Follow Us On

21

December

2024

Saturday

പ്രകാശം പരത്തുന്ന പുസ്തകം

പ്രകാശം പരത്തുന്ന പുസ്തകം

 

അമേരിക്കന്‍ സുവിശേഷകനും എഴുത്തുകാരനും ചിന്തകനുമായിരുന്ന ഡോ. വിന്‍സന്റ് പീലിനെ ഒരിക്കല്‍ അപരിചിതനായ ഒരാള്‍ ഫോണില്‍ വിളിച്ചു. ”എല്ലാം നഷ്ടപ്പെട്ടു. ഇനി എന്തിന് ജീവിക്കണം?” എന്നതായിരുന്നു ചോദ്യം. ബിസിനസ് തകര്‍ന്നതിന്റെ പേരില്‍ നിരാശക്ക് അടിമപ്പെട്ട് ആത്മഹത്യയിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്ന ഒരാളാണ് അങ്ങേത്തലയ്ക്കലെന്ന് അദ്ദേഹത്തിന് മനസിലായി. അയാളെ ആശ്വസിപ്പിച്ചതിനുശേഷം രാവിലെതന്നെ ഓഫീസില്‍ വന്നു കാണാന്‍ ഡോ. പീല്‍ ആവശ്യപ്പെട്ടു.

”നഷ്ടങ്ങളുടെ കഥകള്‍ മാത്രമാണ് പറയുവാനുള്ളത്. പ്രതീക്ഷിക്കാന്‍ ഒന്നും അവശേഷിക്കുന്നില്ല.” ഡോ. പീലിന് അഭിമുഖമായി ഇരുന്നുകൊണ്ട് ആ മധ്യവയസ്‌ക്കന്‍ പറഞ്ഞു. ഡോ. വിന്‍സന്റ് പീല്‍ എല്ലാം ക്ഷമയോടെ കേട്ടു. പറഞ്ഞു തീര്‍ന്നപ്പോഴേക്കും അയാള്‍ വിതുമ്പിപ്പോയിരുന്നു. ഡോ. പീല്‍ അയാളുടെ കരങ്ങള്‍ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു. അല്പസമയത്തിനുശേഷം ഒരു പേപ്പറെടുത്ത് നടുവില്‍ വരയിട്ടതിനുശേഷം പറഞ്ഞു, ”ഇടതു ഭാഗത്ത് നിങ്ങള്‍ക്കുണ്ടായ നഷ്ടങ്ങളും വലത് വശത്ത് അവശേഷിക്കുന്ന സമ്പാദ്യങ്ങളും എഴുതുക.”

”വലതു ഭാഗത്തെ കോളം ആവശ്യമില്ല. കാരണം, അവിടെ എഴുതാന്‍ എനിക്കൊന്നും അവശേഷിക്കുന്നില്ല” എന്നായിരുന്നു മറുപടി.
”ഭാര്യ ഉപേക്ഷിച്ചോ?” ഡോ. പീല്‍ ചോദിച്ചു.
”എന്താണീ പറയുന്നത്. അവള്‍ എന്നെ അതിയായി സ്‌നേഹിക്കുന്നുണ്ട്.”
”വലതു വശത്തുള്ള കോളത്തില്‍ എഴുതുക, ഭാര്യ ഉപേക്ഷിച്ചിട്ടില്ല.” ഡോ. വിന്‍സന്റ് പീല്‍ പറഞ്ഞു.
”മക്കള്‍ ജയിലിലാണോ?”
”എന്റെ മക്കള്‍ മിടുക്കരും ദൈവഭയം ഉള്ളവരുമാണ്. അവര്‍ മോശമായ പ്രവൃത്തികളില്‍ ഏര്‍പ്പെടില്ല.”
”വലതു വശത്ത് രണ്ടാമത്തെ ഉത്തരമായല്ലോ” ഡോ. പീല്‍ പറഞ്ഞു.
ഏതാനും ചോദ്യങ്ങള്‍ കഴിഞ്ഞപ്പോഴേക്കും അയാള്‍ പറഞ്ഞു: ”ക്ഷമിക്കണം, ദൈവം തന്ന അനുഗ്രഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാതെപോയതാണ് എന്റെ പ്രശ്‌നം. നഷ്ടങ്ങളെക്കാള്‍ എത്രയോ ഉയരത്തിലാണ് അവശേഷിക്കുന്ന അനുഗ്രഹങ്ങളെന്ന് തിരിച്ചറിഞ്ഞത് ഇപ്പോഴാണ്.” ജീവിതത്തെ പ്രത്യാശഭരിതമാക്കിയതിന് ഡോ. പീലിന് നന്ദിപറഞ്ഞുകൊണ്ട് സന്തോഷത്തോടെയാണ് അയാള്‍ മുറിയില്‍നിന്ന് ഇറങ്ങിയത്.

