Follow Us On

22

January

2025

Wednesday

യൂറോപ്പ് ഒരു വിസ്മയം

ചരിത്രത്തിന്റെ നാൾവഴിയിൽ ഏറ്റവും കൂടുതൽ യുദ്ധങ്ങളരങ്ങേറിയതും രക്തപ്പുഴയൊഴുകിയതും പുതിയ സംസ്‌കാരങ്ങളുണർന്നതും യൂറോപ്പിലാണ്. ഈ യൂറോപ്പിന്റെ ഇന്നിന്റെ അവസ്ഥാവിശേഷങ്ങളിലൂടെയുള്ള ഒരു സഞ്ചാരമാണ് കെ. ടി ത്രേസ്യയുടെ ‘യൂറോപ്പ് ഒരു വിസ്മയം.’ ചരിത്രം അവശേഷിപ്പിച്ചവ ഇന്നും കേടുകൂടാതെ നിലനിർത്തിയിരിക്കുന്ന യൂറോപ്പ്യൻ കാഴ്ചകളും യൂറോപ്പിന്റെ പ്രകൃതി മനോഹാരിതയും ലേഖകിക വിവരിക്കുന്നു ഇവിടെ. സ്‌പെയിൻ, ഫ്രാൻസ്, ബെൽജിയം, ജർമനി, സ്വിസ്റ്റർലൻഡ്, ഇറ്റലി, വത്തിക്കാൻ എന്നീ ഏഴ് രാജ്യങ്ങളിലൂടെയുള്ള യാത്രയിൽ കണ്ടലേകാത്ഭുതങ്ങളായ ഈഫൽ ടവറും പിസായിലെ ചരിഞ്ഞഗോപുരവും ദൈവാലയങ്ങളിലെ ശിൽപ്പ സൗന്ദര്യങ്ങളുടെ അത്ഭുതപ്പെടുത്തുന്ന കാഴ്ചകളും പേപ്പൽ സന്ദർശനവും അനുവാചകരുടെ മുൻപിൽ ഹൃദ്യമായി ലേഖിക അവതരിപ്പിച്ചിരിക്കുന്നു. കൂടാതെ ചരിത്രം സ്പന്ദിക്കുന്ന പാരീസിലെയും റോമിലെയും കാഴ്ചകളും ചരിത്രങ്ങളും വായനക്കാർക്ക് അനുഭവവേദ്യമാക്കുന്ന രീതിയിലുള്ള വിവരണങ്ങളും പുസ്തകത്തെ മികവുറ്റതാക്കുന്നു. യൂറോപ്പിലെ ദൈവലായങ്ങളിലൂടെ ഒരു സഞ്ചാരം നടത്തിയാൽ ചരിത്രം, കല, സംസ്‌കാരം, മനുഷ്യന്റെ കഠിനാധ്വാനം, നിർമാണ വൈദഗ്ധ്യം ഇവയെക്കുറിച്ചെല്ലാം ഒരു ചിത്രം നമുക്കു കിട്ടും. സ്‌പെയിൻ, ഫ്രാൻസ്, ബൽജിയം, ജർമനി, സ്വിറ്റ്‌സർലണ്ട്, ഇറ്റലി, വത്തിക്കാൻ എന്നീരാജ്യങ്ങളിലൂടെയുള്ള യാത്രയിൽ ലേഖികയ്ക്ക് ഉണ്ടായ നവ്യാനുഭവങ്ങൾ ആണ് പുസ്തകത്തിന്റെ പ്രതിപാദ്യം.
സ്‌പെയിൻ- ബാഴ്‌സിലോണയിൽ
ഖത്തറിന്റെ തലസ്ഥാനമായ ദോഹഎയർപോർട്ട് വിശാലവും സുന്ദരവുമായിരുന്നെങ്കിലും യാത്രക്കാരുടെ തിക്കും തിരക്കും നന്നായി അനുഭവപ്പെട്ടിരുന്നു. പക്ഷേ ബാഴ്‌സിലോണ ഇന്റർനാഷണൽ എയർപോർട്ട് പൊതുവേ ശാന്തമായിരുന്നു. വളരെ കുറച്ച് യാത്രക്കാർ മാത്രം. എയ്‌റോബ്രിഡ്ജിലുടെ പുറത്തേയ്ക്കിറങ്ങിയ ലേഖികയും ഭർത്താവ് സി. കെ. ദേവസ്യയും ഒപ്പമുള്ളവരും അതിവിശാലമായ ഹാളിൽ നിരനിരയായി കറങ്ങിക്കൊണ്ടിരുന്ന കൺവെയർ ബൽട്ടിലൂടെ ഒഴുകിവന്ന ലഗേജുകൾ എടുത്ത് ട്രോളിയിൽ വെച്ചു. എയർപോർട്ടിനു പുറത്തിറങ്ങി യൂറോപ്പ്യൻ കാഴ്ചകളിലേക്കുള്ള ലേഖികയുടെ നയന സഞ്ചാരം ആരംഭിച്ചു. നീണ്ട ആകാശയാത്രയ്ക്കുശേഷമുള്ള റോഡ് യാത്ര. എട്ടുവരിപ്പാതകൾ, വഴിയോരത്ത് മനോഹരങ്ങളായ പുൽപ്പരപ്പും പൂക്കളും മരങ്ങളും നിറഞ്ഞ വർണശബളമായ കാഴ്ചകൾ കണ്ണിന് ആസ്വാദ്യം പകർന്നു. കൗതുകമുണർത്തി 20ഉം 30ഉം നിലകളുള്ള കെട്ടിടങ്ങൾ ശിരസുയർത്തി നിൽക്കുന്നു. ഇവയൊക്കെ പിന്നിലാക്കി, റോഡുകളും പാലങ്ങളും തുരങ്കങ്ങളും കടന്ന് ബസ് മുന്നോട്ട് നീങ്ങി. ഒപ്പം ലേഖികയുടെ കാഴ്ചകളും. സ്‌പെയിനിന് ഇന്ത്യയുടെ ഏകദേശം ആറിലൊന്നു വിസ്തീർണമേയുള്ളുവെന്ന അറിവ് എനിക്കും പുതുതായിരുന്നു. ഇത്തരത്തിലുള്ള പുതിയ അറിവുകൾ വായനക്കാരിലേക്ക് എത്തിക്കുന്നു ലേഖിക ഇവിടെ. ഇവിടുത്തെ പ്രധാനഭാഷ സ്പാനിഷും നാണയം യൂറോയുമാണ്. ഭൂരിഭാഗവും ക്രിസ്ത്യാനികൾ. തലസ്ഥാനമായ മാഡ്രിഡ് പോലെതന്നെ, 47 ലക്ഷം ജനസംഖ്യയുള്ള ബാഴ്‌സിലോണയും ഒരു പ്രധാന നഗരമാണ്. 1992ലെ ഒളിമ്പിക് മത്സരത്തിന് ആതിഥേയത്വം വഹിച്ച ബാഴ്‌സിലോണ ലോകത്തിന്റെ കായിക കേന്ദ്രം കൂടിയാണ്. ഫുട്‌ബോളാണ് കായിക വിനോദമെങ്കിലും കാളപ്പോരും ഇന്നാട്ടിലെ പ്രധാന വിനോദംതന്നെ. പ്രതിവർഷം 50 മില്യൺ ടൂറിസ്റ്റുകളെ സ്വാഗതം ചെയ്യുന്ന സ്‌പെയിനിന്റെ പ്രധാന വരുമാനവും ടൂറിസത്തെ ആശ്രയിച്ചാണ്. ഗോതമ്പ്, ഓട്‌സ്, ബാർലി, പച്ചക്കറികൾ ഇവയാണ് പ്രധാന കൃഷികൾ.
