിക്കുന്നവരാരും നരകാഗ്നിയിൽ പതിക്കുകയില്ല എന്നതായിരുന്നു ആ വാഗ്ദാനം. ഈ വാഗ്ദാനം സൈമൺ സ്റ്റോക്കിന്റെ സന്യാസസഭയിലെ അംഗങ്ങളെ ഉദ്ദേശിച്ചുളളതായിരുന്നു. അതായത്, കർമലീത്താ ദൈവവിളിയിൽ മരണം വരെ ഉറച്ചുനിൽക്കുന്നവർക്കാണ് മുകളിൽ പറഞ്ഞ വാഗ്ദാനം നൽകിയത്. എന്നാൽ വെന്തിങ്ങം ധരിക്കുന്നത് ജനകീയ ഭക്തിയായി (Popular Devotion) മാറിയപ്പോൾ ഈ വാഗ്ദാനം വെന്തിങ്ങം ധരിക്കുന്ന എല്ലാവർക്കുമായി മാറിയെന്നും ഗ്രന്ഥം വ്യക്തമാക്കുന്നു.
ചുരുക്കം
ജപമാലയെപ്പറ്റി എല്ലാ സഭാപ്രബോധനങ്ങളും ലേഖകൻ ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ജപമാലയിൽ താൽപ്പര്യമുള്ള എല്ലാവർക്കും ഏറെ പ്രയോജനകരമാകും വിധമാണ് ഗ്രന്ഥം തയാറാക്കിയിരിക്കുന്നത്. ഇത് വായിക്കുന്നവർക്കെല്ലാം ജപമാല കൂടുതൽ ഭക്തിയോടെ ചൊല്ലാനുള്ള പ്രചോദനം ലഭിക്കുമെന്ന് നിസ്സംശയം പറയാം. മറിയത്തോട് നാം പുലർത്തുന്ന പ്രത്യേക ഭക്തിയാണ് നമ്മുടെ നാട്ടിൽ വിശ്വാസം തളരാതെ നിലനിൽക്കാനും വിശ്വാസത്തിൽ മുന്നേറാനും നമ്മെ സഹായിക്കുന്നതെന്നും ഗ്രന്ഥം ഒർമപ്പെടുത്തുന്നു. ചുരുക്കത്തിൽ ജപമാലയുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കുമുള്ള ഒരു ഉത്തരംകൂടിയാണ് ഈ ഗ്രന്ഥം.
വിനൂപ് മാഞ്ചിറ


Buy Online : www.sophiabuy.com

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Don’t want to skip an update or a post?