കിഡ്‌നി മാറ്റിവച്ചത് രണ്ടു തവണ

ജോണ്‍സണ്‍ ജോസഫിന്റെ ജീവിതം പറയുന്ന ‘ദൈവത്തിന്റെ മകന്‍’ എന്ന പുസ്തകം വായിച്ചുകഴിഞ്ഞാല്‍ ഏതൊരാളുടെ മനസിലേക്കു വരുന്നതും ഇതുപോലുള്ള ചിന്തകളായിരിക്കും. വിപരീത ചിന്തകളൊന്നും ഇല്ലെന്നു പറയുന്നവരാണെങ്കിലും പുതിയ കാഴ്ചപ്പാടോടെ ജീവിതത്തെ സ്‌നേഹിക്കാന്‍ ഈ പുസ്തകം പ്രേരിപ്പിക്കുമെന്നതില്‍ സംശയമില്ല. 14-ാം വയസില്‍ കിഡ്‌നികള്‍ തകരാറിലായി രണ്ടു പ്രാവശ്യം കിഡ്‌നി മാറ്റിവയ്‌ക്കേണ്ടിവന്ന ഒരു ചെറുപ്പക്കാരന്‍ അനുഭവിച്ച വേദനയുടെയും സങ്കടങ്ങളുടെയും കഥകള്‍ പലസമയത്തും വായനക്കാരുടെ കണ്ണുകളെ ഈറനണിയിപ്പിക്കും. അതേസമയംതന്നെ പ്രത്യാശയുടെ കാറ്റ് പൊതിയുന്ന അനുഭവവും വായന സമ്മാനിക്കുന്നുണ്ട്.

സ്‌നേഹം മഴപോലെ പെയ്തിറങ്ങിയ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും കരുതലിന്റെയും കഥകള്‍ക്കൂടി പുസ്തകം നമ്മുടെ മുമ്പില്‍ തുറന്നുവയ്ക്കുകയാണ്. മകന് കിഡ്‌നി കൊടുക്കാന്‍ മത്സരിച്ച മാതാപിതാക്കളും, അമ്മ നഷ്ടപ്പെട്ട രണ്ടു കുട്ടികളുടെ മുഴുവന്‍ ഉത്തരവാദിത്വം പേറുമ്പോഴും കൂലിപ്പണിക്കാരനായ സഹോദരന്‍ സ്വന്തം കിഡ്‌നി നല്‍കിയ സഹോദരസ്‌നേഹത്തിന്റെ അനുഭവങ്ങളും ആരുടെ മനസിലാണ് നന്മയുടെ തിരിനാളങ്ങള്‍ തെളിക്കാത്തത്. പരുക്കനെന്ന് തെറ്റിദ്ധരിച്ച പിതാവിന്റെ സ്‌നേഹം തിരിച്ചറിഞ്ഞത് രോഗക്കിടക്കയില്‍ വച്ചാണെന്ന് വായിക്കുമ്പോള്‍ പലരുടെയും മനസുകളില്‍ മാതാപിതാക്കളുടെ മുഖങ്ങള്‍ തെളിഞ്ഞെന്നുവരാം. മാപ്പുചോദിക്കാന്‍ അവസരംപോലും അവശേഷിപ്പിക്കാതെ അവര്‍ ഭൂമിയില്‍നിന്ന് യാത്രയായിട്ടുണ്ടെങ്കില്‍ മനസുകൊണ്ട് അവരോടു മാപ്പുപറയാം. അല്ലെങ്കിലും മാതാപിതാക്കളെപ്പോലെ നമ്മോടു ക്ഷമിക്കാനും സ്‌നേഹിക്കാനുമൊക്കെ മറ്റാര്‍ക്കാണ് കഴിയുക?