ഫ്രാൻസ്- ലൂർദിൽ
ബാഴ്‌സിലോണയിലെ പ്രഭാതം. തെളിഞ്ഞ കാലാവസ്ഥ, നേരിയ തണുപ്പും. വിഭവ സമൃദ്ധമായ പ്രഭാതഭക്ഷണത്തിനു ശേഷം ലേഖിക ലൂർദിലേക്കു പുറപ്പെട്ടു. ബാഴ്‌സിലോണയിൽനിന്നും 450 കി.മീ. ദൂരമുണ്ട് ലൂർദിലേക്ക്. ആറുമണിക്കൂർ യാത്ര ചെയ്യണം. ഈ യാത്രയിൽ ലേഖികയുടെ കണ്ണുകൾ പ്രകൃതിയുടെ മനോഹാരിതകളിലേക്ക് സഞ്ചരിച്ചു. നാലുവരിപ്പാതകൾ, വഴിയോരങ്ങളിലെ പൂക്കൾ, പച്ചപ്പുൽപ്പരപ്പിലെ മരങ്ങൾ, ഇടക്കിടെ ഓവർബ്രിഡ്ജുകൾ, ചെറുതും വലുതുമായ കെട്ടിടങ്ങൾ, അങ്ങകലെ നീലമലകൾ… അങ്ങനെ അതിമനോഹരങ്ങളായ വഴിയോരക്കാഴ്ചകൾ കണ്ടുള്ള യാത്ര ലേഖികക്ക് നവ്യാനുഭവം പകർന്നു. റോഡിനിരുവശങ്ങളിലും മുന്തിരിത്തോപ്പുകളും വിളഞ്ഞുനിൽക്കുന്ന ഗോതമ്പുപാടങ്ങളും പറന്നുനടക്കുന്ന പക്ഷികളും മേയുന്ന പശുക്കളും അടുക്കും തോറും മലകളിൽ കരിംപാറകളും ചുണ്ണാമ്പുനിറമുള്ള കല്ലുകളും ഉയരം കുറഞ്ഞ മരങ്ങളും കണ്ടായിരുന്നു ആ യാത്ര. പ്രക്യതി സൗന്ദര്യം ആവോളമുള്ള പിരണീസ് പർവത താഴ്‌വരയിലെത്തിയപ്പോൾ അകലെ കോടയിറങ്ങി മലകളുടെ കൊടുമുടികളെ മായിച്ചു കളഞ്ഞിരിക്കുന്നു. ഒന്നര കി.മി.നീളമുള്ള തുരങ്കം കഴിഞ്ഞപ്പോൾ വിണ്ടും മലനിരകൾ. ഈ കാഴ്ചകളൊക്കെയും സുന്ദരമായ ഛായചിത്രങ്ങൾപ്പോലെ തോന്നി ലേഖികപ്പോൾ… ഉച്ചകഴിഞ്ഞ് 2 മണി ആയപ്പോഴേക്കും ലേഖികയും ഒപ്പമുള്ളവരും സ്‌പെയിനിന്റെ അതിർത്തി കടന്ന് ഫ്രാൻസിൽ പ്രവേശിച്ചു. ജോവാൻ ഓഫ് ആർക്കിന്റെ നാട് (1419-1431). വെറും പത്തൊമ്പതു വർഷം മാത്രം ജീവിച്ച് ചരിത്രത്തിൽ അനശ്വരസ്ഥാനം നേടിയ നായിക. ലേഖികയുടെ മനസ്സ് ചരിത്രത്തിന്റെ താളുകൾ മറിച്ചു. ആ യാത്ര ‘പോ’ നദി കടന്ന് ലൂർദിൽ എത്തിച്ചേർന്നു.
മൂന്നുനിലകളിൽ കുരിശാകൃതിയിലുള്ള ദൈവാലയമാണ് ലൂർദിലെ ദൈവാലായം. താഴെ നിലവറദൈവാലായവും അതിനുമുകളിൽ റോസറിബസലിക്കയും അതിനുമുകളിൽ അമലോത്ഭവ മാതാവിന്റെ അപ്പർബസലിക്കയും. നിലവറദൈവാലായം പഴമയെ എടുത്തുകാണിക്കുന്നു. റോസറി ബസലിക്കയാണ് ഏറ്റവും മനോഹരമെന്ന് ലേഖികയ്ക്ക് തോന്നി. അയ്യായിരം ആളുകൾക്ക് ഇതിൽ ഒന്നിച്ചിരുന്നു പ്രാർത്ഥിക്കാം. മുഖവാരത്ത് സുവർണശോഭയിൽ മാതാവിന്റെ ചിത്രമുണ്ട്. കന്യാമറിയത്തിന്റെ വിവിധ രൂപത്തിലുള്ള ശിൽപ്പപങ്ങൾ ദൈവാലായത്തിലുണ്ട്.
ഇവിടെ മെഴുകുതിരികൾ സദാ ജ്വലിച്ചു നിൽക്കുന്നു. ദൈവാലായത്തിന്റെ ഇടതുഭാഗത്തുള്ള നടയിറങ്ങിയാൽ നാം പോ നദിക്കരയിലെത്തും. നദീ തീരത്ത് ദൈവാലായത്തോടു ചേർന്നുള്ള മലയിലെ വലിപ്പമുള്ള പാറയിൽ ഒരാൾക്കുനിൽക്കാനുള്ള വിടവിനുള്ളിലാണ് ബർണദീത്തക്കു മാതാവ് പ്രത്യക്ഷപ്പെട്ടത്. പാറയിടുക്കിൽ നിന്നും ഒഴുകുന്നവെള്ളം പൈപ്പിലൂടെ നമുക്കു ശേഖരിക്കാം. ചിലർ ഈ വിശുദ്ധ ജലത്തിൽ രോഗികളെ കുളിപ്പിക്കുന്നു. ഈ കാഴ്ചകളൊക്കെയും ലേഖികയ്ക്ക് പുതിയ അനുഭവങ്ങൾ സമ്മാനിച്ചു. രാത്രികാലങ്ങളിലും ഗ്രോട്ടോയിൽ ആളുകൾ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്ന കാഴ്ച, ലൂർദ് പട്ടണത്തിന് ഉറക്കമില്ല എന്ന നിഗമനത്തിൽ എത്തിച്ചു ലേഖികയെ.
