Follow Us On

21

November

2024

Thursday

ന്യൂട്ടൺ പറഞ്ഞതും കളർരോഗവും പിന്നെ ഏഴ് കഥകളും!

ഇ. സന്തോഷ് കുമാര്‍ 

സിജോ എം. ജോണ്‍സണ്‍ ദൃശ്യസമ്പന്നമായ ചില തുടക്കങ്ങളിലൂടെ സ്വന്തം കഥയെ അവതരിപ്പിക്കുന്നു. അത്തരം തുടക്കങ്ങളെ അയാള്‍ ഒരു നോവലിന്റെ വിവരണാത്മകമായ രീതിയിലേക്ക് വഴിമാറ്റുന്നു. അങ്ങനെ നോക്കുമ്പോള്‍ സിജോയുടെ കഥകള്‍ മിക്കവാറും എല്ലാം തന്നെ നോവലുകളാണെന്നു പറയണം. വലിപ്പം കൊണ്ടല്ല, എഴുതുന്നതിന്റെ  രീതി കൊണ്ടാണ് കഥകള്‍ ഇങ്ങനെ നോവലുകളായി രൂപാന്തരപ്പെടുന്നത്. കഥാപാത്രങ്ങളുടെ ജീവിതകഥ മുഴുവനായും നമുക്ക് ഓരോ കഥയിലും വായിക്കാം. അവരുടെ ജനനം, ചെറുപ്പകാലം, വിദ്യാഭ്യാസം, കുടുംബജീവിതം, തൊഴില്‍ എന്നിങ്ങനെ ഒരു മനുഷ്യജീവിതത്തിന്റെ എല്ലാഘട്ടങ്ങളേയും വിവരിച്ചുതന്നുകൊണ്ടാണ് സിജോ കഥ പറയുക.

‘സോള്‍ വിന്‍’ എന്ന കഥ നോക്കുക. കഥയിലെ നായകന്‍ അയാള്‍ക്ക് കോളേജില്‍ അഡ്മിഷന്‍ കിട്ടിയ കാര്യം തന്റെ പ്രണയിനിയോട് പറയാനെത്തുന്നതാണ് തുടക്കം. അവിടെ നിന്നും ആരംഭിക്കുന്ന കഥ അയാളുടെ പില്‍ക്കാലജീവിതത്തിലെ അനേകവര്‍ഷങ്ങളെ അവതരിപ്പിച്ചുകൊണ്ടു മുന്നോട്ടു പോകുന്നു. ഈ നീണ്ട കാലയളവിന്റെ വിവരണങ്ങള്‍ ഒരു നോവലിന്റെ രൂപരേഖ പോലെയാണ് നമുക്ക് അനുഭവപ്പെടുക. ‘റോസാ; ഇ.ഞാ.നാ.നീ’ എന്ന കഥയിലെ മനോഹരമായ തുടക്കം, വിവരണത്തിനു വഴിമാറുന്നത് മറ്റൊരു ഉദാഹരണം. കളര്‍ രോഗം എന്ന കഥ മാത്രമാണ് ഇതില്‍ നിന്നും മാറിനില്ക്കുന്നത്.

പ്രണയമാണ് മിക്കവാറും എല്ലാ കഥകളുടേയും ആത്മാവില്‍ നിറഞ്ഞുനില്ക്കുന്നത്. കടലോളം പ്രണയം. ഭഗ്നപ്രണയത്തില്‍ വിങ്ങുന്ന ഹൃദയവുമായി ജീവിക്കുന്ന കഥാപാത്രങ്ങങ്ങളെ സിജോയുടെ കഥകളില്‍ കാണാം. അതേസമയം തന്നെ, എല്ലാ കഥാകൃത്തുക്കളിലുമുള്ള ഒരു ശിശുസഹജമായ നിഷ്‌ക്കളങ്കതയും സിജോ ഈ കഥകളില്‍ സൂക്ഷിക്കുന്നുണ്ട്. ‘ഡ’ എന്ന കഥ അങ്ങനെയൊന്നാണ്. കിണറ്റിലേക്കു തള്ളിയിട്ട അമ്പിളിയെപ്പറ്റിയുള്ള പരാമര്‍ശം അത്തരമൊരു മനസ്സിന്റെ സൃഷ്ടിയാണെന്ന് എനിക്കു തോന്നുന്നു. എല്ലാ ഋതുക്കളിലും പൂക്കുന്ന ചില ചെടികളാണ് ആ മനസ്സിന്റെ സ്വപ്‌നം.