ജീവന്‍ നല്‍കാന്‍ തയാറായ ഭാര്യ

വീട്ടിലേക്ക് പോകാനേ തോന്നുന്നില്ലെന്ന് നിരാശയോടെ പറഞ്ഞവരും ആരോടും പറയാതെ സ്വന്തം മനസില്‍ അത്തരം ചിന്തകള്‍ സൂക്ഷിക്കുകയും ചെയ്യുന്നവര്‍ ധാരാളമുണ്ട്. ആശുപത്രി കിടക്കയില്‍നിന്ന് മാസങ്ങള്‍ക്കുശേഷം സ്വന്തം വീട്ടിലെത്തിയപ്പോള്‍ അനുഭവിച്ച സന്തോഷവും ആശ്വാസവും ഹൃദയംകൊണ്ട് ജോണ്‍സന്‍ കോറിയിടുമ്പോള്‍ സ്വന്തം വീടിനെ ഓര്‍ത്ത് ആര്‍ക്കാണ് ദൈവത്തിന് നന്ദിപറയാതിരിക്കാനാകുക? മറ്റെല്ലാം മാറ്റിനിര്‍ത്തിയാലും അവയവദാനത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റാന്‍ ഈ വായന നമ്മെ സഹായിക്കുമെന്നതില്‍ സംശയമില്ല. കിഡ്‌നി മാറ്റിവച്ച ഒരാള്‍ക്ക് കുടുംബജീവിതം നയിക്കാന്‍ കഴിയുമോ? മക്കള്‍ ഉണ്ടാകുമോ? കിഡ്‌നി ദാനം ചെയ്തവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ വരുമോ, അവര്‍ക്ക് കായികാധ്വാനം ആവശ്യമുള്ള ജോലികള്‍ ചെയ്യാന്‍ സാധിക്കുമോ എന്നൊക്കെയുള്ള സംശയങ്ങള്‍ക്ക് സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ പുസ്തകത്തിലൂടെ ജോണ്‍സന്‍ മറുപടി നല്‍കുന്നുണ്ട്.

പുസ്തകത്തിന്റെ അവസാന അധ്യായത്തിലെ ഒരു ഭാഗം വായിക്കുമ്പോള്‍ വാക്കുകള്‍കൊണ്ട് വിശേഷിപ്പിക്കാന്‍ കഴിയാത്തൊരു വികാരമാണ് വായനക്കാരനെ പൊതിയുന്നത്. രണ്ടാമത്തെ കിഡ്‌നി മാറ്റിവച്ചുകഴിഞ്ഞൊരു ദിവസം ജോണ്‍സന്‍ ഭാര്യ സൗമ്യയോടു ചോദിച്ചു, ഇനി വീണ്ടും എന്റെ കിഡ്‌നി അപകടത്തിലായാല്‍ നീ എനിക്ക് കിഡ്‌നി തരുമോ? എന്റെ ജീവന്‍ തന്നെ നല്‍കുമല്ലോ എന്നായിരുന്നു കണ്ണുനിറഞ്ഞുള്ള മറുപടി. അതു കേവലം വാക്കുകളായിരുന്നില്ല സൗമ്യ എന്ന ഭാര്യയുടെ ഹൃദയമായിരുന്നു അവള്‍ തുറന്നുവച്ചത്. പകരാന്‍ സാധ്യതയുള്ള ടിബി വന്നപ്പോഴും കോവിഡ് ഏറെ ഭീതി പകര്‍ന്നിരുന്ന ആദ്യകാലത്ത് ജോണ്‍സന് കോവിഡ് പിടിപ്പെട്ടപ്പോഴും ശുശ്രൂഷിച്ചത് സൗമ്യയായിരുന്നു. ആ രോഗങ്ങളൊന്നും സൗമ്യയുടെ പരിസരത്തുകൂടി വന്നില്ലെന്നത് മറ്റൊരു അത്ഭുതം. ഭര്‍ത്താവിനോടുള്ള ഭാര്യയുടെ സ്‌നേഹവും കരുതലും കണ്ട് ദൈവത്തിന്റെ കണ്ണുപോലും നിറഞ്ഞിട്ടുണ്ടാകാം. അതുകൊണ്ടുതന്നെ ദൈവം അത്ഭുതകരമായ സംരക്ഷണകവചം സൗമ്യയുടെ മുകളില്‍ ഉയര്‍ത്തിയതായിരിക്കാം.
മനസു തളര്‍ന്നാല്‍ മരുന്നു ഫലിക്കില്ല