പാരീസിൽ ഒരുദിനം
പാരീസ് പട്ടണത്തിന്റെ സൗന്ദര്യം ആസ്വദിക്കാനായി ഇറങ്ങിയ ലേഖികയ്ക്ക്, ആ പട്ടണത്തിന്റെ കാഴ്ചകൾ പുതിയൊരു ലോകത്തെ തന്നെ സമ്മാനിച്ചതായി തേന്നും വായനക്കാർക്ക്. കണ്ട കാഴ്ചകൾ വിവരിക്കാനായി ഈ പുസ്തകത്തിന്റെ പേജുകൾ മതിയാകില്ല എന്ന് പലപ്പോഴും നമുക്കും തോന്നാം. സെന്റ് മഗ്ദലേന ചർച്ച്, ലൂവ്ര് മ്യൂസിയം, സ്ഫടിക പിരമിഡ്, പോണ്ട് ന്യൂഫ്പാലം, ലാ കോൺസിർകറി മന്ദിരം, നോത്ര്ദാം ദൈവാലയം, പാരീസ് സർവകലാശാല, വിശുദ്ധ കത്രീനയുടെ ദൈവാലയം, സെന്റ് വിൻസെന്റ് ഡി പോളിന്റെ കബറിടം, നെപ്പോളിയന്റെ ശവകുടീരം, ആർക്ക് ദ ട്രയംഫ്, കോൺ കോർഡ് ചത്വരം, സേക്രഡ് ഹാർട്ട് ചർച്ച്, ഈഫൽ ടവർ തുടങ്ങിയ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും കാഴ്ചകളും ലേഖിക വളരെ ശ്രദ്ദയോടെ വീക്ഷിച്ച് വിവരിക്കുമ്പോൾ, വായനക്കർ ഇവിടം സന്ദർശിച്ച അനുഭൂതിയിൽ എത്തപ്പെടന്നു. ആറ് ദശലക്ഷം സന്ദർശകരാണ് ഒരു വർഷം ഇവിടെ വരുന്നത്. ഒരിക്കൽ ഇരുണ്ട നാളുകളിലായിരുന്ന പാരീസ് ഇന്ന് പ്രകാശത്തിലാണ്. അവസാനിക്കാത്ത സംഗീതവിരുന്നുകളും നൃത്തത്തിന്റെ നൂപുരധ്വനികളും വിനോദമേളകളും പാരീസിന്റെ രാപകലുകളെ ഉന്മത്തമാക്കുന്നു. പരിശ്രമത്തിന്റെ അരുണകിരണങ്ങളും വിവേകത്തിന്റെ മന്ദമാരുതനുമേറ്റ് വിടർന്ന പൂവിനോട് ഉപമിക്കുകയാണ് പാരീസിനെ ലേഖിക.
ബെൽജിയം- ബ്രസ്സൽസിൽ
പാരീസിൽനിന്നും 308 കി.മീ. ദൂരം, മൂന്നു മണിക്കൂർ നാൽപ്പത്തിയഞ്ചു മിനിട്ട് സഞ്ചരിച്ച് ബ്രസ്സിൽ എത്തി ലേഖികയും കൂട്ടരും. ബൽജിയത്തിലെ മലയാളക്കര എന്നാണ് ബ്രസ്സൽസ് അറിയപ്പെടുന്നത്. ഭൂപ്രകൃതിയിൽ ബെൽജിയത്തിനു ഫ്രാൻസുമായി യാതൊരു വ്യത്യാസവും ലേഖികയ്ക്ക് തോന്നിയില്ല. രണ്ടു കിലോമീറ്ററോളം അകലേക്കു കാണാവുന്ന നേർരേഖ വരച്ചതുപോലുള്ള റോഡുകൾ. എല്ലാ മലകൾക്കും തുരങ്കങ്ങൾ. ഗ്രാമത്തിലെ വീടുകളുടെ മേൽക്കൂര 70 ഡിഗ്രിയോളം ചെരിച്ചാണ് വെച്ചിരിക്കുന്നത്. മഞ്ഞുവീഴുന്നത് ഒഴുകിപ്പോകുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. റോഡ് സൈഡിലെ വൈദ്യുതി ലൈറ്റുകൾ അതിമനോഹരം. ബ്രസ്സൽസിന്റെ അത്ഭുത- വർണ കാഴ്ചകളിലേക്ക് ലേഖികയും സഞ്ചരിച്ചു. സെന്ന നദിയുടെ തീരത്തായി ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസ്സൽസ് നഗരം സ്ഥിതിചെയ്യുന്നു. 1.09 കോടി ജനസംഖ്യയുമുള്ള ബെൽജീയം കേരളത്തെക്കാൾ ചെറിയ രാജ്യമാണ്. ജനങ്ങളിൽ 70%വും കത്തോലിക്കരാണ്. ആളുകൾ ഫളമീഷ്, ഫ്രഞ്ച്, ജർമൻ എന്നീ ഭാഷകൾ സംസാരിക്കുന്നു. നാണയം യൂറോയും. യൂറോപ്പ്യൻ യൂണിയന്റെ ആസ്ഥാനം ബ്രസ്സൽസ് ആണ്. ഗ്ലാസ്സ്‌കൊണ്ടു നിർമിച്ച കെട്ടിടങ്ങൾ ബ്രസ്സൽസിന്റെ സൗന്ദര്യം വർധിപ്പിച്ചു. വീടുകളുടെ ജനൽച്ചില്ലിലൂടെ കാണുന്ന കർട്ടനുകളും അതിമനോഹരം. ലോകത്തിൽ ഏറ്റവും നല്ല ഗ്ലാസ്സുകൾ ലഭിക്കുന്ന രാജ്യവും ജനൽ കർട്ടനുകളും ലെയ്‌സും നിർമിക്കുന്നതിന്റെ ക്രെഡിറ്റും ബൽജിയത്തിനാണ്. ലോകത്തിലെ ഡയമണ്ട് കട്ടിംഗ് ഇൻഡസ്ട്രിയുടെ 70%വും ബൽജിയത്തിലാണ്. ബ്രസ്സൽസിലെ ഏറ്റവും വലിയ അത്ഭുതക്കാഴ്ചയായ ആറ്റോമിയം, ഒൻപതു സ്റ്റീൽ ഗോളങ്ങൾ ആറ്റോമീയം മോഡലിൽ യോജിപ്പിച്ച് അത്യധികം ഉയരത്തിൽ നിർമിച്ചുവെച്ചിരിക്കുന്നതാണ്. 1958ലെ ലോകമേളയുടെ പ്രതീകമായ ആറ്റോമിയത്തിന്റെ മുമ്പിൽ ലേഖികയും കൂട്ടരും അത്ഭുതസ്തബ്ധരായി. പിന്നീട് യൂറോപ്പ്യൻ രാജ്യങ്ങളിലെ പ്രധാനകാഴ്ചകളുടെയെല്ലാം മോഡൽ ഉണ്ടാക്കി പ്രദർശിപ്പിച്ചിരിക്കുന്ന പാർക്കായ ‘മിനിയൂറോപ്പ്’ ലേഖികയ്ക്ക് മറ്റൊരത്ഭുതം ഉളവാക്കി. ഒരു ഭാഗത്ത് യൂറോപ്പ്യൻ യൂണിയനിലെ എല്ലാരാജ്യങ്ങളുടേയും പതാകകൾ നിരയായി തൂണുകളിൽ കാറ്റിൽ പാറിക്കളിക്കുന്നു. ഒരു ഭാഗത്ത് യൂറോപ്പ്യൻ രാജ്യങ്ങളിലെ കെട്ടിടങ്ങളുടെ മാതൃകകൾ. ബ്രിട്ടീഷ് പാർലമെന്റെ് മന്ദിരം, ക്ലോക്ക് ടവർ, സെന്റ് പോൾസ് കത്തീഡ്രൽ, ചെറിയ തോട്ടിൽ തെംസ് നദിയിലെ പാലം രണ്ടായി പിരിഞ്ഞു നിൽക്കുന്നതും പാലത്തിനു താഴെ കപ്പലും, ഇറ്റലിയിലെ പിസാഗോപുരം, പാരീസിലെ ഈഫൽ ടവർ, ആറ്റോമിയം എന്നിവയുടെ എല്ലാം മോഡലുകൾ, വിമാനം പോകുന്നത്, ഓടുന്ന ബുള്ളറ്റ് ട്രെയിൻ, ചെറിയകുളവും കുളത്തിൽ ഉയർന്നു ചാടുന്ന ഡോൾഫിൻ മത്സ്യവും, കാളപ്പോരിന്റെ ശിൽപ്പം, തെക്ക് ജപ്പനീസ് ടവർ, വടക്ക് ചൈനീസ് ടവർ, ഈജീപ്ഷ്യൻ തൂണ് അങ്ങനെ നീളുന്നു ലേഖിക ഇവിടെ കണ്ട കാഴ്ചകൾ. പിന്നീട് സെന്റ് മൈക്കിൾസ് കത്തീഡ്രൽ ദൈവാലയം, ഗോതിക് ശിൽപ്പകലയിൽ പണിതീർത്ത അംബരചുംബിയായ ബ്രസ്സൽസിലെ പൂരാതന ടൗൺഹാൾ തുടങ്ങിയ കാഴ്ചകളും ലേഖികയിൽ അത്ഭുതമുളവാക്കി.