കടവും രോഗവും മരണങ്ങളും നിരന്തരം സിജോയുടെ കഥാപാത്രങ്ങളെ വേട്ടയാടുന്നു. ജീവിതത്തിന്റെ ചില നിര്‍ണായകഘട്ടങ്ങളില്‍ വഴിയേതുമറിയാതെ അവര്‍ പകച്ചു നില്ക്കുകയാണ്. അതുകൊണ്ടുതന്നെ വേദനയാണ് ഈ കഥകളുടെ മുഖമുദ്ര. മുന്തിയ രചനകള്‍ എപ്പോഴും വിഷാദത്തെയും വേദനയേയും ആഖ്യാനിക്കാന്‍ പരിശ്രമിക്കുന്നുവെന്ന് നമുക്കറിയാം. ദു:ഖത്തെ ആവിഷ്‌ക്കരിക്കാന്‍ ശ്രമിച്ചുകൊണ്ട് ഈ പാതയില്‍ത്തന്നെയാണ് സിജോയുടേയും യാത്ര. അതില്‍ അയാള്‍ എത്രമാത്രം വിജയിക്കുന്നു എന്നുള്ളത് ഒരുപക്ഷേ, വരുംകാലത്തിനു മാത്രം പറയാനാവുന്ന വിധിയാണ്.

വിശ്വാസം രക്ഷയും അഭയവുമായി മാറുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ഈ കഥകളില്‍ കടന്നുവരുന്നു. ‘ആത്മസഞ്ചാരം’ എന്ന കഥയിലെ നായകന്‍ തന്റെ ജീവിതത്തിന്റെ ഏറ്റവും സങ്കടകരമായ ഒരു ഘട്ടത്തില്‍, മദ്യപിച്ചതിനു ശേഷം ഒരു ബസ്സില്‍ യാത്രചെയ്യാന്‍ തുടങ്ങുകയാണ്. അയാളുടെ ജീവിതകഥ ചോദിച്ചറിഞ്ഞ് ആശ്വസിപ്പിക്കാനെത്തുന്ന ഒരപരിചിതന്റെ പേര് ഇമ്മാനുവേല്‍ എന്നാണെന്നത് ആകസ്മികമല്ല. ദൈവം നമ്മോടുകൂടെ എന്നര്‍ത്ഥമുള്ള ഈ പേരിന്റെ ഉടമയില്‍ നിന്നും ലഭിക്കുന്ന കുറച്ച് ആശ്വാസവാക്കുകള്‍ ജീവിതത്തെ പ്രകാശമാനമാക്കിത്തീര്‍ക്കുന്നതില്‍ കഥാനായകനെ സഹായിക്കുന്നുണ്ട്. സിജോയുടെ ഉള്ളില്‍ത്തന്നെയുള്ള ക്രിസ്തുസാന്നിദ്ധ്യമല്ലാതെ മറ്റൊന്നുമല്ല ഈ അപരിചിതനായി രൂപം മാറുന്നത്. ‘സോള്‍ വിന്‍’ എന്ന കഥയിലെ ജോവാന്‍ എന്ന ബാലന് വിചിത്രമായൊരു അസ്ഥിരോഗം വരുമ്പോഴും പ്രാര്‍ത്ഥനയാണ് സഹായത്തിനെത്തുന്നത്. അടുത്ത ക്രിസ്മസിന് പക്ഷേ, അവന്റെ രോഗം മാറി. വിശുദ്ധകുര്‍ബാന മദ്ധ്യേ പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ട് അവന്‍ ദേവാലയത്തില്‍ നില്ക്കുന്നു. കഠിനമായ വിശ്വാസം രക്ഷ നല്കുന്ന മറ്റൊരു സന്ദര്‍ഭമാണ് ഇത്.

ചിത്രകാരനായതുകൊണ്ടുള്ള ദൃശ്യസമൃദ്ധിയാണ് ഈ കഥാകാരന്റെ കൈമുതല്‍. അയാള്‍ കഥകളില്‍ വാക്കുകള്‍ കൊണ്ടുവരയ്ക്കാന്‍ തുടങ്ങുകയും, പിന്നെ വരകള്‍ കൊണ്ട് ആ വാക്കുകളെ വിശദീകരിക്കാന്‍ ശ്രമിക്കുകയുമാണെന്ന് എനിക്കു തോന്നുന്നു.ലോകത്തിലെ ഏതു കഥാസാഹിത്യത്തോടുമൊപ്പം നില്ക്കാന്‍ ശേഷി കൈവരിച്ചു കഴിഞ്ഞിട്ടുള്ള നമ്മുടെ  മലയാള കഥാലോകത്തിലേക്കു പ്രവേശനത്തിനായി പരിശ്രമിക്കുന്ന ഒരെഴുത്തുകാരന്റെ വിനീതമായ ചുവടുകളില്‍ ചിലതാണ് അവയെല്ലാം. അല്ലാതെ പറഞ്ഞാല്‍ അതു വിണ്‍വാക്കുകളായിരിക്കും എന്നെനിക്കറിയാം.

സിജോയിലെ കഥാമനസ്സിനെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. തന്റെ വിഷയങ്ങളെ കൂടുതല്‍ ക്ഷമയോടെ പരിചരിക്കാനും മുന്നോട്ടുകൊണ്ടുപോകാനും അദ്ദേഹത്തിനു സാധിക്കട്ടെ എന്നുള്ള ഒരെളിയ ആശംസയോടെ ഈ കഥകളെ ഞാന്‍ വായനക്കാര്‍ക്കു സമര്‍പ്പിക്കുന്നു.

പ്രസാധനം: സോഫിയ ബുക്‌സ് കോഴിക്കോട്
പേജ്: 64
വില: 60

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Don’t want to skip an update or a post?