ആദ്യത്തെ കിഡ്‌നി മാറ്റിവയ്ക്കലിനുശേഷം രണ്ടാഴ്ച മുറിയില്‍ ഒറ്റയ്ക്കായിരുന്നു. ഇന്‍ഫെക്ഷന്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍. വേദനയുടെയും ഏകാന്തതയുടെയും നടുവില്‍ മനസ് കൈവിട്ടുപോയി. ഇങ്ങനെ കഴിയുന്നതിലും ഭേദം മരിക്കുന്നതായിരുന്നു എന്ന ചിന്ത മനസിനെ കീഴടക്കാന്‍ തുടങ്ങി. മനസ് നിരാശയിലേക്ക് വഴുതിവീഴുന്നത് തിരിച്ചറിഞ്ഞ ജോണ്‍സന്‍ തന്നോടുതന്നെ പറയാന്‍ ആരംഭിച്ചു- എനിക്കു ജീവിക്കണം. ഞാന്‍ മരിക്കാതിരിക്കാന്‍വേണ്ടിയാണ് എന്റെ പ്രിയപ്പെട്ടവര്‍ കഷ്ടപ്പെടുന്നത്. മനസുതളര്‍ന്നാല്‍ മരുന്നു ഫലിക്കില്ല… ഇങ്ങനെ എത്ര വലിയ ഉള്‍ക്കാഴ്ചകളാണ് പുസ്തകം സമ്മാനിക്കുന്നത്.
ദൈവത്തിന്റെ കരംപിടിച്ച് പ്രതിസന്ധികളെ അതിജീവിച്ച നിരവധി അനുഭവങ്ങള്‍ വായിച്ചിട്ടുണ്ട്. അതില്‍ നിന്നെല്ലാം ഈ പുസ്തകത്തെ മാറ്റിനിര്‍ത്തുന്ന ഒരു പ്രധാന ഘടകം ചുറ്റുമുള്ള മനുഷ്യരെ സ്‌നേഹിക്കാന്‍ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് പുസ്തകത്തിലുണ്ട് എന്നതായിരിക്കും. തിരിച്ചറിയാതെപോയ മാതാപിതാക്കളുടെ സ്‌നേഹവും കരുതലുംമുതല്‍ ക്രൂരന്മാരെന്ന് മുദ്രകുത്തി സമൂഹം മാറ്റിനിര്‍ത്തിയ മനുഷ്യരുടെ നന്മകള്‍ വരെ പുസ്തകം നമ്മുടെ മുമ്പില്‍ തുറന്നുവയ്ക്കുകയാണ്. ഈ വായന ഏതൊരാളെയും ദൈവത്തിന്റെ കരുതലിനെക്കുറിച്ച് ചിന്തിക്കാനും കൂടുതല്‍ നല്ല മനുഷ്യരാകാനും പ്രേരിപ്പിക്കുമെന്നത് തീര്‍ച്ച.

വില 130. കോപ്പികള്‍ക്ക്: സോഫിയാ ബുക്‌സ്, പെരുവണ്ണാമൂഴി, കോഴിക്കോട്-673 528. ഫോണ്‍: 9995574308, 9605770005.
For online purchase: www sophiabuy.com

ജോസഫ് മൂലയില്‍

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?