ജർമനിയിൽ
ജർമനിയിലെ ഹൃദ്യമായ പ്രഭാതഭക്ഷണത്തിനു ശേഷം ഒൻപതുമണിയോടെ ജർമനിയിലെ പുരാതന ദൈവാലയമായ കൊളോൺ കത്തീഡ്രൽ സന്ദർശിക്കാനായി പുറപ്പെട്ടു. ജർമനിയിലൂടെ സഞ്ചരിക്കുമ്പോൾ ക്രൂരനായ ഹിറ്റ്‌ലറുടെ ഓർമകൾ ലേഖകികയുടെ മനസ്സിലേക്ക് വന്നു. ഹിറ്റ്‌ലറുടെ നാഷണൽ സോഷിലിസ്റ്റുപാർട്ടി (നാസി) രാജ്യത്തുനടത്തിയ ഭീകരതാണ്ഡവം എത്രയോ യഹൂദരെ നിഷ്‌കരുണം കൊന്നൊടുക്കി? എന്നിട്ടെന്തുനേടി? 1945 ഏപ്രിൽ 30ന് തലസ്ഥാനമായ ബെർലിൻ നഗരത്തിൽ വെച്ച് നാസിസത്തിന്റെ സ്ഥാപകനായ അഡോൾഫ് ഹിറ്റ്‌ലർ തന്റെ കാമുകി ഈവാബ്രൗണിനൊപ്പം ഭൂമിക്കടിയിലെ രഹസ്യ അറയിൽ വെച്ച് ആത്മഹത്യ ചെയ്ത് പരാജയത്തെയും വരിച്ചു. മനസ്സിലേക്ക് കടന്നുവന്ന ഈ ചിന്തകൾ ലേഖികയിൽ സങ്കടമുണർത്തി. കല്ലുപതിപ്പിച്ച കൊളോൺ കത്തീഡ്രൽ ദൈവാലയ മുറ്റം. മുഖവാരത്തിലെ കുരിശ് മേഘത്തെ തൊട്ടുനിൽക്കുന്നു. ഇഞ്ചോടിഞ്ച് കൊത്തുപണികൾ. മാതാവിന്റെയും സെന്റ പീറ്ററിന്റേയും നാമത്തിലാണ് ഈ ദൈവാലയം. എല്ലാതൂണുകളോടും ചേർത്ത് ഈശോ, മാതാവ്, പുണ്യാളന്മാർ തുടങ്ങിയവരുടെ ശിൽപ്പങ്ങൾ എഴുന്നുനിൽക്കുന്ന വിധത്തിൽ കൊത്തിവെച്ചിരിക്കുന്നു. പഴമകൊണ്ട് ദൈവാലയത്തിന് കറുപ്പു നിറം ബാധിച്ചിരിക്കുന്നു. യുദ്ധകാലത്ത് മിസൈൽ വീണു തകർന്ന ഭാഗം വിണ്ടും നന്നാക്കിയത് കൊത്തുപണികളില്ലാതെ വെള്ളനിറത്തിൽ കാണാം. മനോഹരമായ ഉൾഭാഗങ്ങൾ. 650 വർഷം കൊണ്ടാണ് ഈ ദൈവാലയത്തിന്റെ പണിപൂർത്തിയാക്കിയത്. 1248ൽ പണിതുടങ്ങിയെങ്കിലും 1473ൽ പലകാരണങ്ങളാൽ നിർത്തിവെച്ചു. ഇടയ്ക്ക് 300 വർഷം പണി നടക്കാതെ പോയി. 1800കളിൽ പണി പൂർത്തിയാക്കി. വില്യം ഒന്നാമൻ ചക്രവർത്തിയുടെ കാലത്താണ് ഇത് നിർമിച്ചത്. യൂറോപ്പിലെ ഏറ്റവും വലിയ ക്ലോക്ക് കൊളോൺ കത്തീഡ്രലിലാണ്. ഈ ക്ലോക്കിന്40 വ്യത്യസ്ത സ്വരങ്ങളിൽ മണിയടി ശബ്ദം ഉണ്ടാക്കാൻ കഴിയും. അത്രയും പഴയ കാലത്ത് ഇങ്ങനൊരു ദൈവാലയം നിർമിച്ച മനുഷ്യഭാവനയുടെ മുന്നിൽ ലേഖിക നമസ്‌ക്കരിച്ചു. തുടർന്ന് ജർമനിയിലെ വിവിധങ്ങളായ കാഴ്ചകൾ അവസാനിപ്പിച്ച് ലേഖിക കൊളോണിൽനിന്നും സ്വിറ്റ്‌സർലണ്ടിലേക്ക് യാത്ര തിരിച്ചു.
