Follow Us On

15

February

2025

Saturday

അര്‍തോസ്‌

അര്‍തോസ്‌

സ്വന്തം ലേഖകന്‍

പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു.

നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

ഉത്തരങ്ങള്‍ നല്‍കുന്ന പുസ്തകം

‘അര്‍തോസ്’ എന്ന ഗ്രീക്കു വാക്കിന്റെ അര്‍ഥം അന്നന്നയപ്പം എന്നാണ്. ക്രൈസ്തവന്റെ ആത്മീയഭോജനമായ പരിശുദ്ധ കുര്‍ബാനയെ പുസ്തകം പഠനവിധേയമാക്കുകയാണ്. മുപ്പത് അധ്യായങ്ങളിലായി പരിശുദ്ധ കുര്‍ബാനയെക്കുറിച്ച് പലരുടെയും ഉള്ളില്‍ ഉണ്ടായിരുന്ന സംശയങ്ങള്‍ക്ക് വചനാധിഷ്ഠിതവും സഭാത്മകവുമായി, പാരമ്പര്യത്തിലൂന്നിനിന്നുകൊണ്ട് വ്യക്തതയോടെ ഈ പുസ്തകം ഉത്തരങ്ങള്‍ പങ്കുവെക്കുന്നു. സഭയുടെ പരമ്പരാഗത മതബോധനമാര്‍ഗത്തിലൂടെയുള്ള അവതരണം പുസ്തകത്തെ വ്യത്യസ്തമാക്കുന്നു.

അടയാളങ്ങളും പ്രതീകങ്ങളും ധ്യാനിക്കാന്‍ പറ്റാത്തതാണ് ഇന്നത്തെ ഏറ്റവും വലിയ പ്രതിസന്ധിയെന്നു തിരിച്ചറിഞ്ഞുകൊണ്ട് പരിശുദ്ധ കുര്‍ബാനയില്‍ ഉപയോഗിക്കുന്ന ഓരോരോ പദപ്രയോഗങ്ങളും പ്രതീകങ്ങളും ചലനങ്ങളും അര്‍ഥപൂര്‍ണമായി, വ്യക്തതയോടെ അര്‍തോസ് വിവരിക്കുന്നുണ്ട്. പൗരസ്ത്യ സഭയുടെ സത്തയും സാരവും തിരിച്ചറിയാനും അനുഭവവേദ്യമാക്കാനും ഇത് ഏറെ സഹായിക്കുന്നു. കുര്‍ബാനയെക്കുറിച്ച് ആഴത്തില്‍ അറിയാന്‍ ഏതൊക്കെ പുസ്തകങ്ങളാണ് തെരയേണ്ടതെന്നുള്ള അറിവും അര്‍തോസ് നല്‍കുന്നുണ്ട്. ഏകദേശം എഴുപതില്‍പ്പരം പുസ്തകങ്ങള്‍ റഫറന്‍സായി ഉപയോഗിച്ചാണ് പുസ്തക രചന. പുസ്തകത്തിന്റെ ആധികാരികതയെക്കുറിച്ച് അതുകൊണ്ടുതന്നെ ആര്‍ക്കും സംശയം ഉണ്ടാകുന്നില്ല.

അമൂല്യ സമ്മാനം

വിശ്വാസത്തിന്റെ കേന്ദ്രമായ കുര്‍ബാനയെ ആഴത്തില്‍ അറിഞ്ഞ് അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യാനുള്ള ദൗത്യവും അര്‍തോസ് നല്‍കുന്നുണ്ട്. കുര്‍ബാന എന്ന മഹാസാഗരത്തെ ചെറുതുള്ളിയാക്കി വിശ്വാസിയുടെ ഉള്ളില്‍ നിറച്ചാണ് ഈ ദൗത്യത്തിലേക്ക് ചെഞ്ചേരിലച്ചന്‍ വിശ്വാസികളെ കൈപിടിച്ചു നടത്തുന്നത്. കുര്‍ബാനയെക്കുറിച്ച് വ്യക്തമായ അറിവില്ലാതെ (പ്രത്യേകിച്ച് ചില ഇടങ്ങളില്‍) അസ്വസ്ഥതകള്‍ക്ക് വഴിമരുന്നിടുന്ന സാഹചര്യത്തില്‍, നിര്‍മിതബുദ്ധികളുടെ ഇക്കാലത്ത്, അസ്വസ്ഥതകള്‍ പെരുകുന്ന ലോകത്ത്, ആത്മീയ തിമിരം ബാധിച്ചവരുടെ ഇടയിലേക്ക് തെളിമയുള്ള ഇത്തരത്തിലുള്ള പുസ്തകങ്ങളുടെ രചന വഹിക്കുന്ന പങ്ക് നിസ്തുലമാണ്. നമുക്കായി നുറുക്കപ്പെട്ട ഈശോയുടെ സ്‌നേഹം (He loved us) നല്‍കുന്ന സമാധാനവും സന്തോഷവും വ്യക്തിപരമായി അറിയാന്‍, അനുഭവിക്കാന്‍ ഇതുപോലെയുള്ള പുസ്തകങ്ങള്‍ നല്‍കുന്ന സംഭാവനയെ എത്ര ശ്ലാഘിച്ചാലും മതിയാവില്ല.

കുര്‍ബാനയില്‍ ചേരാത്തതൊന്നും ആധ്യാത്മികതയല്ല എന്ന ബോധ്യമാണ് ഈ പുസ്തകം നല്‍കുന്നത്. കാലഘട്ടത്തിന്റെ വെല്ലുവിളിയെ അതിജീവിച്ച് ആത്മീയ നിറവുള്ളവരാകാന്‍ ഇത്തരത്തിലുള്ള പുസ്തകങ്ങള്‍ വെളിച്ചം കാണേണ്ടത് അത്യാവശ്യമാണ്. കുര്‍ബാനയുടെ സന്ദേശം ഭക്തിഗാനങ്ങളായി, നാടന്‍ പാട്ടുകളായി, ആട്ടക്കഥയായി, പുസ്തകമായി,കവിതയായി, കലാരൂപമായി, പ്രസംഗമായി, ധ്യാനമായി വ്യത്യസ്ത മാനങ്ങളില്‍ പകര്‍ന്നു നല്‍കുന്ന ജോയി ചെഞ്ചേരിലച്ചന്റെ അര്‍തോസ് കേരള സഭയ്ക്ക് ലഭിച്ച അമൂല്യ സമ്മാനമാണ്. വിശ്വാസത്തില്‍ ആഴപ്പെടാനും ദൈവവചനത്തിന്റെ പ്രഘോഷകരാകാനും ഈ പുസ്തകം ഏറെ സഹായകമാണെന്നതില്‍ രണ്ടു പക്ഷമില്ല.
‘അവിടുന്നു നമ്മെ സ്‌നേഹിച്ചു’ എന്ന ഫ്രാന്‍സിസ് പാപ്പയുടെ പുതിയ ചാക്രികലേഖനം പ്രവൃത്തിയിലാക്കാന്‍ സ്‌നേഹത്തിന്റെ പൂര്‍ണതയായ കുര്‍ബാനയ്ക്കപ്പുറം മറ്റെന്താണുള്ളത്?

കോപ്പികള്‍ക്ക്: ജീവന്‍ ബുക്‌സ്, ഭരണങ്ങാനം പി.ഒ, കോട്ടയം-696 578. ഫോണ്‍: 04822 237474, 8078999125. വില 160 രൂപ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?