സ്വിറ്റ്‌സർലണ്ടിൽ
സ്വിറ്റ്‌സർലണ്ട്- ഭൂമിയിലെ സ്വർഗം. ടൂറിസത്തിന്റെ ലോകതലസ്ഥാനം. കൊടുമുടികളും, താഴ്‌വരകളും ചേർന്ന സ്വിറ്റ്‌സർലണ്ടിന്റെ പ്രകൃതിരമണീയതയും അത്ഭുത കാഴ്ചകളും വായനക്കാരിൽ എത്തിക്കാനുള്ള ലേഖികയുടെ ഉദ്യമം വിജയിച്ചുവെന്ന്തന്നെ പറയാം. സ്വിറ്റ്‌സർലണ്ടിൽ എത്തിയ ലേഖിക എട്ടര മണിയോടെ ഏഞ്ചൽബർഗിൽനിന്നും ആൽപ്‌സ് പർവതനിരകളിലെ ടിറ്റ്‌ലിസ് പർവതത്തിന്റെ താഴ്‌വരയിലേക്ക് നടന്നു. ധാരാളം സഞ്ചാരികളെത്തുന്ന മനോഹരമായ ചെറുപട്ടണം. പച്ച പുൽപരപ്പും നട്ടുപിടിപ്പിച്ച മരങ്ങളും പൂന്തോട്ടങ്ങളും പൂക്കളും കെട്ടിടങ്ങളും ജലധാരായന്ത്രങ്ങളും എല്ലാം ചേർന്ന് സ്വർഗീയ ഛായ പകരുന്നു. ടിറ്റ്‌ലിസ് പർവതമുകളിലേക്കാണ് ഇനി യാത്ര. ടിറ്റ്‌ലിസിന്റെ ഉയരങ്ങളിലേക്ക് കണ്ണെറിഞ്ഞു. അകലെ കുന്നുകളെ തൊട്ടുരുമ്മി മേഘങ്ങൾ കടന്നുപോകുന്നു. കരിമ്പാറക്കെട്ടുകൾ കോട്ടകൾ പോലെ ചാഞ്ഞു നിൽക്കുകയാണ്. ഭൂമിക്കു ഹരിത നിറം പകർന്ന് അടിവാരങ്ങളിൽനിന്നും മലയുടെ മുകളിലേക്ക് ചോലമരങ്ങൾ നിറഞ്ഞു നിൽക്കുന്നു. സദാ വീശുന്ന തണുത്ത കാറ്റിൽ ശരീരം കുളിരണിഞ്ഞ് വിറയ്ക്കുന്ന അനുഭവമായിരുന്നു ലേഖികയ്ക്ക്. താഴ്‌വരയിലെ ഓഫീസിൽനിന്നു ടിക്കറ്റെടുത്ത് കേബിൾ കാറിൽ കയറി. ആറ് ആളുകൾക്ക് മുഖത്തോടുമുഖം നോക്കി സൗകര്യമായി ഇരിക്കാവുന്ന നൂറോളം കേബിൾ കാറുകൾ. ലിഫ്റ്റ് ഉയരുന്നതുപോലെ കേബിൾകാർ ആകാശത്തിലേക്ക് ഉയർന്നു. നിമിഷങ്ങൾകൊണ്ട് 5000 അടിയോളം ഉയർന്നു. പിന്നീട് പല സ്റ്റേജുകൾ പിന്നിട്ട് 10000 അടി ഉയരത്തിലെത്തിയ ലേഖിക ടിറ്റ്‌ലിസിന്റെ ധവളാഭമായ മുഖം കൺകുളിർക്കെ കണ്ടു. മുകളിൽ മഞ്ഞുമൂടിയ മലകളും താഴെ മരതകപ്പച്ചപുതച്ച താഴ്‌വരകളും. കേബിൾ കാറുകൾ നിരനിരയായി വരികയും പോവുകയും ചെയ്യുന്നു. മലയുടെ ഏറ്റവും ഉച്ചിയിൽ വീതിയുള്ള ഒരു പാലം തീർത്തിട്ടുണ്ട്- ‘വ്യൂപോയിന്റ്.’ വ്യൂപോയിന്റിനോടുചേർന്ന് സാറ്റലൈറ്റ് ടവർ അംബരചുംബിയായങ്ങനെ നിൽക്കുന്നു. ലേഖിക വ്യൂപോയിന്റിൽ നിന്ന് ചുറ്റിലും കണ്ണോടിച്ചു. കൂറ്റൻ പർവത നിരകൾ കാൽക്കീഴിലായിരിക്കുകയാണ്. എവറസ്റ്റ് കീഴടക്കിയ ടെൻസിംഗും ഹിലാരിയും ഒരു നിമിഷം ലേഖികയുടെ മനസ്സിലൂടെ മിന്നിമറഞ്ഞു. മറ്റൊരു മലയുടെ അപ്പുറത്തുനിന്നും ഉദിച്ചുയരുന്ന സൂര്യൻ. മലമുകളിൽനിന്നും താഴേക്കിറങ്ങുന്ന കോടമഞ്ഞ്. വെയിലേറ്റ് തിളങ്ങുന്ന മഞ്ഞിൻ ധവളാഭയിൽ കണ്ണഞ്ചിപ്പിക്കുന്ന ടിറ്റ്‌ലിസ്! മലമുകളിലെ കരിംപാറകളിൽ വെള്ളിവരകൾ തീർത്തതുപോലെ ഒഴുകുന്ന നീർച്ചാലുകൾ. ഈ നീർച്ചാലുകളെല്ലാം ചേർന്നതാണ് റൈൻ നദി ഉണ്ടാകുന്നത്. ടിറ്റ്‌ലിസിലോ മറ്റു മലമുകളിലോ ഒരു കുറ്റിച്ചെടിപോലുമില്ല. കൊടുംതണുപ്പിനെ തടയാനുള്ള വസ്ത്രങ്ങൾ- കൈയുറ വരെ ധരിച്ചിട്ടും തണുപ്പു കൊണ്ടു വിറക്കുന്നുണ്ടായിരുന്നു ലേഖികയും സഞ്ചാരികളും. പിന്നീട് ലൂസേൺ നഗരവും ലൂസേൺ തടാകവുമൊക്കെ സന്ദർശിച്ച ലേഖിക സ്വിറ്റ്‌സർലണ്ടിലെ കാഴ്ചകൾ അവസാനാപ്പിച്ച് കലയുടെ വസന്തം പൂത്തുലഞ്ഞ ഇറ്റലിയിലേക്കുള്ള യാത്രക്കായി തയാറെടുത്തു.
ഇറ്റലി- മിലാൻ- പാദുവ
ക്രൈസ്തവ സഭയുടെ സിരാകേന്ദ്രമായ റോം സ്ഥിതി ചെയ്യന്ന രാജ്യമാണ് ഇറ്റലി. കോൺസ്റ്റന്റയിൻ ചക്രവർത്തി മതപീഡനം അവസാനിപ്പിച്ച് ക്രിസ്തുമതത്തെ റോമാസാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമാക്കിമാറ്റി. അദ്ദേഹം സ്ഥാപിച്ച ദൈവാലയമാണ് മിലാനിലെ ഡുമോ കത്തീഡ്രൽ. പരിശുദ്ധ മാതാവിന്റെ നാമധേയത്തിൽ വെളുത്ത മാർബിളിൽ പണിത ഇന്നത്തെ ദൈവാലയത്തിന്റെ ഓരോ ഇഞ്ചും കൊത്തുപണികളാണ്. ആയിരക്കണക്കിന് ശിൽപ്പങ്ങൾ ഭിത്തിയിലും തൂണിലും എഴുന്നു നിൽക്കുകയാണ്. അതിമനോഹരവും! കൊത്തുപണികളാൽ അലംകൃതമായ പിച്ചളവാതിലുകളും ലേഖികയെ അത്ഭുതപ്പെടുത്തി. ‘ഇറ്റലിയുടെ സ്വർഗം’ എന്നാണ് മാർക്ട്വയിൻ ഈ കത്തീഡ്രലിനെ വിശേഷിപ്പിച്ചത്. യൂറോപ്പിലെ വിഖ്യാത ശിൽപ്പികളായ ഡാവിഞ്ചിയും ബ്രമാന്റെയും ഇതിന്റെ നിർമിതിയിൽ പങ്കുകൊണ്ടിട്ടുണ്ടെന്ന് ചരിത്രം. പല നൂറ്റാണ്ടുകളിലെ കലാശൈലികളെ സംയോജിപ്പിച്ച ഒരത്ഭുതമാണ് ഈ കത്തീഡ്രൽ. അധികവും ഗോതിക് ശൈലികളിലാണ് പണി തീർത്തിട്ടുള്ളത്. 1386ൽ ആർച്ച്ബിഷപ്പ് ആന്റോണിയോ ദ സലൂസോ ആണ് ഈ കത്തീഡ്രലിന്റെ പണി ആരംഭിച്ചത്. 1965ൽ പണി പൂർത്തിയാക്കി. 580 വർഷംകൊണ്ടാണ് പണി പൂർത്തിയാക്കിയത്. പതിനായിരത്തോളം ശിൽപ്പങ്ങൾ, 200 ഗോപുരാഗ്രങ്ങൾ എല്ലാം ചേർന്നതാണ് ഈ മാർബിൾ കത്തീഡ്രൽ. ഗോപുരങ്ങളുടെ ഏറ്റവും ഉയരത്തിലാണ് കന്യാമാതാവിന്റെ സ്വർണശിൽപ്പം (മഡോണ) ശിൽപ്പത്തിന് നാല് മീറ്റർ ഉയരമുണ്ട്. കത്തീഡ്രലിന്റെ ഗോപുരമുകളിൽനിന്ന് മിലാനിലെ റാണി തന്റെ നഗരത്തെ പരിരക്ഷിക്കുന്നു. മിലാൻ കത്തീഡ്രലിന്റെ ശിൽപ്പഭംഗിയിൽ വിസ്മയിക്കാത്ത മനുഷ്യനേത്രങ്ങളില്ല, ഹൃദയങ്ങളില്ല. ഇടയ്ക്കിടയ്ക്ക് മഞ്ഞിലും മഴയിലുംകഴുകി വൃത്തിയാക്കപ്പെടുന്നതുകൊണ്ട് മാർബിൾ കത്തീഡ്രൽ വെയിലേറ്റ് വെൺപ്രഭയിൽ തിളങ്ങിനിന്നു. ഈ വെള്ള മാർബിൾ കത്തീഡ്രൽ ‘സൗന്ദര്യത്തിലും നിർമിതിയിലും ഇന്ത്യയിലെ താജ്മഹലിനെയും തോൽപ്പിക്കില്ലേ’ എന്ന് ഒരു നിമിഷം ലേഖിക ചിന്തിച്ചുപോയി. പിന്നീട് പാദുവയിലെ വിശുദ്ധ അന്തോണീസിന്റെ ദൈവാലയത്തിലേക്ക്. അതിബൃഹത്തായ ദൈവാലയം. പുറംഭാഗത്തിനു ഭംഗികുറവാണ്. 1231ൽ പണി ആരംഭിച്ച ബസലിക്ക പൂർത്തിയാക്കാൻ ഒരു നൂറ്റാണ്ടോളം വേണ്ടിവന്നു. ‘നിക്കോള പിസാനോ’ എന്ന ശിൽപ്പിയാണ് ഈ ദൈവാലയം രൂപകൽപ്പന ചെയ്തത്. റൊമനാസ്‌ക് ഗോഥിക് ശൈലികളുടെ സമ്മേളനമാണ് ഈ ബസലിക്കയിൽ കാണാൻ കഴിയുന്നത്.
തുടർന്ന് നൂറ്റിപതിനെട്ടു ദ്വീപുകൾ നാനൂറിലധികം പാലങ്ങൾ കൊണ്ട് കൂട്ടിയിണക്കിയ ജലനിർമിത നഗരമായ വെനീസിലെത്തി. മൊറാന ദ്വീപിലെ സ്ഫടിക നിർമാണ ഫാക്ടറിയിും വെനീസിന്റെ സംരക്ഷകനായ സെന്റ് മാർക്കോസിന്റെ കത്തീഡ്രലും സന്ദർശിച്ച ലേഖിക ലേകാത്ഭുതങ്ങളിലെ ഒന്നായ പിസായിലെ ചരിഞ്ഞ ഗോപുരവും സന്ദർശിച്ച് അസ്സീസിയിലെത്തി. അസ്സീസിയിലെത്തിയ ലേഖിക ബസലിക്ക ഓഫ് സെന്റ് ഫ്രാൻസിസ് അസ്സീസിയും ബസലിക്ക ഓഫ് സെന്റ് ക്ലാരയും സന്ദർശിച്ച് അനുഭൂതികളുടെയും അനുഗ്രഹങ്ങളുടെയും നിറവിൽ റോമിലേയ്ക്ക് യാത്രയായി.
ഇറ്റലി- റോമിൽ
നൂറ്റാണ്ടുകളുടെ ചരിത്രമുള്ള റോമാ നഗരത്തെക്കുറിച്ചുള്ള ഐതിഹങ്ങൾ ഓർമയിൽ വന്ന ലേഖിക നഗരകാഴ്ചകൾ കാണാനുള്ള തിടുക്കത്തിലായിരുന്നു. റോമിലെ അഞ്ച് പേപ്പൽ ബസലിക്കകളായ സെന്റ് പോൾസ് ബസലിക്ക, സെന്റ് ജോൺസ് ലാറ്ററൻ ബസലിക്ക, സാന്താമരിയ ബസലിക്ക, സെന്റ് പിറ്റേഴ്‌സ് ബസലിക്ക, ഹോളിക്രോസ് മൈനർ ബസലിക്ക തുടങ്ങിയ ബസലിക്കകൾ സന്ദർശിച്ച് ലേഖിക റോമൻവാൾ, ട്രെവി ഫൗണ്ടൻ, കൊളോസിയം, ഹോളി സ്റ്റെപ്‌സ് തുടങ്ങിയവയും സന്ദർശിച്ചു. സ്വർഗീയപരിമളം ഹൃദയത്തിലേക്കൊഴുകിയെത്തുന്നപോലെ റോമിലെ അന്തരീക്ഷം ഭക്തി സാന്ദ്രതയിൽ ലയിച്ച് നിശ്ശബ്ദമായി നിൽക്കുന്നതായി ലേഖികയ്ക്ക് അനുഭവപ്പെട്ടു. എങ്കിലും മനുഷ്യന്റെ ഭീകരവും ക്രൂരവുമായ പൈശാചികത അരങ്ങേറിയ, എ.ഡി. 80ൽ ടൈറ്റസ് ചക്രവർത്തി ഉദ്ഘാടനം ചെയ്ത കൊളോസിയം ലേഖികയുടെ മനസ്സിനെ ഹൃദയ ഭേദകമാക്കി. ചരിത്രത്തിന്റെ ദുഃഖസ്മരണകളുമായി പഴകിദ്രവിച്ച് മൂകമായി കൊളോസിയം ഇന്ന് നിലകൊള്ളുന്നു. ചങ്ങലപ്പൂട്ടുകളിൽ കിടന്ന് മൂളുകയും ഗർജിക്കുകയും ചെയ്യുന്ന മൃഗങ്ങൾ! കൊടും ക്രൂരതയുടെ തീരാവേദനയിൽ പിടയുന്ന മനുഷ്യരുടെ തേങ്ങലുകൾ! ചോരയുടെ ഗന്ധം! എല്ലാം ലേഖികയുടെ ഓർമകളിൽ കൂടുതൽ നൊമ്പരം നിറച്ചു. നാലാം നൂറ്റണ്ടിൽ ഹെലേന രാജ്ഞിയുടെ നേത്യത്വത്തിൽ ജറുസലെമിലെ പീലാത്തോസിന്റെ അരമനയിൽനിന്നും ഹേറോദേസിന്റെ അടുത്തേക്ക് പീഡിതനായ യേശു നടന്ന വഴിയിലെ രക്തപങ്കിലമായ നടകൾ, ലാറ്ററൻബസലിക്കയോടു ചേർന്നുള്ള ദൈവാലയത്തിൽ കൊണ്ടുവന്നു സ്ഥാപിച്ചു. ഈ ‘വിശുദ്ധ പടികൾ’ കയറിയപ്പോഴാണ് ലേഖികയുടെ മനസ്സിലെ നൊമ്പരത്തിന് കുറവുണ്ടായത്. തുടർന്ന് ആകാശത്തിന്റെ അസ്തമയസൗന്ദര്യം മാഞ്ഞുപോകുന്നതുവരെ ലേഖിക റോമിന്റെ വിശാലമായ വീഥികളിലൂടെ വെറുതെ നടന്നു.
വത്തിക്കാനിൽ
ഇറ്റലിയുടെ തലസ്ഥാനമായ റോമിനകത്തെ, ജനസംഖ്യ ആയിരത്തോളം മാത്രം വരുന്ന കൊച്ചുരാഷ്ട്രമാണ് വത്തിക്കാൻ. 108 ഏക്കർ മാത്രമാണ് ഭൂവിസ്തൃതി. ടൈബർ നദിയുടെ തീരത്തുള്ള ഈ രാഷ്ട്രത്തിന്റെ പരമാധികാരി പോപ്പ് ആണ്. കത്തോലിക്കാസഭയുടെ ആസ്ഥാനഭരണ കേന്ദ്രവും പോപ്പുമുള്ള വത്തിക്കാന് ഒലിവും സൈപ്രസും തണൽ വിരിയിക്കുന്നു. പാപ്പ ജനങ്ങൾക്ക് പൊതുദർശനം നൽകുന്ന ദിവസമാണ് ബുധനാഴ്ച. ലേഖികയും പാപ്പയുടെ സന്ദർശനത്തിനായി കാത്തിരുന്നു. എട്ടുമണിയായപ്പോഴേക്കും ചത്വരം ജനങ്ങളാൽ നിറഞ്ഞു. മുറ്റത്ത് മുപ്പതിനായിരം ആളുകൾക്ക് നിൽക്കാം. മുറ്റത്ത് പലഭാഗത്തായി പതിനഞ്ചോളം സി.സി. ടിവികളും സ്ഥാപിച്ചിരുന്നു. ഒൻപതുമണിയായപ്പോഴേക്കും ഗായകസംഘത്തിന്റെ സ്വാഗതഗാനം മൈക്കിലൂടെ മുഴങ്ങി. കാറ്റിന്റെ ചുണ്ടുകളിൽ ഭക്തിയുടെ ഈണം തുളുമ്പുന്നു. പത്തുമണിയോടെ ഫ്രാൻസിസ് പാപ്പ തുറന്ന ജീപ്പിൽ സാവധാനം പ്രത്യക്ഷനായി. പോപ്പിന്റെ വരവ് ലൈവ് ആയി ടി.വി. സ്‌ക്രീനിൽ കാണിക്കുന്നുണ്ട്. വെള്ളയും മഞ്ഞയും കലർന്ന പേപ്പൽ പതാകകൾ എല്ലാവരും ഉയർത്തിവീശി.
”വിവ ഇൽ പാപ്പ… വിവ ഇൽ പാപ്പ” എന്ന അഭിവാദ്യ ശബ്ദം ഉയർന്നുപൊങ്ങി ‘പാപ്പ നീണാൾ വാഴട്ടെ’ എന്നാണിതിനർത്ഥം. പോപ്പിന്റെ തുറന്നജീപ്പ് ലേഖികയുടെ സമീപത്തുകൂടി നീങ്ങി. കൈകൂപ്പിയും കൈകൾവീശിയും ഹർഷാരവം മുഴക്കി എല്ലാവരും സഭാതലവനെ സ്വാഗതം ചെയ്തു. പോപ്പ് കൈകൾ ഉയർത്തി എല്ലാവരേയും അനുഗ്രഹിച്ചു. കൊച്ചുകുഞ്ഞുങ്ങളെ തലോടി. വൃദ്ധജനങ്ങളുടെ തലയിൽതൊട്ടു. പലരും കൈ നീട്ടി പോപ്പിനെയും തൊട്ടു. ഒരു മണിക്കൂറോളം പോപ്പ്, മുറ്റത്തു കയറുകെട്ടിത്തിരിച്ച എല്ലാവഴിയിലൂടെയും തുറന്ന വണ്ടിയിൽ പല തവണ സഞ്ചരിച്ചു, എല്ലാവരേയും അനുഗ്രഹിച്ചും പുഞ്ചിരി പൊഴിച്ചും..
കലാലോകത്തിലെ ത്രീമൂർത്തികളായാ മൈക്കിളാഞ്ചലോ, ലിയനാഡോ ഡാവിഞ്ചി, റാഫേലിന്റെയുമെല്ലാം മ്യൂസിയങ്ങളും ലേഖിക സന്ദർശിച്ചു. അവസനമായി സിക്സ്റ്റസ് നാലാമാൻ പാപ്പയുടെ കാലത്ത് (1484) നിർമിച്ച ‘സിസ്റ്റൈൻ ചാപ്പൽ’ലും ലേഖിക സന്ദർശിച്ചു. സിസ്റ്റൈൻ ചാപ്പലിനെ ലോകപ്രശസ്തമാക്കിയത് അതിലെ വിശ്വപ്രസിദ്ധമായ പെയിന്റിംഗുകളാണ്. ചാപ്പലിന്റെ ചുമർചിത്രങ്ങൾ മൈക്കിൾ ആഞ്ചലോയുടേയും അദ്ദേഹത്തിന്റെ ശിഷ്യന്മാരുടേയും സൃഷ്ടികളാണ്. ചാപ്പലിന്റെ വശങ്ങളിലെ ഭിത്തികളിലും മച്ചിലും നിറയെ ചിത്രങ്ങളാണ്. സിസ്റ്റൈൻ ചാപ്പലിലെ അൾത്താരയ്ക്കു പിന്നിലുള്ള ഭിത്തിയിലാണ് മൈക്കിളാഞ്ചലോയുടെ പ്രശസ്ത സൃഷ്ടിയായ ‘അന്ത്യവിധി’. സിസ്റ്റൈൻ ചാപ്പലിൽ പാപ്പമാർക്കു മാത്രമേ ദിവ്യബലി അർപ്പിക്കാൻ അധികാരമുള്ളു. അൾത്താരയുടെ നേരെ എതിരെയുള്ള മുറിയിലാണ് കർദിനാൾ സംഘം പാപ്പയെ തിരഞ്ഞെടുക്കുന്നത്. പിന്നീട് ലേഖിക സെന്റ് പിറ്റേഴ്‌സ് ബസലിക്കയുടെ മുമ്പിൽ വന്നു. ഒരിക്കൽകൂടി ബസലിക്കയുടെ ചിത്രം മനസ്സിൽ പകർത്തി. ബസലിക്കയുടെ വെള്ളിതാഴികക്കുടം അന്തിവെയിലേറ്റ് തിളങ്ങുന്നുണ്ടായിരുന്നു അപ്പോൾ. പുതുമകളെത്ര വന്നുപുണർന്നാലും പഴമയുടെ പരിശുദ്ധിയും അവ നൽകുന്ന സംതൃപ്തിയും മറക്കാൻ കഴിയില്ല എന്ന തിരിച്ചറിവോടെ ലേഖിക മടക്കയാത്രക്ക് തയാറെടുത്തു.
മടക്കയാത്ര
മടക്കയാത്രക്ക് തയാറായിരുന്ന ലേഖികയുടെ മനസ്സിലേക്ക് ഒരിക്കൽക്കൂടി റോമിന്റെ പഴയകാലം ഓർമയിൽ വന്നു. ലോകത്തെ ഉള്ളം കൈയിലിട്ട് അമ്മാനമാടിയ ചക്രവർത്തിമാരുടെ വിഹാരകേന്ദ്രമായിരുന്ന റോമിൽ, സുന്ദരികളും സ്വാർത്ഥമതികളുമായ രാജ്ഞിമാരും അന്തഃപുരാംഗനകളും വിഹരിച്ചിരുന്നു. അശ്വാരൂഡരായ രാജഭടന്മാരുടെ വാളൊലിക്കു മുമ്പിൽ രക്തപ്പുഴയൊഴുകിയതും ഇവിടെത്തന്നെ. ക്രിസ്തുവിന്റെ കാലത്ത് റോം ഭരിച്ചിരുന്ന അഗസ്റ്റ്‌സ് ചക്രവർത്തിയുടെ മകനായ ടീബിരിയസ്, പിന്നീട് കലിഗുല, നീറോ, ടൈറ്റസ് അങ്ങനെ പ്രഗത്ഭരായ എത്രയോ ചക്രവർത്തിമാർ റോമിന്റെ ചരിത്രത്തിൽ പനിനീരും വിഷവും തളിച്ചുകടന്നുപോയി. അടിമകളെ ആൾപന്തമാക്കി ആ വെളിച്ചത്തിൽ അതിഥികളെ സ്വീകരിച്ച നീറോയും മദാലസയും ക്രൂരയും കൊലപാതകിയും നീറോയുടെ അമ്മയുമായ അഗ്രിപ്പിനയും പിന്നീടു വന്ന വീരശൂരപരാക്രമികളുമെല്ലാം കാലയവനികക്കുള്ളിൽ മറഞ്ഞു. യുദ്ധങ്ങളും പടയോട്ടങ്ങളും റോമിന്റെ ചരിത്രത്തെ പലതവണമായിച്ചുവരച്ചു. കോൺസ്റ്റന്റയിൻ ചക്രവർത്തിയുടെ ഭരണത്തോടെ ക്രിസ്തുമത പീഡനം അവസാനിച്ചു. ഉണർന്നും തളർന്നും മുന്നോട്ടുനീങ്ങിയ റോം ആറാം നൂറ്റാണ്ടോടെ ഏതാണ്ട് തകർച്ചയിലേക്ക് കൂപ്പുകുത്തി. അനവധി സംഭവപരമ്പരകൾക്കു സാക്ഷ്യം വഹിച്ചുകൊണ്ട് ടൈബർ നദി പിന്നെയുമൊഴുകി. ഇറ്റലിയും റോമും ഒന്നാക്കിമാറ്റിയതോടെ പഴയ റോമാസാമ്രാജ്യം തിരശീലക്കുള്ളിൽ മറഞ്ഞു. ഇന്ന് ചരിത്രം അവശേഷിപ്പിച്ച ശിൽപ്പങ്ങളും, കൊട്ടാരങ്ങളുടേയും കോട്ടകളുടേയും അവശിഷ്ടങ്ങളും തകരുന്ന കൊളോസിയവും ചരിത്രത്തിന്റെ സാക്ഷിപത്രങ്ങളായി നിൽക്കുന്നു. ഇന്ന് ഇറ്റലിയിലേക്ക് ടൂറിസ്റ്റുകളെ ആകർഷിക്കുന്നത് കാലം കശക്കിയെറിഞ്ഞ റോമിന്റെ നഷ്ടാവശിഷ്ടങ്ങളും ചക്രവർത്തിമാരും പോപ്പു
മാരും പണിതുയർത്തിയ അംബരചുംബികളായ ദൈവാലയങ്ങളും ചിത്രകലയുടെയും ശിൽപ്പകലയുടെയും സമ്മേളനവേദിയായ വത്തിക്കാൻ മ്യൂസിയവും സിസ്റ്റൈൻ ചാപ്പലുമാണ്. ഓർമകൾ ബാക്കിവെച്ച് ലേഖികയും ഒപ്പമുള്ളവരും 11.30 എ.എം.ന് റോം ലിയനാർഡോ ഡാവിഞ്ചി ഇന്റർനാഷണൽ എയർപോർട്ടിലെത്തി. നിയമപരമായ സെക്യൂരിറ്റി നടപടികൾക്കു ശേഷം ലേഖിക വെയിറ്റിംഗ് ലോഞ്ചിലിരുന്നപ്പോൾ ബാഴ്‌സിലോണയിലെ ഒളിമ്പിക് സ്റ്റേഡിയം മുതൽ വത്തിക്കാൻ ചത്വരം വരെ നീണ്ട പതിമൂന്നുദിവസത്തെ യാത്രയിൽ കണ്ട കാഴ്ചകളെ ക്രമാനുഗതമായി മനസ്സിൽ അടുക്കിവെച്ചു. യൂറോപ്പിന്റെ ഉദായസ്തമനങ്ങളുടെ ഭംഗിയും യൂറോപ്പിന്റെ മുഴുവൻ ഭൂപ്രകൃതിയും കാലാവസ്ഥയും വഴിയോരക്കാഴ്ചകളും ഓർമയിലായി. വിമാനം പറന്നുയരുമ്പോൾ നിലാവ്
തെളിഞ്ഞുപ്രകാശിക്കുന്നുണ്ടായിരുന്നു.. ഒപ്പം ലേഖികയുടെ മനസ്സിൽ ‘യൂറോപ്പ്’എന്ന വിസ്മയവും…
ചുരുക്കം
ബാഴ്‌സലോണയിൽ ആരംഭിച്ച് വത്തിക്കാനിലവസാനിച്ച യാത്രയിൽ ഇവിടെ അനുവാചകനും പങ്ക് ചേരുന്നു. ഈഫൽ ടവറിന് മുകളിലും പിസാഗോപുരത്തിന്റെ ചുവട്ടിലുംനിന്ന് ലേഖിക കണ്ട കാഴ്ചകൾ വായനക്കാരിലും അതിശയം ജനിപ്പിക്കുന്നു. ഫ്രാൻസിലെ പിരണീസ് പർവതത്തിന്റെ മനോഹാരിതയും സ്വിറ്റ്‌സർലൻഡിലെ ടിറ്റ്‌ലിസ് പർവതത്തിന്റെ ധവളതയും പടയോട്ടങ്ങളുടെ നഷ്ടാവിശിഷ്ടങ്ങളിൽ ഗാംഭീര്യത്തോടെ പദമൂന്നി നിൽക്കുന്ന റോമും പരീസും സൗന്ദര്യത്തിലും കലയിലും മഴവില്ലണിയുന്ന വെനീസും വത്തിക്കാനും അമ്പരിപ്പിക്കുന്ന ശിൽപ്പാലംകൃതമായ ദൈവാലയങ്ങളുമെല്ലാം വായനക്കാരിൽ കൗതുകമുണർത്തുന്ന യാത്രാനുഭവങ്ങളായി ലേഖിക പങ്ക് വെക്കുന്നു. യൂറോപ്പിന്റെ ‘ഇന്നും ഇന്നലെയും’ കുറെയെല്ലാം ആവിഷ്‌ക്കരിക്കാൻ എഴുത്തുകാരിക്കു കഴിഞ്ഞിട്ടുണ്ട്. തീർത്ഥയാത്രയും സാംസ്‌കാരിക കേന്ദ്രങ്ങളിലൂടെയുള്ള യാത്രയും സമന്വയിക്കുന്ന ഈ പുസ്തകം യൂറോപ്പ്യൻ വിസ്മയക്കാഴ്ചകളെ വായനക്കാരുടെ മുമ്പിൽ അനാവരണം ചെയ്യുന്നു.
Buy Online : www.sophiabuy.com

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?